ADVERTISEMENT

എഴുത്തിന്റെ പേരില്‍ പ്രശംസ എന്നതിനേക്കാള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന എഴുത്തുകാരില്‍ പ്രമുഖനാണ് ആനന്ദ് എന്ന പി.സച്ചിദാനന്ദന്‍. വിമര്‍ശനങ്ങള്‍ അധികവും അദ്ദേഹം നേരിട്ടത് സങ്കീര്‍ണതയുടെ പേരിലും. ആനന്ദ് എഴുതുന്നത് കഥകളും നോവലുകളുമല്ലെന്നും പ്രബന്ധങ്ങളാണെന്നും വരെ ആക്ഷേപിച്ചവരുണ്ട്. മനുഷ്യനെയും ജീവിതത്തെയും ബാധിക്കുന്ന അടിസാഥാന വിഷയങ്ങളാണ് അദ്ദേഹം നോവലുകള്‍ക്ക് തിരഞ്ഞെടുത്തത്. അഭയാര്‍ഥികളുടെ വിഷയങ്ങള്‍. അധികാരത്തിനു മുന്നില്‍ നിസ്സഹായനാക്കപ്പെടുന്ന മനുഷ്യന്റെ ദുരവസ്ഥകള്‍. ബ്യൂറോക്രസി ചങ്ങലകളാല്‍ വരിഞ്ഞുമുറുക്കപ്പെടുമ്പോള്‍ കേള്‍ക്കാതെ പോകുന്ന നിലവിളികള്‍ എന്നിങ്ങനെ ഭരണ കൂട ഭീകരത വരെയും അദ്ദേഹം പ്രമേയമാക്കി. അതുകൊണ്ടാണ് വധശിക്ഷ വിധിക്കാനുള്ള കുടുക്കുണ്ടാക്കിയതിനുശേഷം ആ കുടുക്കിനു പറ്റിയ ആളെ തിര‍ഞ്ഞുനടന്ന കഥ അദ്ദേഹത്തിനു പ്രിയപ്പെട്ടതായതും (ഗോവര്‍ധന്റെ യാത്രകള്‍). 

സമൂഹത്തിന്റെ മനസ്സില്‍ മറഞ്ഞുകിടന്ന മിത്തുകളും കഥകളുമൊക്കെ അദ്ദേഹം തന്റെ രചനകളുടെ വിഷയങ്ങളാക്കി. എങ്ങനെയാണ് സമൂഹത്തിലും ബന്ധങ്ങള്‍ക്കിടയില്‍പോലും നിരാ‍ര്‍ദ്രതയുടെ മരുഭൂമികള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം ഒരു നോവലിലൂടെ തന്നെ വിശദമാക്കി. പഠിച്ചും ഗവേഷണം നടത്തിയ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ കെട്ടുറപ്പും എല്ലുറപ്പുമുണ്ടായിരുന്നു ആനന്ദിന്റെ രചനകള്‍ക്ക്. അവ വായിക്കപ്പെട്ടു എന്നതിനേക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ടു എന്നു പറയുന്നതാകും ഉചിതം. തന്റെ രചനകള്‍ സങ്കീര്‍ണമാണെന്നും ഒന്നാമത്തെയോ രണ്ടാമത്തെയോ വാനയില്‍ പോലും പൂര്‍ണമായി മനസ്സിലാകുന്നതല്ലെന്നുമുള്ള ആക്ഷേപം ആനന്ദും കേട്ടിട്ടുണ്ട്. ആ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹത്തിന് മറുപടിയും ഉണ്ട്. വായനയും രചനപോലെ തന്നെ ഒരു സര്‍ഗപ്രക്രിയയാണ്. ഒരിക്കല്‍ തന്നെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. 

ഒരു നല്ല കൃതി അതു രചിക്കുന്നവനെയും വായനക്കാരനെയും ഒന്നുപോലെ ഉണര്‍ത്തുന്നു. വായനക്കാരനെ വായനക്കാരനായി മാത്രം അവശേഷിപ്പിക്കുന്ന കൃതി ഉത്കൃഷ്ടകൃതിയാകുന്നില്ല. അതു വായനക്കാരനെയും സാഹിത്യകാരനാക്കണം. അവനെ പുസ്തകം മടക്കിവച്ച് വെറുതെയിരിക്കാന്‍ സമ്മതിക്കരുത്. ഒരു കൃതി മേശപ്പുറത്തുനിന്ന് ഇറങ്ങിവന്നാല്‍ സംഭവിക്കുന്നത് വായനക്കാരനാര്, എഴുത്തുകാരനാര് എന്നു കൃത്യമായി തിരിച്ചറിയാന്‍ പ്രയാസമുള്ള ഒരു ചെറിയ സമൂഹം സൃഷ്ടിക്കുകയാണെന്നുവരെ പറയാം.

