മായാതെ മായൻ
Mail This Article
പലായനമായിരുന്നു മായന്റെ ജീവിതം. പെണ്ണിൽനിന്ന്, കുറ്റബോധത്തിൽനിന്ന്, തിരിച്ചറിയുന്നവരിൽനിന്ന്... പക്ഷേ, വിധി അയാളുടെ ജീവിതംകൊണ്ട് ഒരു കളി കളിച്ചു. പിഴുതെറിഞ്ഞ ചെടി പുതുമഴയിൽ കൂടുതൽ കരുത്തോടെ വേരാഴ്ത്തുന്നതുപോലെ ഭൂതകാലത്തിന്റെ ഓർമകളിൽ അയാൾ തളിർത്തു. ഉറൂബിന്റെ ‘ഉമ്മാച്ചു’വിലെ മായൻകുട്ടിക്ക് മലയാളസാഹിത്യത്തിന്റെ പൂമുഖത്ത് ഇരിപ്പിടമൊരുക്കുന്നത് വിധിയുമായുള്ള അയാളുടെ പോരാട്ടംതന്നെയാണ്.
ജീവിതത്തെ കുടുക്കിട്ടു പിടിക്കുകയും പുതുക്കിയെഴുതുകയും ചെയ്യുന്നതിൽ പ്രണയത്തിന് എക്കാലത്തും വലിയ പങ്കുണ്ട്. അതിരുകൾ ഭേദിക്കാൻ ആഗ്രഹിച്ച മായൻകുട്ടിയുടെ ജീവിതത്തെ ചതുരത്തിലൊതുക്കിയതും പെണ്ണും പ്രണയവും തന്നെയായിരുന്നു. ഓത്തുപള്ളിയിൽ പഠിക്കുന്ന കാലത്തേ മായൻ ഉമ്മാച്ചുവിനെ സ്നേഹിച്ചുതുടങ്ങിയതാണ്. അവൾക്കും അയാളെ ഇഷ്ടമായിരുന്നു. പക്ഷേ, വിധി അവളെ മായന്റെ സുഹൃത്തായ ബീരാന്റെ ബീവിയാക്കി. എതിർപ്പുകൾ കടിച്ചൊതുക്കി ഉമ്മാച്ചുവിന് അതിനു വഴങ്ങേണ്ടിവന്നു.
ഹൃദയമല്ല, സമ്പത്തും സ്വാധീനവുമാണ് പ്രണയത്തെ നയിക്കുന്നതെന്നു തിരിച്ചറിഞ്ഞ മായന്, വിവാഹത്തിന് ഇടനിലനിന്ന വൃദ്ധനായ അഹമ്മദുണ്ണിയെ അടിച്ചുവീഴ്ത്താൻ മടിതോന്നിയില്ല. അയാൾ മരിച്ചെന്നു കരുതിയാണ് മായൻ നാടുവിടുന്നത്. ജീവിതം വയനാട്ടിലേക്കു പറിച്ചുനട്ട അയാളുടെ മുന്നിൽ വിധി അടുത്ത കളി കളിച്ചു. അഹമ്മദുണ്ണിയുടെ മകൻ ഹസനെ ചങ്ങാത്തത്തിന്റെ ചരടുകൊണ്ടു കെട്ടി അയാളുടെ മുന്നിൽക്കൊണ്ടു നിർത്തി. അങ്ങനെയാണ് മായൻ നാട്ടിലേക്കു മടങ്ങിയെത്തുന്നത്. അയാൾ വന്ന രാത്രിതന്നെ കിടപ്പറയിൽ കയറി ഉമ്മാച്ചുവിന്റെ ഭർത്താവ് ബീരാനെ ആരോ കുത്തിക്കൊന്നു.
പണത്തിന്റെ കരുത്തിൽ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാൻ മായന്റെ പിന്നത്തെ ശ്രമം. ആദ്യം വീടുപണിതു, പിന്നെ, വിധവയായ ഉമ്മാച്ചുവിനെ സ്വന്തമാക്കി. അവർക്കു രണ്ടു കുട്ടികളുമുണ്ടായി. സ്വപ്നം കണ്ട ജീവിതം സ്വന്തമായെന്ന് അഹങ്കരിക്കുമ്പോഴാണ് വിധി പിന്നെയും കരുനീക്കുന്നത്. ബാപ്പയെ കൊന്നത് മായനാണെന്ന് അബ്ദു തുറന്നുപറഞ്ഞു. ഉമ്മാച്ചു മോഹാലസ്യപ്പെട്ടു. ലോകം കാതുപൊത്തി. കാലം പത്തി വിടർത്തി. അങ്ങനെ മായൻ ഒരിക്കൽക്കൂടി വയനാട്ടിലേക്കു പലായനം ചെയ്തു. പിന്നീടുള്ള അയാളുടെ ജീവിതം കടംതീർക്കലായിരുന്നു. തന്റെ പേരിൽ ഉണ്ടായിരുന്ന വീടും പുരയിടവും പോലും അയാൾ കടപ്പാടുകൾക്കു വീതം വച്ചു. ആത്മഹത്യ അയാളുടെ അവസാനത്തെ പലായനമായിരുന്നു.
English Summary : Ramification of human relationship in Uroob's Ummachu