എന്റെ വസ്ത്രങ്ങൾ ഊരിവെപ്പിച്ചു: ജയിൽ ജീവിതത്തെക്കുറിച്ച് കനയ്യ കുമാർ
Mail This Article
എന്റെ വസ്ത്രങ്ങൾ ഊരിവെപ്പിച്ചു. എന്നിട്ടു തൂക്കം നോക്കി. എന്നിട്ടായിരുന്നു വൈദ്യപരിശോധന ഇതാദ്യമായിട്ടാണ് ശരിയായ വിധത്തിലുള്ള ഒരു വൈദ്യപരിശോധനയ്ക്കു ഞാൻ വിധേയനാവുന്നത്. ഏതെങ്കിലും തരത്തിലുള്ള ഉത്തേജകമരുന്നുകൾ കഴിക്കാറുണ്ടോ എന്നവർ ചോദിച്ചു.
പതിവുള്ള നടപടിക്രമങ്ങൾക്കു ശേഷം എന്നെ വെൽഫെയർ ഉദ്യോഗസ്ഥന്റെ അടുത്തേക്കു കൊണ്ടുപോയി ജയിലിനുള്ളിൽ ഞാൻ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും അദ്ദേഹം വിശദമാക്കി. അവിടെ ഒരു ലൈബ്രറി ഉണ്ടെന്നും അവിടെ നിന്നും എനിക്കു പുസ്തകങ്ങൾ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
എനിക്കതു കേട്ടപ്പോൾ സന്തോഷമായി. തുടർന്ന് ഡപ്യൂട്ടി ജയിലർ വന്നു ചേർന്നു. അദ്ദേഹം എനിക്കൊരു ഫോട്ടോ സമ്മാനിച്ചു. ആത്മീയ ഭാവമുള്ള ഏതോ ഒരു വനിതയുടെ ചിത്രം അവർ നെറ്റിയില്‍ പൊട്ടുവച്ചിട്ടുണ്ട്. ‘രാവിലെയും വൈകിട്ടും നീ ഈ പൊട്ടിൽത്തന്നെ നോക്കണം അതു നിനക്കു സമാധാനം പകരും’ അദ്ദേഹം പറഞ്ഞു. ആത്മീയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന മെല്ലിച്ച ഒരു ചെറു പുസ്തകവും അദ്ദേഹം എനിക്കു കൈമാറി.
തുടർന്ന് എന്നെ ജയിലിന്റെ രണ്ടാമത്തെ കവാടത്തിന് അടുത്തേക്കു കൊണ്ടുപോയി. അതു സന്ദർശകമുറിയുടെ തൊട്ടപ്പുറത്താണ്. ഇവിടെയുള്ള പോലീസുകാർ വ്യത്യസ്തരാണ്. തമിഴ്നാട് സ്പെഷൽ പൊലീസ് (ടിഎസ്പി) വിഭാഗത്തിൽപെട്ടവർ. ജയിലിൽ ഓരോതരം ഡ്യൂട്ടിക്കും ഓരോ വ്യത്യസ്ത ബറ്റാലിയനിൽപെട്ട പോലീസുകാരെയാണു നിയോഗിക്കുന്നത്. അന്യോന്യം ഒരു കണ്ണുണ്ടാവാൻ വേണ്ടിയാണിത്. ജയിലിലെ പഴക്കം ചെന്ന തടവുകാരാണ് സാധാരണ പണികളൊക്കെ ചെയ്യുന്നത്. സേവാദര്‍മാർ എന്നാണിവര്‍ അറിയപ്പെടുന്നത്.
ഇവിടെവച്ചും എന്നെ പൂർണ പരിശോധനയ്ക്കു വിധേയനാക്കി എന്റെ ചെരിപ്പുകളും എക്സ്റേ ഉപകരണത്തിലൂടെ കടത്തിവിട്ടു. അതിനു ശേഷം ജയിലിനുള്ളിലേക്കു കൊണ്ടുപോയി. ഇടനാഴികളിൽ വൈദ്യുതി വിളക്കിന്റെ തിളക്കമുള്ള പ്രകാശം. ചുവരുകളിൽ തത്ത്വചിന്താപരമായ സൂക്തങ്ങള്‍ എഴുതിച്ചേർത്തിരിക്കുന്നു.
‘കുറ്റത്തെ വെറുക്കുക: പക്ഷേ കുറ്റവാളിയെ വെറുക്കരുത്’ എന്നിങ്ങനെ..
