കോടമ്പാക്കത്തെ ഒരു കൊച്ചു ബാലൻ ലോകമറിയുന്ന ഏ ആർ റഹ്മാനായത്; സാമർഥ്യമോ?, വാസനാ ബലമോ,വെറും ഭാഗ്യമോ?
Mail This Article
മുംബൈയുടെ തെക്കു– കിഴക്കായി, ആയിരത്തിലേറെ കിലോമീറ്റർ ദൂരെ ആൾത്തിരക്കേറിയ വേറൊരു വലിയ തീരദേശനഗരമുണ്ട്– ചെന്നൈ. ഈ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്താണ്, എത്രയോ ദശാബ്ദങ്ങളായി ദക്ഷിണേന്ത്യൻ സിനിമാവ്യവസായത്തിന്റെ പര്യായമായ കോടമ്പാക്കം.
രാജ്യത്തെ ഇന്നും പ്രവർത്തിക്കുന്ന സ്റ്റുഡിയോകളിൽ ഏറ്റവും പഴക്കമുള്ള എ.വി.എം സ്റ്റുഡിയോ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്ഥാപിക്കപ്പെട്ടത് ഇവിടെയാണ്. ആ പ്രദേശത്ത് അങ്ങനെയൊന്ന് ആദ്യമായിരുന്നു. പക്ഷേ, വേറെയും സ്ഥാപനങ്ങൾ വൈകാതെ പിന്നാലെ വന്നു. വർഷമേറെ കഴിഞ്ഞു. ഇന്നു കോടമ്പാക്കത്ത് അനേകം മൾട്ടിപ്പിൾ തിയേറ്ററുകളും, സിനിമയുമായി ബന്ധപ്പെട്ട സാങ്കേതികസ്ഥാപനങ്ങളും, സിനിമയിലും െടലിവിഷനിലും പ്രവർത്തിക്കുന്ന അനേകം പേരുടെ വാസസ്ഥാനങ്ങളും ഉണ്ട്.
എന്നാലും ഈ പ്രദേശം പാലി ഹിൽ പോലെ ആഢ്യത്വം തോന്നിക്കുന്ന ഒരു സ്ഥലമല്ല. കോടമ്പാക്കത്തിന് ആയിരത്തിലേറെ വർഷം പഴക്കമുണ്ട്. നിറയെയുള്ള ഇടവഴികളിൽ എപ്പോഴും തിങ്ങിത്തടഞ്ഞു നിൽക്കുന്ന വാഹനത്തിരക്ക്, കോവിലുകൾ, മുറിവീടുകൾ, ഓഫിസുകൾ.
അത്തരമൊരു ഇടവഴിയാണ് ഡോക്ടർ സുബ്ബരായൻ നഗറിലെ നാലാം നമ്പർ തെരുവ്. മോടി കുറഞ്ഞ ഈ ഇടനിരത്തിന്റെ ഏതാണ്ട് അറ്റത്തായി, ഉയർന്ന ജനാലകളും പുൽത്തകിടിയുമുള്ള വിശാലമായ ഒരു വെളുത്ത ഭവനമുണ്ട്. ഗേറ്റിനു സമീപം. വെളുത്ത മതിലിൽ പതിച്ച ചാരനിറമുള്ള ഫലകത്തിൽ ഇങ്ങനെ വായിക്കാം. ‘എ. ആർ. റഹ്മാൻ ഫൗണ്ടേഷൻ.’
അല്ലാരഖാ റഹ്മാൻ ജീവിതത്തിന്റെ മിക്കഭാഗവും ഇവിടെയാണ് ജീവിച്ചിട്ടുള്ളത്. മിക്കവാറും സമയം മുംബൈ, ലണ്ടൻ, ലോസ് ഏഞ്ചൽസ് തുടങ്ങി ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ കഴിച്ചു കൂട്ടാറുണ്ടെങ്കിലും അദ്ദേഹം വീട് എന്നു വിളിക്കുന്നത് ഈ സ്ഥലത്തെയാണ്. ‘യാത്രയിലല്ല’ എന്ന് അദ്ദേഹം പറഞ്ഞാൽ ആളെ ഇവിടെ വന്നാൽ കാണാം എന്നുറപ്പ്.
