കാബൂളിവാലയെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാവം ജോയ്കുട്ടി
Mail This Article
ഒരു സുപ്രഭാതത്തിൽ സീതത്തോട് പഞ്ചായത്തു മൂന്നാം വാർഡിലെ സ്രാമ്പിക്കൽ കുഞ്ചാക്കോയുടെ കൊട്ടാരംവീടിന്റെ വലിയ ഗേറ്റ് മലർക്കെ തുറക്കപ്പെടുന്നു. ഒന്നുരണ്ടു പോലീസ് വണ്ടി ചുവന്ന ലൈറ്റും മിന്നിച്ചുകൊണ്ട് അതിവേഗത്തിൽ അകത്തേക്കു കയറുന്നു. മഞ്ഞും ചാറ്റൽ മഴയുമുണ്ടായിരുന്നതുകൊണ്ട് അപ്പോൾ നാട്ടുകാരാരും അതൊന്നും അറിയുന്നതേയില്ലായിരുന്നു. അവരോടൊപ്പം കണ്ടാൽ പേടിതോന്നിക്കുന്ന ഒരു അൾസേഷൻ പോലീസ് നായ് മുറ്റത്തേക്ക് ഉത്സാഹത്തോടെ ചാടിയിറങ്ങി . എല്ലാം പെട്ടെന്നായിരുന്നതുകൊണ്ടാവാം കാലം ചെയ്ത കുഞ്ചാക്കോയുടെ സീമന്തപുത്രൻ സ്രാമ്പിക്കൽ സണ്ണിച്ചായൻ ഒന്നു ഞെട്ടി. മിന്നുന്ന ലൈറ്റും ഒച്ചയും ബഹളവും കേട്ടപ്പോഴാണ് അയൽപക്കക്കാർ പലരും പുറത്തേക്കിറങ്ങിയത്. അവർ കഥയറിയാതെ അമ്പരപ്പോടെ നോക്കിനിന്നു. സണ്ണിചാക്കോയേയും തൊട്ടയൽപക്കത്തുള്ള കൂട്ടുകാരൻ കറുത്ത ഖാദർ കട്ടക്കയത്തിനെയും അന്നുതന്നെ ആ സ്രാമ്പിക്കൽ വീട്ടിൽവെച്ചു പോലീസ് അറസ്റ്റു ചെയ്തു. ഇരുവരെയും കൈവിലങ്ങുവെച്ചു കൊണ്ടുപോകുന്നതാണ് നാട്ടുകാരു പിന്നീടു കണ്ടത്.
അടുത്ത ദിവസം അതൊക്കെ വലിയ വാർത്തയായി. അമേരിക്കൻ ചാരനെയും പാക്കിസ്ഥാൻ ചാരനെയും അറസ്റ്റ് ചെയ്‌തു. അവരുടെ കൂട്ടാളിയായിരുന്ന ഗുലാം മുഹമ്മദിനെ കാണാനില്ല, അന്വേഷണം തുടരുന്നു എന്നായിരുന്നു പത്രങ്ങളിലൊക്കെ തലവാചകം. പോരെ പൂരം , സോഷ്യൽ മീഡിയ ഏറ്റെടുത്തു. സീതത്തോടു നിവാസികളും മോശമല്ല, ഉപകാരമല്ലാതെ ആർക്കും ഒരുപദ്രവവും ചെയ്തിട്ടില്ലാത്ത സണ്ണിച്ചായനെപ്പറ്റി പുതിയ പുതിയ കഥകൾ മെനഞ്ഞുണ്ടാക്കി.
ആ ദിവസം കൂടെ വന്ന അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ദുഗോപൻ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലേക്കൊന്നു സൂക്ഷിച്ചു നോക്കി. ഗാംഭീര്യം നിറഞ്ഞ ഫോട്ടോയും അതിന്റെ വലതുഭാഗത്തായി അൽപ്പം ചരിച്ച് ഭിത്തിയിൽത്തന്നെ തറച്ചുവെച്ചിരിക്കുന്ന തോക്കും കണ്ട് അയാളുടെ സ്വതസിദ്ധമായ തിരുവന്തോരം ഭാഷയിൽ ചോദിച്ചു .
“ഇതാര് തന്തപ്പടി തന്നെ?"
അപ്പോഴാണ് സണ്ണി ചാക്കോയും ആ ഫോട്ടോയിലേക്കു ഒന്ന് ശ്രദ്ധിച്ചത്. കപ്പടാ മീശവെച്ച അപ്പച്ചൻ സാക്ഷാൽ കുഞ്ചാക്കോ സ്രാമ്പിക്കൽ ആ തോക്കും പിടിച്ചുകൊണ്ടു തന്റെ പ്രിയപ്പെട്ട പഴേ മിലിറ്ററി ജീപ്പിൽ ചാരി നിൽക്കുന്നു.
അതുകണ്ടിട്ട് കൂടെവന്ന പോലീസുകാരൻ കുര്യച്ചൻ അങ്ങോട്ടുതന്നെ നോക്കിക്കൊണ്ടു പറഞ്ഞു.
"ഇത് ഈ മകന്റെ അപ്പൻ തന്നെ ആ സ്വർണ്ണ മാലയും പള പളപളാന്നു മിന്നുന്ന ജൂബയും കണ്ടില്ലേ. ഇനിയിപ്പം ഒരു കൊമ്പൻ മീശയുടെ മാത്രമേ കുറവുള്ളൂ"
ഇന്ദുഗോപൻ അതൊന്നും ശ്രദ്ധിക്കാതെ സണ്ണിച്ചായനോടായി ഇത്തിരി കടുപ്പത്തിൽ
“എന്തിരടെ പഴം വിഴുങ്ങിയമാതിരി നോക്കി നിക്കണത് ആ തോക്കിന്റെ ലൈസെൻസ് എടുക്കഡേയ്"
“അയ്യോ സാറെ... എനിക്കതൊന്നുമറിയില്ല. ഞാനതൊന്നും കൈകൊണ്ടു തൊട്ടിട്ടില്ല. ജീപ്പ് ഇപ്പോഴും പുറകുവശത്തെ ഷെഡിൽ കിടപ്പുണ്ട്. ഒരോർമ്മക്കായി . അമ്മച്ചി അത് വിൽക്കാൻ സമ്മതിക്കത്തില്ലാരുന്നു”
“ലൈസെൻസുകളില്ലാത്ത തോക്കുകളുതന്നെ. കുര്യച്ചൻ നോട്ട് ദി പോയിന്റ്"
“അത് പൊട്ടാത്ത തോക്കാണു സാർ ഞാനതുപയോഗിക്കാറില്ല . അപ്പന്റെ ഓർമ്മക്കായി അവിടെ തൂക്കിയിട്ടന്നേയുള്ളു"
കോൺസ്റ്റബിൾ കുര്യച്ചൻ തൊട്ടടുത്തു തല ചൊറിഞ്ഞുകൊണ്ടു നിന്ന കട്ടക്കയത്തിനെ സാകൂതം ഒന്ന് നോക്കി. അയാളുടെ ആ വെള്ള മുണ്ടും വെള്ള ഷർട്ടും തലേൽ വട്ടം കെട്ടിയിരിക്കുന്ന പച്ചത്തൂവാലയും കണ്ടിട്ട് അത്രക്കും സുഖിക്കാത്ത മട്ടിൽ അയാളോടായി
“താനിവിടെ സ്ഥിരം വരവും പോക്കുമൊക്കെയുണ്ട് അല്ലഡൈ..."
“ന്റള്ളോ ഞമ്മളോരു തെറ്റും ചെയ്തിട്ടീല ഇങ്ങളീ പോലീസും പട്ടാളോമൊക്കെ എന്ത് ഭാവിച്ചാണെന്നോടിതൊക്കെ ചോദിക്കണത്”
“ഞമ്മള് നിസ്‌ക്കരിക്കാനായിട്ടു പള്ളീലേക്കിറങ്ങീതാ ചെങ്ങായീ...” എന്നു പറഞ്ഞു നിലവിളിക്കാൻ തുടങ്ങി.
