ADVERTISEMENT

അറിവിനെ അഴകും അലങ്കാരവുമായി ഉപയോഗിച്ചിരുന്ന അധ്യാപകർ ഫാ.ജോൺ മണ്ണാറത്തറയ്ക്ക് എന്നും അദ്ഭുതമായിരുന്നു. പല കാലങ്ങളിൽ പ്രതിഭയുടെ തിളക്കവുമായി ഇവരെല്ലാം ജീവിതത്തിൽ എത്തിയപ്പോൾ അവർ നൽകിയ പ്രകാശം അദ്ദേഹം തന്റെ വിദ്യാർഥികൾക്കും തിരികെ നൽകി.

 

പ്രീഡിഗ്രി വിദ്യാർഥിയായി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ എത്തിയപ്പോഴാണ് അധ്യാപകർക്ക് വിദ്യാർഥികളുടെ ജീവിതത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഫാ.ജോണിന് മനസ്സിലായത്. അതുവരെ പഠിച്ചതും പഠിപ്പിക്കപ്പെട്ടതുമെല്ലാം മാറ്റിവയ്ക്കാൻ നിർബന്ധിതരാക്കിയ അവിടുത്തെ അധ്യാപകരിൽ ഡോ.സുകുമാർ അഴീക്കോട്,പി.ജയേന്ദ്രൻ,ഡോ.എസ്.നാഗേഷ് എന്നിവരായിരുന്നു ഏറ്റവും സ്വാധീനിച്ചത്. 

 

വായനയ്ക്കും എഴുത്തിനും അധ്യാപനത്തിനുമായി വിവാഹം പോലും വേണ്ടെന്ന് വച്ച് ജീവിച്ച മൂന്നു പേർ. പുസ്തകങ്ങളും എഴുത്തും അധ്യാപനവുമായിരുന്നു അവരുടെ ജീവിതം. വലിയ വീട് നിറയെ പുസ്തകങ്ങളുമായി ജീവിച്ച എസ്.നാഗേഷ് ആയിരുന്നു കൂട്ടത്തിലെ അദ്ഭുത മനുഷ്യൻ. അധ്യാപകരിലെ മറ്റൊരു അദ്ഭുതത്തെ കണ്ടുമുട്ടിയത് ആലുവ യുസി കോളജിൽ ബിരുദ വിദ്യാർഥിയായി എത്തിയപ്പോഴാണ്. 

 

guruvaram-44
വര ബേബി ഗോപാൽ

ഇംഗ്ലിഷ് വകുപ്പ് മേധാവിയായ നാരായണൻ നമ്പ്യാരായിരുന്നു അത്. ഡിഗ്രി, പിജി വിദ്യാർഥികൾക്ക് ക്ലാസ് എടുത്താൽ മതിയെങ്കിലും പ്രീഡിഗ്രി വിദ്യാർഥികൾക്ക് ക്ലാസ് എടുക്കാനും അദ്ദേഹം എത്തുമായിരുന്നു. നാടകങ്ങൾ പഠിപ്പിക്കുമ്പോൾ കഥാപാത്രമായി മാറുന്ന നമ്പ്യാർ സാറിന്റെ ക്ലാസ്സിൽ എത്ര മണിക്കൂർ വേണമെങ്കിലും ഇരിക്കാൻ വിദ്യാർഥികൾക്ക് മടിയില്ലായിരുന്നു. 

 

കാൻസർ ശരീരത്തെ കീഴ്പ്പെടുത്തിയപ്പോൾ ക്ലാസ് എടുക്കരുതെന്ന് ഡോക്ടർമാരുടെ വിലക്കുണ്ടായിട്ടും അദ്ദേഹം ക്ലാസ്സുകളിലെത്തി. ഒഥല്ലോയും സീസറുമൊക്കെയായി പകർന്നാട്ടം നടത്തി വേദന മറന്നെങ്കിലും ഒടുവിൽ രോഗം ഗുരുതരമായി മരണം അദ്ദേഹത്തെ കീഴ്പ്പെടുത്തി. പ്രഫ.സെസിൽ, പ്രഫ.എ.എസ്.ഡി.പിള്ള, പ്രഫ.യൂജിൻ ഡിവാസ് എന്നിവർ ഫാ.ജോണിന്റെ ജീവിതത്തിൽ വെളിച്ചമായത് തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജിൽ വച്ചാണ്. 