വീടിനോടു ചേർന്നാണ് പഞ്ചതൻ റെക്കോർഡ് ഇൻ. 1989–ൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും ആധുനികമായ റെക്കോഡിംഗ്– മിക്സിംഗ് സ്റ്റുഡിയോകളിൽ ഒന്നാണ്– തുടക്കം തൊട്ടേ അങ്ങനെയൊന്നുമല്ലെങ്കിലും. തുടക്കം തൊട്ടേ പഞ്ചതന് മേന്മ കാട്ടാൻ പുത്തൻ രീതിയിലുള്ള കുറച്ച് റെക്കോഡിംഗ് യന്ത്രങ്ങളൊക്കെ ഉണ്ടായിരുന്നു. എന്നാലും 1980–കളുടെ ഒടുവിൽ, അതു ചേർന്നു നിന്ന വീടു പോലെ തന്നെ, ആ സ്ഥാപനവും വളരെ ഒതുങ്ങിയതായിരുന്നു.
ഒരു ശരാശരി സ്വീകരണമുറിയുടെ വലിപ്പം മാത്രമുള്ള ഒരു ചെറിയ വീട്ടുസ്റ്റുഡിയോ. വർഷങ്ങൾ ചെന്നപ്പോൾ എ.ആർ. റഹ്മാൻ (അഥവാ ഏ. ആർ– കൂട്ടുകാരും സഹപ്രവർത്തകരും അങ്ങനെയാണ് വിളിക്കുക), സ്വന്തം വീടിനുമുള്ള സ്ഥലം സ്വന്തമാക്കിയെടുത്തു. ഒപ്പം നിലവിലുള്ള ഏറ്റവും പരിഷ്കൃതമായ ചില സംഗീതയന്ത്രങ്ങളും. അങ്ങനെ, ക്രമേണ പഞ്ചതനെ ഇന്നുള്ള രൂപത്തിലാക്കിയെടുത്തു. ചെന്നൈയിൽ ഉള്ള സമയത്ത് അദ്ദേഹം പ്രധാനമായും ഇവിടെയാണ് റെക്കോർഡിംഗ് നടത്തുക. ‘ശരിക്കുള്ള സൃഷ്ടി മുഴുവൻ നടക്കുന്ന സ്ഥലം.’ എന്നാണ് സഹായികൾ പറയാറ്.
സമാന്തരമായുള്ള വേറൊരു ഇടുപ്പാതയിലാണ് ഏ ആറിന്റെ ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ വെളുത്തു തിളങ്ങുന്ന ഓഫിസ്. 2010–ൽ സ്ഥാപിതമായ വൈ. എം. മൂവീസ്. ഇവിടെ ഒരു ഷൂട്ടിംഗ് ഫ്ലോറും, പോസ്റ്റ് പ്രൊഡക്ഷൻ സൗകര്യങ്ങളുമുണ്ട്. എഡിറ്റിംഗിനുള്ള ഉപകരണങ്ങളും മീറ്റിംഗ് ഹാളുകളും ഒരു പ്രൊജക്ഷൻ റൂമുമെല്ലാം അടക്കം. അടുത്ത കാലം വരെ ഈ മൂന്നു നില കെട്ടിടത്തിൽ തന്നെയായിരുന്നു, ഏ ആർ സ്ഥാപിച്ച് പ്രിൻസിപ്പൽ സ്ഥാനം വഹിക്കുന്ന കെ. എം. കൺസർവേറ്ററി എന്ന സംഗീത കോളജും പ്രവർത്തിച്ചിരുന്നത്. എന്നാൽ ഈ സ്ഥാപനം ഇപ്പോൾ, കോടമ്പാക്കത്തിൽ നിന്നു കുറച്ചു കിലോമീറ്റർ വടക്കോട്ടു മാറിയുള്ള വിശാലമായ ഒരു സ്ഥലത്തേക്കു മാറ്റിയിരിക്കുന്നു.
