വാൻഗോഗിന്റെ പ്രണയ സമ്മാനം കാമുകി ഒന്നേ നോക്കിയുള്ളൂ; ബോധരഹിതയായി നിലംപതിച്ചു...
Mail This Article
എന്നെ ഇത്രയേറെ ഇളക്കിമറിക്കാന്‍ കഴിഞ്ഞ ഈ മനുഷ്യന് ആരാണ്. ജീവിതകാലം മുഴുവന്‍ ഞാന്‍ അന്ധനായിരുന്നു എന്നു മനസ്സിലാക്കിത്തന്ന ഈ മനുഷ്യന് ആരാണ് ? കൂട്ടുകാരന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു ചിത്രപ്രദര്‍ശനം കാണാന്‍ പോയപ്പോള്‍ എര്‍വിങ് സ്റ്റോണ്‍ എന്ന യുവാവാണ് ഇങ്ങനെ അദ്ഭുതം കൂറിയത്. അയാള്‍ അപ്പോള്‍ കണ്ടത് വിന്‍സന്റ് വാന്‍ഗോഗ് എന്ന ഡച്ച് ചിത്രകാരന്റെ ചിത്രങ്ങളായിരുന്നു.
37-ാം വയസ്സില്‍ ഒരു വെടിയുണ്ടയില്‍ ജീവിതം അവസാനിപ്പിച്ച പ്രതിഭയുടെ ചിത്രങ്ങള്‍. അതൊരു തിരിച്ചറിവായിരുന്നു. അന്നുമുതല്‍ എര്‍വിങ് സ്റ്റോണ്‍ തന്റെ ജീവിതം വാന്ഗോഗിനുവേണ്ടി നീക്കിവച്ചു. അദ്ദേഹത്തെ അറിയാനും അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ചു ഗവേഷണം നടത്താനും. അതൊരു തപസ്യയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട തപസ്യ.
ഇക്കാലത്ത് ജീവിക്കാനുള്ള വക ഒപ്പിക്കാന്‍വേണ്ടി അദ്ദേഹം ചില കുറ്റാന്വേഷണ നോവലുകള്‍ എഴുതി വിറ്റു പണം സമ്പാദിച്ചു. ബാക്കി സമയമെല്ലാം വാന്‍ഗോഗ് പഠനം. എര്‍വിങ് സ്റ്റോണിന്റെ കഠിന തപസ്യ ഫലം ചെയ്തു. അതാണ് ‘ലസ്റ്റ് ഫോര്‍ ലൈഫ്’ അഥവാ ജീവിതാസക്തി. ലോകപ്രശസ്തമായ നോവല്‍. വിന്‍സന്റ് വാന്‍ഗോഗിന്റെ ജീവിതത്തെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും സമഗ്രവും ആധികാരികവും എന്നാല്‍ ഭാവനാത്മകവുമായ കലാ ആവിഷ്ക്കാരം.
മരിച്ചതിനുശേഷം വാന്‍ഗോഗ് എങ്ങനെ പ്രശസ്തിയിലേക്ക് കുതിച്ചുകയറിയോ അതുപോലെ പ്രശസ്തിയുടെ കൊടുമുടിയിലേക്കു കയറിയ നോവല്‍. 1989 ല്‍ തന്നെ കോഴിക്കോട്ട് നിന്നുള്ള മള്‍ബെറി പബ്ലിക്കേഷന്‍സ് നോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കുകയും ചെയ്തു. പരിഭാഷ ജയേന്ദ്രന്‍.
ദാരിദ്ര്യവും ഉന്മാദവുമായിരുന്നു ജീവിച്ചിരുന്നപ്പോള്‍ വാന്‍ഗോഗിന്റെ കൂട്ടുകാര്‍. ജീവിതത്തോടും നിറങ്ങളോടുമുള്ള അടങ്ങാത്ത ആസക്തിയും. നിറങ്ങളോടുള്ള അദ്ദേഹത്തിന്റെ ആസക്തിയുടെ ഫലമായാണ് കുറഞ്ഞ ജീവിതകാലത്ത് അദ്ദേഹം വരച്ച എണ്ണം പറഞ്ഞ ചിത്രങ്ങള്‍. ഇംപ്രഷനിസ്റ്റ് ചിത്രകലാ സങ്കേതത്തിന്റെ കുലപതി. മഞ്ഞ നിറത്തിന്റെ നിത്യകാമുകന്.
