തമ്പി ആന്റണി എഴുതിയ കഥ - പോനാൽ പോകട്ടും പോടാ...
Mail This Article
പണക്കാരിയാണങ്കിലും പണിക്കാരിയാണങ്കിലും ഒരു പ്രേമം പൊട്ടിമുളക്കുന്നതിനു മുൻപ് പെട്ടന്നങ്ങു നിർത്താൻ പറ്റുമോ. അതൊക്കെ അനുഭവിച്ചവർക്കേ അറിയൂ എന്നാണ് ഈ കഥയിലെ നായകൻ അന്തപ്പൻ പറയുന്നത്. മൈന മുക്കാലിൽ ആണ് കഥാനായിക. പണക്കാരിയായിന്നെങ്കിലും അവൾ
പാവമായിരുന്നു എന്നാണു അന്തപ്പൻ ഇപ്പോഴും കരുതുന്നത്. എന്നാലും ഒരു പൊടിക്കാഹങ്കാരം ഉണ്ടെന്നാണ് അവളുടെ അടുത്ത കൂട്ടുകാരൊക്കെ പറയുന്നത്. അതുപിന്നെ പെണ്ണവർഗ്ഗമല്ലേ ഒരു ജാതിക്ക് ഒരേജാതിയെ പിടിക്കില്ലല്ലോ. ഇത്തിരി സൗന്ദര്യംകൂടി ഉണ്ടെങ്കിൽ പറയുകയും വേണ്ട. അതിപ്പോൾ എന്താണെങ്കിലും ഞായറാഴ്ച കുറുബാനക്കു ആ ബിഎംഡബ്ല്യു കാറിലുള്ള വരവും പത്രാസുമൊക്കെ കണ്ടാൽ ആർക്കും അങ്ങനെയൊക്കെയേ തോന്നൂ. അപ്പോൾപിന്നെ അൽപ്പം പൊക്കകുറവുണ്ടെങ്കിലും അവളുടെ കാമുകനാകാൻ കൊതിക്കുന്ന അന്തപ്പനും അങ്ങനെയൊക്കെ തോന്നിയെങ്കിൽ അതിൽ ആശ്ചര്യമൊന്നുമില്ല. അന്തപ്പൻ എന്നുള്ളത് വെറും വിളിപ്പേരാ ശരിക്കുള്ള പേര് ആന്റണി സേവ്യർ അന്ത്രപ്പേർ. എന്നാലും കോളേജിൽ കൂട്ടുകാരുടെ ഇടക്കറിയപ്പെടുന്നത് അന്തപ്പൻ എന്ന പേരിലാ. ചില അസൂയക്കാരും ശത്രുക്കളും കുള്ളനന്തപ്പൻ എന്നും സംബോധന ചെയ്യാറുണ്ട്.
കാര്യം അന്ത്രപ്പേർ കുടുംബക്കാർ പേരുകേട്ടതാണെങ്കിലും വല്ലാത്ത സാമ്പത്തിക ബാധ്യതയിൽ കുടുങ്ങിക്കിടക്കുന്ന ഒരു ദുരവസ്ഥയിലാണിപ്പോൾ . അതു കൊണ്ട് വളരെ രഹസ്യമായാണ് മൈനപെണ്ണിനെ പ്രണയിക്കുന്നത്. എന്നാലും പ്രേമമല്ലേ ആരോടെങ്കിലും പറയാതെ പറ്റില്ലല്ലോ. അതീവരഹസ്യമായി പറഞ്ഞാലും ആരെങ്കിലും പറഞ്ഞു പരസ്യമാക്കിയാൽ അവളുടെ ചെവിയിലുമെത്തുമെന്നുള്ളത് ഏതാണ്ടുറപ്പാ. അതുതന്നെയാണല്ലോ എല്ലാ കാമുകന്മാരുടെയും ആഗ്രഹം. അങ്ങനെ പത്തുപേരറിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമാകും.