രാത്രി ഏറെ വൈകിയിരുന്നു. ബാരക്കുകൾക്കുള്ളിലൂടെ ചില തടവുകാർ ഉലാത്തുന്നു. വേറെ ചിലർ ജിജ്ഞാസയോടെ എന്നെ എത്തി നോക്കുന്നു. എന്റെ അടുത്തേക്കു വരാൻ ചിലർ ശ്രമിച്ചപ്പോൾ പോലീസ് അവരെ തള്ളി മാറ്റുന്നു. ഒരുപക്ഷേ അവരിൽ ചിലർക്ക് ഞാനാരാണെന്ന് അറിയാമായിരിക്കാം.
ജയിൽ നമ്പർ മൂന്നിലെ നാലാം വാർഡിലേക്കാണ് എന്നെ കൊണ്ടുപോയത്. മദർതെരേസാ വാർഡ്. ഞാനാദ്യമായി ചെയ്ത പ്രസംഗം മദർതെരേസയെക്കുറിച്ചായിരുന്നുവെന്ന് ഞാനോർത്തു. എനിക്ക് അതിനു സമ്മാനവും കിട്ടി: ഒരു ഡിക്‌ഷ്‌നറി. പിൽക്കാലത്ത് സമാനമായ മറ്റൊരു പ്രസംഗം എന്നെ ജെഎൻയുവിന്റെ പ്രസിഡന്റാക്കി. ഇന്നിതാ മറ്റൊരു പ്രസംഗത്തെ തുടർന്ന് ഞാൻ ജയിലിൽ അടയ്ക്കപ്പെടുന്നു. അതും മദറിന്റെ പേരിലുള്ള വാർഡിൽത്തന്നെ!
ജയിൽ സെല്ലിന് എന്റെ ഹോസ്റ്റൽമുറിയുടെ പാതിവലുപ്പമേ ഉള്ളു. മുറിക്കു ജനാലകളില്ല. പക്ഷേ വെളിയിൽ ഒരു സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. അടുത്തുള്ള സെല്ലുകൾ ഒഴിഞ്ഞുകിടക്കുന്നു. അത് എന്റെ കൊച്ചു മുറിയെ ഏകാന്തശൂന്യമാക്കുന്നു.
മുറിക്കുള്ളിൽ ഒരു വെസ്റ്റേൺ കമ്മോഡുണ്ട്. കുളിക്കാനായി ഒരു ചെറിയ ഇടവും ഒരു ബക്കറ്റും മഗ്ഗും അവിടെ കിടപ്പുണ്ട്. അടുത്തുതന്നെ ചുരുട്ടിവച്ച ഒരു മെത്തയും പിന്നെ രണ്ടു തളികകള്‍: ഒന്നു നീല, മറ്റേത് ചുവപ്പ്, ഞങ്ങളുടെ സംഘടനയുടെ നിറങ്ങള്‍–ജയ്ഭീമിന്റെയും ലാല്‌സലാമിന്റെയും! ആ ആകസ്മികത ഓർത്ത് എനിക്കു ചിരിവന്നു. അടുത്തു തന്നെ ഒരു കമ്പിളിപ്പുതപ്പും വെച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതോടെ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുന്നു: ഇനിയങ്ങോട്ടുള്ള ജീവിതം സംഘർഷഭരിതമായിരിക്കും എന്ന്. നിങ്ങളുടെ എതിരാളികൾ അവരുടെ കയ്യിലുള്ള അവസാനത്തെ കൽച്ചീളുവരെ നിങ്ങളുടെ നേർക്ക് ആഞ്ഞെറിയും. അത്തരം കയ്പേറിയ അനുഭവങ്ങൾക്കായി എന്നെത്തന്നെ സ്വയം സജ്ജമാക്കി, എന്നായിരുന്നു എന്റെ ധാരണ. പക്ഷേ ഇവ്വിധം ഒരുനാൾ ജയിലിനുള്ളിൽ വന്നുപെടുമെന്ന് ഒരിക്കലും സങ്കൽപിച്ചിരുന്നില്ല. അല്ലെങ്കിൽത്തന്നെ, ഞാൻ ആരാണ്? സർവകലാശാലയിൽ ഗവേഷണം നടത്തുന്ന വെറുമൊരു വിദ്യാർഥി!