 

ഇംഗ്ലിഷ് ബിരുദാനന്തര ബിരുദ വിദ്യാർഥിയെ പാഠപുസ്തകങ്ങൾക്കപ്പുറമുള്ള പരന്ന വായനയിലേക്കും ജീവിത പാഠങ്ങളിലേക്കും ഒപ്പം കൂട്ടിയത് ഇവരായിരുന്നു. സിൽവർ ഹിൽസ് സ്കൂളിന്റെ ചുമതലക്കാ രനായപ്പോൾ ഏർപ്പെടുത്തിയ ടീം ടീച്ചിങ് എന്ന സങ്കേതത്തിന്റെ ആശയം ഫാ.ജോണിന് ലഭിച്ചത് പ്രഫ.എ.എസ്.ഡി.പിള്ളയിൽ നിന്നാണ്. ഇംഗ്ലിഷിലെ പുതിയ മേഖലകളും ചർച്ചകളും പരിചയപ്പെടാൻ മറ്റു കോളജുകളിലെ അധ്യാപകരെ സെന്റ് ജോസഫ്സിലേക്ക് കൊണ്ടു വരുന്ന രീതിയായിരുന്നു അത്.

 

കുട്ടികൾക്കൊപ്പം താനും പുതിയ പാഠങ്ങൾ ഈ ചർച്ചകളിലൂടെ പഠിക്കും എന്നായിരുന്നു പ്രഫ.പിള്ള ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. സ്ഥിരം അധ്യാപകർക്കൊപ്പം മറ്റു ക്ലാസ്സുകളിലെ അധ്യാപകരെയും ഒരേ പാഠഭാഗം കൈകാര്യം ചെയ്യാൻ ഇടയ്ക്ക് നിയോഗിച്ചായിരുന്നു സ്കൂളുകളിൽ ടീം ടീച്ചിങ് പരീക്ഷിച്ചത്.

കവിയും അധ്യാപകനും ചിത്രകാരനുമായിരുന്നു യൂജിൻ ഡിവാസുമായി വിദ്യാർഥി എന്നതിനപ്പുറം പുസ്തകങ്ങൾ ഒരുക്കിയ  വഴിയിലൂടെ സഞ്ചരിച്ചായിരുന്നു ഫാ.ജോൺ ബന്ധം സ്ഥാപിച്ചത്. 

 

യൂജിൻ ഡിവാസിന് പുതിയ പുസ്തകങ്ങളുടെ രണ്ടു കോപ്പി ലഭിച്ചാൽ അതിലൊന്ന് ഫാ.ജോണിനായിരുന്നു. 

നാട്ടിൽ നിന്നുതിരികെ ചെല്ലുമ്പോൾ ഫാ.ജോൺ പ്രിയപ്പെട്ട അധ്യാപകനു നൽകിയിരുന്നതും പുസ്തകങ്ങളായിരുന്നു. ടഗോറിന്റെ ഗീതാഞ്ജലിയുടെ ചിത്രീകരണം നടത്തി വിദ്യാർഥികൾക്ക് അദ്ഭുതം ഒരുക്കിയ അധ്യാപകനായിരുന്നു യൂജിൻ.

 

കോഴിക്കോട്ടെ പൊതു ജീവിതത്തിൽ പരിചയപ്പെട്ട പ്രഫ.വി.സുകുമാരനും ഈ അധ്യാപകരോടൊപ്പം ഫാ.ജോണിനെ വിസ്മയിപ്പിച്ചയാളാണ്. വിദേശ സർവകലാശാലകളിൽ അധ്യാപകനായിരുന്ന അദ്ദേഹം വിശ്രമ ജീവിതത്തിനായി കോഴിക്കോട് എത്തിയപ്പോൾ ചാവറ കൾചറൽ സെന്ററിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഫാ.ജോണുമായി പരിചയപ്പെട്ടത്. രാജ്യാന്തര അവാർഡുകൾ ലഭിക്കുന്നതുൾപ്പടെയുള്ള പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള കൃത്യമായ വിലയിരുത്തലുകളാണ് പ്രഫ.സുകുമാരനെ വ്യത്യസ്തനാക്കുന്നത്.

 

ജീവിതയാത്രയിലെ അറിവിന്റെ വിസ്മയങ്ങൾ ഓരോ ദിവസവും തുടരുകയാണെന്ന് ഫാ.ജോൺ പറയുന്നു.

പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ പ്രതീക്ഷിക്കാത്ത വ്യക്തികളിൽ നിന്നു പോലും പുതിയ അറിവുകൾ ലഭിക്കുമ്പോൾ ആ പ്രകാശത്തെ സ്വീകരിക്കാനുള്ള മനസ്സാണ് നാം ഒരുക്കേണ്ടത്.

 

വായനയും അതിലൂടെ ലഭിക്കുന്ന അറിവ് മറ്റുള്ളവരിലേക്ക് പകരാനുള്ള ഊർജവുമായിരുന്നു എന്നെ അദ്ഭുതപ്പെടുത്തിയ അധ്യാപകരുടെ പ്രത്യേകത. വായനയിൽ കൃത്യമായി മുന്നോട്ട് പോകാനും വിദ്യാർഥികളുടെ ജീവിതപാതയിൽ അതു വഴി വെളിച്ചം നൽകാനും കഴിയുന്നതാണ് അധ്യാപകർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ.

 

English Summary : Guruvaram Column – Fr. John Mannathara Talks About His Favourite Teachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com