“എടാ അവളുടെ അപ്പൻ വല്യമുതലാളിയുണ്ടല്ലോ, അയാളറിഞ്ഞാൽ എടുത്തിട്ടു ചാർത്തും. ഏതും പോരാഞ് അവളെ എന്നും കൊണ്ടെവിടുന്ന ആ തലതെറിച്ച ആങ്ങള ചെറുക്കാനുണ്ടല്ലോ. അവനെങ്ങാനും സംശയം തോന്നിയാൽ പിന്നത്തെ കാര്യം അറിയാമല്ലോ"
ഷാജി അവനെ നിരുത്സാഹപ്പെടുത്താനുള്ള ശ്രമമായിരുന്നു. അതു കേട്ടപ്പോഴേ അന്തപ്പൻ കൂലംകഷമായി ചിന്തിച്ചു. ആദ്യം മൊട്ട ഷാജി പറഞ്ഞതുപോലെ ആരും അറിയുന്നതിനു മുൻപ് അവളോടുതന്നെ കാര്യം ഒന്നുണർത്തിയാലോ.
.
അപ്പോളാ അവളുടെ അപ്പന്റെ ഈശോചേട്ടന്റെ തോക്കിന്റെ കാര്യം അവൻ ഓർമ്മിപ്പിച്ചത്. പേരിൽ മാത്രമേയുള്ളു ഈ ഈശോ. ആള് പുപ്പുലിയാ.
എക്സ് മിൽട്ടറിയാണന്നും പറയുന്നു. അല്ലെങ്കിലും ആ കപ്പടാ മീശയും നടപ്പും കണ്ടാൽ ആരും ഒന്നു വിരളും. അതുകൊണ്ടു മാത്രം തൽക്കാലം ഷാജിയോടല്ലാതെ ആരോടും പറഞ്ഞില്ല. ഷാജിക്ക് ജന്മനാ തലയിൽ മുടിയില്ല അതുകണ്ടു പെൺകുട്ടികളിട്ട ഇരട്ടപ്പേരാ ഈ മൊട്ട ഷാജി. അതുകൊണ്ടിത്തിരി അപകർഷതാബോധമൊക്കെയുള്ളതു കൊണ്ടു അവൻ ഒരു പെൺകുട്ടികളുടെയും മുഖത്തു നോക്കില്ല. പിന്നെയല്ലേ ഈ പണക്കാരി പെണ്ണ്. വിവരം പറഞ്ഞപ്പോഴേ അവൻ പറഞ്ഞു
"അവളോട് പോകാൻ പറ. നീയാ മൈനയെ നിന്റെ ഹൃദയത്തിന്റെ കൂട്ടിൽനിന്നും തുറന്നുവിട്ടേര്” എന്നിട്ട് “പോനാൽ പോകട്ടും പോടാ" എന്ന ഏതോ അതിപുരാതന തമിഴ് സിനിമയിലെ പാട്ടൊന്നു മൂളും. അത് കേൾക്കുമ്പോഴേ അന്തപ്പനു കലിയിളകുമെന്നവനറിയാം. എന്നാലും അവന്റെ അന്ധമായ പ്രണയം കാണുമ്പോൾ ഒന്ന് കൂടെ നിൽക്കുന്നവെന്നുമാത്രമേയുള്ളു.
“അവൾ സുന്ദരിയാണന്നൊക്കെ ഞാൻ സമ്മതിക്കുന്നു എന്നുപറഞ്ഞു കോളജ് ബ്യുട്ടിയൊന്നുമല്ലല്ലോ. വേറെ എത്ര പെമ്പിള്ളാറുണ്ട് ഈ ക്യാംപസിൽ..."
ഒരിക്കൽ ഷാജിതന്നെയാ പറഞ്ഞത്. അതൊക്കെ അന്തപ്പൻ സമ്മതിക്കുന്നു പക്ഷെ അവർക്കൊന്നും പണമില്ല മുന്തിയ ഇനം കാറുമില്ല എന്ന് അന്തപ്പനും പറയും.