ഈ അനുഭവം ഒരു പരിധിക്ക് അപ്പുറം എന്നെ തളർത്താൻ അനുവദിക്കരുത് എന്നു ഞാന്‍ ഉറപ്പാക്കിയിരുന്നു. എന്നോടുള്ള ആക്രമണം കുറേക്കൂടി വിശാലമായ ചിലതിനോടുള്ള അതിക്രമമാണ്. എന്റെ സംഘടനയിലെ വിശാലമായ ചിലതിനോടുള്ള അതിക്രമമാണ്. എന്റെ സംഘടനയിലെ അംഗങ്ങൾ ജെഎൻയുവിലെ മൊത്തം വിദ്യാര്‍ഥികൾ ഈ കടന്നാക്രമണം എല്ലാവരുടെയും നേർക്കാണ്.
ഈ യുദ്ധം തുടരാനായി എനിക്ക് ഇനിയും പോരാടേണ്ടിയിരിക്കുന്നു. അതിനായി ചുറ്റുപാടുകളിൽ നിന്നു എനിക്കെന്നെത്തന്നെ പരിരക്ഷിക്കേണ്ടിയിരിക്കുന്നു. യാതൊന്നും എന്നെ നൈരാശ്യത്തിലാഴ്ത്താൻ ഞാനനുവദിക്കയില്ല.
ഇതത്ര എളുപ്പമല്ല. എനിക്കൊരു കുടുംബമുണ്ട്. ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്നം അവരെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നു. ലോധിറോഡ് പൊലീസ് സ്റ്റേഷനിൽ നിന്നും ആ പൊലീസുകാരന്‍ എന്റെ അച്ഛനുമായി ഫോണിൽ ബന്ധപ്പെട്ട നാൾ മുതൽ എന്റെ ചിന്തകൾ അവരിലേക്കു തന്നെ വീണ്ടും വീണ്ടും മടങ്ങിപ്പോവുകയാണ്. എന്റെ അച്ഛൻ, അമ്മ, ഏട്ടൻ അവർ സുരക്ഷിതരായിരിക്കുമോ?
എന്നെ ജയിലിൽ അടച്ച സ്ഥിതിക്ക് അവരും നോട്ടപ്പുള്ളികളായി മാറിക്കഴിഞ്ഞുവോ? ഫെബ്രുവരി ഒൻപതിനു ശേഷം എന്റെ കുടുംബത്തിനെതിരെ ഭീഷണികൾ മുഴക്കിക്കൊണ്ട് അജ്ഞാത ഫോൺ സന്ദേശങ്ങൾ എനിക്കു കിട്ടുന്നുണ്ടായിരുന്നു. പ്രഷുബ്ധമായ അത്തരം കൊടുങ്കാറ്റുകൾക്കിടയിൽ കരുത്തോടെ സ്വസ്ഥതയോടെ കഴിയുക എത്ര ദുഷ്കരം!
ഇത്തരം വേളകളിൽ മറ്റുള്ളവരുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക: അതായിരുന്നു ഞാനെല്ലായ്പോഴും അവലംബിച്ചിരുന്ന തന്ത്രം. അതിജീവിക്കാൻ എന്നെ സഹായിക്കുന്നു. മറ്റുള്ളവരുടെ കഥകൾക്കു കാതോർക്കുമ്പോൾ എന്റെ പ്രശ്നങ്ങളില്‍ നിന്നും മനസ്സ് വഴിമാറിപ്പൊയ്ക്കൊള്ളും. ജയിലറയ്ക്കുള്ളിൽ ഞാൻ തികച്ചും ഒറ്റയ്ക്കാണ് ഇനി ഞാനെന്റെ ഏകാന്തതയോടു സംസാരിക്കുകതന്നെ!
ആദ്യത്തെ രാത്രിയിൽ ഞാൻ പാട്ടുപാടി ജെഎൻയു വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രിയഗാനങ്ങളിലൊന്ന് (പ്രകാശം മെല്ലെ മെല്ലെ അരിച്ചെത്തുന്നു). തുടർന്ന് മനസ്സിലേക്കൊഴുകിവന്ന പഴയ പാട്ടുകളത്രയും ആ രാത്രിയിൽ ഹൃദയം തുറന്നു ഞാൻ പാടി.