വൈ. എം. ഓഫിസിനു നേരെ എതിർവശത്താണ് എ.എം റെക്കോർഡിംഗ് സ്റ്റുഡിയോ. പഞ്ചതനെക്കാൾ വലിപ്പമുള്ള ഇവിടെയാണ് എആർ സംഗീതമൊരുക്കുന്ന സിനിമകളുടെ പശ്ചാത്തല സംഗീതം ഉരുക്കൊള്ളുന്നത്. ഓർക്കെസ്ട്രാ സംഗീതം മുഴുവൻ ഇവിടെയാണ് ചെയ്യുക. അവസാനത്തെ മിക്സിംഗും. സ്ഥാപനത്തിന്റെ ഒരു നില അപ്പാടെ പതിവായി മറ്റ് റെക്കോഡിംഗ് ആർട്ടിസ്റ്റുകൾക്ക് വാടകയ്ക്കു നൽകുകയാണ്.
ഇന്ത്യൻ പോപ് സംഗീത സംസ്കാരത്തിൽ ഖ്യാതി നേടിയ ഈ കെട്ടിടസമുച്ചയം, റഹ്മാന്റെ ഗാനങ്ങളുടെയും വീഡിയോകളുടെയും സ്റ്റേജ് അവതരണങ്ങളുടെയും പലതരം സേവനപ്രവർത്തനങ്ങളുടെയും അവസാനിക്കാത്ത സാങ്കേതിക പരിഷ്കരണങ്ങളുടെയുമെല്ലാം ഹൃദയസ്ഥാനത്താണ്.
ഈ അവസരത്തിൽ റഹ്മാന്റെ കർമമണ്ഡലത്തെക്കുറിച്ചു മാത്രം പറഞ്ഞാല്‍, മിക്കവർക്കും അറിയാവുന്ന കാര്യങ്ങളുടെ ആവർത്തനം മാത്രമായി മാറും. ഇതിനു കാരണം, ഇപ്പോൾ തന്നെ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചുള്ള ധാരാളം ലേഖനങ്ങളും അഭിമുഖങ്ങളും പൊതുജനങ്ങൾക്കു മുന്നിലുണ്ട് എന്നതു മാത്രമല്ല.
1990–കളിൽ ചെന്നൈയിൽ ജീവിച്ചിട്ടുള്ള ഒരാളാണെങ്കിൽ, എ.ആർ റഹ്മാൻ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാവാതെ വയ്യ. അദ്ദേഹത്തിന്റെ സംഗീതം, ഏതെങ്കിലും വിധത്തിൽ, എന്നെന്നേക്കുമായി അടയാളം വീഴ്ത്തിയ സന്ദർഭങ്ങൾ അനേകം പേരുടെ ജീവിതത്തിലുണ്ട്. വെറുമൊരു പാട്ടുകാരനോ, സംഗീതകാരനോ മാത്രമായിരുന്നില്ല റഹ്മാൻ, മറിച്ച് ദേശീയ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. അദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രതീക്ഷയുടെ വെളിച്ചം നൽകി. അനേകം ആശയങ്ങളാൽ വേർതിരിക്കപ്പെട്ട ഒരു നാടിനെ അവ ഒന്നിച്ചു കൊണ്ടു വന്നു. കുറച്ചു നിമിഷത്തേക്കെങ്കിലും അവ, കൂടുതൽ സമ്പന്നവും വിശിഷ്ടവുമായ എന്തോ അനുഭൂതമാക്കി.
സത്യം പറഞ്ഞാൽ, നമ്മിൽ ഏറെപ്പേർക്കും, ഏ. ആർ. റഹ്മാന്റെ സംഗീതം എന്നു വച്ചാൽ ജീവിതത്തിന്റെ ചില അംശങ്ങൾ നിർണയിച്ച ശബ്ദരേഖതന്നെയാണ്– അദ്ദേഹം പ്രവർത്തിച്ച നൂറിലേറെ സിനിമകൾക്ക് അവ നിർണായകമായതു പോലെ തന്നെ. മുമ്പേ വന്ന ആർ.ഡി. ബർമന്റെയോ ഇളയരാജയുടെയോ സംഗീതം കേട്ടു തഴകിയ, 1992–ലുണ്ടായിരുന്ന ആരും, മണിരത്നത്തിന്റെ ‘റോജ’യിലെ സംഗീതം കേട്ട് നിവർന്നിരുന്നു പോയത് ഓർക്കും. അതായിരുന്നു ഏആറിന്റെ ആദ്യത്തെ സിനിമ.
