എഴുത്തുകാര്‍ നട്ടെല്ലുണ്ടെന്ന് കാണിക്കേണ്ട കാലം: ഡോ. എം ലീലാവതി
Mail This Article
കൊച്ചി∙ പൂര്‍ണസത്യത്തില്‍ വിശ്വസിക്കുകയല്ല അന്വേഷണം തുടരുകയാണ് വേണ്ടതെന്ന് സാനു മാസ്റ്റര്‍. കൊച്ചിയിൽ സംഘടിപ്പിക്കുന്ന കൃതി രാജ്യാന്തര പുസ്തകമേളയുടെ മൂന്നാം പതിപ്പ് ഡോ. എം. ലീലാവതിക്കൊപ്പം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ അറിയുന്തോറും അറിവില്ലായ്മ എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കണം. എന്തെല്ലാം ഇനിയും അറിയാനുണ്ടെന്ന് മനസിലാക്കിയുള്ള വിനയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാര്‍ നട്ടെല്ലുണ്ടെന്ന് കാണിക്കേണ്ട കാലമാണിതെന്ന് ഡോ. എം ലീലാവതി പറഞ്ഞു. അക്ഷരജ്ഞാനം കൊണ്ട് സ്വാതന്ത്ര്യം കാക്കാനാവുമോ എന്ന് ആശങ്ക തോന്നുന്ന കാലമാണിത്. നരേന്ദ്ര ദബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവര്‍ക്ക് അറിവിന്റെ സ്വാതന്ത്ര്യം കാക്കാനായെങ്കിലും അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോകുമ്പോള്‍ ജീവന്‍ പോകുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു.
പ്രതിരോധ സാഹിത്യത്തിന് പ്രാധാന്യമുള്ള കാലമാണിതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പഞ്ഞു. സമൂഹത്തെ പിന്നോട്ടടിയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വാതന്ത്ര്യവും മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതെ കലയ്ക്കും സാഹിത്യത്തിനും നിലനില്‍പ്പില്ലെന്നും മന്ത്രി പറഞ്ഞു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ സി രാധാകൃഷ്ണന്‍, എസ്പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തിനു മുന്‍പുതന്നെ ആയിരക്കണക്കിനാളുകളാണ് കൃതി സന്ദര്‍ശിച്ചത്. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പുസ്തകമേളയുടെ പ്രവര്‍ത്തന സമയം. 75,000 ചതുരശ്ര അടി വിസ്തൃതി വരുന്ന കൃതി 2020-ന്റെ ജര്‍മന്‍ നിര്‍മിത വേദികളില്‍ 46,000 ച അടി വിസ്തൃതിയുള്ള പൂര്‍ണമായും ശീതീകരിച്ച പുസ്തകോത്സവഹാളില്‍ 250 സ്റ്റാളുകളിലായി 150-ഓളം പ്രസാധകരാണ് ലക്ഷക്കണക്കിന് പുസ്തകങ്ങളുമായി എത്തിയിരിക്കുന്നത്. ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പുസ്തക കൂപ്പണുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്നത്. ഇതുള്‍പ്പെടെ മൊത്തം 20 കോടി രൂപയുടെ പുസ്തകങ്ങളാണ് കൃതി 2020-ലൂടെ വില്‍ക്കാന്‍ ലക്ഷ്യമിടുന്നത്.
രണ്ടു വേദിയിലായി ഫെബ്രുവരി 8 മുതല്‍ 16 വരെയാണ് കൃതി വിജ്ഞാനോത്സവം. 68 സെഷനിലായി 205-ഓളം എഴുത്തുകാരും ചിന്തകരുമാണ് വിജ്ഞാനോത്സവത്തില്‍ പങ്കെടുക്കാനെത്തുന്നത്. ജ്ഞാനപീഠ ജേതാക്കളായ പ്രതിഭാ റായി, എംടി വാസുദേവന്‍ നായര്‍ എന്നിവരും എ ആര്‍ വെങ്കിടാചലപതി, പി സായ്‌നാഥ്, ശശി തരൂര്‍, ഡോ. ബദ്രി നാരായണന്‍, ജയ്‌റാം രമേഷ്, പ്രൊഫ എം കെ സാനു, പ്രൊഫ. എം ലീലാവതി, സച്ചിദാനന്ദന്‍, എന്‍ എസ് മാധവന്‍, ഡോ. എം ആര്‍ രാഘവവാര്യര്‍, ടി പത്മനാഭന്‍, ശ്രീകുമാരന്‍ തമ്പി, സമാന്‍ അശ്രുദ, എം മുകുന്ദന്‍, വൈശാഖന്‍, രാജന്‍ ഗുരുക്കള്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, വി കെ രാമചന്ദ്രന്‍, അര്‍ച്ചനാ സിംഗ്, പപ്പന്‍ പത്മകുമാര്‍, രാജേന്ദ്ര കിഷോര്‍ പാണ്ഡെ, മന്ദ്രാക്രാന്താ സെന്‍, സുമരാബ്ദുള്ള അലി തുടങ്ങി പുതുതലമുറയിലെ പ്രമുഖ മലയാളി എഴുത്തുകാരും വ്യത്യസ്ത വിഷയങ്ങളിലെ വിദഗ്ധരുമുള്‍പ്പെടെയാണിത്. സാഹിത്യത്തിനു പുറമെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷനുകളും വിജ്ഞാനോത്സവത്തിന്റെ ഭാഗമാകും.
ഫെബ്രുവരി 7 മുതല്‍ 16 വരെ വൈകീട്ട് അരങ്ങേറുന്ന ആര്‍ട് ഫെസ്റ്റിനായി 8000 ചതുരശ്ര അടി വിസ്തൃതിയുള്ള പ്രത്യേക വേദി ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 7-ന് കാസര്‍ഗോഡ് യക്ഷരംഗയുടെ യക്ഷഗാനം, 8ന് കെപിഎസിയുടെ മുടിയനായ പുത്രന്‍ നാടകം, 9ന് കോട്ടയ്ക്കല്‍ പിഎസ് വി നാട്യസംഘം വക അര്‍ജുന വിഷാദ വൃത്തം കഥകളി, 10-ന് തൃശൂര്‍ കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ട്, 11-ന് ലൗലി ജനാര്‍ദനന്റെ ഫ്യൂഷന്‍ മ്യൂസിക്, 12ന് അഷ്രഫ് ഹൈദ്രോസിന്റെ സൂഫി സംഗീതം, 13ന് കല്ലൂര്‍ ഉണ്ണിക്കൃഷ്ണന്‍, പോരൂര്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ ഇരട്ടത്തായമ്പക, 14ന് ഡോ. വസന്തകുമാര്‍ സാംബശിവന്റെ കഥാപ്രസംഗം, 15ന് എം കെ ശങ്കരന്‍ നമ്പൂതിരിയുടെ കര്‍ണാടക സംഗീതക്കച്ചേരി, 16-ന് കൊല്ലം അഭിജിതും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നീ പരിപാടികളും അരങ്ങേറും.
English Summary : Krithi 2020 International Book Fair