ADVERTISEMENT

സർക്കസ്  കൂടാരം പൊളിച്ചു കൊണ്ടുപോകുന്നതുപോലുള്ള യാത്രയായിരുന്നു അന്ന്. ചെന്നൈ, തിരുവനന്തപുരം, ബെഗളൂരു, മുംബൈ, ദുബായ് അങ്ങനെ നീണ്ട യാത്രകൾ. തലേ ദിവസം തന്നെ മോഹൻലാലും എത്തും. കളി നടക്കാൻ പോകുന്ന സ്ഥലത്തു രാത്രി റിഹേഴ്സൽ നടത്തും. 10 വേഷങ്ങൾ വേദിയിലെത്തുന്നതിനാൽ നൂറുകണക്കിനു സാധനങ്ങൾ വേദിയിലും വേദിക്കു പുറകിലും വേണം. കണ്ണടയും റാന്തൽ വിളക്കും മേൽമുമുണ്ടും മുതൽ കുതിര വണ്ടിവരെ. ഇവയിൽ പലതും ലാൽതന്നെയാണു താങ്ങിപ്പിടിച്ചു കൊണ്ടുവരാറ്. മേശയും കസേരയും പിടിച്ചിടാൻവരെ ലാൽ പലയിടത്തും സഹായിച്ചു. കൂടെ സഞ്ചരിച്ചിരുന്ന ഓരോരുത്തരെയും പേരെടുത്തു വിളിക്കാൻമാത്രം അടുപ്പമുണ്ടായിരുന്നു. 

 

തലേദിവസം വലിയ പാർട്ടികളോ ആഘോഷങ്ങളോ ഇല്ല. കഥയാട്ടം നടക്കുന്ന ദിവസം രാവിലെ എഴുന്നേൽക്കും. അന്നു സന്ദർശകരെ കാണാറില്ല. വളരെ അടുപ്പമുള്ളവരെ ചിലപ്പോൾ കണ്ടാലായി. 11 മണിയോടെ വീണ്ടും സ്റ്റേജിൽ പോയി നോക്കും. അവിടെ സ്വയം റിഹേഴ്സൽ ചെയ്യും. മിക്ക സമയത്തും ഇയർ ഫോൺ ചെവിയിൽ കാണും. സംവിധായകൻ രാജീവ് കുമാറുമായി മാത്രമേ അധികം സംസാരിക്കാറുള്ളൂ. പിന്നെ സംസാരിക്കുന്നതു ആന്റണി പെരുമ്പാവൂരുമായാണ്. 

 

കഥയാട്ടം

കളി തുടങ്ങുന്നതു കൃത്യം 6 മണിക്കാണ്. മൂന്നര മണിയോടെ വേദിക്കു പുറകിലെത്തി ഒരുങ്ങാൻ തുടങ്ങും. അതോടെ വേദിക്കു പുറകിലേക്കുള്ള വാതിൽ അടയ്ക്കും. ആരും ആ അണിയറയിൽ ഉണ്ടാകാറില്ല. രാജീവുമായി ഇടയ്ക്കിടെ വയർലസിൽ സംസാരിക്കും. ആടയാഭരണങ്ങൾ കോസ്റ്റ്യൂമർ മുരളി നിരത്തിവച്ചി ട്ടുണ്ടാകും. അതു ഒന്നോ രണ്ടോ തവണ പരിശോധിക്കും. ചില വസ്ത്രങ്ങൾ പുതിയതായി കൊണ്ടുവന്നതാകും. അതു അണിഞ്ഞു നോക്കും. 