താമസ സ്ഥലത്ത് നിരന്തരം ഒരു ശല്യക്കാരനായപ്പോള്‍ വാന്‍ഗോഗിനെ ജയിലില്‍ അടച്ച സംഭവം പോലുമുണ്ടായിട്ടുണ്ട്. ഗ്രാമീണരുടെ നിരന്തരമായ അഭ്യര്‍ഥനയെത്തുടര്‍ന്നായിരുന്നു അത്.
മറ്റൊരിക്കല്‍ കാമുകിക്ക് രക്തോപഹാരം കൊടുത്ത് വാന്‍ഗോഗ് പ്രണയത്തിന് അനശ്വര സ്മാരകം പണിതിട്ടുണ്ട്.
തലയില്‍ തൊര്ത്തുകെട്ടിന് മേല്‍ ഒരു തൊപ്പിയിട്ടു. ല മാര്ട്ടിന് മുറിച്ചുകടന്ന് വാന്‍ഗോഗ്, ലൂയിയുടെ സ്ഥാപനത്തില്‍ മുട്ടിവിളിച്ചു.
ഒരു പരിചാരിക വാതില്‍ തുറന്നു.
‘ റഷേലിനെ അയയ്ക്ക്’.
റഷേല്‍ വന്നു.
‘ ഓ കിറുക്കാ, താങ്കളോ. എന്താണു വേണ്ടത് ? ’
‘ ഞാന്‍ നിനക്ക് ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്’.
‘ എനിക്ക് സമ്മാനം ? ’
‘ അതെ ’
‘ഓ, ഫൂ, റൂ, താങ്കള്‍ എത്ര നല്ല ആളാണ്’.
‘ ഇതു സൂക്ഷിച്ചുവയ്ക്കൂ- എന്റെ ഓര്‍മയ്ക്ക് ! ’
‘ എന്താണത് ’
‘ തുറന്നുനോക്കൂ’.
റഷേല്‍ കെട്ടു തുറന്നു. മുറിച്ചെടുത്ത ചെവി. ഒന്നേ നോക്കിയുള്ളൂ. ബോധരഹിതയായി നിലംപതിച്ചു.
വിന്‍സന്റ് തിരിച്ചുനടന്നു. മുറിയില്‍ കയറി വാതിലടച്ചു. കിടക്കയില്‍ വീണു.
ജീവിതം കൊണ്ട് പ്രണയിക്കുകയും ശ്വാസഗതികൊണ്ട് വരയ്ക്കുകയും ചെയ്ത വിന്‍സന്റ് നിത്യദാരിദ്ര്യത്തിലാണ് ജീവിച്ചത്. സഹോദരന് തിയോ കഷ്ടപ്പെട്ട് അയയ്ക്കുന്ന പണം കൊണ്ട്. തിളച്ചുമറിയുന്ന ഉന്മാദത്തിന്റെ അസ്വസ്ഥതകള്‍ ആവോളം. ഇതേ വാന്‍ഗോഗിന്റെ ഒരു ചിത്രത്തിനു പോലും ഇന്നു വിലമതിക്കുന്നത് കോടികള്‍. കഴിഞ്ഞദിവസം ആംസ്റ്റര്‍ഡാമിനു സമീപമുള്ള മ്യൂസിയത്തില്‍നിന്നു മോഷണം പോയ വാന്‍ഗോഗിന്റെ ചിത്രത്തിന്റെ ഏകദേശ വില 60 ലക്ഷം ഡോളര്‍. മാര്‍ച്ച് 30- ആയിരുന്നു അദ്ദേഹത്തിന്റെ 167-ാം ജന്മവാര്‍ഷികം. അന്നുതന്നെയാണ് സ്പ്രിങ് ഗാര്ഡന് എന്ന അദ്ദേഹത്തിന്റെ ചിത്രം മോഷണം പോയതും. മരങ്ങള്‍ക്കിടയില്‍ ഏകനായി നില്ക്കുന്ന മനുഷ്യന്റെ വിരഹവും ഏകാന്തതയും കാത്തുനില്പും ആവിഷ്കരിച്ച അനശ്വര ചിത്രം.
English Summary : Lust For Life Story of Vincent van Gogh Novel By Irving Stone