ആരെയേല്‍പിച്ചിട്ടു പോവുകയാണു നീ; ആരോരുമില്ലാത്ത ഞങ്ങളെയൊക്കെയും ?
Mail This Article
ഒരു യുഗത്തിന്റെ അന്ത്യം എന്നത് ഒരു വിശേഷണമാണ്. അപൂര്‍വം പേര്‍ക്ക് മാത്രം യോജിക്കുന്നതും അനേകം പേര്‍ക്ക് അര്‍ഹതയില്ലാതെ ചാര്‍ത്തിക്കൊടുക്കുന്നതും. ചരിത്രത്തില്‍തന്നെ അപൂര്‍വം അവസരങ്ങളിലായിരിക്കും ഒരു യുഗം അവസാനിക്കുന്നത്. മലയാള സാഹിത്യത്തിലും ഒരു യുഗം അവസാനിച്ചിരിക്കുന്നു; പുതുശ്ശേരി രാമചന്ദ്രന്‍ എന്ന കവിയുടെ വിയോഗത്തിലൂടെ. കേരളത്തെ ആവേശഭരിതമാക്കിയ, മലയാളത്തിന്റെ സൗന്ദര്യത്തെ മലയാളികള്‍ക്കെങ്കിലും ബോധ്യപ്പെടുത്തിയ. ഗൃഹാതുരതയെ ഒരു വികാരമാക്കിയ ഒരു യുഗത്തിന്റെ അന്ത്യം.
യുഗം തുടങ്ങുന്നത് ഇടപ്പള്ളി കവികളിലാണ്. ചങ്ങമ്പുഴയിലും ഇടപ്പള്ളിയിലും. അവര്‍ കൊളുത്തിയ പന്തം ഏറ്റുവാങ്ങി വയലാര്‍ രാമവര്‍മ. കെടാതെ തലമുറകളിലേക്ക് ആ വെളിച്ചം പകര്‍ന്നു ഒഎന്‍വിയും പി.ഭാസ്കരനും തിരുനല്ലൂര്‍ കരുണാകരനും പുതുശ്ശേരി രാമചന്ദ്രനും. അകാലത്തില്‍ സ്വന്തം ജീവിതത്തിന്റെ വെളിച്ചം ഊതിക്കെടുത്തി ഇടപ്പള്ളി. അകാലത്തില്‍ സ്പന്ദിക്കുന്ന അസ്ഥിമാടമാകാനായിരുന്നു ചങ്ങമ്പുഴയുടെ നിയോഗം.
ദീര്‍ഘായുസ്സുകളായിരുന്നു മറ്റു മൂവരും. ആദ്യം പോയത് നാഴൂരി പാലു കൊണ്ട് നാടാകെ കവിതയുടെ കല്യാണം നടത്തിയ പി.ഭാസ്കരന്‍. അധികമാരുമറിയാതെ, കാറ്റേ നീ വീശരുതിപ്പോള്‍ , കാറേ നീ പെയ്യരുതിപ്പോള്‍, ആരോമല്‍ത്തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ എന്നു പാടിയ തിരുനല്ലൂര്‍ കരുണാകരന്‍ വിട പറഞ്ഞു. പ്രേമം ധീരമാണെന്നു പ്രഖ്യാപിച്ച കവി. ഒടുവിലിപ്പോള്‍ പുതുശ്ശേരി രാമചന്ദ്രനും.