ആ നാലു ചുവരുകൾക്കുള്ളിലെ കനത്ത ഏകാന്തത എന്നെ വീർപ്പുമുട്ടിക്കരുത്. എന്നു ഞാൻ അഭിലഷിച്ചു. ആദ്യത്തെ രാത്രിയിൽ അധികം ശ്രമിക്കേണ്ടിവന്നില്ല. ഞാനന്ന് വളരെയേറെ ക്ഷീണിതിനായിരുന്നു. കോടതിമുറിയിൽ വച്ചരങ്ങേറിയ ആക്രമണത്തിന്റെ ഫലമായി എന്റെ ദേഹത്തെ എല്ലുകൾ അപ്പോഴും വേദനിക്കുന്നുണ്ടായിരുന്നു.
ആ ദിവസത്തെ അനുഭവങ്ങൾ എന്നെ വൈകാരികമായി തളർത്തിക്കളഞ്ഞു. ഞാൻ കുളിച്ചു പക്ഷേ മാറ്റിയുടുക്കുവാൻ വേറെ വസ്ത്രമില്ലാത്തതിനാൽ കിടക്കവിരി ദേഹത്തു ചുറ്റിയുടുത്തു. എന്നിട്ട് ബ്ലാങ്കറ്റും പുതച്ചുകൊണ്ട്. ഞാനുറങ്ങാൻ കിടന്നു. തികച്ചും സ്വസ്ഥ നിദ്ര.
രാവിലെ ജയിലറിന്റെ വരവോടെയാണ് ഞാൻ ഉറക്കമുണർന്നത് അദ്ദേഹം ബുദ്ധിമാനായിരുന്നു. മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ള സഹാനുഭൂതിയുള്ള ഒരു ഹൃദയത്തിന്റെ ഉടമ. അദ്ദേഹം എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തിരക്കി. ആദ്യമായി ജയിലിലെത്തുമ്പോൾ ആളുകൾക്ക് അനുഭവപ്പെടുന്ന നൈരാശ്യത്തെയും ഉത്കണ്ഠയെയും കുറിച്ച് അദ്ദേഹം പരാമർശിച്ചു. എന്നെച്ചൊല്ലി അദ്ദേഹത്തിന് ആകുലത ഉണ്ടായിരുന്നു.
എന്നോട് പ്രഭാതകർമങ്ങൾ നിർവഹിച്ചശേഷം അദ്ദേഹത്തിന്റെ ഓഫീസ്മുറിയിലെത്താൻ പറഞ്ഞിട്ട് ആൾ യാത്രയായി. എനിക്കു മാറ്റിയുടുക്കാൻ വസ്ത്രമില്ലാത്തത് ജയിലറിന്റെ കണ്ണിൽപ്പെട്ടു. ഉടനെതന്നെ ഒരു കുർത്തയും പൈജാമയും ടവ്വലും എനിക്ക് ഏർപ്പാടാക്കി. ലൈബ്രറിയിൽ നിന്ന് പ്രഫസർ തുളസീറാമിന്റെ ഓർമക്കുറിപ്പുകൾ കിട്ടുമോ എന്നു ഞാൻ തിരക്കി. അത് അവിടെ ഉണ്ടായിരുന്നില്ല. പകരം ‘പ്രേംചന്ദിന്റെ കഥകളും’ ‘നിർമലയും’ അദ്ദേഹം എനിക്കെത്തിച്ചു തന്നു. തടവുപുള്ളികൾക്കുള്ളതുപോലെ എന്റെ മുറിയിലും അവർ ഒരു ടിവി സെറ്റ് സ്ഥാപിച്ചു.
അതീവ സുരക്ഷാ തടവുകാരനായാണ് എന്നെ ഗണിച്ചിരുന്നത്. പ്രത്യേകമായ നിയമങ്ങളും എന്റെമേൽ ഏർപ്പെടുത്തി മൂന്നുപേരെയാണ് എന്റെ സുരക്ഷയ്ക്കു നിയോഗിച്ചിരുന്നത്. ദിവസം മൂന്നു തവണ അവർ ഷിഫ്റ്റ് മാറിക്കൊണ്ടിരിക്കും. ഭക്ഷണം കൊണ്ടുവരാനും മറ്റു കാര്യങ്ങൾക്കുമായി നാലാമതൊരാൾ കൂടിയുണ്ട്. ഭക്ഷണത്തിനായി പുറത്തിറങ്ങാൻ എനിക്ക് അനുമതിയില്ല. അങ്ങനെ എന്റെ പ്രപഞ്ചം ആ കൊച്ചുമുറിക്കുള്ളിൽ ഒതുങ്ങി.
