ADVERTISEMENT

വികെഎൻ ഒരു വ്യക്തിയല്ല, ഒരു മാനസികാവസ്ഥയാണ് എന്നുപറഞ്ഞത് വികെഎൻ തന്നെയാണ്. അതു ശരിയുമാണ്. ഒരാളല്ല, ആളുന്ന അനുഭവമാകുന്നു ഈ അതികായൻ. ഞാറ്റുവേല പോലെ നമ്മുടെ ഈടുവയ്പുകളിലൊന്ന്. പോർച്ചുഗീസുകാർ കുരുമുളകു കൊണ്ടുപോകുന്നതിനെപ്പറ്റ‍ി ആരോ പറഞ്ഞപ്പോൾ സാമൂതിരിയുടെ മറുപടി, ‘കുരുമുളകല്ലേ അവർക്കു കൊണ്ടുപോകാൻ പറ്റൂ, ഞാറ്റുവേല കൊണ്ടുപോകാൻ പറ്റില്ലല്ലോ’ എന്നായിരുന്നു. ആർക്കും പൊളിച്ചടുക്കാനോ എടുത്തുകൊണ്ടുപോകാനോ അനുകരിക്കാനോ അപഹരിക്കാനോ പറ്റാത്ത അനന്യമായ ഒരു മലയാള അനുഭവമാകുന്നു വികെഎൻ. 

 

പകർപ്പവകാശമുള്ള ചിരി

വില്വമലച്ചെരിവിലെ വടക്കേ കൂട്ടാല വീടിന്റെ ഉമ്മറത്തിരുന്ന്, ഭൂഗോളത്തെ മുഴുവൻ ഗ്ലോബെന്ന ബോൺസായി ആക്കിയ പഹയൻ. ‘പറഞ്ഞുപോകരുതിതു മറ്റൊന്നിൻ പകർപ്പെന്നു മാത്രം’ എന്നു നെഞ്ചിൽ കൈവച്ചു പറയാൻ കഴിയുമായിരുന്നു വികെഎന്നിന്. പലവട്ടം അതു പറഞ്ഞിട്ടുമുണ്ട്. വികെഎൻ ഒരു പുഴയുടെയും കൈവഴിയല്ല. അതിൽ നിന്ന് ഒരു കൈവഴിയും തുടങ്ങുന്നുമില്ല. ട്രോളൻമാർക്കു പോലും വികെഎന്നെ തൊടാൻ മടിയാണ്. അതിൽ തൊട്ടാൽ പൊള്ളും. 

 

vkn-55-gif
വി.കെ.എൻ

വിഗ്രഹഭഞ്ജകമായ ആ ചിരി വീണ്ടെടുക്കേണ്ടത് കാലത്തിന്റെ വലിയൊരു അനിവാര്യതയാണ്. ചരിത്രവും രാഷ്ട്രീയവുമില്ലാത്ത ചാനൽ വളിപ്പുകളിൽ നിന്നു രക്ഷപ്പെടാനുള്ള വഴികളിലൊന്ന് പിതാമഹനോ ആരോഹണമോ പയ്യൻ കഥകളോ കയ്യിലെടുക്കുകയാണ്. അതിൽ ചരിത്രവും രാഷ്ട്രീയവും മാത്രമല്ല, ജ്യോതിഷവും ക്രിക്കറ്റും ആറ്റംബോംബും കഥകളിയും രതിയുടെ നേരംപോക്കുകളും കൃഷിയും ബ്യൂറോക്രസിയും പത്രപ്രവർത്തനവും തുടങ്ങി സൂര്യനു കീഴെയും മേലെയും വശങ്ങളിലുമുള്ള സകലതും ഉണ്ടായിരുന്നു. 