അമേരിക്കയിലെയും ബ്രിട്ടനിലെയും ഗായകരെ കേൾക്കുന്ന തിൽ മനസുറച്ച ഒരു തലമുറയിൽ, ഇന്ത്യൻ സംഗീതം കേൾക്കുന്നത് റഹ്മാൻ അഭിമാനകരമാക്കി മാറ്റി. പാശ്ചാത്യഭാവനയ്ക്ക് ഒപ്പം നിൽക്കാൻ ഇന്ത്യൻ സർഗാത്മകതയ്ക്കു കഴിയില്ല എന്നു കരുതിയ എല്ലാവരുടെയും സംശയങ്ങൾ തീർത്തു കൊണ്ട് ഏആർ ഓസ്കറുകളും ഗ്രാമികളും നേടിയെടുത്തു. മിക്ക് ജാഗർ, ആൻഡ്രൂ ലോയ്ഡ് വെബർ എന്നിവരെ പോലുള്ളവരുമായി പങ്കാളിത്തത്തിലും ഏർപ്പെട്ടു.
‘വന്ദേ മാതര’ത്തിലൂടെ അദ്ദേഹം ദേശഭക്തി പരിഷ്കാരത്തിനു ചേരുന്നതാക്കി. ‘ബോംബെ’ പോലുള്ള സിനിമകൾക്കു വേണ്ടി ചെയ്ത സംഗീതത്തിലൂടെ അദ്ദേഹം ശാന്തിക്കും നീതിക്കും വേണ്ടി നിലകൊണ്ടു. മിക്ക സംഗീതജ്ഞരും ഗായകരും, പിന്നിൽ സംഗീതമുതിർക്കുന്ന ഉപകരണങ്ങൾക്കൊപ്പം വേദിയിൽ അനങ്ങാതെ നിന്ന് കടലാസിൽ നോക്കി ഗാനങ്ങൾ ആലപിച്ചിരുന്ന ഒരു കാലത്ത്, ഏ ആർ നർത്തകരെയും പുതുപുത്തൻ സ്റ്റേജ് ഇഫക്റ്റുകളും ഉപയോഗിച്ച് സംഗീതപരിപാടികളുടെ മട്ടു തന്നെ മാറ്റി മറിച്ചു.
‘പേട്ട റാപ്പ്’ പോലുള്ള പാട്ടുകൾ കൊണ്ട് അദ്ദേഹം നമ്മെ ചിരിപ്പിച്ചു. ‘ലുക്കാ ചുപ്പി’ പോലുള്ള പാട്ടുകളിലൂടെ കരയിച്ചു. ‘ഛയ്യ ഛയ്യ,’ കൊണ്ട് നൃത്തം വയ്പിച്ചു. ‘കുൻ ഫായാ കുൻ’ ആലോചനാമഗ്നരാക്കി. ‘ജയ് ഹോ’ പ്രചോദിപ്പിച്ചു. ‘പ്രേ ഫോർ മി ബ്രദർ’ അനുതാപം ഉണർത്തി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നമുക്ക് ഇതെല്ലാമറിയാം– ഇതിലും ഏറെയും. അറിയാത്തത് ഈ മനുഷ്യനെ കുറിച്ചാണ്. സംഗീതത്തിന് അപ്പുറത്തുള്ള കാര്യങ്ങളെ കുറിച്ച് ഏ ആറിന്റെ ചിന്തകളും വികാരങ്ങളും എങ്ങനെയാണ്? എങ്ങനെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ദിവസം? കൂട്ടുകാരുടെയും കുടുംബത്തിന്റെയും കൂടെയിരിക്കുമ്പോൾ എങ്ങനെയുള്ള ആളാണ്? എന്താണ് അദ്ദേഹം രസിച്ചാസ്വദിക്കാറ്? എല്ലാറ്റിനും പുറമേ, എവിടേക്കാണ് അദ്ദേഹത്തിന്റെ പോക്ക്?
