ADVERTISEMENT

എഡിൻബർഗിലെ തണുത്തുറഞ്ഞ നഗരപാതകളിലൂടെ അഞ്ചുവയസ്സുകാരൻ മകന്റെ കൈയും പിടിച്ച് ജവാഹർലാൽ നെഹ്റുവിനെ കാണാൻ പോയ ഒരു അച്ഛൻ. യാത്രയിലുടനീളം സ്വാതന്ത്ര്യസമര ചരിത്രവും ദേശീയ നേതാക്കളുടെ കഥകളുമായിരുന്നു അച്ഛൻ മകനു പറഞ്ഞുകൊടുത്തത്. മകൻ വളർന്നു. അച്ഛന്റെ കഥകളും. കഥകൾക്കൊപ്പം സ്വന്തം ജീവിതം മാതൃകയാക്കി അച്ഛൻ പാഠങ്ങൾ പകർന്നപ്പോൾ അച്ഛൻ സഞ്ചരിച്ചിരുന്ന വഴികളിലൂടെയെല്ലാം മകനും വിജയകരമായി യാത്ര തുടർന്നു. 

 

മുസ്‌ലിം എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ.ഫസൽ ഗഫൂറിന് ജീവിതമെന്നാൽ പിതാവ് ഡോ.പി.കെ.അബ്ദുൽ ഗഫൂറാണ്. ഗുരുവായും സുഹൃത്തായും അദ്ദേഹം നൽകിയ പാഠങ്ങളാണ് ഫസൽ ഗഫൂറിനെ എന്നും മുന്നോട്ട് നയിക്കുന്നത്. മുസ്‌ലിം സമുദായത്തിൽ നിന്നുള്ള ആദ്യ ന്യൂറോളജിസ്റ്റും എംഇഎസ് സ്ഥാപനങ്ങളുടെ സ്ഥാപകനുമായ ഡോ.പി.കെ.അബ്ദുൽ ഗഫൂർ ഡോക്ടർ എന്ന നിലയിലും ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരൻ എന്ന നിലയിലും മലബാറിന്റെ ചരിത്രത്തിലെ തിളക്കമാർന്ന പേരാണ്. 

 

ഉപരിപഠനത്തിനായി അദ്ദേഹം സ്കോട്‌ലൻഡിലെ എഡിൻബർഗിൽ ചെലവഴിച്ച വർഷങ്ങളിലാണ് പിതാവിനെ കുറിച്ചുള്ള ഫസൽ ഗഫൂറിന്റെ നിറമുള്ള ഓർമകൾ തുടങ്ങുന്നത്. ഭാര്യ ഫാത്തിമയെയും അഞ്ചു വയസ്സുകാരൻ മകനെയും കൂട്ടിയായിരുന്നു അബ്ദുൽ ഗഫൂറിന്റെ വിദേശയാത്ര. സ്ത്രീകൾക്ക് അവകാശങ്ങളിലും വിദ്യാഭ്യാസത്തിലും വേർതിരിവ് പാടില്ല എന്ന നിലപാടുള്ള കുടുംബപശ്ചാത്തലത്തിൽ നിന്നു വരുന്നതിനാൽ ഭാര്യയോടും അദ്ദേഹം ഈ സമീപനമായിരുന്നു പുലർത്തിയത്. 

Dr PA Fazal Gafoor

 

എഡിൻബർഗിൽ എത്തിയപ്പോൾ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ ആദ്യം വിജയിച്ചതിനാൽ ഫാത്തിമ  ആയിരുന്നു അബ്ദുൽ ഗഫൂറിനെ ആശുപത്രിയിലും മകനെ സ്കൂളിലും വിട്ടിരുന്നത്. കാറോടിക്കുന്ന മുസ്‌ലിം സ്ത്രീ അന്നു വിദേശികൾക്ക് പോലും അദ്ഭുതമായിരുന്നു. വൈവിധ്യമാർന്ന ആശയങ്ങളെ പിന്തുടരുന്ന ആളായിരുന്നു ഡോ.അബ്ദുൽ ഗഫൂർ. ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ എതിർക്കുകയും നെഹ്റുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളെ അനുകൂലിക്കുകയും ചെയ്തിരുന്ന അദ്ദേഹം പെരിയോറിന്റെ ദ്രാവിഡ വാദത്തിന്റെയും ആരാധകനായിരുന്നു. 

