പത്മരാജൻ: തുറന്ന ജീവിതങ്ങളുടെ ആനന്ദനൃത്തങ്ങൾ; സങ്കടഗീതകങ്ങളും
Mail This Article
ചില എഴുത്തുകാരോടുള്ള നമ്മുടെ ബന്ധം പ്രേമസ്മരണകളുടേതാണ്. നാം ഒരു കഥയോ നോവലോ കവിതയോ വായിക്കുന്നു. ആ വികാരവായ്പിൽ നാം അതെഴുതിയ ആളെ സ്നേഹിക്കാൻ തുടങ്ങുന്നു. താളുകൾ മറിയുന്നു, കാലം പോകുന്നു, ഒരിക്കൽ വായനക്കാരായിരുന്ന നാം പിന്നീടു വായനക്കാരല്ലാതായി മാറിയാലും ചില ദുഃഖങ്ങൾ സംഭവിച്ചുപോയാലും ആ സ്മരണകൾ മലമുകളിൽ വിളക്കെന്ന പോലെ ജ്വലിക്കുന്നുവെന്നതാണു യാഥാർഥ്യം. പി. പത്മരാജൻ അങ്ങനെയൊരു ജ്വാലയാണ്. കാരണം ഈ എഴുത്തുകാരൻ ഒരുകൂട്ടം വായനക്കാരുടെ യൗവനത്തിന്റെ കാലമാണ്. എത്ര സഞ്ചരിച്ചാലും പരിമണം വിട്ടുപോകാത്ത സാമീപ്യമാണത്.
ഞാൻ ആദ്യം വായിച്ച പത്മരാജന്റെ നോവൽ പെരുവഴിയമ്പലം ആണ്, അതെന്റെ ആദ്യകാല പുസ്തകങ്ങളിലൊന്നുമാണ്. പെരുവഴിയമ്പലത്തിലെ ചെറുപ്പക്കാരൻ തന്നേക്കാൾ ബലവാനായ ഒരാളെ, ഒരു ചട്ടമ്പിയെ കുത്തിവീഴ്ത്തുന്നു. അയാൾ മരിക്കുന്നതോടെ ചെറുപ്പക്കാരന്റെ പലായനം തുടങ്ങുന്നു. തന്റെ വിധി മാറിപ്പോയതായി അവനു മനസ്സിലാകുന്നു. താൻ കൊന്നയാളുമായി ബന്ധപ്പെട്ടല്ലാതെ തനിക്കിനി മറ്റൊരു ജീവിതമില്ലെന്നും അതിനാൽ തന്റെ പുതിയ ജീവിതം ഒരു വലിയ ധർമസങ്കടമാണെന്നും അയാൾ തിരിച്ചറിയുന്നു. പെരുവഴിയമ്പലം പത്മരാജന്റെ ഏറ്റവും ശക്തമായ രചനകളിലൊന്നായിരുന്നു. അതിൽ നിന്നാണു പിന്നീട് ലോഹിതദാസിന്റെ കിരീടം വന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇപ്പോൾ പത്മരാജനെ ഓർമിക്കുമ്പോൾ, അത്തരം എത്രയോ കഥാപാത്രങ്ങളാണു മുന്നോട്ടുവരുന്നത്. അവർ ഓരോരുത്തരും വ്യത്യസ്തരായിരുന്നു. സിനിമയിലായാലും സാഹിത്യത്തിലായാലും പത്മരാജന്റെ പ്രധാന സവിശേഷത ആ ഭാവനാലോകത്തെ പ്രമേയ വൈവിധ്യമായിരുന്നു. ഓരോ രചനയും അതിനു പിന്നാലെ വരുന്ന രചനയിൽനിന്നു ഭിന്നമായി നിലകൊണ്ടു. ഓരോ സിനിമയുടെയും പ്രമേയവും തൊട്ടടുത്തതിൽനിന്നു സമ്പൂർണമായും അകന്നുനിന്നു. വിധി ഒരുക്കുന്ന നിസ്സഹായതയുടെ പെരുവഴിയമ്പലം സൃഷ്ടിച്ച ആളാണു വേശ്യാവൃത്തിയുടെയും ഏകാന്തതയുടെയും ഹീനമായ തടവായ അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എഴുതിയത്. പറന്ന് പറന്ന് പറന്ന് എന്ന റൊമാന്റിക് കോമഡിയിൽനിന്ന് സീസൺ, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയ ത്രില്ലറുകളും ഉണ്ടായി. ഇതാ ഇവിടെ വരെ എന്ന രചനയിലെ താറാവുംപറ്റം പോലെ പരക്കുന്ന കാമവും പകയുമല്ല കള്ളൻപവിത്രനിലെ കാപട്യജാലങ്ങളുടെ ലോകം. വലിയ എഴുത്തുകാരും ചലച്ചിത്രകാരന്മാരും വരെ സ്വയം ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ, പത്മരാജൻ വളരെ സ്വാഭാവികമായാണ് തന്റെ വൈവിധ്യമാർന്ന ലോകം നിർമിച്ചത്.
