പരുക്കൻമേനിയുള്ള പവിത്രവസ്‌ത്രം
Mail This Article
മഹാകവി അക്കിത്തത്തിന്റെ നവതിയോടനുബന്ധിച്ച് 2016 ഏപ്രിലിൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ലേഖനം
അടുത്തുള്ളതിനെ ആദ്യമായി കണ്ടെത്തുമ്പോഴുള്ള ആഹ്‌ളാദവായ്‌പിനെയാണ് ആവിഷ്‌കരിക്കുന്നത്, ‘അടുത്തൂൺ’ എന്ന കവിതയിൽ അക്കിത്തം. അൻപത്തൊൻപതു വർഷം തിരക്കിട്ടോടിയിട്ടൊടുവിൽ അടുത്തൂൺ പറ്റിയപ്പോൾ മാത്രം മുക്കുറ്റിപ്പൂവിനഞ്ചിതളെന്നും നിലപ്പനപ്പൂവിനാറിതളെന്നും കണ്ടെത്താനുള്ള സാവകാശം കൈവന്ന ഒരാളെക്കുറിച്ചാണ് ആ കവിത. ഈ സാവധാനമില്ലായ്‌മയാൽ ഒരു നിരന്തര യാതനയായിത്തീർന്ന കേവല മനുഷ്യന്റെ വേവലാതിയെക്കുറിച്ചെഴുതാനായിരുന്നു തന്റെ കാവ്യജീവിതത്തിലുടനീളം അക്കിത്തം ശ്രമിച്ചത്. അവന്റെ ദുഃഖം ആത്മദുഃഖം തന്നെയായിരുന്നു അദ്ദേഹത്തിന്. മറ്റൊരു കവിയിലുമില്ലാത്തതുപോലെ, അതിനാൽ, ആ കവിതയിൽ മനുഷ്യന്റെ വിയർപ്പ് എന്ന അകാൽപനികരൂപകം നിറഞ്ഞുനിൽക്കുന്നു; വിയർപ്പിനോളംതന്നെ സത്യസന്ധമായ അവന്റെ കണ്ണീരും. പി. കുഞ്ഞിരാമൻ നായരുടെ ഷഷ്‌ടിപൂർത്തിയാഘോഷം നടന്നപ്പോഴാവണം, കവിയെ അനുമോദിച്ചുകൊണ്ട് അക്കിത്തം ഇങ്ങനെ എഴുതി–
‘കുഞ്ഞിരാമൻ നായരെന്ന
വിശ്വവിസ്‌മയകാരകൻ,
അനശ്വരത്വത്തിലൂടെ–
ദീർഘയാത്ര തുടങ്ങുവാൻ
സ്വന്തം വേർപ്പിൻ തുറമുഖ–
ത്തെത്തുമീ ഭാഗ്യപൂർത്തിയിൽ...’ സ്വന്തം വിയർപ്പിന്റെ സമുദ്രത്തിൽ നീന്തിത്തളരുകയാണു മനുഷ്യൻ. അവരിൽ ചില ഭാഗ്യവാന്മാർ മാത്രം ഒടുവിൽ ഒരു തുറമുഖത്തെത്തുന്നു; അതാണവന്റെ ഭാഗ്യപൂർത്തി. ‘മുഖത്തോടുമുഖം’ എന്ന കവിതയിൽ ഈ ദർശനനാളം കൂടുതൽ തെളിമയാർജിക്കുന്നു–
‘ആവുമെങ്കിൽ ഭവാനെന്റെ
വിയർപ്പംഗീകരിക്കുക:
സത്യസന്ധതയുണ്ടെങ്കിൽ–
ക്കൺതുറന്നിതു കാണുക:
എന്റെ വേർപ്പിൻ സമുദ്രത്താൽ
ചൂഴപ്പെട്ടവനാണു ഞാൻ:
ഞാനിതിൽ താണുപോയാലും
നിലനിൽക്കുമിതക്ഷയം.’