ആ കോഴിക്കോട് ഭാഷ കേട്ടിട്ട് അതൊക്കെ കൂടെയുള്ളവർ ഫോണിൽ ചിത്രീകരിച്ചു യൂട്യൂബിൽ വൈറൽ ആയി. എല്ലാത്തിനും ദൃക്‌സാക്ഷിയായ ജോയികുട്ടി മുറിമുഴുവൻ ഓടിനടന്നു പ്രതിഷേധം അറിയിക്കുന്നുണ്ട്. ആ പോലീസ് നായ പോലും അതൊന്നും ശ്രദ്ധിക്കുന്നതേയില്ല. വീട്ടുജോലിക്കാരി വനജേടത്തിയും ആട്ടം കാണുന്ന പൊട്ടനെപോലെ മുറ്റത്തിന്റെ ഒരു മൂലക്ക് അന്തംവിട്ടു നിന്നു. ആ വലിയ ഗെയ്റ്റ് പോലീസ് അകത്തുനിന്നു ലോക്ക് ചെയ്തതുകൊണ്ട് അയൽപക്കക്കാർക്കു ഒന്നെത്തിനോക്കാനേ പറ്റുന്നുള്ളു. ഒന്നുരണ്ടു സ്‌കൂൾ കുട്ടികൾ ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് കാണാനെന്ന മട്ടിൽ തൊട്ടപ്പുറത്തെ പറമ്പിലെ മാവിൻ കൊമ്പത്തു കയറി പമ്മിയിരിപ്പുണ്ട്. അതുപിന്നെ അങ്ങനെയാണല്ലോ ആരാന്റെ അമ്മക്കു പ്രാന്തുവന്നാൽ കാണാനുള്ള ആ രസം. പോലീസ് നായ് അവിടെയെല്ലാം ചുറ്റി നടന്ന് പിറകിലത്തെ വരാന്തയുടെ ഭിത്തിയിൽ ചാരിവെച്ചിരുന്ന ഊന്നുവടിയിൽ കയറി കടിച്ചു. അതോടെ അവർക്കു തൊണ്ടിമുതലും കിട്ടി. ഇനി ഒരു ദൃക്‌സാക്ഷികൂടി വേണം. അതവരൊപ്പിക്കാതിരിക്കില്ല. ‘പ്രതികളെ’ ഒന്നും പറയാൻ പോലും സമ്മതിക്കുന്നില്ല.
"പാക്കിസ്ഥാനി ചാരനു സംരക്ഷണം കൊടുക്കുന്നതു രാജ്യദ്രോഹകുറ്റമാ, അറിയാമല്ലോ" എന്നുപറഞ്ഞു രണ്ടു പേരെയും കയ്യാമം വെച്ചു.
“പടച്ചോനെ പാക്കിസ്ഥാൻ ചാരനോ. ഇങ്ങൾക്കാള് തെറ്റിയതാവും”
“അതൊക്കെ ഇനി കോടതീൽ പറഞ്ഞാമതി. വേഗം രണ്ടുപേരും വണ്ടീലൊട്ടു കയറൂ”
അതുകണ്ട് വനജേടത്തി ജോയികുട്ടിയേയും വിളിച്ചോണ്ട് അകത്തേക്കു കയറി വാതിലടച്ചു. പൊലീസ് വണ്ടി ഗേറ്റിനു പുറത്തേക്കിറക്കിയപ്പോഴേക്കും ജനം തടിച്ചുകൂടിയിരുന്നു. ഖാദറിക്ക തലേൽ കൈവെച്ചു “എന്റെ റബ്ബേ..." എന്നൊരലർച്ച.
കർത്താവേ നാലും മൂന്നും ഏഴു പേരുള്ള ഈ സീതത്തോട് പഞ്ചായത്തിൽ എവിടുന്നുവന്നു ഇത്രയധികം ജനക്കൂട്ടം എന്നൊക്കെ ഓർത്തു സണ്ണി ചാക്കോ ഓർക്കാപ്പുറത്തൊരടികിട്ടിയതുപോലെ ഒന്നും മിണ്ടാതെ പോലീസ് വണ്ടിയിലേക്ക് കയറി. അപ്പോഴേക്കും അയാൾ കാര്യങ്ങളൊക്കെ ഒന്നൂഹിച്ചു കഴിഞ്ഞിരുന്നു. ജമീലയുടെ ബാപ്പ വലിയ പിടിപാടുള്ള ആളാണെന്നു കട്ടക്കയം എപ്പോഴോ പറഞ്ഞതോർത്തു. ഇനിയിപ്പം ആ വഴിക്കൊന്നാലോചിച്ചാലോ എന്നൊക്കെ ഓർത്തപ്പോഴേക്കും പോലീസ് വണ്ടി ലൈറ്റും മിന്നിച്ചോണ്ടു അത്യാഹിത വിഭാഗത്തിലേക്ക് ആബുലൻസ് പോകുന്നതുപോലെ ഒറ്റ പോക്കായിരുന്നു. അപ്പോഴൊക്കെയും ആ പോലീസ് നായ അവരെത്തന്നെ സൂക്ഷിച്ചുനോക്കി ഒരു വല്ലാതെ സ്വരത്തിൽ മുറുമ്മിക്കൊണ്ടിരുന്നു.
സ്രാമ്പിക്കൽ സണ്ണിക്കുട്ടി അമേരിക്കയിൽ നിന്നും തിരിച്ചെത്തിയിട്ടു അഞ്ചു വർഷത്തോളമായി. ആദ്യമൊക്കെ ആ ഗ്രാമത്തിൽ അതൊരു ചൂടുള്ള വാർത്തയായിരുന്നു. ആ വാർത്തയൊക്കെ അറുപഴഞ്ചനായിപോയെങ്കിലും അയാൾ പൂർവാധികം പ്രൗഢിയോടെ ആ തറവാട്ടു വീട്ടിൽ ഒറ്റയാനായി വാഴുകയായിരുന്നു. പകൽ പണിക്കൊക്കെ വരുന്ന ഒരു വനജേടത്തിയും അമേരിക്കയിൽനിന്നു സ്നേഹപൂർവ്വം കൂടെകൂടിയ ജോയികുട്ടിയും കൂടെയുള്ളതുകൊണ്ട് ഒറ്റക്കെന്ന് അങ്ങനെ തീർത്തു പറയാനും പറ്റുന്നില്ല. ഭാര്യയും പിള്ളേരും പറിച്ചെറിഞ്ഞാലും നാട്ടിലേക്കു പോരുകേലന്നൊക്കെ സണ്ണിച്ചായനറിയാം. ജനിച്ച നാട്ടിൽവന്നു നാട്ടുകാരും “കൂട്ടുകാരുമൊക്കെയായി മിണ്ടീം പറഞ്ഞുമൊക്കെ ജീവിക്കുന്നതിന്റെ സുഖം വല്ലോം അങ്ങ് ഏഴാം കടലിനക്കരെ ജനിച്ചുവീണ ആ ജന്തുക്കൾക്കു പറഞ്ഞാൽ മനസ്സിലാകുമോ ?” എന്നൊക്കെ കൂട്ടുകാരനായ കട്ടക്കയത്തിനോടുമാത്രം വൈകുന്നേരങ്ങളിൽ ഒന്നൊത്തുകൂടുബോൾ പറയാറുണ്ടായിരുന്നു.
