എന്തിനാണ് പന്ത്രണ്ടു കാമുകൻമാരും കൂടി ഒരു ദിവസം അവളെ തേടി ദ്വീപിലെത്തിയത്?; നിഗൂഢതയുടെ കഥ
Mail This Article
‘എന്റെ സ്വപ്നത്തിന് പല നിലയുണ്ട് ഹാരോച്ചാ. പക്ഷേ, എനിക്ക് താഴത്തെ നിലയാ ഇഷ്ടം’–ട്വിങ്കിൾ റോസ പുന്നൂസ്. ആരായിരുന്നു ട്വിങ്കിൾ റോസ? എന്തിനാണവൾ മണവാട്ടിയായി പുണ്യാളൻ ദ്വീപിലേക്ക് എത്തിയത്? ഒരു ദിനം അവളുടെ പന്ത്രണ്ടു കാമുകൻമാരും കൂടി അവളെ തേടി ദ്വീപിലേക്ക് എത്തിയത് എന്തിനാണ്? ഇമ്മാതിരിയുള്ള പലതരം ചോദ്യങ്ങളുടെ കെട്ടഴിക്കലാണ് അല്ലെങ്കിൽ മുറുക്കലാണ് ജി.ആർ.ഇന്ദുഗോപന്റെ ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകൻമാരും എന്ന കഥ.
ആദ്യ വരി തൊട്ടേ വായനക്കാരന്റെ തോളിൽ കയ്യിട്ട് ട്വിങ്കിൾ റോസയുടെ നിഗൂഢതയ്ക്കു പിന്നാലെ കൂട്ടിക്കൊണ്ടുപോകുന്നു. സാധാരണ ക്രൈം ത്രില്ലറുകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ പ്രകൃതി അതിന്റെ എല്ലാ ചാരുതയോടെയും കഥയിൽ പങ്കെടുക്കുന്നു. ട്വിങ്കിളിന്റെ മനസ്സമ്മതത്തിന്റെ തലേരാത്രി തന്നെയെടുക്കുക. ആ രാത്രിക്കു നിഗൂഢതയേറ്റുന്നത് പശപ്പറ്റ് എന്ന ഒരിനം ചാരനിലാവാണ്. അതു കായലിനു മീതെ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അതു പ്രത്യേകതയുള്ള നിലാവാണെന്നു നാമറിയുന്നതോ ദേശാടനക്കിളികളുടെ കൂട്ടവിളിയും പറന്നുയരലും ഇണചേരലും കണ്ടാണ്.
കൂട്ടുകാരൻ ടെറി പീറ്റർക്കു പെണ്ണു കണ്ടുവരുന്ന ക്ലിന്റൻ ഡിക്രൂസ് അതിന്റെ വിശേഷങ്ങൾ കൂട്ടുകാരായ നെറ്റോ ലൂക്കയോടും ഹാരോൻ തങ്കച്ചനോടും പങ്കുവയ്ക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. ആ പെൺകുട്ടി ട്വിങ്കിളായിരുന്നു. ദ്വീപുകാരുടെ ഉപമ മുന്തിയ ഭാഷയിൽ ക്ലിന്റൻ അതിങ്ങനെ പറയുന്നു: ‘ പക്ഷേ, അളിയാ, നോക്കുമ്പോഴൊണ്ട്, ദാണ്ടെ ഒരു നെടുവരയൻ സാധനം. പുതുമഴയ്ക്ക് നല്ല കൊറുവപ്പരല് കല്ലടയാറ്റീന്ന് വന്നു കേറാറുണ്ടല്ലോ. നല്ല നെയ്യൊക്കെ വച്ച്…അമ്മാതിരി ഉരുപ്പടി. പിടിച്ച് ഷോക്കേസിൽ വയ്ക്കണോ പൊരിച്ചു തിന്നണോ വളർത്തണോ എന്നുള്ള ചൂണ്ടക്കാരന്റെ ഒരു അങ്കലാപ്പുണ്ടല്ലോ. അതാരുന്നെടാ എനിക്ക്..’
