പുസ്തകം മടക്കി നൽകാൻ വൈകിയതിന് ചേട്ടന് പിഴ; സൗജന്യ ഗ്രന്ഥശാലയൊരുക്കി ഏഴാംക്ലാസുകാരി
Mail This Article
മട്ടാഞ്ചേരി ∙ തന്റെ കൊച്ചുകൂട്ടുകാർക്കായി ഏഴാം ക്ലാസുകാരി യശോദ ഒരുക്കിയ ഗ്രന്ഥശാലയ്ക്ക് ഒരു വയസ്സ് തികയുന്നു. ചുരുങ്ങിയ കാലംകൊണ്ടു മട്ടാഞ്ചേരിക്കാരുടെ ഇമ്മിണി ബല്യ വായനശാലയായി മാറി യശോദയുടെ ഗ്രന്ഥശാല. പുസ്തകങ്ങളാണു യശോദയുടെ ലോകം. വായനയോടുള്ള പ്രിയം കാരണം വീടിനടുത്തുള്ള വായനശാലയിൽ ചേട്ടൻ അച്യുതഷേണായ് യശോദയെ കൊണ്ടുപോയി. എന്നാൽ, അവിടെയെത്തിയപ്പോൾ പുസ്തകം മടക്കി നൽകാൻ വൈകിയ ചേട്ടനു പിഴ കൊടുക്കേണ്ടി വന്നു.
വായിക്കുന്ന പുസ്തകത്തിനു പിഴയിടുന്നത് നല്ല നടപടിയല്ല, ഇങ്ങനെ പൈസ ചിലവഴിച്ചു പുസ്തകങ്ങൾ വായിക്കാൻ എല്ലാ കുട്ടികൾക്കും കഴിയുമോ എന്ന ചോദ്യമാണ് കുഞ്ഞുമനസ്സിലുയർന്നത്. അവിടെ തുടക്കമിട്ടതാണു യശോദയുടെ സൗജന്യ ഗ്രന്ഥശാല എന്ന ആശയം. മകളുടെ ആശയത്തിനു പിതാവ് ദിനേശ് ആർ. ഷേണായ് പൂർണ പിന്തുണ നൽകി.
ഫെയ്സ്ബുക്കിൽ അഭ്യർഥന പോസ്റ്റ് ചെയ്താണു യശോദ പുസ്തകശേഖരണത്തിനു തുടക്കം കുറിച്ചത്. പോസ്റ്റ് വായിച്ചവർ ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ നിന്നു യശോദയ്ക്കു നൂറുകണക്കിനു പുസ്തകങ്ങൾ അയച്ചുതുടങ്ങി. കൊച്ചിൻ കോളജ് കെഎസ് യു യൂണിറ്റ് 2000 പുസ്തകങ്ങൾ നൽകി. കാക്കനാട് ഇൻഫോപാർക്കിൽ നിന്ന് 10000 രൂപയുടെ പുസ്തകങ്ങൾ ലഭിച്ചു. എഴുത്തുകാരൻ ഇ. ഹരികുമാർ തന്റെ രചനകളുടെ 10 വാല്യങ്ങൾ യശോദയുടെ ഗ്രന്ഥശാലയ്ക്കു സമ്മാനിച്ചു. 1000 പുസ്തകങ്ങളുമായി ആരംഭിച്ച ഗ്രന്ഥശാലയിൽ ഇന്നു പ്രമുഖ സാഹിത്യകാരന്മാരുടെ 5500ലേറെ പുസ്തകങ്ങളുണ്ട്.
മൂന്നര വയസ്സുള്ള കീർത്തന വി. കമ്മത്ത് മുതൽ 80 വയസ് കഴിഞ്ഞ വയോധികർ വരെ ഗ്രന്ഥശാലയിലെ അംഗങ്ങളാണ്. 26നു 2നു മട്ടാഞ്ചേരി പള്ളിയറക്കാവ് ക്ഷേത്രം - ഈസ്റ്റ് ഗേറ്റിനു സമീപത്തെ യശോദ ലൈബ്രറി വാർഷികാഘോഷം ഫാ. ആന്റണി ഇട്ടിക്കുന്നത്ത് ഉദ്ഘാടനം ചെയ്യും. ഡോ എൻ. അജിത്കുമാർ അധ്യക്ഷനാകും. കെ.ജെ. മാക്സി എംഎൽഎ മുഖ്യാതിഥിയാകും.
English Summary : 7th Standard Girl Starts Free Library