 

മധ്യവയസ്കകളെ ഓക്സ്ഫഡ് ആക്സന്റിലൂടെ വശപ്പെടുത്തിയ പയ്യനെപ്പോലെ ആ കഥകൾ വായനക്കാരും അല്ലാത്തവരുമായ മലയാളികളെ ഒരുപോലെ ആവേശിച്ചുകളഞ്ഞു. ഇന്നു മലയാളി നിത്യജീവിതത്തിൽ എടുത്തുപെരുമാറുന്ന ചില പ്രയോഗങ്ങളെങ്കിലും മട്ടും മാതിരിയും കൊണ്ട് അതിപുരാതന കാലം തൊട്ടേ ഇവിടെയുണ്ട് എന്നു തോന്നിപ്പിച്ചേക്കാമെങ്കിലും അതിനു നാം കടപ്പെട്ടിരിക്കുന്നത് നാണ്വാരോടാണ്. കൾസ് അടിക്കാമെന്നു പറയുമ്പോൾ, വിപ്ലവത്തിന്റെ അതേ നിറമുള്ള കടുമാങ്ങ കൂട്ടുമ്പോൾ, നിർത്തിയോ കിടത്തിയോ പൊരിച്ച ക‍ുക്കുടത്തെ വയറ്റിലേക്കു പറത്തിവിടുമ്പോൾ അതൊരു വികെഎൻ വായന കൂടിയാണെന്നു വായനക്കാരായ മലയാളികൾക്ക് അറിയാം. 

 

മഹാശോകം, മഹാഫലിതം..

മാൽക്കം മഗ്റിഡ്ജിനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ കുറുക്കിയെഴുത്തിനെക്കുറിച്ചും ആ കോളങ്ങളുടെ കൃശഗാത്രത്തെക്കുറിച്ചും ഗാന്ധിജിയുമായുള്ള കത്തിടപാടുകളെക്കുറിച്ചും യുസി കോളജിൽ അദ്ദേഹം അധ്യാപകനായിരുന്നതിനെക്കുറിച്ചും മാത്രമല്ല വികെഎൻ പറയുക. വീട്ടിൽ ചെന്നു കോളിങ് ബെൽ അടിച്ച മഗ്റിഡ്ജിനു മുന്നിൽ വാതിൽ തുറക്കപ്പെട്ടു. തുറക്കപ്പെട്ട വാതിലിനു പിന്നിൽ പ്രശസ്ത ചിത്രകാരി അമൃതാ ഷെർഗിൽ ഉടുതുണിയില്ലാതെ നിന്നതിനെക്കുറിച്ചും വികെഎന്നിനു പറയണം. മടിയും മറയുമില്ലായിരുന്നു. പുത്രശോകത്തിലും താതശോകത്തിലും ചുട്ട നാരായം കൊണ്ട് കൂസലില്ലാതെ വികെഎൻ എഴുതി. കഥകളിൽ കണ്ണീർ നനവില്ലെന്ന കുറ്റപ്പെടുത്തലുകൾക്ക് പയ്യനോ ചാത്തൻസോ ചെവി കൊടുത്തതായി ചരിത്രത്തിൽ ഇല്ല. മഹാശോകത്തിൽ നിന്നാകുന്നു മഹാഫലിതം. 

vkn-555-gif
വി.കെ.എൻ

 

 

വെള്ളായണി അർജുനനെ ആർക്കാണു പേടി?

വികെഎൻ‌ പരിഭാഷകളിൽ പുകഴ്പെറ്റൊരു കഥയാണ് ഇത്. കഥ നടക്കുന്നത് തിരുവനന്തപുരത്തെ സ്റ്റാച്യു ജംക്ഷനിലാണ്. പ്രതിമയായി നിന്നു മടുത്തിട്ടാവണം പണ്ടു തിരുവിതാംകൂർ ദിവാനായിരുന്ന സർ.ടി.മാധവറാവു വിശ്രമിക്കാൻ പോകുന്നു. ചാത്തമംഗലം കിട്ടൻ എന്നയാളെ തന്റെ സ്ഥാനത്തു പിടിച്ചു നിർത്തിയിട്ടാണ് മാധവറാവു പോയത്. പ്രശസ്ത നിരൂപകൻ എം.കൃഷ്ണൻ നായരെ കുടയാൻ വികെഎൻ പടച്ച കഥ‍ാപാത്രമാണ് കിട്ടൻ. കൃഷ്ണൻ നായരുടെ ഭാഷാപരമായ പിടിവാശികൾ കിട്ടനുമുണ്ട്.   