കോടമ്പാക്കത്തു നിന്നുള്ള ഒരു കൊച്ചു ബാലൻ, വലിയ സമ്പത്തിന്റെയോ, വിദ്യാഭ്യാസത്തിന്റെയോ പിന്തുണയില്ലാതെ എങ്ങനെയാണ് ലോകത്തിലെ ഏറ്റവും മഹത്തായ ചില വേദികളിൽ എത്തിപ്പെട്ട്, രാഷ്ട്രപതിമാർക്കും രാജവംശീയർക്കുമൊപ്പം തോളുരുമ്മി നിൽക്കാറായത്? വെറും വാസനാബലം കൊണ്ടാണോ? സാമർഥ്യം കൊണ്ടാണോ? അതോ, വെറും ഭാഗ്യമോ?
റഹ്മാൻ തന്നെപ്പറ്റിത്തന്നെ തുറന്നു സംസാരിക്കുന്നത് വളരെ അപൂർവമാണ്. ആർക്കും പിടികൊടുക്കാതെ അകന്നു മാറി നിൽക്കുന്നതിന് ചിലർ പരസ്യമായി വിമർശിച്ചിട്ടു പോലുമുണ്ട്. പക്ഷേ, അദ്ദേഹത്തെ കുറ്റം പറയാനാവില്ല. സ്വതവേ നാണം കുണുങ്ങിയാവുക, ജീവിച്ചു പോവാൻ വേണ്ടി നിരന്തരമായി അധ്വാനിക്കേണ്ടി വരുക, കുട്ടിക്കാലം തൊട്ടേ പൊതുജനദൃഷ്ടിയിൽ പെട്ടുകൊണ്ട് ജീവിക്കുക– ഇങ്ങനെയുള്ള അവസ്ഥയിൽ നമ്മളാണെങ്കിൽ എന്തു ചെയ്യും? നമ്മളെ എത്രകിട്ടിയാലും മതിയാവാത്ത ഒരു ലോകത്തിൽ നിശ്ശബ്ദതയും നിശ്ചലതയും കൊതിച്ചാൽ എന്തു ചെയ്യും?
ഊഹിക്കാവുന്നതു പോലെ തന്നെ അതി ബുദ്ധിമുട്ടാണ്. ഏആറിന്റെ കാര്യത്തിലാവട്ടെ, ആഴ്ചയിൽ ഏഴു ദിവസവും, ഇരുപത്തിനാലു മണിക്കൂറുമുള്ള ടി.വി. ചാനലുകളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും വരവോടെ കാര്യം കൂടുതൽ കുഴപ്പമായിട്ടുണ്ടാവാനേ വഴിയുള്ളൂ. എന്തായാലും, ഈ മനുഷ്യനിലുള്ള താൽപര്യം ഐതിഹാസികമായ മാനങ്ങളിലേക്ക് വളർന്നു കഴഞ്ഞിരിക്കുന്നു. അതുകൊണ്ടാവാം. ഏറെക്കാലമായി എല്ലാവരും കാത്തിരിക്കുന്ന ചില ഉത്തരങ്ങൾ നൽകാൻ സമയമായി എന്ന് അദ്ദേഹം തീരുമാനമെടുത്തത്–ദീർഘമായ നിശ്ശബ്ദത ഭഞ്ജിക്കാനും. ഇത്രയും വലിയ പ്രതിഭയോടെ ജീവിക്കുമ്പോൾ ഉള്ളിൽ തോന്നുന്നത് എന്താവാം? ഇത്രയേറെ പ്രശസ്തിയോടെ, വിട്ടുകൊടുക്കാത്ത സ്വകാര്യതയോടെ, ‘തിരക്കോടെ’ ജീവിക്കുമ്പോൾ?
അല്ലാരഖാ റഹ്മാൻ ആയി ജീവിക്കുമ്പോൾ എന്താവാം മനസിലുള്ളത്?
ഏ ആർ റഹ്മാൻ, സ്വപ്നം സംഗീതമാകുമ്പോൾ
കൃഷ്ണ ത്രിലോക്, വിവർത്തനം : ഏ ആർ ഹരിശങ്കർ
മനോരമ ബുക്സ്
വില 399 രൂപ
പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
English Summary : a-r-rahman-swapnam-sangeethamaakumpol