അന്നൊരുദിവസം പത്രത്തിൽ കണ്ട ഒരു വാർത്തയാണ് ആകെ ഒരങ്കലാപ്പുണ്ടാക്കിയത്. ലാഹോർ യൂണിവേഴ്‌സിറ്റി പ്രൊഫസർ ആയിരുന്ന ഡോക്ടർ ഗുലാം അഹമ്മദിനെ കാണ്മാനില്ല എന്നായിരുന്നു വാർത്ത. പാകിസ്ഥാൻ ഗവൺമെന്റ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതുകൊണ്ടു അവിടുന്ന് നാടുവിട്ടതാണെന്നും വാർത്തകളിൽ പറഞ്ഞിരുന്നു. ന്യുക്ലിയർ ശാസ്ത്രജ്ഞനായ അയാൾ ഡൽഹിയിലെ കോനാട്ട് പ്ലേസിലൂടെ തെണ്ടി നടക്കുന്നത് ഒരിടയ്ക്കു മറ്റൊരു വലിയ വാർത്തയായിരുന്നുവെന്നും. വിസിറ്റിങ്ങ് വിസയിൽ വന്ന പ്രൊഫസർ അവിടുന്നു മുങ്ങിയിട്ടും ആരും അറിഞ്ഞില്ലപോലും . ഇപ്പോൾ അയാളുടെ ബന്ധുക്കളോ പൂർവ്വവിദ്യാർഥികളോ ആരോ അതു കുത്തിപ്പൊക്കി എംബസിയിലൊക്കെ അറിയിച്ചു വലിയ വാർത്തയാക്കിയതാവാം. പാക്കിസ്ഥാൻ ചാരനായ പ്രൊഫസറെ കാണ്മാനില്ല എന്നാണ് തലവാചകം. ഫോട്ടോ കണ്ടപ്പോൾതൊട്ട് വല്ലാത്തൊരു മാനസികവിഭ്രാന്തിയായിരുന്നു . അതേ രൂപഭാവങ്ങളുള്ള ഒരാളെ സണ്ണിച്ചായന്റെ മനസ്സിലുള്ളു ഒരു ‘ഊരുതെണ്ടി’. ഈ സീതത്തോട്ടിലൂടെ കുറേനാൾ കറങ്ങി നടന്ന ഒരു ഊരുതെണ്ടിയുണ്ടായിരുന്നു അത്.
അതും നാട്ടുകാരിട്ട പേരാ കേട്ടോ.... വനജേടത്തി ആ പടം ഇഗ്ലീഷ് പത്രത്തിൽ കണ്ടോണ്ടു അടുക്കളയിൽനിന്നും ഓടിവന്നിട്ടു ഒരു മുഖവുരയുമില്ലാതെ പറഞ്ഞു.
“സാറേ ഇത് നമ്മുടെ ആ ഊരുതെണ്ടിയല്ലേ എന്നൊരു സംശയം... ഞാനങ്ങു പേടിച്ചുപോയി “
“അതെന്തിനാ ചേടത്തി പേടിക്കുന്നത്" സ്രാമ്പിക്കൽ സംശയം പ്രകടിപ്പിച്ചു.
“അറിയപ്പെടുന്ന ആൾക്കാരുടെയൊക്കെ പോട്ടോ പടം പത്രത്തിൽ കാണുമ്പോ എനിക്കു പേടിയാ സാറേ. ചത്തതാണോ ചാകാൻ കിടക്കുന്നതാണോ അതോ ഇനി വല്ല അവാർഡും കിട്ടിയതാണോ”
"അവാർഡ് കിട്ടിയതായിരിക്കും എന്നങ്ങു വിചാരിച്ചാൽ പോരെ അപ്പോൾ സന്തോഷിക്കുകയും ചെയ്യാം." എന്നുപറഞ്ഞു സണ്ണിച്ചായൻ വയറുകുലുങ്ങി ചിരിച്ചു .
“വല്ല്യ വല്ല്യ അവാർഡൊക്കെ മരിക്കാറാകുമ്പോഴല്ലേ കിട്ടുന്നത്. അതുകൂടി ഓർക്കുമ്പോ സങ്കടം വരും” എന്നിട്ടു പത്രത്തിലേക്കുതന്നെ സൂക്ഷിച്ചുനോക്കിയിട്ടു പറഞ്ഞു.
“കണ്ടിട്ടു നമ്മുടെ കാബൂളിവാലയുടെ ഒരു മുഖഛായ ഒക്കെ തോന്നുന്നുണ്ട്. അവസാനം പോയപ്പോൾ ആ ഊന്നുവടി എടുക്കാൻ മറന്നു. അതിപ്പോഴും നമ്മുടെ വീടിന്റെ പുറകുവശത്തെ വരാന്തയിൽ ചാരിവെച്ചിട്ടുണ്ട്. ഇതിപ്പം അയാളൊന്നും ആകാൻ വഴിയില്ല ഇതാരാണ്ടു വല്ല്യ പഠിപ്പും പത്രാസുമൊക്കെയുള്ള ആളാണന്നാ കണ്ടിട്ടു തോന്നുന്നത്"
അവർ അവരുടെ അഭിപ്രായം പറഞ്ഞു. സണ്ണി ചാക്കോ പത്രത്തിലെ പടത്തിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അപ്പോൾ അയാൾക്കും ഒരു ചെറിയ സംശയം തോന്നിയിരുന്നു. അയാളെന്തിനാ ആ വടി ഇവിടെ വെച്ചിട്ടു പോയത് .അയാളുടെ തോളത്തു കിടന്ന ആ പച്ച തുണിയാണ് പെട്ടന്ന് ഒരു മിന്നായംപോലെ ആദ്യം മനസ്സിൽ തെളിഞ്ഞുവന്നത്. ഇന്ത്യയിൽ നിൽക്കാൻ അഭയാർത്ഥി വിസയ്ക്ക് അപേക്ഷ കൊടുത്തിരുന്നെങ്കിലും അത് ഭാരതീയ വിദേശ മന്ത്രാലയം അംഗീകരിച്ചില്ല എന്നും വാർത്തയിൽ പറയുന്നുണ്ട്. തിരിച്ചു പാക്കിസ്ഥാനിലേക്കു ചെന്നാൽ ജീവനു ഭീഷിണിയുണ്ടെന്നും അപേക്ഷയിൽ പറയുന്നുണ്ടുപോലും. അവരുപറയുന്നത് കാശ്മീരിൽ ഞുഴഞ്ഞുകയറിയ ഇന്ത്യൻ ചാരനാണെന്നാണ്.
സ്രാമ്പിക്കൽ സണ്ണി ചാക്കോ ആകെ ആശയക്കുഴപ്പത്തിലായിരുന്നു . അതോ സ്വന്തം ജീവനു ഭീഷിണിയുള്ളതുകൊണ്ട് ഒളിവിലായതാണോ, ഒന്നും അത്ര ഉറപ്പില്ല. നടക്കുമ്പോൾ ചെറിയ ഒരു കൂനുണ്ടായിരുന്നു എന്ന കാര്യം അപ്പോഴാണ് ഓർത്തത്. അതൊന്നറിയാൻ സണ്ണിച്ചായൻ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ തന്നെ വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കിയെങ്കിലും മുഴുവൻ പടമല്ലാത്തതുകൊണ്ട് അത്രക്കു വ്യക്തമല്ലായിരുന്നു. എന്തോ നിഗൂഢതകളൊക്കെ അയാളുടെ ജീവിതത്തിൽ ഉണ്ടായിരുന്നിരിക്കണം .പിന്നെയും ആഴ്ചകൾ കഴിഞ്ഞിട്ടും അയാളെപ്പറ്റി ഒരു അറിവുമില്ലായിരുന്നു. അയാൾ വരാറുള്ള ആ ശനിയാഴ്‌ച്ച വീണ്ടും അവർ അയാളുടെ വരവുപ്രതീക്ഷിച്ചിരുന്നെങ്കിലും വന്നില്ല. എന്നിട്ടും പ്രതീക്ഷയോടെ ജോയികുട്ടിയുകൂട്ടി സണ്ണിച്ചായനും ആ പെരുംമഴയത്തു വരാന്തയിൽതന്നെ അയാളെയും കാത്തിരുന്നു. ജോയി ഇടയ്ക്കിടെ ഗെയ്റ്റിന്റെ അടുത്തുപോയി എന്തോ ഓർത്തിട്ടെന്നപോലെ ടൈൽസ് പാകിയ തറയിൽ കിടക്കും.