 

ഒരു പയ്യൻ Who is afraid of Virginia Wolf എന്ന എഡ്വേഡ് ആൽബിയുടെ പ്രശസ്തമായ പുസ്തകവും കയ്യിൽപ്പിടിച്ച് കിട്ടന് അടുത്തെത്തി. ‘സാറേ, ഈ പുസ്തകത്തിന്റെ പേരൊന്നു പരിഭാഷപ്പെടുത്തി പറയാമോ’ എന്ന ചോദ്യത്തിന് ഉടനടി കിട്ടന്റെ മറുപടി വന്നു. ‘വെള്ളായണി അർജുനനെ ആർക്കാണു പേടി?’. ഈ കഥ വന്നതോടെ കൃഷ്ണൻ നായർ സാഹിത്യവാരഫലം കോളത്തിൽ വിമർശനത്തിനു മൂർ‌ച്ച കൂട്ടി. ചിലപ്പോൾ അതിന്റെ അറ്റം ചോരയുടെ രുചിയറിഞ്ഞു. വികെഎൻ ഫലിതങ്ങൾ സ്വാഭാവികമല്ലെന്നതായിരുന്നു കൃഷ്ണൻ നായരുടെ വിമർശനത്തിന്റെ കാതൽ. കഥാപാത്രങ്ങളെക്കൊണ്ട് കൃത്രിമമായി വികെഎൻ ഫലിതം പറയിക്കുകയാണെന്നതിന് ഉദാഹരണങ്ങൾ നിരത്തി. ‘ഫോഴ്സ്ഡ് ഹ്യൂമർ’ ആണ് വികെഎന്റേത് എന്ന് ഒരു കോളത്തിൽ കൃഷ്ണൻ നായർ കടുപ്പിച്ചെഴുതി.  

 

vkn-33-gif
വി.കെ.എൻ

കുറച്ചു നാളുകൾ കഴിഞ്ഞു. തിരുവനന്തപുരത്ത് വീട്ടിലേക്കു പോകാനായി ബസ് കാത്തു നിൽക്കുകയായി രുന്നു കൃഷ്ണൻ നായർ. ഒരു കാർ വേഗം കുറച്ച് അടുത്തെത്തി. അതിൽ നിന്ന് ഒരു കൈ നീണ്ടു വന്നു. കൃഷ്ണൻ നായരുടെ ചുമലിൽ ഒരു പിടിത്തം. കാറിലേക്കു നോക്കിയപ്പോൾ ആളെ പിടികിട്ടി–വികെഎൻ. ‘വേദനിക്കുന്നു, കയ്യെടുക്കൂ’എന്നു പറഞ്ഞിട്ടും വികെഎൻ ഒരു പിടി കൂടി നടത്തിയിട്ടേ വിട്ടുള്ളൂ. കയ്യെടുക്കും മുൻപ് വികെഎൻ കൃഷ്ണൻ നായർക്കു പറഞ്ഞുകൊടുത്തു–ഇതാണ് ഫോഴ്സ്ഡ് ഹ്യൂമർ. കൊണ്ടാൽ കൊടുക്കാൻ മടിക്കാറില്ല വികെഎൻ. ചിലപ്പോൾ കൊണ്ടില്ലെങ്കിലും കൊടുക്കുകയും ചെയ്യും. 

 

മലഞ്ചെരുവിലെ ചന്ദനമരം

തിരുവില്വ‍ാമലയിലെ വടക്കേ കൂട്ടാല വീട്ടിലെത്തിയത് ‘കവിയുടെ കാൽപാടുകളി’ൽ വാക്കുകളുടെ മഹാബലി പി. കുഞ്ഞിരാമൻ നായർ ഓർമിക്കുന്നുണ്ട്:‘വികെഎൻ–മലഞ്ചെരുവിലെ ചന്ദനമരം. ചുണ്ടിൽ പുഞ്ചിരി, ഹാസ സാഹിത്യം കൂട്ടിയ മോഹിനിയാട്ടത്തിലെ രസികനായ ആ നട്ടുവൻ മുഖത്തു പനിനീർപ്പൂനോട്ടമെറിഞ്ഞു.ശേഷിച്ച പൊക്കുവട മുറ്റത്തിട്ടു. ഒരു കാക്ക എങ്ങുനിന്നോ ചാടി വീണു. ഒറ്റത്തീറ്റയറിയാത്ത അവൻ കൂട്ടരെ അവന്റെ ഭാഷയിൽ കൂകി വിളിച്ചു. വികെഎൻ ചൂണ്ടിക്കാട്ടി. ഇതാ മുറ്റത്തൊരു സോഷ്യലിസ്റ്റ്. വിശ്വപ്രേമത്തിന്റെ പോർക്കളത്തിലെ സ്നേഹ സഹകരണ സമരം. ആ സോഷ്യലിസം കറുത്ത ഉടുപ്പിട്ട ഇവൻ നടപ്പിലാക്കി. നിർത്തിപ്പൊരിച്ച കോഴിയും ബിരിയാണിയും മൂക്കറ്റം കേറ്റി പട്ടിണിപ്പാവങ്ങളുടെ തലയിൽ വോട്ടുപറ്റാൻ സോഷ്യലിസം അടിച്ചേൽപ്പിക്കുന്നവർ ഈ കറുത്ത ക്യാംപിൽ സ്റ്റഡി ക്ലാസിനിരിക്കട്ടെ!