ടെറി പീറ്ററുടെ ചൂണ്ടയിൽ ട്വിങ്കിൾ റോസയെ കൊതിപ്പിക്കുന്നതൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അവൾ അതിൽ മുൻപിൻ നോക്കാതെ കൊത്തി. പുണ്യാളൻ ദ്വീപുകാരനാണെന്ന ഒറ്റക്കാരണം മാത്രം മതിയായിരുന്നു അവൾക്ക് ആ തീരുമാനം എടുക്കാൻ. അവൾക്ക് ആ ദ്വീപിനെ നേരത്തെ അറിയാമായിരുന്നു. അവൾ അതിന്റെ രുചിയറിഞ്ഞിട്ടുണ്ട്. രുചിയെന്നു വച്ചാ, ശംഖുപുഷ്പത്തിന്റെ പൂവരച്ചു ചേർത്ത്, ചങ്ങലംപെരണ്ട വാട്ടിപ്പിഴിഞ്ഞ്, മഷിപ്പച്ച അരച്ചുചേർത്ത കൊഞ്ചുപൊടിയും ഞണ്ടുകറിയും അറിഞ്ഞിട്ടുണ്ട്. ഉള്ളംകയ്യിലെന്ന പോലെ അറിയാമായിരുന്ന ആ ദ്വീപ് അവൾ ഒരിക്കലും കണ്ടിരുന്നില്ല. ടെറി പീറ്ററുടെ പെണ്ണായി വന്നുകയറുവോളം.
നിഗൂഢതകളുടെ രസച്ചരടു മുറുക്കിനിർത്തുമ്പോഴും പൊട്ടാതെ സൂക്ഷിക്കുന്നിടത്താണ് കഥ വിജയിക്കുന്നത്. തിരക്കഥ പോലെ സൂക്ഷ്മതകളെ കൊത്തിവയ്ക്കുന്ന ദൃശ്യാത്മകമായ ഭാഷ കൂടിയാകുമ്പോൾ കഥ അതീവഹൃദ്യമാകുന്നു. ഇന്ദുഗോപൻ എഴുതിയ ഒരു ദൃശ്യം മാത്രം നോക്കുക: ‘കായലിൽ നിന്നൊരു കാറ്റു കേറി വന്നു. വല വിരിച്ച പോലെ അവളുടെ മുടി ഉയർന്നു പടർന്നു. മുറ്റത്തെ ചെമ്പരത്തിമൊട്ടെല്ലാം ഒന്നനങ്ങി ഒന്നൂടൊന്ന് വിടർന്നു’.
ചാലക്കമ്പോളത്തിലെ കുടുസ്സുവഴികളിലൂടെയും ഓർത്തുവയ്ക്കാനാവാത്ത തിരിവുകളിലൂടെയും ഉള്ള സഞ്ചാരമാണ് ‘പുഷ്പവല്ലിയും യക്ഷിവസന്തവും’ എന്ന കഥ. കള്ളുറാണി പുഷ്പവല്ലിയുടെ നിഗൂഢതകൾ അഴിക്കുകയാണ് പ്രഭാകരനെന്ന വിചിത്ര മനുഷ്യൻ. കഥയിൽ അയാളെക്കുറിച്ചു പറയുന്നത് ഇങ്ങനെ: ‘ഒരു പ്രൈവറ്റ് ഡിറ്റക്ടീവൊന്നും അയാളെ വിളിക്കാനൊക്കില്ല. ഒരു പാവം മനുഷ്യൻ. പക്ഷേ അന്വേഷണങ്ങ ളോടും നിഗൂഢമായ മനുഷ്യാവസ്ഥകളോടും വല്ലാത്ത ഭ്രമമാണ്. അങ്ങനെയുള്ളവയുടെ പിറകേ ഭ്രാന്തമായി അലയും. അതുകൊണ്ടു തന്നെ പൊലീസ് ചില കാര്യങ്ങൾ അയാളെ ഏൽപിക്കാറുണ്ട്.