 

 

വേദിക്കു പുറകിലെ വസ്ത്രങ്ങളെല്ലാം പ്രത്യേക തരത്തിൽ തയ്ച്ചതാണ്. 30– 40 സെക്കന്റുകൊണ്ടാണു വസ്ത്രം മാറേണ്ടത്. ഷർട്ട് പതിവു ഷർ‌ട്ടല്ല. മുൻവശത്തു തുറക്കാനാകില്ല. പുറകുവശം വെട്ടിയിരിക്കും. അവിടെ പെട്ടെന്ന് ഒട്ടുന്ന വെൽക്രോ വച്ചിരിക്കും. കൈ നിവർത്തി പിടിക്കുമ്പോൾ മുരളി അതു പുറകിൽനിന്നു ഒട്ടിക്കുകയാണു ചെയ്യുക. ഇതു ചെയ്യുമ്പോൾതന്നെ മേക്കപ്പ്മാൻ ലിജു താടിയും മുടിയും ഒട്ടിക്കുകയാകും.  മുണ്ട് ഉടുക്കുകയല്ല. പാന്റുപോലെ കയറ്റി ഒട്ടിക്കുകയാണ്. ഓരോ വേഷം മാറാനും എങ്ങിനെ ഇരിക്കണം , നിൽക്കണം എന്നു നേരത്തെ തീരുമാനിച്ചിരിക്കും. ഷോ നടന്നു കൊണ്ടിരിക്കുകയാകും. അവിടെ സീൻ വന്നാൽ ലാൽ വേദിയിലേക്കു പോകും. വസ്ത്രവും മേക്കപ്പുമെല്ലാം അതിനകം തീർത്തിരിക്കണം. പലപ്പോഴും പുറകിൽ ഓടിയാണു താടിയും മറ്റും ഒട്ടിച്ചിരുന്നത്. 

Mohanlal
മോഹൻലാൽ

 

ഓരോ സീനും അണിയറയിലെ മൂന്നോ നാലോ പേർക്കു കാണാപാഠമാണ്. സീൻ വരുന്നതിനു മുൻപു മുരളി വേഷത്തിന്റെ പേർ പതുക്കെ പറയും മായൻ, മായൻ, മായൻ …... എന്നു പറഞ്ഞുകൊണ്ടാണു മുരളി തുടങ്ങുക. അഴിച്ചിട്ട വസ്ത്രവും മേക്കപ്പും വാരിയെടുക്കാൻ ഒരാളുണ്ടാകും. ചില സമയത്തു രണ്ടു വേഷം ഒരുമിച്ചു ധരിക്കും. അടുത്ത വേഷത്തിനിടയിൽ സമയം കുറവായതിനാൽ മുകളിലേത് അഴിച്ചെടുക്കാനെ സമയം കാണൂ. 

 

സൂരിനമ്പൂതിരിപ്പാട്, ചന്ത്രക്കാരൻ, റിക്ഷാക്കാരൻപപ്പു, ഇക്കോരൻ, ചെമ്പൻകുഞ്ഞ്, ബഷീർ, മായൻ, അള്ളാപ്പിച്ച മൊല്ലാക്ക, ദാസൻ, ഭീമസേനൻ എന്നിങ്ങനെയാണു വേഷങ്ങൾ വരുന്നത്. പരമാവധി കിട്ടുന്നതു ഒരു മിനിറ്റാണ്. അവസാനം വേദിയിൽവച്ചുതന്നെ മോഹൻലാലായി തിരിച്ചു വരുന്നിടത്താണ് അവസാനിക്കുന്നത്. വരുമ്പോഴേക്കും ഫ്ലാസ്കിൽനിന്നു വെള്ളവുമായി കാത്തു നിൽക്കണം. മിണ്ടാതെ അതു വാങ്ങി കുടിക്കും. പിന്നെ വേദിക്കു പുറകിലുണ്ടായിരുന്നവരെ ആലിംഗനം ചെയ്യും. 

 

ഷോ തുടങ്ങുന്നതിനു ഏറെ സമയം മുൻപുതന്നെ ലാൽ നിശബ്ദനാകും. ചെവിയിൽ ഇയർ ഫോണിൽ ഡയലോഗ് കേട്ടുകൊണ്ടിരിക്കും. കണ്ണടച്ചു ആരും കടന്നുവരാത്തൊരു സ്ഥലത്താണിരിക്കുക. വേഷത്തിനു സമയമാകുമ്പോൾ ആരും വിളിക്കാതെ എഴുന്നേറ്റുവരും. മനസിലൊരു ക്ലോക്കുണ്ട്. ഡയലോഗിന് അനുസരിച്ചു കണ്ണടച്ചു വിരലുകൾ ഇളക്കുന്നതു കാണാം. വേഷം കെട്ടി തുടങ്ങിയാൽപിന്നെ വെള്ളംപോലും കുടിക്കില്ല. 