“അതുകൊണ്ടു തന്നെ എനിക്കുറപ്പുണ്ട് നീ പിറകെ പട്ടീടെ കൂട്ടു വാലുമാട്ടി നടന്നാൽ അവൾ ആ മൈന നിന്നെ തേപ്പിച്ചുട്ടു പറന്നുപോകും. പെൺബുദ്ധി പിൻബുദ്ധി എന്നല്ലേ പറയുന്നത്. ചിലപ്പോൾ നിന്നെ കയറി അങ്ങു പ്രേമിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്ങാനും സംഭവിച്ചാൽ ആ കപ്പടാ മീശ അച്ചായന്റെ വെടികൊണ്ട് നീ ചാകും ചിലപ്പോൾ സങ്കടം സഹിക്കാൻ വായാതെ അവൾ ആത്മഹത്യ ചെയ്യും. പട്ടാളത്തിന്റെ സ്വഭാവം നിനക്കറിയാമല്ലോ. വെട്ടൊന്ന് മുറിരണ്ട് എന്നു പറഞ്ഞപോലെയാ...”
മൊട്ട ഇത്രയും ഒറ്റ ശ്വസത്തിൽ പറഞ്ഞുനിർത്തി. അത് കേട്ടപ്പോഴേ പേടിച്ചരണ്ട അന്തപ്പൻ എല്ലാം മറക്കാനുള്ള തീവ്രമായ ശ്രമത്തിലായി. അങ്ങനെ നിരാശനായ അന്തപ്പന് അൽപ്പമെങ്കിലും പ്രതീക്ഷയുടെ തിരി കത്തിച്ചത് മൊട്ട ഷാജിയുടെ പെട്ടെന്നുള്ള മനംമാറ്റമാണ്. ഒരു ദിവസം കോളേജ് കാന്റീനിൽവെച്ചാണ് മൊട്ട ആ പുതിയ ആശയം പറഞ്ഞത്.
“എടാ... അന്തപ്പാ പെണ്ണിനെ വീഴിക്കണമെങ്കിൽ ഒരൊറ്റ മാർഗ്ഗമേയുള്ളു സഹതാപം പിടിച്ചുപറ്റണം. നീ കാണാൻ അത്ര മോശക്കാരനൊന്നുമല്ല എന്നെനിക്കറിയാം പക്ഷെ നിന്റെ പൊക്കമില്ലായ്മ അതൊരു പ്രശനം തന്നെയാ...അതൊക്കെ സഹിക്കാം നിന്റെ കുള്ളനന്തപ്പൻ എന്നുള്ള ആ ഇരട്ടപ്പേരില്ലേ അതവൾക്കറിയാമെന്നാ തോന്നുന്നത്....എന്നാലും അതായിരിക്കണം നിന്റെ തുറുപ്പുചീട്ട്. നീ കേട്ടിട്ടില്ലേ കുഞ്ഞുണ്ണി മാഷിന്റെ ഒരു കവിത
...ഈ പൊക്കമില്ലായ്മ്മയാണെന്റെ പൊക്കം എന്നൊക്കെ... അതൊക്കെ പകർത്തി ഒരു മെസ്സേജ് അങ്ങ് വിടണം"
“അതാരാ ഈ കുഞ്ഞുണ്ണിമാഷ്..."
“അതൊന്നും നീയിപ്പം അറിയേണ്ട... ആ മാഷെഴുതിയ ഒരു കവിതയുണ്ട് അതങ്ങോട്ടു തട്ടിവിട്ടോ. അത് അവൾ അവളുടെ പൊന്നാങ്ങളയെ അറിയിക്കും. അവൻ കലിതുള്ളി വന്നു നിനക്കിട്ടു നല്ല ചാർത്തു ചാർത്തും. അടുത്ത ദിവസം കയ്യൊടിഞ്ഞതുപോലെ വെച്ചുകെട്ടുമായി കോളജിൽ വരണം. അതോടെ അമ്മയാണേ.. അവളു മലർന്നടിച്ചു വീഴും..."
“ഇതൊക്കെ സിനിമയിൽ കാണാനും കേൾക്കാനുമൊക്കെ കൊള്ളാം... അനുഭവിക്കുന്നത് ഞാനല്ലേ..."