ഓരോപ്രാവശ്യവും തിരിച്ചു വരാന്തയിൽവന്നു രോമത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ജലകണികകൾ തെറിപ്പിച്ചുകൊണ്ട് ദേഹം കുലുക്കി ഒരു കുടച്ചിലും. അക്കാര്യത്തിൽ ജോയിക്കുട്ടിക്ക് മാത്രമല്ല ലോകത്തിൽ ഒരു പട്ടിക്കും സ്ഥലകാലബോധമില്ല. ഇതൊന്നുമറിയാതെ ഇടിവെട്ടിപ്പെയ്യുന്ന പേരുംമഴ യായതുകൊണ്ടാവാം, എന്തോ അന്നും അയാൾ വന്നില്ല. ഏതു പ്രതികൂലമായ കാലാവസ്ഥയിലും എല്ലാ ശനിയാഴ്ചയും കൃത്യമായി പതിനൊന്നുമണിയാകുമ്പോൾ വലിയ ഗെയ്റ്റിന്റെ കൊച്ചുവാതിലിലൂടെ മെല്ലെ തുറന്ന് മുറ്റത്തേക്ക് കൂനി കൂനി കടന്നുവന്നു നിൽക്കാറുണ്ടായിരുന്നു . ആദ്യമൊക്കെ ജോയികുട്ടി അയാളെക്കാണുമ്പോൾ നിർത്താതെ കുരക്കുമായിരുന്നു. കുറേക്കാലത്തെ പരിചയമുള്ളതുകൊണ്ടായിരിക്കണം പിന്നീട് അവനും ഒരു പ്രത്യേക ഇഷ്ടവും സ്നേഹവുമൊക്കെയുണ്ടായിരുന്നു. മാത്രമല്ല അയാൾ വരുമ്പോഴൊക്കെ ജോയികുട്ടിക്കു ഒരു ഉണക്ക മീനിന്റെ കഷ്ണം ഇട്ടുകൊടുക്കുമായിരുന്നു. അതുകൊണ്ടാകാം വരാന്തയിൽ വിശ്രമിക്കുമ്പോൾപോലും അയാൾ ഗേറ്റ് കടന്നുവരികയാണെങ്കിൽ ഉത്സാഹപൂർവ്വം ഓടിച്ചെന്നു സ്നേഹപ്രകടനങ്ങൾ കാണിക്കുമായിരുന്നു . അമേരിക്കേന്ന് വന്നൂ എന്ന് പറഞ്ഞിട്ടെന്തു കാര്യം ‘ജാത്യാ ഗുണം തൂത്താൽ പോകുമോ’ നല്ല ഉണക്കമീൻകണ്ടാൽ ജോയിക്കുട്ടി കമഴ്ന്നു വീഴും. സണ്ണി ചാക്കോയുടെ ഒറ്റപ്പെടലിൽ ആ കാബൂളിവാലയുടെ വരവ് അയാൾക്കും ഒരു സന്തോഷം നൽകിയിരുന്നു. എന്നാലും ഇപ്പോൾ എന്തായിരിക്കും അയാൾക്കു സംഭവിച്ചത്. അതിലിപ്പം അത്രക്കും പരിഭ്രാന്തിയൊന്നും തോന്നേണ്ട കാര്യമില്ലെങ്കിലും ഒരാകാംക്ഷ.
ഈ പട്ടണത്തിൽ തൊട്ടയൽവാസിയായ കറുത്ത ഖാദറിക്കായുടെ വീട്ടിലല്ലാതെ മറ്റു വീടുകളിളൊന്നും അയാൾ പോകാറുണ്ടായിരുന്നില്ല . ഒന്നന്വേഷിച്ചാലോ എന്നൊക്കെ ഓർത്തെങ്കിലും ആരോടാ ഒന്നു ചോദിക്കുക എന്തിനാ ചോദിക്കുക എന്നൊക്കെ ചിന്തിച്ചിരുന്നുപോയി. അല്ലെങ്കിലും ആരറിയാൻ. ഒരു പ്രൊഫസ്സറെയാണല്ലോ ഇത്രനാളും അറിയാതെ പണിയെടുപ്പിച്ചത് എന്നോർക്കുമ്പോൾ ഒരു കുറ്റബോധം. എന്നാലും ഈ പാക്കിസ്ഥാൻ കാരൻ ഡോക്ടർ ഗുലാം അഹമ്മദ് സ്രാമ്പിക്കൽ തറവാട്ടിലെ പണിക്കാരനായിരുന്നല്ലോ എന്നോർക്കുമ്പോൾ ഒരഭിമാനവുമുണ്ട്. സണ്ണിച്ചായന്റെ ഉള്ളിന്റെ ഉള്ളിൽ പെട്ടന്ന് ഒരു ‘ഭാരത് മാത കി ജയ് ‘ അങ്ങ് തികട്ടി തികട്ടി വന്നു. അയാൾ എവിടുന്നു വന്നു എവിടേക്കു പോണു ആർക്കും അറിയില്ല ആരും ചോദിച്ചിട്ടുമില്ല. സംസാരത്തിൽ ഒരു ബംഗാളിയായിരിക്കാമെന്നു തോന്നുമെങ്കിലും അതൊക്കെ ചോദിച്ചാൽ ഒന്നും മിണ്ടാതെ മുഖത്തേക്കുനോക്കി നിഷ്കളങ്കമായ ഒരു ചിരിയുണ്ട്. ആരോടും ഒരു പരിഭവവുമില്ല. അങ്ങിങ്ങായി അൽപ്പം കീറിയ അയഞ്ഞ പാന്റും നല്ല കട്ടിയുള്ള കറുത്ത ഷൂസും വേഷം. തോളത്തുകൂടി ഒരു ഇളം പച്ച തുണി ചുറ്റിയിട്ടുള്ളതുകൊണ്ടു തോൾസഞ്ചി വ്യക്തമായി കാണുന്നില്ലായിരുന്നു എന്നാണു ഓർമ്മ. എന്തായാലും ആ പച്ചത്തുണിയിൽ എന്തോ കാര്യമുണ്ട്. എല്ലാംകൂടി കൂട്ടിവായിക്കുബോൾ സണ്ണിച്ചായനും പേടിയായി. എന്തും സംഭവിക്കാം. ഇതുവരെ കാക്കിയിട്ട പോസ്റ്റുമാനല്ലാതെ ആരും സ്രാമ്പിക്കൽ തറവാട്ടിൽ കാലുകുത്തിയിട്ടില്ലായിരുന്നു. ഇങ്ങനെപോയാൽ പോലീസും പട്ടാളവും വരെ അന്വേഷിച്ചു വരാൻ സാദ്ധ്യതയുണ്ട് എന്നൊരു പേടി അന്നേ തോന്നിയതാണ്.
എന്തായാലും ആ ഊരുതെണ്ടിയെ കണ്ടാൽ അങ്ങനെയൊന്നും തോന്നില്ലായിരുന്നു. ഇത്തിരി കൂനുണ്ടെങ്കിലും കണ്ടാൽ നല്ല ഉയരമുള്ള ആരോഗ്യവാൻ. ഊന്നുവടിയുടെ ആവശ്യമൊന്നുമില്ലെങ്കിലും കയ്യിൽ ഒരു നല്ല മിനുസമുള്ള ഒരു കറുത്ത ഊന്നു വടിയുണ്ടായിരുന്നു. എന്തെങ്കിലും പണിചെയ്യുബോൾ അതെവിടെയെങ്കിലും ചാരിവെക്കുകയാണ് പതിവ്. ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ ഒന്നും അയാൾക്കു പാകമല്ലാത്തതുകൊണ്ട് ആരോ കൊടുത്തതാണെന്നൂഹിച്ചു . ഒരു പക്ഷെ മനഃപൂർവം അങ്ങനെയൊക്കെ അലസമായി നടക്കുന്നതാകാം. ഇടയ്ക്കിടെ പെയിന്റിങ് ജോലികൾ ചെയ്യുന്നതുകൊണ്ടാവാം പലനിറത്തിലുള്ള പെയിൻറ് പലേടത്തായി പറ്റിപ്പിടിച്ചിരിപ്പുണ്ട്.