സിനിമയും സാഹിത്യവും രണ്ടുതരം ഭാവുകത്വമാണ് ആവശ്യപ്പെടുന്നതെന്നും പത്മരാജന് അറിയാമായിരുന്നു. അതിനാൽ സ്വന്തം കൃതികൾ സിനിമയാക്കുമ്പോഴും പത്മരാജൻ അതിലൊരു സ്വഭാവ വ്യതിയാനം വരുത്താൻ മടികാട്ടിയില്ല. തൂവാനത്തുമ്പികൾ ഉദാഹരണം. അതൊരു മോഹൻലാൽ സിനിമയായിരുന്നു. എന്നാൽ അതിന് ആധാരമായ ഉദകപ്പോള എന്ന നോവലിലാകട്ടെ സിനിമയിൽനിന്നു വ്യത്യസ്തമായ അന്തരീക്ഷമായിരുന്നു. തൂവാനത്തുമ്പികൾ പിന്നീടു രാഷ്ട്രീയമായി നിശിതമായി വിമർശിക്കപ്പെട്ടപ്പോഴും ഉദകപ്പോള എന്ന കൃതിയുടെ മൗലികത കാണാമറയത്തുനിന്നു.
ഉദകപ്പോളയിൽ ഞാൻ എന്ന ആഖ്യാതാവും ജയകൃഷ്ണൻ എന്ന കഥാപാത്രവും രണ്ടുപേരാണ്. നോവലിലെ പ്രധാന കഥാപാത്രങ്ങൾ കൂട്ടിക്കൊടുപ്പുകാരനായ തങ്ങളും ലൈംഗികവൃത്തി തൊഴിലായി സ്വയം തിരഞ്ഞെടുത്ത ക്ലാരയുമാണ്. ജയകൃഷ്ണനാകട്ടെ കുറേ സവിശേഷതകളുള്ള മറ്റൊരു കഥാപാത്രവും. മോഹൻലാലിനുവേണ്ടി നോവലിലെ ഞാൻ എന്ന കഥാപാത്രത്തെയും ജയകൃഷ്ണനെയും കൂട്ടിച്ചേർത്തു. ഈ ജയകൃഷ്ണനിലെ ഹീനമായ ഘടകങ്ങൾ അപ്പടി തുടച്ചുമാറ്റി അയാളെ നായകനാക്കി മാറ്റുകയാണു പത്മരാജൻ ചെയ്തത്.
പത്മരാജനു നിരൂപകപ്രശംസ നേടിക്കൊടുത്ത നോവലാണ് പ്രതിമയും രാജകുമാരിയും. അത് വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്ന കാലത്തു തന്നെ വായനക്കാർക്കിടയിൽ ചർച്ചാവിഷയമായിരുന്നു. കെ.പി. അപ്പൻ ആ നോവലിനെപ്പറ്റി പ്രശംസിച്ച് ഒരു പഠനവും എഴുതി. വിചിത്രമായ അന്തരീക്ഷമാണ് ആ നോവലിൽ. അതിലെ സംഭവങ്ങൾ ഒരു നാടോടിക്കഥ പോലെ തോന്നുമെങ്കിലും അതിലെ അന്തരീക്ഷം സമകാലികമായിരുന്നു. റിയലിസവും ഫാന്റസിയും ലയിപ്പിക്കുന്ന ഈ രചനാതന്ത്രമാണു പിന്നീടു ഞാൻ ഗന്ധർവനിൽ അദ്ദേഹം പരീക്ഷിച്ചത്.