വിയർപ്പിന്റെ സമുദ്രത്താൽ ചൂഴപ്പെട്ട ഈ ദീനമർത്ത്യനെത്തന്നെയാണു സ്വധർമ പരമ്പരയാൽ ചൂഴപ്പെട്ടവനായി ‘ധർമസമരം’ എന്ന കവിതയിലും നാം കാണുന്നത്. ജീവിതസമരം ഒരു ധർമസമരമാണെന്ന് അക്കിത്തം കരുതുന്നു–
‘ധർമം, ധർമം, ധർമം
തുരുതുരെ വന്നെൻ വീടു വളയുന്നു,
അവയൊടു പൊരുതാനായ് ഞാൻ
കാക്ക കരഞ്ഞാൽ പിടഞ്ഞെണീക്കുന്നു.’
അലക്കൊഴിഞ്ഞിട്ടുവേണം കാശിക്കു പുറപ്പെടാൻ. അലക്കാകട്ടെ, ഒഴിയുന്നതേയില്ല. ആത്മീയതയുടെ കാശി, അങ്ങകലെ, അനിരോധ്യമായ ഒരാകർഷണകേന്ദ്രമായി നിലകൊള്ളുകയും ചെയ്യുന്നു. പ്രമേയ പല്ലവിപോലെ അക്കിത്തം കവിതയിൽ ആവർത്തിച്ചു കടന്നുവരുന്ന പദമാണ്, ‘ധർമം.’, ‘പാരിലെച്ചതുഷ്‌ടയധർമമേ മഹാഭാരം!’ എന്ന് ‘പുഴു’ എന്ന കവിതയിൽ.
‘ഇരുകൈകൊണ്ടു വഹിക്കുന്നൂ ഞാ–
നിരുപതു കയ്യിൻ ഭാരത്തെ;
ഇരുകാൽകൊണ്ടു മെതിക്കുന്നൂ ഞാ–
നിരുപതു കാലിൻ ദൂരത്തെ (തെരുവിലെ ഭക്‌തൻ)
‘ഉദിച്ച സൂര്യനെ വലിച്ചിഴച്ചു ഞാ–
നുദധിയിൽത്തള്ളിയുറങ്ങുന്നു;
അവനാട്ടേ വീണ്ടും കിഴക്കുദിപ്പൂ ഞാ–
നതു കണ്ടാൽ പിടഞ്ഞെഴുന്നേൽപ്പൂ;
നരനായിങ്ങനെ മരിപ്പു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ’ (നരനായിങ്ങനെ)
‘പാതവക്കത്തു കല്ലുടയ്‌ക്കുന്നു ഞാൻ
പാഞ്ഞുപോകയാണങ്ങോട്ടുമിങ്ങോട്ടും
വാസരങ്ങളും മാസവും വർഷവും
വായനിൽപ്പൂ വളർന്നപാടിപ്പൊഴും’ (കല്ലുടയ്‌ക്കുന്നവർ)
എന്നിങ്ങനെ ആ ധർമസമരക്കാരനെ തന്റെ കവിതയുടെ കേന്ദ്രത്തിൽ നിർത്തി, അവന്റെ പ്രതിഫലനങ്ങളെ പല കണ്ണാടികളിൽ പകർത്തിക്കാട്ടുകയാണു കവി. ‘ഉപ്പുകല്ലിനായുരിയരിച്ചോറിനായ്’ അന്വഹം അധ്വാനിക്കുകയാണയാൾ. ‘മദ്യംപോലെ കുടിക്കുന്നൂ ഞാൻ /ഹൃദ്യം നാരായണ നാമം:/മറന്നു പോകുന്നില്ലാ പക്ഷേ/മാരകമാമെൻ ദുഃഖത്തെ’ (തെരുവിലെ ഭക്‌തൻ) എന്ന ഉഭയാവസ്‌ഥയുടെ നട്ടം തിരിച്ചിലിലാണയാൾ; അന്നമയകോശത്തിനും ആനന്ദമയകോശത്തിനുമിടയിലെ ദൂരം താണ്ടാനാവാതെ ഉഴലുന്നവൻ. അവന്റെ ആത്മചിത്രമാണ് വരയുന്നത്, ചവുണ്ട ചായത്താൽ, ‘ധർമസമര’ മെഴുതിയ കവി. അത്രമേൽ വ്യതിയാനശൂന്യമാണയാളുടെ അസ്‌തിത്വം. ആരും തല്ലിയിട്ടല്ല, അയാൾ വീണു കിടപ്പാണു മണ്ണിൽ. ആരും കൊന്നിട്ടല്ല, ചത്തുമലച്ചു കിടപ്പാണയാൾ. എങ്കിലും എന്നും രാവിലെ ഉണരുകയും പല്ലുതേപ്പും കുളിയും കഴിഞ്ഞ് കല്ലരിച്ചോറാണെങ്കിലും ‘ഭഗവൽക്കാരുണ്യമെന്നെ നിനവോടെ’യും രുചിയോടെയും ഉണ്ണുകയും ചെയ്യുന്നുണ്ട് ആ ജീവച്‌ഛവം.