അതേ. ഇതാദ്യമായി, അക്ഷരാര്‍ഥത്തില്‍ ഒരു യുഗം അവസാനിച്ചിരിക്കുന്നു. നഷ്ടപ്പെടുവാന്‍ കൈച്ചങ്ങലകള്‍ മാത്രമെന്നും നേടാനുള്ളത് പുതിയൊരു ലോകമെന്നും പ്രഖ്യാപിച്ച ധീര നൂതനമായ പ്രത്യയശാസ്ത്രത്തിന്റെ പടപ്പാട്ടുകാരായ കവികളുടെ നിരയിലെ അവസാനത്തെ വിയോഗം. ഇനി പടപ്പാട്ടുകാരില്ല. മുദ്രാവാക്യം മുഴക്കുന്ന കവികളില്ല. സാമൂഹിക മുന്നേറ്റം ലക്ഷ്യമാക്കി മുന്നേറുന്ന, അക്ഷരങ്ങളെ ആയുധമാക്കുന്ന കവികളില്ല. ആ യുഗം അവസാനിച്ചിരിക്കുന്നു. അതാണ് പുതുശ്ശേരിയുടെ വിയോഗത്തിന്റെ ചരിത്രപ്രസക്തി. കാലത്തില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന മായാത്ത കാല്‍പ്പാടും.
തിളച്ച മണ്ണില്‍ കാല്‍നടയായി നടന്ന കവിയാണ് പുതുശ്ശേരി. വിപ്ലവത്തിന്റെ മണ്ണില്‍ പൊടിച്ച പുല്‍ക്കൊടി. സ്വാഭാവികമായും അദ്ദേഹത്തിന്റെ ആദ്യകാല കവിതകളില്‍ നിറഞ്ഞുനിന്നതും പുതിയൊരു ചക്രവാള ത്തിന്റെ പ്രതീക്ഷ. എല്ലാ മനുഷ്യരും ഒന്നായി ഒരുമിച്ചു ജീവിക്കുന്ന സുന്ദരികളുടെയും സുന്ദരന്‍മാരുടെയും ലോകം. അയല്‍വക്കത്തു താമസിക്കുന്ന മനുഷ്യന്റെ ശബ്ദം ഏറ്റവും പ്രിയപ്പെട്ട സംഗീതമായി ശ്രവിക്കുന്ന മനുഷ്യരുടെ ലോകം.
ആ പ്രതീക്ഷ എന്നെന്നേക്കുമായി അവസാനിച്ചതിനൊപ്പം പുതുശ്ശേിരിയും യാത്രയായിരിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കൂടെയുള്ള കവികളേക്കാളും ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. കാരണം താന്‍ ജീവന്‍ കൊടുത്ത പ്രത്യയശാസ്ത്രം വ്യതിചലിച്ചു എന്നു തോന്നിയപ്പോള്‍ അക്ഷരങ്ങള്‍ കൊണ്ട് അദ്ദേഹം ഇടപെട്ടു. ചൈനയിലെ ടിയനമെന്‍ സ്ക്വയറില്‍ നടന്ന വെടിവയ്പ് തന്നെ ഉദാഹരണം. സ്വാതന്ത്ര്യദാഹികളെ, നൂറു പൂക്കളുടെ പേരില്‍ സ്ഥാപിതമായ രാഷ്ട്രം ചവിട്ടിയരച്ചപ്പോള്‍ പുതുശ്ശേരിക്ക് ശബ്ദിക്കാതിരിക്കാനായില്ല. അദ്ദേഹം ഒരു മടിയും കൂടാതെ തുറന്നുതന്നെ എഴുതി:
മനുഷ്യസ്നേഹത്തിന്റെ തത്ത്വശാസ്ത്രമേ,
വെറും മതഭ്രന്തന്‍മാരുടെ
കൊലവാളെന്നോ നീയും ?
ഈ വരികളില്‍ പുതുശ്ശേരിയുടെ ആത്മാവുണ്ട്; ജീവനും. വെറും ഒരു പടപ്പാട്ടുകാരന്‍ മാത്രമായിരുന്നില്ല പുതുശ്ശേരി. ആജ്ഞയ്ക്കനുസരിച്ച് മുദ്രവാക്യം എഴുതുന്നതു മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ കവിദൗത്യം. വിശ്വസിച്ച പ്രത്യശാസ്ത്രത്തെപ്പോലും വെല്ലുവിളിക്കാന്‍ കാണിച്ച ധൈര്യമാണ് പുതുശ്ശേരിയെ കാലത്തില്‍ വ്യക്തമായി അടയാളപ്പെടുത്തിയ കവിയാക്കി മാറ്റിയത്.