പണി കഴിഞ്ഞപ്പോൾ സണ്ണിച്ചായൻ മുന്നൂറു രൂപ വെച്ചുനീട്ടിയപ്പോൾ വേണ്ട എനിക്ക് ഇന്നത്തേക്കുള്ള കൂലി കിട്ടി അടുത്ത ദിവസം മതിയെന്നു ഹിന്ദിയിലാണ് പറഞ്ഞതെന്നാണ് ഓർമ്മ. പിന്നീട് മലയാളം വികലമായാണങ്കിലും പറയുമായിരുന്നു. അന്നയാളോടു ചെടി നനയ്ക്കാനാണ് പറഞ്ഞത്. അയാൾ സന്തോഷപൂർവം ആ മുറ്റത്തുള്ള ചെടികൾ മാത്രമല്ല പുറകുവശത്തുള്ള ബദാം മരങ്ങളും നനച്ചു. അതിപ്പിന്നെ ഒരു ശനിയാഴ്ചപോലും മുടങ്ങിയിട്ടില്ല എന്നതാണ് ഈ ആകാംഷക്കൊക്കെ കാരണം. അന്ന് ചെടിനനച്ചു തുടങ്ങിയെങ്കിലും ഇപ്പോൾ ഈ വീട്ടിലെ എല്ലാ അറ്റകുറ്റപ്പണികളും അത്യാവശ്യം കൃഷിപ്പണികളുമൊക്കെ ആ ഊരുതെണ്ടിയുടെ അവകാശമായിരുന്നു. പണിക്കാരെ കിട്ടാനില്ലാത്ത ഈ കാലത്തു സ്രാമ്പിക്കൽ തറവാടിനും ചുറ്റുമുള്ള അഞ്ചേക്കർ സ്ഥലത്തിനും അയാൾ ഒരാവശ്യവുമായിരുന്നു. പോകുമ്പോൾ കാശു കൊടുക്കുന്നേരം ആവശ്യത്തിനു മാത്രം എടുത്തിട്ടു ബാക്കി തിരികെ തരുമായിരുന്നു. പിന്നെപ്പിന്നെ അൽപ്പം കൂടുതൽ കൊടുത്തിട്ട് ഇതൊരു സമ്മാനമാണന്നു പറഞ്ഞു നിർബന്ധിക്കുമ്പോൾ ചിരിച്ചുകൊണ്ട് സ്വീകരിക്കുമായിരുന്നു. അത് ഒരു പതിവായപ്പോൾ പിന്നെ ഒന്നും പറയാതെ കൊടുക്കുന്നതു മേടിച്ചു കീശയിലിടും. കൊടുത്തില്ലെങ്കിൽ കുറച്ചുനേരം അവിടൊക്കെ കറങ്ങിനിൽക്കും. അത് എപ്പോഴും അങ്ങനെയാണല്ലോ പതിവായി കൊടുക്കന്നതൊക്കെ ആർക്കാണെങ്കിലും അത് പിന്നീട് അവകാശമായി മാറുന്നു. വെറും ഊരുതെണ്ടിയുടെ ഉണക്കമീൻ കഷണത്തിനുവേണ്ടി വെള്ളമിറക്കുന്ന ജോയികുട്ടിയെ കാണുമ്പോഴും അങ്ങനെയൊക്കെ തോന്നാറുണ്ട്.
പെയിന്റിങ് പണികളോടാണ് കൂടുതൽ താൽപ്പര്യം. അതുകൊണ്ടുമാത്രമാണ് മുൻവശത്തെ ആ വലിയ ഗേറ്റ് പെയിന്റ് ചെയ്യാൻ ഏൽപ്പിച്ചത്. അന്ന് ആയിരത്തിന്റെ ഒരു നോട്ടു കൊടുത്തു കൊടുത്തപ്പോൾ അത് സന്തോഷപൂർവം സ്വീകരിക്കുകയും ചെയിതു. പണിക്കുള്ള കൂലി അല്ലാതെ ഒന്നും ചോദിക്കാറില്ല. മനുഷ്യന്റെ പ്രാഥമിക ആവശ്യം വിശപ്പടക്കുക എന്നതാണ് എന്നയാൾക്കറിയാവുന്നതുകൊണ്ട് അതിനുള്ള കാശ് അയാൾ പല പണികളും ചെയ്തു ഉണ്ടാക്കുന്നുണ്ട്. എവിടെയാണ് അന്തിയുറങ്ങുന്നതെന്നൊന്നും ആരും അന്വേഷിച്ചിട്ടില്ല. ആരോടും ഉത്തരവാദിത്വവുമില്ലാത്ത ജീവിതം . മാനസികമായും ശാരീരികമായും സ്വാതന്ത്ര്യം അനുഭവിക്കുന്ന മഹാഭാഗ്യവാനായ ഒരു നാടോടി എന്നൊക്കെയാണ് അപ്പോൾ തോന്നിയത് .എന്തായാലും ആരോടെങ്കിലും അന്വേഷിക്കാതെ പറ്റില്ല. ജോയികുട്ടിപോലും ശനിയാഴ്‌ച്ച ദിവസങ്ങളിൽ ഗെയ്റ്റിൻറെ അടുത്തുപോയി മുറുമുറുത്തുകൊണ്ടു നിൽക്കാറുണ്ട്. അവനും അയാളെയും അയാളുകൊടുക്കുന്ന മീൻകഷ്ണവും ‘മിസ്സ്’ ചെയ്യുന്നുണ്ടായിരിക്കണം. അങ്ങനെ ഓരോന്നാലിചിച്ചിരുന്നപ്പോൾ അകത്തുനിന്ന് ആരോ വിളിക്കുന്നതുപോലെ.
“നമ്മുടെ കാബൂളിവാല ഇന്നും വന്നില്ലേ" അടുക്കളയിൽനിന്നും വനജതള്ളയാണ്. അവർക്കു വല്ല്യ ലോകവിവരമൊന്നുമില്ലെങ്കിലും അവരാണ് ഈ ഊരുതെണ്ടി എന്നുള്ള പേരൊന്നു പരിഷ്‌കരിച്ചു കാബൂളിവാലയാക്കിയത്. സിനിമയും സീരിയലുമൊക്കെ കണ്ടുള്ള പരിചയമായിരിക്കണം. അതേതായാലും നന്നായി അയാളുടെ മുഖത്തുനോക്കി ഒരു തെണ്ടി എന്നൊന്നും വിളിക്കാൻ ആർക്കും തോന്നില്ല. വൈകുന്നേരമായപ്പോൾ പതിവായി വീശാറുള്ള സ്കോച്ചു വിസ്‌ക്കിയുമായി സ്രാമ്പിക്കൽ സണ്ണിച്ചായൻ വരാന്തയിൽവന്നിരുന്നു. അപ്പോഴാണ് തൊട്ടയല്പക്കത്തുള്ള കറുത്ത ഖാദർ കട്ടക്കയത്തിനെ ഒന്ന് വിളിക്കാൻ തോന്നിയത്. ആ നാട്ടിൽ രണ്ടു കാദർമാരുണ്ടായിരുന്നു ഒന്ന് വെളുത്തായിരുന്നതുകൊണ്ടാണ് കോഴിക്കോട്ടുകോട്ടുനിന്നു സീതത്തോടിലേക്കു വന്ന ഈ കട്ടക്കയത്തിനു ‘കറുത്ത’ എന്ന ലേബൽ കിട്ടിയത്. വെളുത്ത ഖാദർ കാലപുരിയിലേക്കുപോയിട്ടും ഈ കറുത്ത എന്ന ലേബൽ ജനം മറന്നില്ല. അയാളാണെങ്കിൽ ഭാര്യ ജമീലയെ പേടിച്ചു പതിവായുള്ള ഒരു വിളിയും വർത്തമാനവുമൊക്കെ കുറവായിരുന്നു. എന്നാലും കാബൂളിവാലയുടെ കാര്യം ഓർത്തപ്പോൾ ഒന്നു വിളിക്കാൻ തോന്നി. അവനറിയാം സ്രാമ്പിക്കൽ രണ്ടെണ്ണം അടിക്കുന്ന നേരത്താണ് ഈ നാട്ടുകാരെയൊക്കെ വിളിക്കുന്നതെന്ന്. ഇടക്കൊക്കെ അവനുമായും ഒന്നുകൂടാറുണ്ട്. അത്യാവശ്യം മദ്യപാനമുള്ളതുകൊണ്ട് ജമീലക്ക് അതിൽ സണ്ണിച്ചായനോടിത്തിരി പ്രതിഷേധമുണ്ടെന്നുമറിയാം. അതൊന്നുമല്ലല്ലോ ഇപ്പോഴത്തെ പ്രശ്നം . ആവശ്യക്കാരന് ഔചാത്യബോധം പാടില്ലല്ലോ. അതുകൊണ്ടു അയാൾതന്നെ സംസാരിച്ചുതുടങ്ങി.