‘പിന്നെച്ചെന്നെത്താറു–
ണ്ടാപ്പീസ്സിൽസ്സുദൃഢയൗവനത്തോടെ,
സപ്‌തതിയാഘോഷിച്ചവ–
നെന്നോണം തിരികെ വീട്ടിലും.’
ഇതിങ്ങനെ തുടരുമ്പോഴും, പ്രാരബ്‌ധ നക്രത്തിന്റെ പല്ലിടുക്കിലരയുമ്പോഴും ആസ്‌തിക്യത്തിന്റെ ഒരു തുടുത്ത താമരപ്പൂവ് അയാൾ ഉയർത്തിപ്പിടിക്കുന്നുണ്ട്–
‘നാരായണ, നാരായണ,
നരജാതിക്കയനമായോനേ,
ബസ്സിലിരിക്കുമ്പോഴുമെൻ
നാവുണ്ടേ നിന്റെ പേർ ചവയ്‌ക്കുന്നൂ.
മോക്ഷം തരികെന്നല്ലാ,
യൂയെന്നോത്തലവനാക്കുകെന്നല്ലാ,
ഒരു ചോറ്റിൻമണിയെന്നാ–
ണൊരു നൂലിഴയെന്നുമാണതിനർഥം.’
പാരത്രിക പ്രതീക്ഷകൊണ്ടു നിറം പിടിപ്പിച്ച ആസ്‌തിക്യമല്ല അത്. വിയർപ്പിന്റെ പെരുംകടലിൽ നീന്തിക്കുഴയുമ്പോൾ ‘ഒരു ചോറ്റിൻമണിയും ഒരു നൂലിഴയും’ മാത്രമാണ് അയാൾക്കാലംബം; ആവശ്യവും. കാവി എന്നതു മണ്ണിന്റെ നിറമാണ് അക്കിത്തത്തിന്. അതു സന്ന്യാസിയുടെ വൈരാഗ്യവസ്‌ത്രമല്ല. ഭൂമിയിലെ മണ്ണിലും പൊടിയിലും പൂണ്ടുനിന്ന് പാറ പൊട്ടിക്കുന്നവന്റെ ഉടലിൽ പുരണ്ട പ്രാരബ്‌ധരേണുക്കളുടെ നിറമാണത്. ‘ഗിരികളെയെന്നപോൽ ധർമരേണുക്കളെത്താണ്ടിപ്പോകെ’ എന്ന് ‘പുഴു’വിന്റെ ആത്മഗതം.
എങ്കിലും ചില സാന്ത്വനങ്ങൾ, പൊതുവേ നിസ്സാന്ത്വനമായ, അയാളുടെ അന്തഃരംഗത്തെയും കുളിർപ്പിക്കുകയോ മതിർപ്പിക്കുകയോ ചെയ്യുന്നുണ്ട്. നാരായണനാമചർവണത്തിൽ നിന്നൂറിവരുന്ന അലൗകികരസമാണ് അതിലൊന്ന്. മറ്റൊന്ന്, വാടകവീട്ടിൽ ജഡപ്രായനായി മടങ്ങിയെത്തുമ്പോൾ ഓടിവന്നു പുൽകുന്ന മക്കളരുളുന്ന അസുലഭസുഖവും–
കീശയിലെദാരിദ്ര്യം
പേശലമക്കൈപ്പടം, മതിർപ്പിക്കെ
കരളിലുദിപ്പൂ നിഭൃതം
കണ്ണീരിലെ മർത്ത്യജന്മസായൂജ്യം.