“പിന്നെ കൈ നനയാതെ മീൻ പിടിക്കാൻ പറ്റുമോ. അതും നല്ല ഒന്നാതരം നെയ്മീൻ..."
“അതുകൊണ്ടല്ലേ ഞാൻ വെജിറ്റേറിയൻ ആകാൻ തീരുമാനിച്ചത്. നെയ്മീനല്ല... വാഴയിലയിൽ പൊള്ളിച്ച കരിമീനാണേലും വേണ്ടേ...വേണ്ട“
എന്നിട്ടും മൊട്ടഷാജിക്ക് വിട്ടുകൊടുക്കാൻ മനസ്സില്ല.
“എടാ ആണുങ്ങളായാൽ ഒരു വാശിയൊക്കെ വേണം നനഞ്ഞിറങ്ങിയാൽ കുളിച്ചു കയറണം എന്നല്ലേ.." എന്തായാലും അങ്ങനെ പറഞ്ഞു പറഞ്ഞ് അവർ ഒരു തീരുമാനത്തിലെത്തി. അവൻ കൈ നനയാനല്ല അവൾക്കുവേണ്ടി ഏതു മുങ്ങാകയത്തിലും മുങ്ങാൻ തയ്യാറായതുപോലെ.
അന്തപ്പൻ രണ്ടും കൽപ്പിച്ചു ലൂസിഫറിലെ മോഹൻലാലിനെ പോലെ മുഖമൊന്നു കടുപ്പിച്ചു. മുണ്ടുടുക്കാഞ്ഞതുകൊണ്ടു മടക്കികുത്തിയില്ലന്നു മാത്രം. നാളെത്തന്നെ അവളെ നേരിട്ട് കണ്ടു കാര്യം പറയുന്നു.
“മകനെ... ഓവറാക്കരുതേ ആകെ ചളമാകും.ആദ്യം ഒരു മെസ്സേജ് അയക്കൂ... അപ്പോഴറിയാം സംഗതിയുടെ കിടപ്പ്. അവൾ അതാരെയും കാണിച്ചില്ലെങ്കിൽ ഒരൊന്നൊന്നര ലോട്ടറിയല്ലേ. ഇനിയിപ്പം ആ പട്ടാളമെങ്ങാനും കണ്ടാൽ ഇരുട്ടടി ഉറപ്പാ. രണ്ടാണെങ്കിലും നിനക്ക് ലോട്ടറിയാ. അത് ഞാൻ സോഷ്യൽ മീഡിയായിൽ വൈറലാക്കും...മകളുടെ കാമുകനെ പീഡിപ്പിച്ച പട്ടാളക്കാരൻ... ഇതായിരിക്കും തലവാചകം"
“തലവാചകം കൊള്ളാം. തല പോകുന്നത് എന്റെയാ...”
“സ്വർഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാ എന്നല്ലേ ബൈബിളിൽ പറഞ്ഞിരിക്കുന്നത്..." മൊട്ട ഷാജി പറഞ്ഞു. എന്തായാലും
അങ്ങനെ അവർ ഏകകണ്ഠമാായി ഒരു തീരുമാനമെടുത്തു. മുന്നോട്ടുവെച്ച കാൽ പിറകോട്ടില്ല. ഉടൻതന്നെ മെസ്സേജിലൂടെ കാര്യങ്ങൾ വ്യക്തമാക്കുക.
“അതിനവളുടെ വാട്സാപ്പ് നമ്പർഎവിടുന്നൊപ്പിക്കും?"
“അതൊക്കെ ഞാനേറ്റു നീ അടികൊള്ളാൻ ഒന്ന് റെഡിയായിക്കോ. വെച്ചുകെട്ടാനുള്ള സംഗതികളൊക്കെ ഞാൻ ഏതെങ്കിലും ക്ലിനിക്കിന്ന് അടിച്ചുമാറ്റികൊണ്ടുവരാം..."
“എടാ...ദുഷ്ട്ടാ...അപ്പോൾ എനിക്കടി കിട്ടുന്നതിൽ നിനക്കൊരു സങ്കടവുമില്ല അല്ലെ..." അന്തപ്പന് ദേഷ്യവും സങ്കടവും ഒന്നിച്ചായിരുന്നു.