 

ഷോ തുടങ്ങുന്നതിനു മിനിറ്റുകൾ മുൻപു ലാൽ വേദിയുടെ വശത്തു വന്നു നിൽക്കും. നിലം തൊട്ടു തൊഴും. കൈകളുടെ വിരലുകൾ മാത്രം ഇളക്കിക്കൊണ്ടിരിക്കും. കൂടെ നിൽക്കുന്നവരോടു കണ്ണുകൊണ്ടു ‘തുടങ്ങുകയല്ലേ’ എന്നു ചോദിക്കും.   ഇത്രയും കാലം കൂടെ നടന്ന മനുഷ്യൻതന്നെയാണോ ഇതെന്നു തോന്നിപ്പോകും. ചിരിച്ചും തോളിൽ തട്ടിയും കൂടെ നിൽക്കാറുള്ള കലാമണ്ഡലം ഗോപിയാശാൻ േവഷം കെട്ടിയ ശേഷം നോക്കുമ്പോൾ മനസിലെവിടെയോ ഒരു വിറ വരാറുണ്ട്. അതേ അവസ്ഥയാണു ലാലിനെ ആ സമയത്തു കാണുമ്പോഴും തോന്നിയിട്ടുള്ളത്. ഓരോ വേഷത്തിനായും ഓടി വരുമ്പോൾ ചുറ്റുമുള്ളതൊന്നും ലാൽ കാണാറില്ല. 

 

അവസാനം വേഷവും കഴിഞ്ഞു നിർത്താത്ത കയ്യടി ഉയരവെ ലാൽ തിരിച്ചുവരും. വളരെ ദീർഘമായ ആലിംഗനം കിട്ടും. വിയർത്തു കുളിച്ച ദേഹത്ത് പലപ്പോഴും വല്ലാത്ത ചൂടു തോന്നിയിട്ടുണ്ട്. വേദിക്കു പുറകിൽ കാണാനായി എത്താൻ പലരും ശ്രമിക്കും.  അത്യപൂർവം ചിലരെ മാത്രം വേദിക്കു പുറകിൽ കാണും. എം.ടി.വാസുദേവൻ നായർ, നമ്പൂതിരി തുടങ്ങിയ അപൂർവം ചിലരെ  അവരുടെ അടുത്തുപോയി കണ്ടു. രാജീവ് കുമാർ എത്തുന്നതുവരെ കാത്തിരിക്കും. വന്നു കെട്ടിപ്പിടിച്ചാലുടനെ പോകുകയാണ്. തിരക്കിനിടയിലൂടെ വളരെ നിശബ്ദനായി വന്നു വാനിൽ കയറിയാലുടൻ കാലുകൾ നിവർത്തിവയ്ക്കും. അപ്പോഴാണ് ലാൽ ആദ്യമായി ചിരിക്കുക. വിയർത്തു കുളിച്ച കൈ വിരലുകളിലേക്കു നോക്കി ചോദിക്കും, ‘എന്തു പറയുന്നു. ’ 

 

 

ലാൽ പലപ്പോഴും പറഞ്ഞതു ശരിയാണ്. അതൊരു മാജിക് മൊമന്റാണ്. മിക്കപ്പോഴും വേദിക്കു പുറകിൽനിന്നു മാത്രമാണു കഥയാട്ടം കണ്ടത്. പക്ഷേ അതൊരു മാജിക് മൊമന്റ്തന്നെയായിരുന്നു. ഒരിക്കലും വീണ്ടും ആവർത്തിക്കാത്ത മാജിക് മൊമന്റ്. 

 

English Summary : Unni k Warrier Talks About Kadhayattam Behind The Stage Experience With Mohanlal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com