ഒടുവിലെ ഈരടിയിൽ സ്‌ഫുരിക്കുന്ന ആ കണ്ണീരിന്റെ സായൂജ്യമാണ് അക്കിത്തം കവിതയുടെ അന്തർമണ്ഡലത്തെയാകെ തിളക്കുന്നത്. മറ്റുള്ളവർക്കായി ഒരു കണ്ണീർക്കണം പൊഴിക്കെ, ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിലെ നായകന്റെ കരളിലുദിച്ച സഹസ്രസൂര്യപ്രഭയുടെ ലാഞ്‌ഛനയുണ്ട്, ആ അശ്രുദീപ്‌തിയിൽ. വിയർപ്പിന്റെ നിലയില്ലാക്കയത്തിൽ മുങ്ങി കണ്ടെത്തുന്ന നറുമുത്താണാക്കണ്ണുനീർ. വിയർപ്പു പുരണ്ടു ചവർപ്പായ പലഹാരത്തെയും അതു രോചകമാക്കുമെന്ന് അക്കിത്തം കരുതുന്നു. കവിയുടെ കൺകോണിലല്ല, ആത്മാവിന്റെ അഗാധതയിലാണ് അതു വിളയുന്നത്. വിയർപ്പ് ശരീരനിഷ്‌ഠമാണ്, കണ്ണീരാകട്ടെ മനോനിഷ്‌ഠവും. അങ്ങനെ അന്നമയകോശത്തിൽനിന്ന് ആനന്ദമയകോശത്തിലേക്കുള്ള ആരോഹണം സഫലമാകുന്നു. അതൊരു അസുലഭ നിർവൃതിയാണ്. ക്രമേണ കയ്‌പും ഇനിപ്പായി മാറുന്ന ആശാൻകവിതയിലെ രാസപരിണാമംപോലൊന്ന്. ക്രമേണ എന്നത് –ക്രമാൽ എന്ന് അക്കിത്തം–അക്കിത്തത്തിന്റെ പദകോശത്തിലെ പ്രധാനപ്പെട്ട വാക്കാണ്. ‘നിരുപാധികമാം സ്‌നേഹം/ബലമായി വരും ക്രമാൽ.’ വിയർപ്പു കടഞ്ഞ് സായൂജ്യപ്രദമായ കണ്ണീർ കണ്ടെത്താമെന്ന ഉദാത്ത ദർശനമാകുന്നു, അതിനാൽ, ‘ധർമസമരം’എന്ന കവിതയുടെ കാതൽ.
തീരെ പകിട്ടു കുറഞ്ഞതാണ് അക്കിത്തം കവിതയുടെ ഭാഷാശരീരം. ചർക്കയിൽ നൂറ്റെടുത്ത ഖദർത്തുണിയുടെ പരുക്കൻമേനിയാണതിന്. ‘ധർമസമര’വും ഈ രീതിയെയാണ് ഉദാഹരിക്കുന്നത്. ‘ഐറണി’യും ‘മെറ്റോണിമി’യും അതിന്റെ ഊടും പാവും ആകുന്നു. മലയാള കവിതയുടെ മുന്തിയ ഈടുവയ്‌പുകളിലൊന്നാണ് പരുക്കൻമേനിയുള്ള ഈ പവിത്രവസ്‌ത്രം; ഒരു മഹാത്മാവിന്റെ ജീവിതപരിമളമാണ് അതിന്റെ നൂലിഴകളിൽ പുരണ്ടിരിക്കുന്നത് എന്നതിനാൽ.