അവിശ്വസനീയമാം വിധം ശാരീരികശേഷികളുണ്ടാകുമ്പോഴും മൂഢത്വം മുഖ്യഭാവമായ പുരുഷൻ പത്മരാജനു പ്രിയപ്പെട്ട കഥാപാത്ര സങ്കൽപമായിരുന്നു. ഒരിടത്തൊരു ഫയൽവാൻ എന്ന സിനിമ മുതൽ ഈ പുരുഷനെ കാണാം. അസാമാന്യകായികശേഷി ഈ പുരുഷനെ അദ്ഭുതവസ്തുവാക്കുന്നു. അയാൾ മാലാഖയോ ചെകുത്താനോ ആണെന്ന് ആളുകൾ കരുതും. ഫയൽവാൻ ഒരു പുഴ നീന്തി ഒരു ഗ്രാമത്തിലേക്ക് പൊടുന്നനെ പ്രത്യക്ഷനാകുന്നു. പ്രതിമയും രാജകുമാരിയും എന്ന നോവലിലെ പുരുഷനാകട്ടെ ഒരു സൈക്കിളിൽ, പുലരിയിൽ മരുഭൂമിയുടെ അറകളിൽനിന്ന് പ്രത്യക്ഷനാകുകയും സന്ധ്യയിൽ അവിടേക്കു തിരിച്ചുപോകുകയും ചെയ്യും.
അസാധാരണ സിദ്ധികളുള്ള ഈ പുരുഷന്മാർക്കു കൗശലങ്ങളോ ഭാവനാശക്തിയോ ഉണ്ടാവില്ല. അവരെ സ്ത്രീകൾ സ്വന്തമാക്കി വയ്ക്കാൻ ആഗ്രഹിക്കും. പ്രതിമയും രാജകുമാരിയും എന്ന നോവലിൽ പ്രതിമയായി വരുന്ന പുരുഷൻ ഇത്തരമൊരാളാണ്. മറ്റൊരാളുടെ ആജ്ഞ ശിരസ്സാവഹിക്കാനേ അവന് അറിയൂ. അവനു സ്വാതന്ത്ര്യം എന്താണെന്ന് അറിയില്ല. നിശ്ചലതയാണ് അവനു ശീലം. ഏകാന്തതയാണു ഭാവം. രാത്രി മുഴുവനും ആടാനും പാടാനും അവനു കഴിയും. എന്നാൽ സ്വന്തം ഹൃദയത്തിലേക്ക് ഉറ്റുനോക്കി ഒരു തീരുമാനമെടുക്കാൻ അവനാവില്ല. ഈ സ്വാതന്ത്ര്യരാഹിത്യമാണ് അവനിലെ കരുത്തു കൊണ്ടു വരുന്നത്. നിഷ്ക്കളങ്കതയെന്നോ മൂഢത്വമെന്നോ വിളിക്കാവുന്ന ഒരു ചിന്താരാഹിത്യം അവരെ ചുറ്റിനിന്നു.
മറുവശത്ത്, ഏറ്റവും സ്വതന്ത്രരായ സ്ത്രീകളെ സൃഷ്ടിക്കാനാണു പത്മരാജൻ ആഗ്രഹിച്ചത്. ജീവിതത്തിൽ തന്നെ വഞ്ചിക്കുന്നവരെയും കടന്നു ധീരമായി മുന്നോട്ടുപോകുന്ന പെണ്ണുങ്ങളാണു പത്മരാജനു പ്രിയം. നക്ഷത്രങ്ങളേ കാവൽ എന്ന നോവലിലെ കല്യാണിക്കുട്ടി മുതൽ പ്രതിമയും രാജകുമാരിയും എന്ന നോവലിലെ അരുന്ധതി വരെ. ഉദകപ്പോളയിലെ ക്ലാരയുടെ സ്വഭാവത്തെ ഹൃദ്യമായ അഹന്ത എന്നാണു പത്മരാജൻ വിളിക്കുന്നത്. അവൾ ഒരു കിടപ്പറയിൽനിന്ന് മറ്റൊരു കിടപ്പറയിലേക്കു സഞ്ചരിക്കുന്നു. രാത്രികളിൽ ഇറങ്ങിനടക്കുന്നു. ടാക്സിയിൽ ചുറ്റിയടിക്കുന്നു. ഇഷ്ടമുള്ള ഇടങ്ങളിൽ ഉറങ്ങുന്നു.