ഉച്ചഭക്ഷണത്തിന് പച്ചക്കറി, പരിപ്പ്, നാലു ചപ്പാത്തി, ഉള്ളി, സലാഡ് ഇങ്ങനെ അനുവദനീയമായ കലോറിയെ ആധാരമാക്കിയായിരുന്നു ആഹാരം. ഇതേ വിഭവങ്ങൾ തന്നെ ദിവസവും ആവർത്തിക്കുന്നു. ഇതു വരെ ചോറാണ് ഞാൻ കഴിച്ചു ശീലിച്ചത്. അതുകൊണ്ട് ചപ്പാത്തി കഴിച്ചാൽ വയർ നിറയാത്തമാതിരി. ജയ്‌ലർ ദയാപുരസരം ചപ്പാത്തിയുടെ അളവു കൂട്ടിത്തന്നു.
രാത്രിയിൽ എന്റെ സുരക്ഷയ്ക്കായി സെല്ലിനു പുറത്ത് ഒരു കാവൽക്കാരനെ നിയോഗിച്ചിരുന്നു. ശാന്തനായ ഒരു മനുഷ്യൻ ഞാൻ അയാളുമായി സംഭാഷണത്തിലേർപ്പെട്ടു. ആൾ തമിഴ്നാട്ടുകാരനാണ്. ആളിന് കബഡികളിയോടു വലിയ കമ്പമാണ്. എന്റെ മുറിയിലെ ടിവിയിൽ കബഡികളി കാണുമ്പോൾ അങ്ങേർ അഴികളുടെ അടുത്തായി ചാഞ്ഞിരുന്ന് സ്ക്രീനിലേക്ക് ഉറ്റുനോക്കുക പതിവായി.
തമിഴ്നാടിന്റെ കളി നടക്കാൻ പോകുന്ന ദിവസം ഞാൻ മുൻകൂട്ടിത്തന്നെ വിവരം അറിയും. കാരണം, കളി തുടങ്ങുന്നതിനു തൊട്ടുമുൻപ് ഗാർഡ് എന്നോടു തിരക്കും ‘എന്താ നീ ഇന്നു കബഡി കാണുന്നില്ലേ?’
ചില രാഷ്ട്രീയനേതാക്കന്മാർ എന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് ജയിലർ പറഞ്ഞു. ഞാൻ നിരസിച്ചു എനിക്കു പത്തു സന്ദർശകരെ വരെ നിർദേശിക്കാൻ അനുവാദമുണ്ട്. ഞാൻ അവരുടെ പേരുകൾ എഴുതികൊടുക്കണം. അത്രദൂരം യാത്രചെയ്ത്. വീട്ടുകാർ എന്നെ കാണാൻ വരുമെന്ന് ഞാൻ സങ്കൽപിച്ചതേയില്ല, അതുകൊണ്ട് ഞാൻ ജെഎൻയുവിലെ ചങ്ങാതിമാരുടെയും അധ്യാപകരുടെയും പേരുകളാണ് കടലാസിൽ എഴുതിക്കൊടുത്തത്. അതിൽ പറഞ്ഞിട്ടുള്ളവരെ മാത്രമേ ഞാൻ കാണുകയുള്ളു എന്നു പ്രത്യേകം പറയുകയും ചെയ്തു.
ദിവസങ്ങൾക്കകം ഞങ്ങൾക്കിടയിൽ തികച്ചും ആത്മാർത്ഥമായ ഒരു സൗഹൃദം ഉടലെടുത്തു. എന്റെ ചുറ്റുപാടുകൾ കുറച്ചു കൂടി ആശ്വാസകരമാക്കാൻ അങ്ങേർ തന്നാലാവുന്നതെല്ലാം ചെയ്തു. ജയിലിനുള്ളിലെ കൗതുകകരമായ പല വർത്തമാനങ്ങളും ഇദ്ദേഹമാണ് എന്നെ പറഞ്ഞു കേൾപ്പിച്ചത്.
ഒരിക്കലും രണ്ടു തടവുകാരെ മാത്രമായി മുറിക്കുള്ളിൽ ഇടാറില്ലത്രേ, കാരണം അതിലൊരുവൻ മറ്റെയാളെ കൊന്നാൽ സാക്ഷി പറയാൻ ആരുണ്ടാവും? എന്നെ പാർപ്പിച്ചിരിക്കുന്ന വാർഡിൽ രണ്ടു ഹിജഡകളുമുണ്ട് എന്നങ്ങേർ പറഞ്ഞു. അവരെ മാത്രം ഒന്നിച്ചിട്ടിരിക്കുന്നു. ഹിജഡകൾക്കായി വേറെ മുറിയൊന്നും തിഹാർ ജയിലിൽ ഇല്ല എന്നതു കൊണ്ടു മാത്രം!
