എന്റെ ഭാര്യയായിരുന്നവൾ, ഇപ്പോൾ എന്റെ സുഹൃത്തിന്റെ ഭാര്യ; അവൾക്ക് വേറൊരാളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു...
Mail This Article
ലോകം പ്രണദിനം ആഘോഷിക്കുമ്പോൾ ഒരു പ്രണയദിനത്തിൽ പരിചയപ്പെട്ട ഒരു മനുഷ്യനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് എഴുത്തുകാരി കെ.പി സുധീര. നിമിഷങ്ങൾ മാത്രം പരിചയമുള്ള അയാൾ മനസ്സിൽ നിറച്ച സ്നേഹം തുളുമ്പുന്ന ഓർമ്മകളെക്കുറിച്ച് സുധീര പങ്കുവച്ച കുറിപ്പിങ്ങനെ :-
പ്രണയ ദിനത്തിൽ ഓർത്തെടുക്കാൻ പ്രണയസ്മരണകൾ ഒന്നുമില്ല. എന്നാലൊരു പ്രൗഢ രൂപം ഹൃദയത്തിൽ മുഖമുയർത്തുന്നു. എന്നെ മറന്നുവോ. പ്രിയങ്കരിയായ പെൺകുട്ടീ. പത്തു വർഷത്തി ലധികം മുമ്പാണ്. പെൺകുട്ടിക്കാലമൊക്കെ എന്നോ കഴിഞ്ഞു. മക്കളുടെ കോളേജ് കാലംഎന്ന് പറയാം.
ഞാനും ഭർത്താവും ഒരു കെണിയിൽ പെട്ടു. വാലന്റൈൻസ് ഡേ കെണിയിൽ ഞങ്ങളെ പെടുത്തിയത് ഡോ. പി.എ ലളിത എന്ന ഞങ്ങളുടെ ഉറ്റസ്നേഹിത. അവർ താജ് ഹോട്ടലിൽ ഞങ്ങൾക്കായി വാലന്റൈൻ ഡിന്നർ ബുക്ക് ചെയ്തു. കൂടെ ആരുമുണ്ടാവില്ല. ഞങ്ങളവിടെ പ്രണയ ദിനം ആഘോഷിച്ചു മടങ്ങണം.
രാത്രി ഏഴു മണിക്ക് മുൻപേ ഞങ്ങൾ താജിൽ എത്തി. ഞങ്ങൾക്കായി റിസർവ് ചെയ്ത സീറ്റിലേക്ക് ബെയറർ ഞങ്ങളെ ആനയിച്ചു. വാലന്റൈൻ റോസ് തന്നു. വാലന്റൈൻ കേക്ക് മേശമേലെത്തി. അത് മുറിച്ചു തന്ന് ബാക്കി കേക്കുമായി അവർ പോയി. ഞങ്ങൾ സൂപ്പിന് ഓർഡർ ചെയ്തു. പത്തു മിനുട്ടു കഴിഞ്ഞു. ഇരുപത് മിനുട്ടു കഴിഞ്ഞു. സൂപ്പ് എത്തിയില്ല. അര മണിക്കൂർ കഴിഞ്ഞപ്പോൾ സൂപ്പെത്തി. ബാങ്കിലെ ജോലി കഴിഞ്ഞ് വിശന്നും തളർന്നും വന്ന ഞാൻ ബെയററോട് അൽപം ചൂടായി . (A hungry man / woman is an angry man/ woman എന്നല്ലേ?) ‘‘എന്താ ചേട്ടാ - വിശന്ന് വയറു കത്തിയല്ലോ. എന്താ ഇത്ര താമസം?’’