പുതിയ കൊല്ലനും പുതിയൊരാലയും എന്ന കവിതാ സമാഹാരത്തിലെ ആശമത്തിന്റെ കണ്ണുനീര്‍ എന്ന കവിത എന്ന പുതുശ്ശേരിയുടെ കാവ്യവ്യക്തിത്വത്തിന്റെ അടയാളം പേറിയ കവിതയാണ്. കണ്വാശ്രമത്തി ലേക്ക് കവി നടത്തുന്ന യാത്രയാണ് കവിതയുടെ ഇതിവൃത്തം. പ്രിയംവദയുടെയും അനസൂയയുടെയും വാക്കുകള്‍ ഇന്നു മാറ്റൊലിക്കൊള്ളുന്ന അന്തരീക്ഷം. ശകുന്തള ദുഷ്യന്തന്റെ കൊട്ടാരത്തിലേക്ക് പോകുമ്പോള്‍ ഉയരുന്ന തോഴിമാരുടെ കണ്ണുനീരില്‍ കവിത തുടങ്ങുന്നു.
ആരെയേല്‍പിച്ചിട്ടു പോവുകയാണു നീ
( യാരോരുമില്ലാത്ത) ഞങ്ങള്‍ രണ്ടാളിനെ ?
ഐതിഹ്യത്തെ ആസ്പദമാക്കിയ കവിതയല്ല പുതുശ്ശേരി എഴുതിയത്. അതേ ആശ്രമത്തില്‍ 1500 സംവത്സരങ്ങള്‍ക്കുശേഷം നടത്തിയ യാത്രയില്‍ കേട്ട വിലാപമാണത്. ആശ്രമം ഇന്നില്ല. അവിടെ വേലിപ്പടര്‍പ്പില്ല. ജഡാധാരികളില്ല. മുനിമാരില്ല. മുനികളുടെ മന്ത്രങ്ങള്‍ക്കു കാതോര്‍ത്തുനിന്ന മാന്‍പേടകളില്ല. ആശ്രമം നിന്ന സ്ഥാനത്ത് ഇന്ന് ഒരു കന്യാസ്ത്രീമഠം. ചുറ്റും കരിങ്കല്‍മതില്‍.
സാമഗാനങ്ങള്‍ മുഴങ്ങിയിരുന്നൊരാ-
സായന്തനാഭകള്‍ കാണ്‍മതില്ലെങ്ങുമേ !
കണ്വനെവിടെ, യെവിടെ ശരദ്വതന്‍ !
കന്യമാണിയാം പ്രിയംവദയെങ്ങഹോ ?
ഒരു ഒട്ടുമാവിന്റെ തണല്‍പറ്റി പുരാതന കണ്വാശ്രമം ചുറ്റിക്കണ്ട് കവി മടങ്ങുകയാണ്. എന്നാല്‍ അപ്പോഴും കേള്‍ക്കുന്നു പേരറിയാത്ത പ്രാവുകളുടെ അര്‍ഥമറിയാത്ത കുറുകല്‍. അതിന് അതേ സ്വരം. ഭാവം. നാദം. അതേ വാക്കുകള്‍.
ആരെയേല്‍പിച്ചിട്ടു പോവുകയാണു നീ
യാരോരുമില്ലാത്ത ഞങ്ങളെയൊക്കെയും ?
മലയാളം പുതുശ്ശേരി എന്ന യുവപ്രഭാവനോടും ചോദിക്കുന്നത് ഇതേ ചോദ്യം തന്നെ. ഒരു യുഗം ആവസാനിപ്പിച്ച് മടങ്ങുന്ന കവിയോട് ചോദിക്കുന്ന ചോദ്യം:
ആരെയേല്‍പിച്ചിട്ടു പോവുകയാണു നീ -
(യാരോരുമില്ലാത്ത) ഞങ്ങള്‍ രണ്ടാളിനെ ?
English Summary : About Puthussery Ramachandran And His Poems