"ഹലോ മിസ്റ്റർ കട്ടക്കയം ഖാദറിക്ക ഞാൻ ഒരു കാര്യമറിയാനാ വിളിച്ചത്"
"അതുപിന്നെ സണ്ണിച്ചായനെ ഇക്കറിയില്ലേ കാര്യമില്ലാണ്ട് വിളിക്കീലാല്ലോ”
അവൻ അവസരത്തിനൊത്തു ഒന്നു താങ്ങിയതാണെങ്കിലും അയാളത് കാര്യമായെടുത്തില്ല. അത് ശ്രദ്ധിക്കാതെതന്നെ സംഭാഷണം തുടർന്നു.
"പ്രധാന കാര്യം തന്നെ എന്നാൽ നിനക്ക് അത്ര പ്രാധാന്യമുള്ളതാണോ എന്നൊന്നും പറയാൻ പറ്റില്ല"
"നിങ്ങളു വളച്ചുകെട്ടില്ലാണ്ടു കാര്യമെന്താച്ചാ പറ അതും ഈ നോയബുകാലത്തു ഞമ്മളെങ്ങോട്ടു വലിഞ്ഞുകയറി വന്നാൽ ആകെ എടങ്ങേറാകും”
"എടാ അതൊന്നുമല്ല ഇന്നത്തെ പ്രശ്നം ഇവിടെ പതിവായി വരാറുണ്ടായിരുന്നു ഒരു ഊരുതെണ്ടിയില്ലെ, ആ കാബൂളിവാല. അയാളെ ഇപ്പോൾ ഇങ്ങോട്ടു കാണുന്നതേയില്ല"
"അതിനു സണ്ണിച്ചായനെന്തിനാ ഇത്രക്കും ബേജാറാകുന്നത്, അസ്സലു നാടോടി അയാളിപ്പം ഈ റൂട്ട് മാറിപ്പിടിച്ചുകാണും. ഇവിടെയും വന്നിരുന്നു. സണ്ണിച്ചായൻ പറഞ്ഞതുകൊണ്ട് മാത്രം ആ ഗെയിറ്റിനൊന്നു പെയിന്റു പൂശാൻ പറഞ്ഞു. അല്ലാതെ ഞാൻ അത്ര പരിഗണനയൊന്നും കൊടുത്തില്ല . ബന്നു ബന്നിപ്പം ആസ്സാമീന്നും ബംഗാളീന്നുമൊക്കെയല്ലേ കള്ളപ്പരിസ്സുകള്. ഒന്നിനേം ബിശ്വസിക്കാൻ പറ്റൂല്ല”
പത്രത്തിൽ വന്ന വാർത്തയും പാക്കിസ്ഥാൻ വിഷയവുമൊക്കെ തൽക്കാലം കട്ടക്കയത്തിനോട് പറയുന്നില്ലന്നുതന്നെ തീരുമാനിച്ചു. പത്രം കള്ളുകുപ്പി പൊതിയാനല്ലാതെ കൈകൊണ്ടു തൊടാത്തതുകൊണ്ടു അവനതൊന്നും അറിയാനുള്ള സാദ്ധ്യതയുമില്ലന്നറിയാം. എന്തായാലും അയാൾപെട്ടെന്നിങ്ങനെ വരാണ്ടായപ്പോൾ എന്തുപറ്റി എന്നറിയാനുള്ള ഒരാകാംക്ഷ.
"നിനക്കെന്തെങ്കിലും അറിയാമോ എന്നറിയാനാ വിളിച്ചത്"
“ങ്ങളെന്തിനാ കിടന്നു ബേജാറാകുന്നത്. അയാള് ആ ഊരുതെണ്ടി അയാളുടെ വഴിക്കു പോട്ടെ. ഹല്ലാ ഞമ്മളറിയാന്മേലാഞ്ഞിട്ടു ചോദിക്കുവാ ഒത്ത ഉയരോം തണ്ടും തടീം ണ്ടല്ലോ ഒറ്റയാനായിട്ടു കഴിയാതെ ഒരു നിക്കാഹ് കഴിച്ചാൽ എന്താ കൊയപ്പം. അന്റെ കെട്ട്യോള്, ഓളെന്തായാലും ചാടിപ്പോയില്ലേ . കാര്യങ്ങളൊക്കെ ഞമ്മക്കറിയാം"
"അവളു ചാടിപ്പോയെന്നു നിന്നോടാരാ പറഞ്ഞത്"
"അതുപിന്നെ ഞമ്മക്കറിയില്ലേ. വല്ല്യ പഠിപ്പും പത്രാസുമൊന്നുമില്ലെങ്കിലും ഞമ്മളീ ദുനിയാവിലിരുന്നു ലോകം മുയുവനും നടക്കുന്ന കാര്യങ്ങൾ അറിയുന്നുണ്ട്. രണ്ടെണ്ണം അകത്തായാപ്പിനെ നിങ്ങളുതന്നെ ഞമ്മളോടെന്തെല്ലാം പറഞ്ഞിരിക്കണ്."
അമേരിക്കക്കാരൻ സണ്ണി ചാക്കോ സ്രാമ്പിക്കൽ ഒന്നു ഞെട്ടി, ഇവനെങ്ങാനും ഇത് നാട്ടിലൊക്കെ പാട്ടാക്കുമോ, എന്നാലോചിച്ചു അൽപ്പം നിശബ്ദത പാലിച്ചപ്പോഴേ കട്ടക്കയം പറഞ്ഞു.