അയാൾ ചിരിച്ചു. ‘‘മാഡം ഇന്നിങ്ങനെയാണ്. ഇന്ന് പ്രണയികൾക്ക് സംസാരിക്കാനുള്ള ദിനമാണ്. ഭക്ഷണം പതുക്കെയേ മേശമേൽ എത്തു’’
പൊള്ളുന്ന സൂപ്പ് കുറേശ്ശെയായി രുചിച്ച് തീർന്ന് ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി. മിനിമം ഒരു മണിക്കൂർ കഴിയാതെ ഭക്ഷണമെത്തില്ല. ഞങ്ങൾക്കാണെങ്കിൽ യാതൊന്നും പറയാനില്ല. തൊട്ടടുത്ത റിസർവ് ചെയ്ത സീറ്റുകളെല്ലാം നിറഞ്ഞു. പ്രണയ കടാക്ഷങ്ങൾ. പ്രണയം നിറഞ്ഞ സംഭാഷണങ്ങൾ. വറ്റിയ തടാകക്കരയിൽ ദാഹിച്ചിരിക്കുന്ന വേഴാമ്പലുകളായി ഞങ്ങൾ. ഭാഗ്യത്തിന് അപ്പോഴേക്കും ഫ്ലോറിൽ ഗസൽ ഗായകനെത്തി. അന്തരീക്ഷം സംഗീതമയം വരണ്ട കണ്ഠത്തിലേക്ക് അമൃതെന്ന പോലെ ഗസലുകൾ വാർന്നു വീണു. പ്രണയവും വിരഹവും തിങ്ങിനിറഞ്ഞ ഉർദു ഗസലുകൾ ശ്രവിച്ച് ഞങ്ങൾ ആനന്ദത്താടെ പരസ്പരം നോക്കി.
ഇതിനിടെ ഭക്ഷണമെത്തി. വയറു നിറഞ്ഞു. മധുരം കഴിക്കാതെ പോകരുതെന്ന് ബെയറർ പറഞ്ഞപ്പോൾ ഞങ്ങൾ ഫലൂദക്ക് ഓർഡർ ചെയ്തു. ഇനിയൊരു അര മണിക്കൂർ_ ഞങ്ങൾ കണക്ക് കൂട്ടി. അപ്പോഴേക്കും ഭർത്താവിൻ്റെ ഫോണിലേക്ക് ഒരു കോൾ.
‘‘താജിലേക്ക് വന്നാൽ മതി. ഞാൻ റിസപ്ഷനിൽ കാത്തു നിൽക്കാം’’
ഞാനിപ്പോ വരാമെന്ന് പറഞ്ഞ് ആൾ പോയി. ഞാൻ ചുറ്റും നോക്കി. എല്ലാവരും ഭക്ഷണവും പ്രണയവും ആഘോഷിക്കയാണ്. എന്റെ എതിർവശത്തുള്ള മാന്യന്റെ കണ്ണുകളുമായി എന്റെ കണ്ണുകൾ ഏറ്റുമുട്ടി. സൂട്ടും കോട്ടുമൊക്കെയിട്ട് നമ്മുടെ ജവഹർലാൽ നെഹ്രുജിയുടെ തനി ഛായ. അദ്ദേഹത്തിന് എതിർവശത്തായി ഒരു സ്ത്രീ ഇരിക്കുന്നുണ്ട്. പെട്ടെന്ന് അവർ എണീറ്റ് അദ്ദേഹത്തിന് ഹസ്തദാനം നടത്തി ധൃതിയിൽ ഇറങ്ങിപ്പോയി. അവർ തിരിഞ്ഞപ്പോൾ ഞാൻ ശ്രദ്ധിച്ചു - അവർക്ക് 65 കഴിഞ്ഞു കാണും.കോടീശ്വരി ആയിരിക്കണം.
കുറച്ചു നേരം അദ്ദേഹം എന്നെ നോക്കിയിരുന്നു എന്നിട്ട് അടുത്തേക്ക് വന്ന് ഇംഗ്ലീഷിൽചോദിച്ചു.
‘‘ഞാനിവിടെ ഇരുന്നോട്ടെ എൻ്റെ പ്രിയങ്കരിയായ പെൺകുട്ടീ?’’
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
‘‘ ഇരിക്കാം സർ. പക്ഷേ ഞാൻ വെറുമൊരു പെൺകുട്ടിയല്ല. കോളേജിൽ പഠിക്കുന്ന കുട്ടികളുടെ അമ്മയാണ്’’
അദ്ദേഹം മന്ദഹസിച്ചു.