“എടാ....പ്രേമഭിഷുകി... കക്ഷത്തിൽ ഇരിക്കുന്നത് പോകാതെ ഉത്തരത്തിൽ ഇരിക്കുന്നതെടുക്കാൻ പറ്റുമോ..."
“എനിക്കിപ്പോൾ രണ്ടും വേണ്ട..." അന്തപ്പൻ കടുപ്പിച്ചു പറഞ്ഞു.
അപ്പോഴാണ് മൊട്ടഷാജി ഈണത്തിൽ ഒന്നു പാടിയത് "മൈനപ്പെണ്ണേ വാ വാ... മൈനപ്പെണ്ണേ പോ...പോ..."
അവനങ്ങനെയാ ആരെങ്കിലും ദേഷ്യപ്പെട്ടാൽ അപ്പോൾത്തന്നെ പാട്ടു പാടും.
അതുകേട്ടപ്പോൾ അന്തപ്പൻ ഒന്നുകൂടെ ആലോചിച്ചു. മൊട്ട പറയുന്നതിൽ കാര്യമുണ്ടെന്നുതന്നെ വിശ്വസിച്ചു.
അപ്പോൾ പിന്നെ എല്ലാം പറഞ്ഞപോലെ എന്നുപറഞ്ഞു കൈകൊടുത്തു പിരിഞ്ഞു.
അന്നു രാത്രി ഉറങ്ങുന്നതിനുമുൻപുതന്നെ മൊട്ട സംഘടിപ്പിച്ചു തന്ന വാട്ട്സ്ആപ്പ് നമ്പറിലിൽത്തന്നെ കൃത്യമായി മെസ്സേജ് അയച്ചു.
അടുത്ത ദിവസം അന്തപ്പൻ ക്ലാസിൽ വന്നില്ല. മൊട്ട ഷാജി ആകെ പരിഭ്രാന്തനായി. എത്രതവണ വിളിച്ചിട്ടും ഫോണും സ്വിച്ച് ഒാഫാണ്. പിറ്റേ ദിവസം ദിവസം ഒരു കോളുവന്നു. ഷാജി ആകാംഷയുടെ മുൾമുനയിലെത്തി.
“എടാ അന്തപ്പാ നീ ഇതെവിടെയായിരുന്നു..."
“ഒന്നും പറയണ്ട ഇരുട്ടടിയായിരുന്നു.ഞാൻ രാത്രി ബൈക്കിൽ വീട്ടിലേക്കു പോകുന്ന വഴി. ആ തന്തപ്പടീം ആങ്ങളച്ചെറുക്കനും കൂടി നല്ലപോലെ പെരുമാറി. ഇപ്പോഴാ ശ്വാസം ഒന്ന് നേരെ വീണത്. ഭാഗ്യത്തിന് കാണത്തക്ക പരിക്കൊന്നുമില്ല. എന്നാലും നടക്കുമ്പോൾ. നാടുവിനൊരു പിടുത്തമുണ്ട്. ദൈവാനുഗ്രഹംകൊണ്ട് അടുത്താരും ഇല്ലായിരുന്നു"
“അപ്പോൾ അടി കിട്ടിയപ്പഴോ. ഓ നിന്റെ ദൈവം ഉറക്കമായിരുന്നിരിക്കണം"
“എടാ നീയീ... എരിയുന്ന തീയിൽ എണ്ണ ഒഴിക്കരുത്. ഇത് നീയിനി വൈറലാക്കാനാണ് പരിപാടിയെങ്കിൽ. ഈ എരിതീ ആളിക്കത്തും പിന്നെ നിന്റെ കാര്യത്തിലും ഒരു തീരുമാനമാകും..."
