ADVERTISEMENT

ഭാര്യയും ഭർത്താവും തടാകത്തിലൂടെ ചെറുവള്ളത്തിൽ സഞ്ചരിക്കുകയാണ്. പെട്ടെന്നു ശക്തമായ ഓളമുണ്ടായി വഞ്ചി മറിയുന്ന സ്ഥിതിയായി. ഭാര്യ പേടിച്ചു ഭർത്താവിനോടു പറഞ്ഞു: നമ്മൾ അക്കരെയെത്തില്ല. വഞ്ചി മറിയും. ഇനിയെന്തു ചെയ്യും? ഭർത്താവ് ശാന്തനായിത്തന്നെ ഇരുന്നു. ഭാര്യ ചോദിച്ചു – പേടിയില്ലേ?

 

ഭർത്താവ് ഉടൻ കയ്യിലുണ്ടായിരുന്ന കത്തിയെടുത്തു ഭാര്യയുടെ കഴുത്തിൽ വച്ചു. ഭാവവ്യത്യാസമില്ലാ തെയിരുന്ന ഭാര്യയോട് അയാൾ ചോദിച്ചു – നിനക്കു പേടിയില്ലേ? ഭാര്യ പറഞ്ഞു – ഞാൻ എന്തിനാണു പേടിക്കുന്നത്. കത്തി താങ്കളുടെ കയ്യിലല്ലേ. താങ്കളെന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഭർത്താവ് പറഞ്ഞു – ഈ വഞ്ചിയും ഓളവും ദൈവത്തിന്റെ കയ്യിലാണ്. ഈശ്വരൻ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്തു സംഭവിച്ചാലും അതു നന്മയായിരിക്കും. 

 

നിയന്ത്രണാതീതമായ കാര്യങ്ങളെക്കുറിച്ചു വ്യാകുലപ്പെടുന്നതിൽ അർഥമില്ല; നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. നിയന്ത്രണാധീനമായ കാര്യങ്ങളെക്കുറിച്ചു സങ്കടപ്പെടുന്നതിലും അർഥമില്ല; അവിടെ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും. പിന്നെന്തിനാണ് അനാവശ്യ ആധി? പ്രതിസന്ധികളുടെ ആഴത്തെക്കാൾ അവയോടുള്ള സമീപനത്തിലെ അപാകതയാണ് സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്. 

 

നിയന്ത്രിക്കാനാകാത്ത സാഹചര്യങ്ങളേക്കാൾ അപകടകരം, നിയന്ത്രിക്കാനാകാത്ത മനസ്സാണ്. നിസ്സഹായനാണ് എന്നുറപ്പുള്ള സന്ദർഭങ്ങളിൽ സംയമനത്തോടെ ഇരിക്കുന്നതാണ് ഉചിതം. സാമാന്യബുദ്ധി കൊണ്ടോ സാഹസികത കൊണ്ടോ വരുതിയിലാക്കാനുള്ള സാധ്യതയുണ്ടെങ്കിൽ അതിന് ഒരുമ്പെട്ടിറങ്ങാനുള്ള സന്നദ്ധതയും ഉണ്ടാകണം. ഒന്നു ശാന്തമായാൽ പരിഹാരമാകുന്ന പല പ്രശ്നങ്ങളുമുണ്ട്. ഒന്നു ശ്രദ്ധിച്ചാൽ പ്രതിവിധി കണ്ടെത്താവുന്ന വെല്ലുവിളികളുമുണ്ട്. ഓരോന്നിനും അതർഹിക്കുന്ന പ്രാധാന്യം മാത്രം നൽകാൻ കഴിയുന്നതാണ് മനസ്സിന്റെ പക്വത.

 

English Summary : Subadinam- Food for thought

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com