‘‘ഞാൻ ശ്രദ്ധിക്കയായിരുന്നു. നിന്റെ മുഖത്തെ പ്രസാദവും സന്തോഷവും പറയൂ നീയാരാണ്?’’
‘‘ ഞാനൊരു ചെറിയ എഴുത്തുകാരി. ബാങ്കിൽ ജോലിയുണ്ട്. ഇതൊരു സുഹൃത്തിന്റെ സമ്മാനമാണ് ഈ പ്രണയ വിരുന്ന്. ഭർത്താവ് റിസപ്ഷനിൽ ആരെയോ കാണാൻ പോയി’’
അദ്ദേഹം മൃദുവായി പുഞ്ചിരിച്ചു.
‘‘ നീ എന്നെപ്പറ്റി എഴുതുമോ, ആഹ്ലാദവതിയായ പെൺകുട്ടി?’’
ഞാൻ ചിരിച്ചു.
‘‘എന്നെ പെൺകുട്ടിയെന്ന് വിളിച്ച ആളല്ലേ? എഴുതാം. ആട്ടെ. ആരാണ് ആ ഇറങ്ങിപ്പോയത്? ഭാര്യ? കലഹിച്ചാണോ?’’
തമാശക്കാണ് ചോദിച്ചത്.
‘‘അതെ. എന്നാലല്ല. എന്റെ ഭാര്യയായിരുന്നവൾ. ഇപ്പോൾ എന്റെ സുഹൃത്തിന്റെ ഭാര്യ. അവൾക്ക് വേറൊരാളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു. ബിസിനസുകാരനായ എനിക്ക് അവളെ ശ്രദ്ധിക്കാൻ സമയമില്ലല്ലോ. അതായിരുന്നു പരാതി. ഞാൻ സമ്മതിച്ചു. എന്നാൽ ഞങ്ങൾ തമ്മിൽ ഒരു കരാറുണ്ടായി രുന്നു. ഫെബ്രുവരി 14 ന് ലോകത്തിന്റെ ഏത് മൂലയിലായാലും ഞങ്ങൾ ഒന്നിച്ചിരുന്ന് ഡിന്നർ കഴിക്കുമെന്ന് .അവൾ ഫ്രാൻസിൽ നിന്ന് പറന്നെത്തിയതാണ്. ഫ്ലൈറ്റിന്റെ സമയമായി.അതാ പോയത്.’’
എന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. അദ്ദേഹം വിഷയം മാറ്റി.
‘‘നിനക്കെങ്ങനെ ഇത്ര സന്തോഷിക്കാൻ കഴിയുന്നു ആഹ്ലാദവതിയായ പെൺകുട്ടി?’’
ഞാൻ തല താഴ്ത്തി. എനിക്ക് ദു:ഖങ്ങളില്ലെന്നോ ! എന്നേക്കാൾ ദുഃഖിതയായി ആരുണ്ട്?
‘‘സർ - സംഗീതം എനിക്ക് ജീവനാണ്. ഗസലുകൾ പ്രാണനും. ആ സന്തോഷത്തിലാണ് ഞാൻ. എനിക്കും വേണ്ടത്ര ദുഃഖങ്ങൾ ദൈവം തന്നിട്ടുണ്ട്. ’’
ആ വലിയ മനുഷ്യൻ എന്റെ കണ്ണുകളിൽ അടരാൻ കാത്തു നിന്ന കണ്ണുനീർ കണ്ട് എന്റെ കരം ഗ്രഹിച്ചു. എന്തൊരു തണുപ്പ്! മരണത്തെ സ്പർശിച്ച പോലെ ഞാൻ നടുങ്ങി.
‘‘ജിയേ തോ ജിയേ കൈസേ ബിന് ആപ്കേ’’ ഗായകൻ പാടുകയാണ്. പൊടുന്നനെ അദ്ദേഹം രണ്ടു കൈകളും കൊണ്ട് മുഖം പൊത്തി. പിന്നെ ആ പഴയ ചിരി മുഖത്തേക്ക് പടർന്നു.