“അതൊട്ടും പ്രതീക്ഷിച്ചില്ല. എനിക്കിട്ടും ഒരിരുട്ടടി കിട്ടിയതുപോലെ ഒരു ഫീലിങ്ങാ. സോറിയുണ്ടടാ. തൽക്കാലം ആരും അറിഞ്ഞിട്ടില്ലല്ലോ അതുമതി”
മൊട്ട ഒന്നാശ്വസിച്ചു
“അതുതന്നെയാ നമ്മുടെ രണ്ടുപേരുടെയും ആരോഗ്യത്തിനു നല്ലത്. എന്നാലും ഞാൻ നാളെ എങ്ങനെ ആ മൈനയുടെ മുഖത്തുനോക്കും"
“നീ പേടിക്കേണ്ട അവളും അറിഞ്ഞുകാണില്ല. ആ വാട്ട്സ്ആപ്പ് നമ്പർ പോലും ആ തലതെറിച്ച ആങ്ങളചെറുക്കന്റേതാണോ എന്നൊരു സംശയമുണ്ട്"
“പരമ ദുഷ്ടൻ അപ്പോൾ നീയുംകൂടി ഒത്തോണ്ടുള്ള കളിയായിരുന്നു അല്ലേ?"
“അമ്മയാണേ സത്യം... ഞാൻ മനസാവാചാ അറിഞ്ഞോണ്ടൊന്നും ചെയിതിട്ടില്ല.അവളുടെ കൂട്ടുകാരിയില്ലേ ആ ആന മാറിയ എന്നു വിളിക്കുന്ന ആൺ മേരി അവളാ എനിക്ക് ഫോൺ നമ്പർ തന്നത്”
“അപ്പോൾ ആ ആനമ റിയായാണ് നമ്മളെ രണ്ടുപേരെയും തേച്ചിട്ടു പോയത്. എനിക്കുറപ്പാ. അവൾക്കിട്ടൊരു പണി കൊടുക്കണം..."
“തക്കാലും ഇരുചെവി അറിയാതിരിക്കുന്നതാ നമുക്ക് നല്ലത്..."
"അവൾ ആ മൈനപെണ്ണു ആ ചെകുത്താന്മാരുടെ പട്ടാള ക്യാംപിൽ കിടന്നു നരകിച്ചു ചാകട്ടെ..." - അന്തപ്പൻ ശപിച്ചു.
"അവളെ ഞാൻ എന്റെ ഹൃദയത്തിന്റെ കൂട്ടിലിട്ടു ശ്വാസം മുട്ടിച്ചു കൊല്ലും...”
അപ്പോഴാണ് മൊട്ട ഷാജി ആ പഴയ തമിഴ് പാട്ട് ഒന്നുകൂടെ ഇത്തിരി ഉച്ചത്തിൽ പാടിയത്.
“പോനാൽ പോകട്ടും പോടാ.....”
അത് കേട്ടപ്പോഴേ "ഇതും കുഞ്ഞുണ്ണിമാഷിന്റെ പാട്ടാണോ..." എന്ന് അന്തപ്പൻ അവനെ ഒന്ന് ആക്കിയമട്ടിൽ ചോദിച്ചു.
ഇനിയിപ്പം ആ പാട്ട് ഏതാണെന്നും എന്താണെന്നും ഒക്കെ വിസ്തരിച്ചിട്ടെന്തുകാര്യം. തൽക്കാലം അതുകൂടി കുഞ്ഞുണ്ണിമാഷിനിരിക്കട്ടെ.
എന്തായാലും ആ ആന മാറിയക്കിട്ടൊരു പണികൊടുക്കാനുള്ള തീരുമാനത്തിൽത്തന്നെ ഉറച്ചുനിന്ന് അവർ രണ്ടുപേരും ക്ലാസിലേക്കു നടന്നു.
പോയവഴി ആ മൊട്ട ഷാജി അറിയാതെ ഒന്നുകൂടെ പാടിപോയി.
“പോനാൽ പോകട്ടും പോടാ... ഇന്ത ഭൂമിയിൽ നിലയായി... വാഴ്ന്തവാൻ യാരാടാ...പോനാൽ പോകട്ടും പോടാ...”
ആന്റണി സേവിയർ അന്ത്രപ്പേർ എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ കൂടെ നടന്നു.
English Summary : Ponal Pogattum Poda - Short story by Thampy Antony