ADVERTISEMENT

ജർമൻ നാടോടിക്കഥകളിലെ പ്രധാനിയാണ് ‘ചെന്നായയും ഏഴ് കുഞ്ഞാടുകളും’.യുക്തിപരമായി വിശ്വസിക്കാൻ പ്രായാസം തോന്നുന്ന കഥാ സന്ദർഭമാണെങ്കിലും ഭാവനയുടെ തേരിലേറി സഞ്ചരിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വപ്ന സമാനമായ അനുഭവമാണ് ഈ കഥ സമ്മാനിക്കുക. കഥ നടക്കുന്നതു കാട്ടിലാണ്. അമ്മയാടും 7 കുഞ്ഞുങ്ങളുമാണ് പ്രധാന കഥാപാത്രങ്ങൾ. കുഞ്ഞുങ്ങളെ പിടികൂടാൻ പതുങ്ങി നടക്കുന്ന ക്രൂരൻ ചെന്നായ വില്ലനും.

 

അമ്മയും കുഞ്ഞുങ്ങളും താമസിക്കുന്നത് ഒരു കൊച്ചു വീട്ടിലാണ്. ചെന്നായയുടെ മുന്നിൽ അകപ്പെടാതെ അമ്മയാട് കുഞ്ഞുങ്ങളെ നിധിപോലെ കാക്കുകയാണ്. ഒരു മഞ്ഞുകാലത്തു ഭക്ഷണം തേടി അമ്മയാടിന് ദൂരെ ഗ്രാമത്തിലേക്കു പോകേണ്ടിവന്നു. അപരിചിതർ ആരുവന്നാലും വാതിൽ തുറക്കരുത്, പ്രത്യേകിച്ച് ആ കള്ളച്ചെന്നായ– പോകും മുൻപ് അമ്മ മക്കളെ ഉപദേശിച്ചു. അമ്മയാട് പോകുന്നതും നോക്കിയിരുന്ന ചതിയൻ ചെന്നായ കുറേ നേരം കഴിഞ്ഞപ്പോൾ ആടുകളുടെ വീടിനു മുന്നിലെത്തി. മക്കളെ വാതിൽ തുറക്കൂ,നിങ്ങളുടെ അമ്മയാണ് വിളിക്കുന്നത്.–ചെന്നായ സ്വരം മാറ്റി വിളിച്ചു.എന്നാൽ കുഞ്ഞുങ്ങൾക്കു ചെന്നായയാണ് എന്നു മനസ്സിലായി.അവരുടെ അമ്മയുടെ ശബ്ദം വളരെ സുന്ദരമാണ്.

 

ചെന്നായയുടെ ശബ്ദമോ ക്രൂരവും. ശബ്ദത്തിന്റെ കാഠിന്യം കുഞ്ഞുങ്ങൾക്കു മനസ്സിലായതോടെ ചെന്നായ തിരിച്ചു പോയി. തേൻ കുടിച്ച്,ശബ്ദം മൃദുലമാക്കി തിരിച്ചെത്തി. വീണ്ടും കുഞ്ഞുങ്ങളെ വിളിച്ചു. ശബ്ദത്തിലെ മൃദുലത കണ്ടപ്പോൾ കുഞ്ഞുങ്ങൾ തെറ്റിധരിച്ചു. പക്ഷേ,ബുദ്ധിമാൻമാരായ കുഞ്ഞുങ്ങൾ അമ്മയുടെ കാൽപാദം ജനാലയുടെ അടുത്തേക്ക് ഉയർത്തിക്കാട്ടാൻ ആവശ്യപ്പെട്ടു.അവരുടെ അമ്മയുടെ കാൽപാദത്തിന്റെ നിറം വെളുപ്പായിരുന്നു.ചെന്നായയുടേതോ കറുപ്പും. ഇത്തവണയും ചെന്നായയ്ക്ക് അകത്തു കയറാൻ കഴിഞ്ഞില്ല.

 

ഒടുക്കം ചെന്നായ കാൽപാദത്തിൽ വെള്ളപൂശി,മൃദുലമായ ശബ്ദത്തിൽ അവരെ വിളിച്ചു.കുഞ്ഞുങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം സംശയം തോന്നാത്ത വിധം ചെന്നായ ഉത്തരം നൽകി. അമ്മതന്നെ എന്നുറപ്പിച്ചു കുഞ്ഞുങ്ങൾ കതക് തുറന്നു. ഉടനെ ചെന്നായ വീടിനുള്ളിലേക്കു ചാടിക്കയറി.കുഞ്ഞുങ്ങൾ പലസ്ഥലത്ത് ഒളിച്ചിരുന്നെങ്കിലും ആറുപേരെ ചെന്നായ കണ്ടെത്തി. അവരെയെല്ലാം അവൻ പിടിച്ചു വിഴുങ്ങി. ഏഴാമത്തെ കുഞ്ഞ് ക്ലോക്കിനുള്ളിൽ കയറി ഒളിച്ചിരുന്നതിനാൽ കണ്ടെത്താനായില്ല. ആട്ടിൻകുട്ടികളെ അകത്താക്കി ചെന്നായ പുറത്തേക്കു പോയി. വയറിലെ ഭാരം കാരണം നടക്കാനാകാതെ ഒരു പുഴവക്കിൽ കിടന്നുറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയാട് വീട്ടിലെത്തി.ശേഷിച്ച മകൻ കാര്യങ്ങളെല്ലാം അമ്മയെ ധരിപ്പിച്ചു. അമ്മ ചെന്നായയെ തേടിയിറങ്ങി.ഒടുക്കം പുഴവക്കിൽ ബോധം കെട്ടുറങ്ങുന്ന ചെന്നായയെ കണ്ടെത്തി.അമ്മയാട് ചെന്നായയുടെ വയറ് കീറി.നോക്കുമ്പോൾ കുഞ്ഞുങ്ങൾ ജീവനോടെ വയറ്റിൽ.അവരെ പുറത്തിറക്കി കുഞ്ഞുങ്ങളുടെ അത്രയും വലിപ്പമുള്ള കല്ലുകൾ നിറച്ച് വയറ് തുന്നിക്കെട്ടി.

 

കുറേനേരം കഴിഞ്ഞപ്പോൾ ഇതൊന്നും അറിയാതെ ചെന്നായ ഉറക്കമുണർന്നു. വയറിന് വല്ലാത്ത ഭാരം.ആറ് കുഞ്ഞാടുകളെ തിന്നതിനാലാകാം എന്നു വിശ്വസിച്ചു.ദാഹം തോന്നിയ ചെന്നായ പുഴയിൽ ഇറങ്ങി വെള്ളം കുടിച്ചു.പെട്ടന്ന് കാലുതെറ്റി പുഴയിൽ വീണു.കല്ലുകളുടെ ഭാരംകാരണം ചെന്നായയ്ക്ക് തിരിച്ചു കയറാൻ കഴിഞ്ഞില്ല. ഒടുക്കം ആ പുഴയുടെ ആഴത്തിലേക്ക് ചെന്നായ പതിച്ചു.പിന്നീടുള്ള കാലം അമ്മയാടും കുഞ്ഞുങ്ങളും സന്തോഷത്തോടെ കഴിഞ്ഞു.

 

English Summary : The Wolf And The Seven Little Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com