മധുവിധുകാലത്തെ ഡിവോഴ്സിൽ കുറ്റബോധമില്ലാതെ ആഗി; ‘ഭ്രാന്തന്‍’ ക്രോസ്‍വേഡ് പുരസ്കാരത്തില്‍
Mail This Article
ആഗി ഭാര്യയുമായി തര്‍ക്കിക്കുന്നതു വിവാഹത്തിന്റെ നാലാം നാളിലാണ്. മധുവിധുകാലത്ത്. വിഷയം അത്ര നിസ്സാരമൊന്നുമല്ല. സി.വി.രാമനു ശേഷമാണ് ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ജീവിതകാലം എന്ന് ഭാര്യയും അല്ലെന്ന് ആഗിയും. തര്‍ക്കം മൂത്തു. ഭാര്യയ്ക്കു നേരെ ആഗി മോശം പ്രയോഗങ്ങള്‍ നടത്തി. അശ്ലീല പദങ്ങള്‍ തന്നെ. ചുരുക്കിപ്പറഞ്ഞാല്‍ മധുവിധുവിൽത്തന്നെ വിവാഹമോചനം സംഭവിച്ചു.
ആഗി ഇപ്പോള്‍ ഒറ്റയ്ക്കാണ്. ആരാണ് ആഗി? യഥാര്‍ഥ പേര് ആഗ്നേയ്. അഗ്നിയുടെ മകന്‍ എന്നര്‍ഥം. അഗ്നി സംസ്കൃത പണ്ഡിതനായിരുന്നു. അമ്മ നഴ്സും. അത് അവരുടെ ജീവിതത്തിലെ വലിയ തെറ്റ്. ആ തെറ്റിനെക്കുറിച്ച് അവര്‍ ആവര്‍ത്തിച്ചുപറയാറുണ്ടായിരുന്നു. പക്ഷേ, അവര്‍ പിരിഞ്ഞിരുന്നില്ല. മകന്‍ ആഗ്നേയ് എന്ന ആഗി ആകട്ടെ പിരിയുക തന്നെ ചെയ്തു. ആഗിക്കറിയാം അവന്‍ ഭ്രാന്തനാണെന്ന്. അതാണ് അവനും ഗൊഗോളിന്റെ ഭ്രാന്തും തമ്മിലുള്ള വ്യത്യാസം.
ആരാണ് ഗൊഗോള്‍ എന്നാണോ? ഇതാണു മലയാളികളുടെ കുഴപ്പം. അവര്‍ക്ക് ദസ്തയേവ്സ്കിയെ അറിയാം. ടോള്‍സ്റ്റോയിയെ അറിയാം. തീര്‍ന്നു അവരുടെ റഷ്യന്‍ സാഹിത്യ വിജ്ഞാനം. ഗൊഗോളിനെ അവര്‍ കേട്ടിട്ടുപോലുമില്ല. ഗൊഗോളിന്റെ പ്രശസ്തമായ കഥയാണ് ഭ്രാന്തന്റെ ഡയറി. പക്ഷേ, കഥയിലെ നായകനു ഭ്രാന്താണെന്ന് അവന് അറിയില്ലായിരുന്നു. ആഗിയുടെ കാര്യം അങ്ങനെയല്ല. അതുതന്നെയാണ് അവര്‍ തമ്മിലുള്ള വ്യത്യാസവും.
ഇതേ ആഗിയുടെ കഥ പറഞ്ഞാണ് എന്‍. പ്രഭാകരന്‍ ഇപ്പോള്‍ ക്രോസ്‍വേഡ് പുരസ്കാരത്തിന്റെ നിറവില്‍ എത്തിയിരിക്കുന്നതും. ആഗിയുടെ കഥ പറയുന്ന നോവലിന്റെ പേര് ഒരു മലയാളി ഭ്രാന്തന്റെ ഡയറി. 2013 ല്‍ പ്രസിദ്ധീകരിച്ച നോവല്‍ ഇംഗ്ലിഷിലേക്കു മൊഴി മാറ്റിയതു ജയശ്രീ കളത്തില്‍. രാജ്യത്തെ മുന്‍നിര എഴുത്തുകാരെ പിന്തള്ളി പുരസ്കാര പ്രഭയിലെത്തിലെത്തിയിരിക്കുകയാണു മലയാളത്തിന്റെ സ്വന്തം എന്‍. പ്രഭാകരനും അദ്ദേഹം അനശ്വരനാക്കിയ മലയാളി ഭ്രാന്തനും.
