ADVERTISEMENT

മുപ്പത്തിയഞ്ചുകൊല്ലം മുമ്പ് ബദരീനാഥത്തിലെ അളകനന്ദാതീരത്തുള്ള ബ്രഹ്മകപാലത്തില്‍ വച്ചു അച്ഛന്റെ സപിണ്ഡീകരണശ്രാദ്ധം അനുഷ്ഠിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു; പിതൃയാനം എവിടെ അവസാനിക്കുന്നു. അഥവാ ആരംഭിക്കുന്നു? ബ്രഹ്മകപാലത്തില്‍ നാമെല്ലാം മുളപൊട്ടിപ്പിറക്കുന്നതെവിടെനിന്നോ അവിടെത്തന്നെ. ആദിമമായ അവ്യാകൃതിയുടെ മൂലം. പുറപ്പെട്ടിടത്തു തിരിച്ചെത്തണമെന്നതോ സനാതനനിയമം. ഈ വേദനിര്‍ദ്ദിഷ്ടമായ സത്യം നമുക്ക് അനുഭവപ്പെടുത്താന്‍ ഇന്ന് മലയാളത്തിലുള്ള അപൂര്‍വം  കവികളില്‍ ഒരാളാണ് വി. മധുസൂദനന്‍ നായര്‍. അദ്ദേഹത്തെ ഞാന്‍ കാണുന്നത് കാവ്യപാരമ്പര്യത്തിന്റെ സുകൃതമായിട്ടാണ്, ഭൂമിയുടെ പുണ്യം!

 

book-achan-piranna-veedu

നാറാണത്തുഭ്രാന്തന്‍ തൊട്ട് ഗാന്ധി വരെ നീളുന്ന മധുസൂദനകവിതയിലെ സ്മൃതിപരമ്പരയില്‍ വാക്ക് കേവലം ശ്രവണപര്യവസിതം അല്ല. ശ്രവണത്തില്‍നിന്നു ശ്രോതവ്യത്തിലേക്കും  ദര്‍ശനത്തില്‍നിന്ന് ദ്രഷ്ടവ്യത്തിലേക്കും മനനത്തില്‍നിന്ന് മന്തവ്യത്തിലേക്കും ആ വാക്ക് നീളുന്നു. പരാമേഖലയില്‍ ശ്രദ്ധാലുവായ അനുവാചകനെ അതു കൊണ്ടെത്തിക്കുന്നു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ അരവിന്ദമഹര്‍ഷി ചൂണ്ടിക്കാട്ടുന്നതുപോലെ, കവിത മന്ത്രമായിത്തീരുന്നു. കഷ്ടപ്പെട്ട് എഴുത്തു പഠിച്ച എനിക്ക് ഇത് ചാരിതാര്‍ത്ഥ്യമരുളുന്നു. അച്ഛന്‍ പിറന്ന വീട് ഏതെന്ന് അസ്സലായി ഞാന്‍ തിരിച്ചറിയുന്നു.

 

മധുസൂദനന്‍നായരുടെ പുതിയ ഗ്രന്ഥം നേരാംവണ്ണം ഒന്നുനോക്കാന്‍ പോലും എന്റെ ഇപ്പോഴത്തെ ശരീരാവസ്ഥയില്‍ പ്രയാസം. ശ്രദ്ധവച്ചുള്ള വായന ക്ലേശം. ഓര്‍മ്മ മാത്രം ആണ് ആശ്രയം. ഓര്‍മ്മയില്‍ സൗവര്‍ണ്ണമുദ്രയായി മധുസൂദനസരസ്വതി ഉണ്ട്. കാലം ചെല്ലുന്തോറും ആ മുദ്ര തിളങ്ങുന്നതേയുള്ളൂ, അത് സ്വാഭാവികം. ആശംസിക്കാന്‍ തുനിയുമ്പോള്‍ ഞാനാര്? എന്ന ചോദ്യം സ്വയം ചോദിച്ചുപോകുന്നു. ആകയാല്‍, ഞാന്‍ വിനീതനായി ഈ കവിതയെ അഭിവാദ്യം ചെയ്യുകമാത്രം ചെയ്യുന്നു.

 

English Summary : Madhusoodanan Nair win Sahitya Akademi Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com