“നിങ്ങളു ബേജാറാകേണ്ട. ഞാനൊരു ട്രൂ മുസ്ലീമാ... മയ്യത്തായാലും ഞമ്മന്റെ മനസ്സീന്നു പുറത്തേക്കു ചാടില്ല. ഓള് ഓർമ്മക്കായി അമേരിക്കേന്ന് തന്നുവിട്ട നായകുട്ടിയാ ഈ ജോയികുട്ടിയെന്നും ഞമ്മക്കറിയാം. അതേതായാലും ജോറായി കൊടുത്ത ചോറിനു നന്ദി കാണിക്കും. മനുശന്മാരെപ്പോലെയല്ല. അങ്ങ് അമേരിക്കേലൊക്കെ പട്ടികുട്ടികളെ പാട്ടുമ്മേലാ കിടത്തുന്നതെന്നു ഇങ്ങള്‌താന്നാ ഒരിക്കല് പറഞ്ഞത്. ന്നാലും ഇങ്ങളിട്ട ഈ പേരുഷാറായിട്ടുണ്ട്, ജോയികുട്ടീ“
“ഡാ... ഇവനെ ഞാൻ അറ്റലാന്റായിൽവെച്ചു ഡോഗ് ഷെൽട്ടറിൽനിന്നും വെറും രണ്ടുമാസം പ്രായമുള്ളപ്പോൾ പൊക്കിയെടുത്തോണ്ടു വീട്ടിൽ വന്നതാ. അതിൽ പ്രതിഷേധിച്ച് പ്രിയതമ സിസിലിയാമ്മ എന്റെ വല്യപ്പന്റെ പേരായ ജോയ് മാത്യു എന്നപേരാ ഈ മിണ്ടാപ്രാണിക്കിട്ടത്. എനിക്കതു സഹിച്ചില്ല മണ്ണടിഞ്ഞുപോയ വല്യപ്പന്മാരുടെ പേര് ആരെങ്കിലും നയ്കുട്ടിക്കിടുമോ. അതുകൊണ്ടു ഞാനതൊന്നു പരിഷ്‌കരിച്ചു ജോയികുട്ടീന്നാക്കി. അല്ലപിന്നെ ഈ സണ്ണിച്ചയാനോടാ അവളുടെ കളി"
“അതൊരു സിലുമാനടന്റെ പേരല്ലേ നിങ്ങളൊരു ബല്ലാത്ത പഹയൻതന്നെ" കട്ടക്കയം ഒന്നൂരിച്ചിരിച്ചു കൊണ്ടുതന്നെ പറഞ്ഞു.
“പക്ഷേ ഇതെന്റെ വല്യപ്പച്ചനാ സാഷാൽ ജോയ് മാത്യു സ്രാമ്പിക്കൽ”
“ഓള് ആ സിസിലിയാമ്മ ഭയങ്കര തമാശക്കാരിയാണല്ലേ”
"ഓ അങ്ങനെയും ഞാൻ പറഞ്ഞോ"
“അല്ലെങ്കിൽപിന്നെ പട്ടികുട്ടിക്കാരെങ്കിക്കും ജോയ് മാത്യുന്നു പേരിടുമോ"
“എന്തായാലും നിന്നെ എനിക്ക് നല്ല വിശ്വാസമാ. നീ പറഞ്ഞതിലും കാര്യമുണ്ട്. ഇങ്ങനെ ഒറ്റത്തടിയായി എന്നും കഴിയാൻ പറ്റുമോ. നമുക്കതൊക്കെ ഒന്ന് വിശദമായി സംസാരിക്കാം ഇങ്ങിട്ടിറങ്ങുന്നോ. സ്വയമ്പൻ സാധനമുണ്ട് “
“അയ്യോ വേണ്ട അവിടെവന്നു കുത്തിയിരുന്നാൽപിന്നെ ഈ പൊരയിലേക്കു കയറാൻ പറ്റൂല"
അന്നൊരുദിവസം നിങ്ങള് പറഞ്ഞിട്ടാ പെട്ടന്നു രണ്ടു നിപ്പനടിച്ചിട്ടു വെളുതുള്ളീം തിന്നോണ്ടു് വന്നത്, അത് അതിലും കൊയപ്പമായി. അതിന്റെ മണം പിടിച്ചപ്പോഴേ ഓൾക്കു സംഗതി പിടികിട്ടി. അപ്പോഴാ കൈയിൽ പത്രത്തിൽ പൊതിഞ്ഞോണ്ടു വന്ന ബ്രാണ്ടിക്കുപ്പി കണ്ടത് പിന്നെ അവൾ ഇല്ലാത്ത പുകിലെല്ലാം ഉണ്ടാക്കി. ഇങ്ങനെ പോയാൽ ഓള് ഞമ്മക്കിട്ടു തലാക്ക് തലക്ക് അടിക്കും”
“അത് ഭർത്താക്കന്മാർ ഭാര്യമാരോട് പറയുന്നതല്ലേ. അതൊന്നും ഇനി ആരോടും പറയാൻ പറ്റില്ല . മുത്തലാക്കു നിരോധിക്കാനുള്ള പുതിയ നിയമം വരാൻ പോകുന്നു"
"അതൊന്നും ഓളോടു പറഞ്ഞാ തലേക്കേറൂല്ലാ. ദേഷ്യം ബന്നാ അപ്പം അവളെന്നോട് തലാക്ക് എന്ന് പറയും. മൂന്നു തലാക്ക് അടിച്ചാൽ തീർന്നില്ലേ പിന്നെ ഞമ്മള് പെരുവഴീലാകും. അതൊന്നും ഞമ്മക്ക് ഓർക്കാൻ കൂടി പറ്റൂല്ല. അവളുടെ ബാപ്പാന്റെ കയ്യിൽ പൂത്ത കാശാ മന്ത്രിമാരുമായിട്ടൊക്കെ വല്യ പിടിപാടുള്ള ആളാണെന്നാ പറയുന്നത്. എല്ലാം കളഞ്ഞുകുളിച്ചൊള്ള കളിയൊന്നും ഞമ്മക്കുവേണ്ട. തൽക്കാലം യഥാർഥ മുസ്ലീമായി കഴിയാനാ യോഗം" അതുപറഞ്ഞു കട്ടക്കയം ഫോൺ കട്ടാക്കി.
ഇനി ഖാദർ കട്ടക്കയം സർക്കാർ വക്കീലിനോടു പറഞ്ഞ മൊഴി.
"ഒരു വെള്ളിയാഴ്‌ച്ച നിസ്‌കരിക്കാൻ ഇറങ്ങീതാ അപ്പോൾ സണ്ണിച്ചായനെ കണ്ടു രണ്ടു ബർത്തമാനം പറയാനാ സ്രാമ്പിക്കൽ കയറിയത്. അതാപ്പം ആകെ ഇടങ്ങേറായത്. ആ പാകിസ്ഥാൻ ഊരുതെണ്ടി ഞമ്മന്റെ വീട്ടിലും വന്നിട്ടു നിന്നുന്നുള്ളത് ശരിയാ. ജമീല നിർബന്ധിച്ചിട്ടാ വീടിന്റെ ചെറിയ ഗേറ്റിനു ഇത്തിരി പെയിന്റ് പൂശിയത്. അയിനുള്ള റുപ്പികയും എണ്ണിക്കൊടുത്തതാ ഇനിയിപ്പം അതാണോ കൊയപ്പമായത്. അയിനിപ്പം അയാള് പാക്കിസ്ഥാൻ ചാരനാണെന്നു ഞമ്മക്കെങ്ങനെ അറിയാൻ പറ്റും. എന്റെ വക്കീൽസാറെ ജമീലയെ വിളിച്ചു നടന്നതെന്താച്ചാ പറയണം. അല്ലെങ്കിൽ ഓളിപ്പം മൂന്നാമത്തെ തലാക്ക് പറയും” എന്നുപറഞ്ഞു കട്ടക്കയം വീണ്ടും കരച്ചിലായി. അങ്ങനെ ആകെ അനിശ്ചിതാവസ്ഥയിൽ അന്തംവിട്ടിരുന്നപ്പോഴാണ് ജമീലയുടെ ബാപ്പാ അബ്ദുൽ റഹ്‌മാൻ പ്രതിഭാഗം വക്കീലിനേയും കൂട്ടി ജാമ്യം എടുക്കാൻ വന്നത്. ആരെയൊക്കെയോ മേപ്പോട്ടു് വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു . എന്തായാലും ആൾ ജാമ്യത്തിലും പണജാമ്യത്തിലും രണ്ടുപേരും പുറത്തിറങ്ങി. അങ്ങനെയുള്ള ചില സൗകര്യങ്ങളൊക്കെ നമ്മുടെ നാട്ടിൽ ഉള്ളതുകൊണ്ട് ഏതു കുറ്റവാളിക്കും പേടിക്കാനൊന്നുമില്ലന്നറിയാമല്ലോ . പക്ഷെ എപ്പോൾ വിളിച്ചാലും ചെല്ലണമെന്നു മാത്രമല്ല, രണ്ടുപേർക്കും യാത്രാ വിലക്കുമുണ്ട് . എല്ലാം വീണ്ടും സോഷ്യൽ മീഡിയയും ചാനലുകാരുമേറ്റെടുത്തു. പാകിസ്ഥാനിലും ഒട്ടും മോശമല്ലാത്ത രീതിയിൽ കുപ്രചരണങ്ങളുമുണ്ടായി.
