ഉപേക്ഷിക്കപ്പെട്ടവ എടുത്തു സൂക്ഷിച്ചാൽ അത് മോഷണമാകുമോ?
Mail This Article
ഏഴുമേഴും പതിന്നാലു ചതുരങ്ങളുള്ള വലിയൊരു അക്കുകളം. അങ്ങനെ ഒരു ലയം ആയിരുന്നു അന്ന് എന്റെ തറവാട്. മുൻവശത്തെ ഏഴു മുറിക്കുള്ളിലായി ആളുകൾ ഒതുങ്ങിയപ്പോൾ, പിന്നിലെ മുറികളിൽ ചൂട്ട്, വിറക്, ചകിരിത്തൊണ്ട്, ഉപേക്ഷിക്കപ്പെട്ട മൺകലങ്ങൾ, പുസ്തകങ്ങൾ, പേപ്പർകെട്ട് എന്നിവയൊക്കെ കുന്നു കൂടി. അവിടെ ഞങ്ങൾ കുട്ടികൾ കഞ്ഞീം കറിയും കളിച്ചു. ഒളിച്ചേ കണ്ടേ കളിച്ചു. ടീച്ചറും കുട്ടീം കളിച്ചു. മറ്റാരും കൂട്ടിന് ഇല്ലാത്തപ്പോഴും കുറേയേറെപ്പേർ കൂടെയുണ്ടെന്നു സങ്കൽപിച്ച് ഈ കളികളൊക്കെ ഞാൻ ഒറ്റയ്ക്കും കളിച്ചു.
അങ്ങനെ ഒറ്റയ്ക്കുള്ള ഒരു കളി ദിവസമാണ് മൂലയ്ക്കു കൂട്ടിയിട്ടിരുന്ന പുസ്തകക്കൂട്ടങ്ങളിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞത്. നോട്ടം പുസ്തകങ്ങളിൽ എത്തിയ സ്ഥിതിക്ക് അന്നത്തെ എന്റെ ഒറ്റയാൻ കളി ടീച്ചറും കുട്ടിയും ആയിരുന്നിരിക്കണം. പഠിക്കാതെ വന്നതിന് നിരനിരയായി ഉണക്കി വച്ചിരുന്ന ചൂട്ടുകെട്ടുകൾ അടികൊണ്ടിരിക്കണം.
കൂടിക്കിടക്കുന്നവയ്ക്കിടയിൽ കുനുകുനെ കുറിച്ച കുറേ നോട്ട് ബുക്കുകൾ, ഓട്ടോഗ്രാഫ് ബുക്കുകൾ, പാഠപുസ്തകങ്ങൾ... അവയെല്ലാം ചിതലിനും എനിക്കുമായി ബാക്കിവച്ച് അവയുടെ യഥാർഥ ഉടമസ്ഥർ നിത്യവൃത്തിക്കുള്ള വഴിതേടി പൊയ്ക്കഴിഞ്ഞിരുന്നു. അതിനിടയിൽനിന്ന് ‘ഓടയിൽ നിന്ന്’ എന്ന പുസ്തകവും എടുത്ത് അന്നത്തെ കളി അവസാനിപ്പിച്ചു വീട്ടിൽ പോയി. അതായിരുന്നു എന്റെ പുസ്തകശേഖരത്തിലെ ആദ്യ പുസ്തകം.
അപ്പന്റെ പേരിൽ കടം പറഞ്ഞു പത്രക്കടയിൽനിന്ന് ബാലരമ വാങ്ങുകയും ഒറ്റയിരുപ്പിൽ അതു വായിച്ചു തീർത്ത് തൊട്ടടുത്ത ദിവസം സ്കൂളിൽ കൊണ്ടുപോയി ബാലരമ കൊടുത്ത് ബാലഭൂമിയും ബാലമംഗളവും വച്ചുമാറി വായിക്കുകയും ചെയ്ത കാലമായിരുന്നു അത്. ഫ്രീ പീരിയഡുകളിൽ ക്ലാസ്സിൽ ഉറക്കെ വായിച്ചു കേൾപ്പിക്കാനായി തെന്നാലി രാമൻ കഥകളും, പഞ്ചതന്ത്രം കഥകളും ടീച്ചറുമാർ എന്റെ കയ്യിൽ തന്നിരുന്നു. ഉറക്കെയുറക്കെ ആ കഥകൾ വായിച്ചു കേൾപ്പിക്കാൻ അന്നെനിക്ക് ആവേശമായിരുന്നു. ഇത്രയുമായിരുന്നു ഓടയിൽ നിന്ന് എന്ന പുസ്തകം കയ്യിൽ എത്തുവോളമുള്ള എന്റെ വായനാനുഭവം.