‘‘എനിക്ക് ആരുമില്ല. രണ്ട് മക്കൾക്കും എന്നെ വേണ്ട. യു എസിലും യുകെയിലുമായി അവർ കഴിയുന്നു. അവർക്കെന്റെ പണവും വേണ്ട. എന്നേക്കാൾ ദുഃഖമൊന്നും നിനക്കുണ്ടാവില്ല. കോടികളുടെ ആസ്തിയാണ് എന്നെയിപ്പോൾ ദുഃഖിപ്പിക്കുന്നത്. അത് വേണ്ടപ്പെട്ടവർക്ക് വേണ്ട - നിനക്ക് തരട്ടെ?’’
ഞാൻ ചെറുതായി ചിരിച്ചു. ‘‘സർ അത്ര വലിയ ദുഃഖമൊന്നും താങ്ങാൻ എനിക്ക് കഴിവില്ല. എനിക്ക് വേണ്ട ട്ടോ’’
‘‘ ശരി. എന്നാൽ നീയെനിക്ക് ഒരു വാക്ക് തരണം. ഞാൻ ഒരു വലിയ പാർട്ടി ബോംബെയിൽ അറേഞ്ച് ചെയ്യുന്നുണ്ട്. അതിൽ നീ പങ്കെടുക്കണം. നമ്പർ തരൂ. അദ്ദേഹം കീശയിൽ നിന്ന് പൊൻ നിറമാർന്ന പേന മേശമേലേക്കിട്ടു. ഞാൻ ടിഷ്യു പേപ്പറിൽ എന്റെ നമ്പർ എഴുതി. അത് കീശയിൽ നിക്ഷേപിച്ച് അദ്ദേഹം അസ്വസ്ഥനായി.
‘‘ശരി. പിന്നെ കാണാം. ഇനിയും വൈകിയാൽ ശരീരത്തെ കാർന്നു തിന്നുന്ന വേദന തുടങ്ങും. റൂമിലെത്തി ഇഞ്ചക്ഷൻ എടുക്കണം. അവിടെ ഡോക്ടർമാർ കാത്തു നിൽക്കുന്നു. കണ്ടില്ലേ എന്റെ അസിസ്റ്റന്റ്സ് അതാ അവിടെ അക്ഷമനായി നിൽപുണ്ട്. ശരീരത്തിൽ WBC യാണധികം - ചുവന്ന സെല്ലുകളെ അവ കൊന്നു തിന്നുകയാണ്. പോവും മുമ്പ് മുംബൈയിൽ തിരിച്ചെത്തി ഒരു പാർട്ടി നടത്തും. എന്റെ പഴയ സുഹൃത്തുക്കളെ കാണണം. നീയും വരണം.ശരി. എന്റെ ആഹ്ലാദവതിയായ പെൺകുട്ടി - ഞാൻ യാത്ര പറയുന്നില്ല. എന്തെന്നറിയില്ല - നീയെന്റെ ഹൃദയത്തിന്റെ ഭാഗമായത് പോലെ! ’’
ആജാനുബാഹുവായ അദ്ദേഹം എന്നെ നോക്കാതെ അസിസ്റ്റ്ൻറിനൊപ്പം ശിരസുയർത്തി നടന്നു പോയി. എത്ര കുലീനമായ നടത്തം! അങ്ങയുടെ പേരറിയില്ല. നാടറിയില്ല. അങ്ങീ ലോകത്ത് നിന്ന് മാഞ്ഞു പോയിരിക്കണം. എന്നിട്ടും ഒരു വാലന്റൈൻ റോസിന്റെ ശുഭ്രസുഭഗമായ സൗരഭ്യമായി ആ ഓർമകൾ ....
(ഇതൊരു കാൽപനിക കഥയല്ല. ആ മനുഷ്യനെപ്പറ്റി പിന്നീട് ഞാനൊരു കഥയെഴുതി - "Valentine's day " - കുറഞ്ഞ സമയം കൊണ്ടെനിക്ക് തന്ന ആ വലിയ സ്നേഹത്തിന് പകരമായി മറ്റെന്ത് കൊടുക്കാൻ! )
English Summary : Valentine Rose, Fb post By K.P Sudheera