പക്ഷേ അയാൾ അവരുടെ അടിമയല്ല, അവരിൽ നിന്ന് അയാൾ പണം പറ്റാറില്ല. അയാൾക്കു താൽപര്യമുണ്ടെ ങ്കിലേ അന്വേഷണഫലം പുറത്തു പറയാറുള്ളൂ. അങ്ങനൊരു വിചിത്ര മനുഷ്യൻ! പ്രഭാകരൻ!’. കള്ളും പകയും നുരയുന്ന ചാലയെ അതിന്റെ വഴിത്തിരിവുകൾ പോലുള്ള പിടികിട്ടായ്കകളിലൂടെ എഴുതുകയാണ് ഈ കഥ. ഈ സമാഹാരത്തിലെ ഏറ്റവും നടുക്കുന്ന, വെന്തമാംസത്തിന്റെ മണം വിടാതെ പിന്തുടരുന്ന കഥയാണ് ‘ആരൾവായ്മൊഴിയിലെ പാതി വെന്ത മനുഷ്യർ..’. പഴയ തിരുവിതാംകൂറിന്റെ അവശിഷ്ടങ്ങൾ നടന്നുകാണുകയെന്ന ഭ്രാന്തിന്റെ ഭാഗമായി ആരൾവായ്മൊഴി റെയിൽവേ സ്റ്റേഷനിൽ പെട്ടുപോകുന്ന ആഖ്യാതാവ് അവിടെ മഫ്ലർ ചുറ്റിയ ഒരാളെ കണ്ടുമുട്ടുന്നിടത്ത് കഥയും അതിന്റെ വിചിത്രവിധികളും തുടങ്ങുന്നു.
വിനായകം പിള്ളയും അയാളുടെ ഒറ്റപ്പെട്ട കാറ്റാടിയും കനകാംബരവും മുരുകാണ്ടി ഏമാനും തുണിക്കമ്പനിയും ഉടലുരുകിയ മനുഷ്യരും അണിരക്കുന്നു വിചിത്രമായ ഈ ആഖ്യാനത്തിൽ.
മുഖ്യധാരാ എഴുത്തുകാരിൽ ഇന്ദുഗോപനെപ്പോലെ നിരന്തരമായ പരീക്ഷണങ്ങൾക്കു മുതിരുകയും അഭിജാത വായനാസൗന്ദര്യ വിചാരങ്ങളെ കൂസാതെ മുന്നോട്ടുപോകുകയും ചെയ്യുന്ന മറ്റൊരാളില്ല. പ്രഭാകരൻ പരമ്പര അത്തരത്തിലുള്ള ധീരമായ പരിശ്രമമായിരുന്നു. അസാധാരണമായ കയ്യടക്കത്തോടെ, സൂക്ഷ്മ വിശദാംശങ്ങളിലുള്ള കടുംപിടിത്തത്തോടെ, കല്ലിലെന്ന പോലെ വാക്കിൽ കൊത്തിവയ്ക്കുന്ന ഉറച്ച ദൃശ്യങ്ങളോടെ ഇന്ദുഗോപൻ എഴുതുമ്പോൾ വായനക്കാർക്ക് അതൊരു നല്ല വിരുന്നാകുന്നു. ട്വിങ്കിൾ റോസയ്ക്ക് ഇഷ്ടപ്പെട്ട നീലനിറത്തിലുള്ള കൊഞ്ചുപൊടി പോലെ അതു ഹൃദ്യമാണ്. ശംഖുപുഷ്പവും ചങ്ങലംപെരണ്ടയും മഷിപ്പച്ചയും അതിനു വീര്യവും രുചിയും ഏറ്റുന്നു.
ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകൻമാരും(കഥ)
–ജി.ആർ. ഇന്ദുഗോപൻ
ഡിസി ബുക്സ്
130 രൂപ.
English Summary : Book Review, G.R Indugopan