2012 ഓഗസ്റ്റ് 20 മുതല്‍ നവംബര്‍ 30 വരെയുള്ള കാലമാണ് നോവലിന്റെ ഇതിവൃത്തം. ഇക്കാലയളവിലെ ഒരു മലയാളി യുവാവിന്റെ ജീവിതം മറയില്ലാതെ അവതരിപ്പിക്കുകയാണു നോവല്‍. മെക്കാനിക്കല്‍ എന്‍ജിനീയറങ്ങില്‍ പോളി ഡിപ്ലോമക്കാരനാണ് ആഗി. പറഞ്ഞിട്ടെന്താ ഒരു ജോലിയുമില്ല. കോഴ്സ് കഴിഞ്ഞു കുറച്ചുകാലം ബെംഗളൂരുവില്‍ ചുറ്റി. പിന്നെ മുംബൈ. ഒരു സ്കൂട്ടര്‍ കമ്പനിയില്‍ അപ്രന്റീസ് ട്രെയിനി. ആറു കൊല്ലം.. അപ്പോഴേക്കും വീട്ടുകാര്‍ക്ക് നിര്‍ബന്ധമായി, കല്യാണം കഴിക്കാന്‍.
ജോലിയുള്ളവരെയാണ് ആദ്യം നോക്കിയത്. അതു നടക്കാതെ വന്നപ്പോള്‍ നല്ല വീടുകളിലെ ജോലിയില്ലാത്ത പെണ്ണിനെ നോക്കി. അങ്ങനെയാണ് ഒരു സാദാ ബിഎക്കാരിയെ കിട്ടുന്നത്. വിഷയം സോഷ്യോളജിയാണെങ്കിലും ചരിത്രവും സമൂഹശാസ്ത്രവും സംസ്കാരവും തൊട്ടുതീണ്ടിട്ടില്ല എന്നാണ് ആഗിയുടെ ആരോപണം. എന്തായാലും നാലാം ദിവസം തന്നെ തീരുമാനമായി. ഇപ്പോൾ വെറുതെ നടപ്പാണ് ആഗിയുടെ ജോലി.
നോവല്‍ രചനയ്ക്കുവേണ്ടി കഷ്ടപ്പെട്ട ആറുകൊല്ലത്തോളം നീണ്ട കാലത്ത് പല പരീക്ഷണങ്ങള്‍ക്കും ശേഷമാണ് പ്രഭാകരന്‍ ഡയറിയുടെ രൂപത്തില്‍ നോവല്‍ എഴുതിയത്. അതിനദ്ദേഹത്തിനു പ്രചോദനമായതു ഗൊഗോളിന്റെ ഭ്രാന്തനും. രണ്ടു ഭ്രാന്തന്‍മാരും തമ്മില്‍ ഒരു സാമ്യവുമില്ലെന്ന് ഉറപ്പാക്കയതിനുശേഷം ഒറ്റയെഴുത്തായിരുന്നു. പുലിജന്മവും തിയ്യൂര്‍ രേഖകളുമൊക്കെയെഴുതിയ പ്രഭാകരന്‍ , വേഗത്തില്‍, അനായാസമായി എഴുതിത്തീര്‍ത്ത നോവല്‍. മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടതിനുപുറമെ ഇപ്പോള്‍ പ്രശസ്തമായ ക്രോസ്‍വേഡ് പുരസ്കാരം കൂടി ലഭിച്ചതോടെ മലയാളി ഭ്രാന്തന്‍ വീണ്ടും വായനക്കാരെ തേടിയെത്തുകയാണ്. വായനയ്ക്കും വിശകലനത്തിനുംവേണ്ടി.
English Summary : N Prabhakaran,Crossword Book Award,Diary of a Malayali Madman,Oru Malayali Bhranthante Diary