തിഹാറിൽ വന്ന് രണ്ടു ദിവസം പിന്നട്ടപ്പോഴാണ് എന്റെ ആദ്യത്തെ സന്ദർശകർ എത്തിയത്. എന്റെ രണ്ട് അഭിഭാഷക സുഹൃത്തുക്കൾ. എല്ലാം ഭദ്രമാണെന്നും ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ടതില്ലെന്നും അവർ എനിക്ക് ഉറപ്പു തന്നു. തിഹാർ ജയിലിൽ തടവുകാർക്ക് ആവശ്യമുള്ളതൊക്കെ വാങ്ങുവാനായി ജയിൽ കാർഡ് എന്നൊരു സംവിധാനം ഏർപ്പാടാക്കിയിട്ടുണ്ട്.
ചങ്ങാതിമാർ എന്റെ കാർഡിൽ പതിനായിരം രൂപ നിക്ഷേപിച്ചു. ഈ അപ്രതീക്ഷിത സമ്മാനം എന്നെ ആഹ്ലാദപരവശനാക്കി അവരുടെ വരവുതന്നെ ഉന്മേഷദായകമായി അനുഭവപ്പെട്ടു. അന്നു മുതൽ ദിവസേന ഞാൻ ലഘു ഭോജ്യങ്ങൾ വാങ്ങി കഴിച്ചു തുടങ്ങി. കുറച്ചുകൂടി മെച്ചപ്പെട്ട ഭക്ഷണം കഴിക്കാമല്ലോ എന്നോർത്തപ്പോൾ മനസ്സിന് വല്ലാത്തൊരാശ്വാസം തോന്നി.
മെല്ലെ മെല്ലെ ജയിലിലെ ആളുകളുടെ സമീപനത്തിന് മാറ്റം വന്നു തുടങ്ങി. അവരുടെ പരുക്കൻ ശബ്ദങ്ങൾ മെല്ലെ ആർദ്രമായി. കാലാവസ്ഥയുടെ മാറ്റത്തിനൊത്ത് അവരുടെ തണുത്തു മരവിച്ച നോട്ടങ്ങൾക്കും വ്യത്യാസം കണ്ടുതുടങ്ങി.
എന്റെ സെല്ലിനു പുറത്തു പാറാവു നിൽക്കാറുള്ള പോലീസുകാരൻ മനസ്സു തുറന്ന് ഇടപെടാൻ ആരംഭിച്ചു. രാജ്യത്തിന്റെ വർത്തമാനകാല രാഷ്ട്രീയത്തിൽ തനിക്കുള്ള അതൃപ്തി അങ്ങേർ എന്നോടു പങ്കുവയ്ക്കാൻ മടിച്ചില്ല. ആളിന് എക്കാലവും പഠനത്തോടു പ്രതിപത്തിയുണ്ടായിരുന്നു. പിഎച്ച്ഡി നേടുന്നതിനെക്കുറിച്ച് അദ്ദേഹം നിരവധി കാര്യങ്ങൾ ചോദിച്ചു. എന്താണ് ആ സ്ഥലത്തിന് ഇത്ര പ്രത്യേകത എന്നറിയാൻ ആഗ്രഹം അവിടെ പഠനച്ചെലവു വളരെ കുറവാണെന്നത് ആളിനെ വിസ്മയാധീനനാക്കി.
തന്റെ മകൾ പഠനത്തിൽ ഏറെ മുന്നോട്ടുപോകുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു. തനിക്കു ചെയ്യാൻ പറ്റാത്തത് മകൾ പൂർത്തീകരിക്കുമെന്നാണു പ്രതീക്ഷ. ‘എന്റെ മകളെ എനിക്കു ജെഎൻയുവിൽ ചേർക്കണം’ അദ്ദേഹം പറഞ്ഞു.
ബിഹാർ മുതൽ തിഹാർ വരെ
മനോരമ പബ്ലിക്കേഷൻ ഡിവിഷൻ
കനയ്യ കുമാർ, വിവർത്തനം : റോസ്മേരി
വില :190
പുസ്തകം ഓൺലൈനായി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
English Summary : Bhihar Muthal Thihar vare, Translation by Rosemary, Manorama Publication Division