‘അമ്മയെ ഞാൻ കഥ വായിച്ചു കേൾപ്പിക്കട്ടെ’.. ഓടയിൽ നിന്നുമായി ഞാൻ അമ്മയുടെ പിറകെ കൂടി. അടുക്കളയിൽ ഇരുന്ന് ആദ്യ പേജ് മുതൽ ഉറക്കെ വായിച്ചു തുടങ്ങി. ‘അവിടെ അല്ലെടീ കഥ തുടങ്ങുന്നത്’. അമ്മ വന്നു കുറേ പേജുകൾ മറിച്ചു തന്നു. ‘ഇവിടം മുതൽ വായിക്ക്.’
ആണോ, പെട്ടെന്ന് തീരാനായി അമ്മ എന്നെ പറ്റിച്ചതാകുമോ?
ഏയ് ആവില്ല. ഒന്ന് എന്ന് എഴുതിയിട്ടുണ്ട്. വായിച്ചു തുടങ്ങി. എന്നെ കേൾക്കാൻ ഒരുപാടുപേരുള്ള പോലെ ഞാൻ വായിച്ചു. അമ്മ അരി കഴുകുന്ന, പത്രം കഴുകുന്ന, അടുപ്പിൽ ഊതുന്ന ഒച്ചയിൽ പെട്ട് ഒരു വാക്കു പോലും കേൾക്കാതെ പോകരുതെന്നോർത്ത് ഉറക്കെയുറക്കെ ഞാൻ വായിച്ചു കൊണ്ടിരുന്നു.
‘പപ്പു കുറച്ചു കൂടി അടുത്തു നിന്നു. അയാളുടെ വലതു കൈ അവളുടെ തോളിൽ വീണു...’ ബാക്കി രണ്ടു വരി ഞാൻ ഉറക്കെ വായിച്ചില്ല. മനസ്സിൽ വായിച്ചു പേജ് മറിച്ചു. അടുത്ത അധ്യായം ഉറക്കെ വായിച്ചു തുടങ്ങി. പിന്നീട് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ശേഷം ഉറക്കെ വായിക്കാൻ കൊള്ളാത്ത എന്തോ ആണെന്ന് ആ നാലാം ക്ലാസുകാരിക്കു തോന്നിയതിനു പിന്നിലെ കാരണത്തെക്കുറിച്ച്.
ഇന്നു പുസ്തക ദിനത്തിൽ ആ പഴയ പുസ്തകം വെറുതെ ഒന്നു തപ്പിയെടുത്തു. വായിച്ചില്ല, വായിക്കണമെന്ന് തോന്നിയുമില്ല.
അതായിരുന്നു ഞാൻ ആദ്യമായി മുഴുവൻ വായിച്ച പുസ്തകം. പിന്നെ നാളിതുവരെ എത്രയെത്ര പുസ്തകങ്ങൾ... എത്രയെത്ര വായനയോർമകൾ... പ്രിയപ്പെട്ടവരുടെ സമ്മാനങ്ങൾ... ഏതൊക്കെ നാടുകൾ, വീടുകൾ, ഹോസ്റ്റലുകൾ പിന്നിട്ട് എന്നോടൊപ്പം കൂടിയ പുസ്തകങ്ങൾ. മടി കാരണം പിന്നത്തേക്കു വായിക്കാനായി എടുത്തു മാറ്റി വച്ചവ... മാറിയ വായനാ അഭിരുചികൾ... അങ്ങനെയങ്ങനെ...
English Summary: Odayil Ninnu Book Reading Memories