ആനന്ദിന്റെ വാക്കുകളില്‍ അദ്ദേഹത്തിന്റെ രചനകളുടെ മാര്‍ഗവും ലക്ഷ്യവും വ്യക്തം. അദ്ദേഹത്തിന്റെ ആദ്യനോവലായ ആള്‍ക്കൂട്ടം ഒരു തലമുറയെത്തന്നെ അസ്വസ്ഥമാക്കിയ കൃതിയാണ്. ബോംബെ (ഇന്നത്തെ മുംബൈ) റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങുന്ന ഒരു മലയാളി ചെറുപ്പക്കാരനിലൂടെ അയാള്‍ പരിചയപ്പെടുന്ന മറ്റനേകം കഥാപാത്രങ്ങളിലൂടെ ഇന്ത്യയുടെ തന്നെ കഥ പറഞ്ഞ നോവല്‍. ഏറെക്കാലം ആലോചിച്ചും വളരെ ക്ലേശിച്ചും മനുഷ്യന്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങള്‍ തന്നെ മനുഷ്യനെ പീഡിപ്പിക്കുന്നതിനുള്ള നരക യന്ത്രമായി രൂപാന്തരം പ്രാപിക്കുന്നതിന്റെ ചിത്രമായിരുന്നു വയലാര്‍ പുരസ്കാരം നേടിയ മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന നോവലിന്റെ പ്രമേയം. രംഭാഗഡ് സുരക്ഷാ പദ്ധതിയുടെ നിഗൂഢമായ ഭാഗങ്ങളില്‍ സാധാരണ മനുഷ്യര്‍ അനുഭവിക്കുന്ന യാതനയുടെ നരക രംഗങ്ങള്‍ ഈ നോവല്‍ വെളിപ്പെടുത്തുന്നു. സ്നേഹം, കാരുണ്യം തുടങ്ങിയ ഭാവങ്ങളുടെ നീരുറവകള്‍ വറ്റിപ്പോകുകയും ലോകജീവിതം മരുഭൂമിയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അതിഭീതിദമായ ചിത്രം. വായനക്കാരെ ഒരു ദുസ്വപ്നം പോലെ അലട്ടുന്നതായിരുന്നു ആ നോവല്‍. ആ നോവലുകളോരോന്നും ആവ ആഴത്തില്‍ ആസ്വദിക്കാന്‍ തയാറായവര്‍ക്കു മാത്രം ഇഷ്ടപ്പെടുന്നയും ആയിരുന്നു. വിഷയത്തിന്റെ കാഠിന്യം കണ്ട് ആ പുസ്തകങ്ങള്‍ ഉപേക്ഷിച്ചവര്‍ക്ക് നഷ്ടമായത് വായനയുടെയും ചിന്തയുടെയും ഉദാത്ത അനുഭൂതികള്‍. 

കാല്‍പനികതയുടെ വിരുദ്ധനായി ആനന്ദിനെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ആര്‍ദ്രതയുടെ എത്രയോ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളിലുണ്ട്. മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന നോവലില്‍ത്തന്നെ അത്തരം ചിത്രങ്ങള്‍ ധാരാളമുണ്ട്. നോവലിലെ പ്രധാന കഥാപാത്രമായ കുന്ദന്‍ ഒറ്റയ്ക്കു താമസിക്കുകയാണ്. അകലെയൊരിടത്ത് ഒരു സുരക്ഷാ പദ്ധതിയുടെ മേല്‍നോട്ടച്ചുമതലയില്‍. അയാളുടെ ഏകാന്തതയ്ക്ക് അറുതി വരുത്തിക്കൊണ്ട് ഒരു കത്ത് കിട്ടുന്നു. അത് അയാളുടെ പെണ്‍സുഹൃത്ത് റൂത്തിന്റെയാണ്. റൂത്ത് എഴുതിയിരുന്നു അവള്‍ വരുന്നുണ്ടെന്ന്. അതോടെ സന്തോഷം കൊണ്ട് നിറയുകയാണ് കുന്ദന്‍. ഉടന്‍ തന്നെ അയാള്‍ തന്റെ വീടിന്റെ വാതിലുകളെല്ലാം തുറന്നിട്ടു; ജനലുകളും. വഴിയേ പോകുന്ന ആളുകളുടെ ശബ്ദം അകത്തേക്കു കയറിവന്നു. സൂര്യന്‍ ഉദിച്ചുപൊങ്ങിയിരുന്നു. 

പ്രണയത്തെ തെളിഞ്ഞ സൂര്യപ്രകാശമായും ശുദ്ധമായ അന്തരീക്ഷ വായുവായും സ്വീകരിക്കുന്ന കുന്ദന്റെ ചിത്രത്തിലൂടെ പറഞ്ഞുപഴകിയ പ്രണയചിത്രത്തിന് പൊതിയൊരു ഭാഷയും അന്തരീക്ഷവും പ്രദാനം ചെയ്യുകയായിരുന്നു ആനന്ദ്. ഇങ്ങനെ മലയാള സാഹിത്യത്തെയും ഭാഷയെയും ഭാവനയെയും നവീകരിക്കുകയും പൊളിച്ചുപണിയുകയുമാണ് യഥാര്‍ഥത്തില്‍ ആനന്ദ് ചെയ്തത്. അതിന്റെ പേരിലാണ് എഴുത്തഛന്‍ പുരസ്കാരം ഇപ്പോള്‍ ആനന്ദിനെ തേടിവന്നിരിക്കുന്നതും. ആ പുരസ്കാരം അതിന്റെ എല്ലാ അര്‍ഥത്തിലും അര്‍ഹിക്കുന്ന കൈകളില്‍. 


English Summary
: Ezhuthachan Puraskaram for Novelist Anand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com