 

ജനറൽ ചാത്തൻസ്,ഓണ സ്പെഷലുകൾക്കു കഥ അയച്ചോ?

 

മിക്കതിനും അയച്ചു. കവി ചാത്തൻസോ?’

 

തീ കൊളുത്തിയ ശേഷം ബീഡി വലിച്ചെറിയുകയും തീപ്പെട്ടിക്കൊള്ളി വലിക്കുകയും ചെയ്യുന്ന ആളാണ് കുഞ്ഞിരാമൻ നായരെന്ന് ആ വിചിത്ര ശീലങ്ങളെ മുൻനിർത്തി വികെഎൻ പറഞ്ഞിട്ടുണ്ട്. 

 

മുക്തകണ്ഠം വികെഎൻ

ഹാസ്യ സാഹിത്യകാരനായിരുന്നില്ല, സാഹസിക സാഹിത്യകാരനായിരുന്നു അദ്ദേഹം. കുഞ്ചൻ നമ്പ്യാരെപ്പോലെ, ഉണ്ണായി വാര്യരെപ്പോലെ, ബഷീറിനെപ്പോലെ, സി.വി.രാമൻ പിള്ളയെപ്പോലെ, വൈലോപ്പിള്ളിയെപ്പോലെ നമ്മുടെ വലിയ എഴുത്തുകാരിൽ ഒരാൾ. എഴുത്തുകൊണ്ട് ജീവിക്കാൻ അദ്ദേഹം ചങ്കൂറ്റം കാട്ടി. നിരൂപകർ എത്ര ഉഷ്ണിച്ചിട്ടും വികെഎന്റെ എഴുത്തിനെ പിടികിട്ടിയില്ല. അവരുടെ കയ്യിലെ കോപ്പുകൾക്ക് അപ്പുറത്തായിരുന്നു ആ എഴുത്തിന്റെ സ്കോപ്. 

 

വികെഎന്നെ വായിക്കുന്നത് ഒരു കൾട്ടാണ്. ഒരിക്കൽ ചേർന്നാൽ പിന്നെ അതിനു പുറത്തുകടക്കാനാവി ല്ലെന്നു മാത്രം. ഈ വർഷം വികെഎന്ന് അമൂല്യമായൊരു ശ്രാദ്ധമൂട്ടുണ്ടായി. കെ.രഘുനാഥൻ എഴുതിയ ‘മുക്തകണ്ഠം വികെഎൻ’ എന്ന അതിഗംഭീര പുസ്തകമാണ് അത്. ഇങ്ങനെ വേണം എഴുത്തുകാരുടെ ജീവിതാഖ്യായിക എഴുതാൻ. പുഴയ്ക്ക് അക്കരെ തിരുവില്വാമലയിൽ വികെഎൻ ഉണ്ടെന്നു കേട്ട് അലാവുദ്ദീൻ ഖിൽജി പേടിച്ചോടിയ കഥ വികെഎൻ എഴുതിയിട്ടുണ്ട്. വികെഎൻ ഉണ്ടെന്നു കേട്ടപ്പോൾ രഘുനാഥൻ പക്ഷേ തിരുവില്വാമലയിലേക്കാണ് ഓടിയത്. പ്രതിയെ കയ്യെഴുത്തോടെ പിടികൂടുകയും ചെയ്തു!.

 

English Summary : In Memory Of Malayalam's Famous Writer VKN