 

സ്വന്തം സമുദായത്തിലെ അറബ്‌വത്കരണത്തെയും അദ്ദേഹം ശക്തമായി വിമർശിച്ചിരുന്നു. ആശയങ്ങളെ അനുകൂലിക്കുന്നതിനൊപ്പം സ്ഥാപനങ്ങളിലും സമീപനങ്ങളിലും അതു നടപ്പിലാക്കാനും ഡോ.അബ്ദുൽ ഗഫൂർ കൃത്യമായി ശ്രദ്ധിച്ചിരുന്നു. ഫസൽ ഗഫൂർ മൂന്നാം ക്ലാസ് കഴിഞ്ഞപ്പോഴാണ് കുടുംബം എഡിൻബർഗിൽ നിന്നു നാട്ടിലെത്തിയത്. അത്രയും കാലം വിദേശത്ത് പഠിച്ച കുട്ടിയെ ഊട്ടിയിലെ ഏതെങ്കിലും ബോർഡിങ് സ്കൂളിൽ വിട്ടു പഠിപ്പിക്കാനായിരുന്നു ബന്ധുക്കളുടെ താൽപര്യമെങ്കിലും അബ്ദുൽ ഗഫൂർ മകനെ ചേർത്തത് കോഴിക്കോട് സെന്റ് ജോസഫ്സിലാണ്. 

 

എല്ലാ സാഹചര്യങ്ങളിൽ നിന്നുമുള്ള കുട്ടികളുമായി ഇടപഴകി പഠിച്ചാലെ മകനു ജീവിതം പഠിക്കാനാകു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കോഴിക്കോട് ബീച്ചിൽ ഫുട്ബോൾ‌ കളിക്കാൻ ഫസൽ ഗഫൂറിനെ വിട്ടത് പിതാവാണ്. പ്രക്ഷോഭങ്ങളിലും പോരാട്ടങ്ങളിലും ചില സമയങ്ങളിലെങ്കിലും ഫസൽ ഗഫൂറിന് ഇപ്പോൾ കരുത്താകുന്നത് ബീച്ചിലെ കളിക്കിടെ പഠിച്ച ചില അടവുകളും കൂട്ടായ്മയുടെ പാഠങ്ങളുമാണ്. 

സാമൂഹിക സേവന മേഖലയിൽ മകൻ സജീവമാകണമെന്ന് നിർബന്ധമുണ്ടായിരുന്നെങ്കിലും സമരങ്ങളിലും മറ്റും പങ്കെടുക്കുന്നതിനോട് ഡോ.അബ്ദുൽ ഗഫൂറിന് താൽപര്യമില്ലായിരുന്നു. 

 

എന്നാൽ ഫസൽ ഗഫൂറാകട്ടെ കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥി ആയിരിക്കുമ്പോൾ വിദ്യാർഥി സമരങ്ങളിൽ മുൻപന്തിയിലായിരുന്നു. ഒരിക്കൽ സമരത്തിന്  ആർഡിഒ ഓഫിസ് ഉപരോധിച്ചതിനെ തുടർന്ന് ഫസൽ ഗഫൂറിനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റു ചെയ്തു. പിതാവിന്റെ വിലക്കുള്ളതിനാൽ വീട്ടിൽ ഇക്കാര്യം അറിയച്ചതുമില്ല. പിന്നീട് കുറച്ച് ആഴ്ചകൾക്കു ശേഷം പിതാവും മകനും ഒരുമിച്ച് ശിവാജി ഗണേശന്റെ തങ്കപ്പതക്കം എന്ന സിനിമ കാണാൻ പോയി. അച്ഛൻ– മകൻ സംഘർഷം പ്രമേയമായ സിനിമയിൽ ഇരുവരും ലയിച്ചിരിക്കുമ്പോൾ ഇടവേളയിൽ അക്കാലത്ത് പ്രധാന വാർത്തകൾ കാണിക്കുന്ന ഇന്ത്യൻ ന്യൂസ് റീൽ എത്തി. 