പ്രണയവും രതിയും പകയും വിരസതയും ആവോളം അനുഭവിക്കുന്നവരാണ് പത്മരാജനിലെ ആണും പെണ്ണും. പ്രണയസാഹസികതകളിൽ അലയുമ്പോഴും സ്വാർഥതയുടെയും വിരസതയുടെയും ഭാരം അവരെ വിട്ടുപോകുന്നില്ല. ശരീരം പരിശുദ്ധമായ ഇടമായിരിക്കണമെന്ന് ഈ പെണ്ണുങ്ങൾക്ക് ഒരു നിർബന്ധവുമില്ല. എന്നാൽ സ്വാതന്ത്ര്യവും അഹന്തയും അവർക്കു പ്രധാനമാണ്. അങ്ങനെയുള്ള സ്ത്രീകളെ അടച്ചുവയ്ക്കാൻ പുരുഷന്മാർക്കു കരുത്തുപോരാ.
പരുഷവും തീവ്രവുമായ വികാരപ്രപഞ്ചത്തിലെ ആത്മാവുകളാണു പത്മരാജന്റെ ലോകത്തുള്ളത്. അതിനാൽ ചില വായനക്കാർ എഴുത്തുകാരനുമായി ദൃഢമായ ഒരു ഉടമ്പടിയിൽ ഏർപ്പെട്ടു. കാരണം പത്മരാജനെ വായിക്കുമ്പോൾ നാം നമ്മോട് ഒരാൾ ഏറ്റവും സ്വകാര്യമായി ഒരു കഥ പറയുകയാണെന്നേ തോന്നൂ. വായനക്കാർക്ക് എഴുത്തുകാരനോടു തോന്നുന്ന ഈ അടുപ്പത്തിനു കാരണം ഏറ്റവുമേറ്റവും അഴകുള്ള ഒരു നീരൊഴുക്കായി പടരുന്ന പത്മരാജന്റെ ഭാഷയാണ്. സ്പാനിഷ് കവി റുബെൻ ദാരിയോ, പ്രപഞ്ച നിഗൂഢതകളുടെ വശ്യത തന്നെ എപ്രകാരമാണു കലയിലേക്ക് അടുപ്പിക്കുന്നതെന്ന് വിശദീകരിക്കുന്നുണ്ട് - ‘‘എന്റെ സ്വപ്നം ജ്ഞാനബദ്ധമായ പ്രഭയാണു പരത്തുന്നത്. സൗന്ദര്യം, ശക്തി, പണം, ആഡംബരം, ചുംബനങ്ങൾ, സംഗീതം എന്നിവ ഞാൻ സ്നേഹിക്കുന്നു. ഒരു കലാകാരനായ എന്നെ കലയ്ക്കല്ലാതെ മറ്റൊന്നിനും കൊള്ളില്ല. ഞാൻ ൈദവത്തിൽ വിശ്വസിക്കുന്നു, നിഗൂഢതയിലേക്ക് ഞാൻ ആകർഷിക്കപ്പെടുന്നു. മരണങ്ങളും ദിവാസ്വപ്നങ്ങളും എന്നെ ചുറ്റുന്നു. ഞാൻ ഒരുപാടു തത്വചിന്ത വായിച്ചിട്ടുണ്ട് പക്ഷേ എനിക്ക് ഒരു വരി പോലും തത്വചിന്ത അറിയില്ല. ഭൂമിയിൽ ഈ ശരീരവും ആത്മാവും കഴിയുന്നത്ര ആനന്ദിക്കട്ടെ, അതേ ആനന്ദം പരലോകജീവിതം തുടരട്ടെ.’’
പത്മരാജന്റെ കഥാപാത്രങ്ങൾ റുബെൻ ദാരിയോയുടെ ആദർശങ്ങൾ പങ്കുകൊള്ളുന്നവരാണ്. കാമമോ നൈരാശ്യമോ അവർ മറച്ചുവച്ചില്ല. അവരുടെ ആനന്ദവും ദുഃഖവും മലയാളിയുടെ ഭാവുകത്വത്തെ സമ്പന്നമാക്കുകയും ചെയ്തു.
English Summary : Web Column - Ezhuthumesha, P. Padmarajan, Thoovanathumbikal