അവരുടെ ചാരനെ ഇന്ത്യ അഭയം കൊടുത്തതിനെ കടുത്ത ഭാഷയിൽ അപലപിച്ചു. അമേരിക്കയിൽനിന്നുമാത്രം സണ്ണി ചാക്കോയെ അന്വേഷിച്ചാരും വന്നില്ല. കൂടെയുള്ള അമേരിക്കൻ സിറ്റിസൺ ജോയികുട്ടിമാത്രം എല്ലാത്തിനും മൂകസാക്ഷിയായി. പോലീസ് നായ് അന്നുതന്നെ മണത്തു മണത്തു റെയിൽവേ സ്റ്റേഷൻ വരെ പോയി ഏതോ ഒരു വടക്കോട്ടുള്ള ബോഗിയിൽ ചാടി കയറി ഡോക്ടർ ഗുലാം അഹമ്മദിനെ കയ്യോടെ പിടിച്ചുവെന്നായിരുന്നു പിന്നീടറിഞ്ഞത്. അതായിരുന്നു അന്നത്തെ സംഭവങ്ങളുടെ ക്ലൈമാക്സ്. തൊണ്ടിമുതലായി ആ വടി കിട്ടിയതുകൊണ്ട് പട്ടിക്കും കാര്യങ്ങൾ എളുപ്പമായിരുന്നു.
എന്തിനു പറയുന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ഡോക്ടർ ഗുലാം മുഹമ്മദ് അനിശ്ചിതകാലത്തേക്ക് ജയിലിലാണ്. അയാളുടെ മൊഴിയനുസരിച്ചു. കറുത്ത ഖാദർ കട്ടക്കയത്തിനെയും സ്രാമ്പിക്കൽ സണ്ണി ചാക്കോയേയും വെറുതെവിട്ടു. അയാളുടെ പേരിലും ഇന്നുവരെ ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാലും ചുമ്മാ ജയിലിൽ കിടക്കട്ടെ എന്നൊരു നയമാണ് നമ്മുടെ സർക്കാരിന്. പാക്കിസ്ഥാനിൽനിന്നും ഗുലാം മുഹമ്മദിനെ വിട്ടുകിട്ടണം എന്നുപറഞ്ഞുള്ള ആവശ്യം പറഞ്ഞ് ചർച്ചകളും നടക്കുന്നു. ജയിൽ മോചിതനായാലും പാക്കിസ്ഥാനിലേക്കു തിരിച്ചുചെന്നാൽ അവർ വീണ്ടും വിചാരണ ചെയിതു ക്രൂശിക്കുമെന്നുറപ്പുള്ളതുകൊണ്ട് രക്ഷപെടാനുള്ള ശ്രമമൊന്നും നടത്തിയതുമില്ല. അവരുടെ മുൻപ്രധാനമന്ത്രി സുൽഫീക്കർ അലി ഭൂട്ടോയെ തൂക്കിലിട്ടതോന്നും ആരും മറന്നിട്ടില്ല. അതുകൊണ്ട് കാലക്രമേണ ഇന്ത്യയിൽ ഒരഭയാർത്ഥി പരിഗണന കിട്ടുമെന്നുള്ള പ്രതീക്ഷയിൽ കഴിയുന്നു. എന്തുചെയ്യാം അങ്ങനെ പല നിരപരാധികളും ക്രൂശിക്കപ്പെട്ട ചരിത്രം നമ്മുടെ നാട്ടിലുമുണ്ടല്ലോ.
കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ കുറെ കടന്നുപോയി. സ്രാമ്പിക്കൽ കുഞ്ചാക്കോ മകൻ സണ്ണി ചാക്കോ അച്ചന്മാരു നടത്തുന്ന സ്ഥാപനത്തിൽ. തിരുമുചികിത്സക്ക് പോയപ്പോൾ അവിടെക്കണ്ട മാർഗറീത്താമ്മ എന്ന കാണാൻ തരക്കേടില്ലാത്ത ഒരു കന്യാസ്ത്രിയെ എങ്ങനെയോ വശീകരിച്ചു. അമേരിക്കൻ സ്വപ്നം കണ്ടുനടന്ന മാർഗറീത്താമ്മ അങ്ങനെ തിരുവസ്ത്രം ഊരി സണ്ണി ചാക്കോ സ്രാമ്പിക്കലിന്റെ പ്രതിശ്രുതവധു ആയി. ഒരു നല്ല ഗായികകൂടിയായിരുന്ന മാർഗറീത്താമ്മയുടെ ശരിക്കുള്ള പേര് ആശാ മറിയം ജോസ് എന്നായിരുന്നു. കല്യാണത്തിന് സഭക്കാരുടെയും വീട്ടുകാരുടെയും എതിർപ്പുണ്ടായിരുന്നെങ്കിലും, ആശയുടെ അമേരിക്കൻ സ്വപ്നത്തിൽ എല്ലാം അലിഞ്ഞലിഞ്ഞില്ലാതെയായി. വനജേടത്തിക്കു ആരോഗ്യപ്രശ്നമുള്ളതുകൊണ്ട് പതിവായുള്ള വരവൊക്കെ കുറഞ്ഞു. എന്നാലും ഇടക്കൊക്കെ വന്നു സഹായിക്കാറുണ്ട്. നിരപരാധിയെന്നു തെളിഞ്ഞതുകൊണ്ട് ജമീലബീവി കട്ടകയത്തിനോട് മൂന്നാമത്തെ തലാക്ക് പറഞ്ഞില്ല.
സണ്ണിച്ചായന് വൈകുന്നേരത്തെ സിംഗിൾ മാൾട്ട് വിസ്‌ക്കിയും കൂട്ടുകാരെയൊക്കെ ഫോൺ വിളിക്കുന്നതും ഒക്കെ ഒരു ശീലമായി. അങ്ങനെ തറവാട്ടിൽ എല്ലാം പതിവുപോലെയായിരുന്നെങ്കിലും ജോയിക്കുട്ടി മാത്രം എല്ലാ ശനിയാഴ്ചയും അയാൾ വരുന്ന സമയം നോക്കി മുടന്തി മുടന്തിയാണങ്കിലും ആ കൊട്ടാരം വീടിന്റെ ഗെയ്റ്റിനടുത്തുപോയി വെയിലത്തു കുറേനേരം കിടക്കുമായിരുന്നു, അതും ഒരിക്കലും വരാത്ത അവന്റെ സ്വന്തം കാബൂളിവാലയെയും പ്രതീക്ഷിച്ച്. പക്ഷെ ആ പാക്കിസ്ഥാനി ഒരിക്കലും ജയിൽമോചിതനാകുമെന്നു തോന്നുന്നില്ല. കാരണം അയാൾ ശത്രുവാണോ മിത്രമാണോ എന്ന് കോടതിയുടെ മുൻപിൽ ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ലപോലും. അല്ലെങ്കിൽത്തന്നെ പാക്കിസ്ഥാൻ ഇന്ത്യയുടെ ആജന്മശത്രു ആയതും പല യുദ്ധങ്ങൾ ചെയ്തതും ബംഗ്ളാദേശ് ഉണ്ടായതും കശ്മീറിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതും ക്രിക്കറ്റിൽ പോലും പാക്കിസ്ഥാൻ ഇന്ത്യയോട് ജയിക്കാത്തതുമൊന്നും പാവം ജോയ്കുട്ടിക്കറിയില്ലല്ലോ.
English Summary: Ooruthendi - Short story by Thampy Antony