 

ന്യൂസ് റീലിൽ മെഡിക്കൽ കോളജിലെ സമരവും വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്ന ദൃശ്യവും ഉണ്ടായിരുന്നു. എന്നാൽ, അതു താനാണെന്ന് ഫസൽ ഗഫൂർ ആദ്യം സമ്മതിച്ചില്ല. അങ്ങനെയെങ്കിൽ, അടുത്ത ഷോയ്ക്കു കൂടി കയറി നൂസ് റീൽ ഒന്നുകൂടി കാണാമെന്നായി പിതാവ്. ആ ഭീഷണിക്കുമുന്നിൽ സത്യം സമ്മതിക്കേണ്ടിവന്നു ഫസൽ ഗഫൂറിന്.  

 

രോഗികളെ ചികിത്സിക്കുന്നതിനിടയിൽ 53-ാം വയസ്സിലായിരുന്നു ഡോ.അബ്ദുൽ ഗഫൂറിന്റെ മരണം. എംഇഎസ് മെഡിക്കൽ കോളജ് തുടങ്ങുന്ന ആവശ്യത്തിന് ഇന്ദിര ഗാന്ധിയെ കാണാൻ വൈകിട്ട് പുറപ്പെടാൻ ഒരുങ്ങുമ്പോഴായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് മരണം. യാത്ര സംബന്ധിച്ച കാര്യങ്ങൾ പിതാവുമായി സംസാരിച്ച് ഫസൽ ഗഫൂർ വീട്ടിലെത്തിയപ്പോഴേക്കും ആശുപത്രിയിൽ നിന്നു ഫോൺ എത്തി. തിരികെ അവിടെ എത്തിയപ്പോൾ മരണം സംഭവിച്ചിരുന്നു. 

 

ആഗ്രഹങ്ങൾ പൂർത്തീകരിക്കാനും അദ്ദേഹം നടന്ന വഴികളിലൂടെ നടക്കാനും തന്നെ പ്രാപ്തനാക്കിയ ശേഷമായിരുന്നു പിതാവിന്റെ അകാല മരണം എന്നാണ് ഡോ.ഫസൽ ഗഫൂറിന്റെ വിശ്വാസം. പിതാവിനെ പോലെ ഡോക്ടറും ന്യൂറോളജിസ്റ്റും സാമൂഹിക പ്രവർത്തകനും എംഇഎസ് സെക്രട്ടറിയും അദ്ദേഹത്തിന്റെ നിലപാടുകളുടെ തുടർച്ചക്കാരനും ആകാൻ കഴിഞ്ഞത് നടന്നു തീർത്ത വഴികളിൽ അദ്ദേഹം തെളിച്ചു വച്ചിരുന്ന വിളക്കുകളുടെ പ്രകാശത്താലാണ്. കൈമാറി വന്ന ആ തങ്കപ്പതക്കങ്ങളുടെ തിളക്കത്തിൽ പിതാവിലൂടെ മകനും മകനിലൂടെ പിതാവും മുന്നോട്ട് തന്നെ സഞ്ചരിക്കുന്നു.

 

‘‘പിന്തുടരുന്ന ആശയങ്ങൾ ജീവിതത്തിലും കൃത്യമായി പാലിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സാമൂഹിക നീതി, സോഷ്യലിസം, മതനിരപേക്ഷത തുടങ്ങിയ ആശയങ്ങൾ വ്യക്തിജീവിതത്തോടൊപ്പം എംഇഎസ്സിലും അദ്ദേഹം കൊണ്ടുവന്നു. ഇന്നും ഞങ്ങൾ മുന്നോട്ട് പോകുന്നത് ആ നിലപാടുകളുടെ കരുത്തിലും വെളിച്ചത്തിലുമാണ്’’ –  ഡോ.ഫസൽ ഗഫൂർ 

 

English Sumary : Guruvaram Column Muslim Educational Society (MES) President, Fazal Gafoor Talks About His Father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com