തിരശീലയിൽ നിലാവു പൊഴിച്ച മെലീസിന്റെ മായാജാലം
Mail This Article
1895 ഡിസംബർ 28, സലൂൺ ഇൻഡീൻ ഡി ഗ്രാൻഡ് കഫേ, പാരിസ്. ലൂമിയേർ ബ്രദേഴ്സിന്റെ, ടിക്കറ്റ് വച്ചുള്ള ആദ്യത്തെ ചലച്ചിത്ര പ്രദർശനം നടക്കുകയാണ്. സിനിമയുടെ ജനനം എന്ന് പിന്നീട് പുകൾപെറ്റ പ്രദർശനം. മുപ്പത്തിമൂന്നു കാണികൾ. അതിലൊരാൾ ജോർജെസ് മെലീസ് എന്ന ജാലവിദ്യക്കാരനും. പതിവായി അയാളുടെ മാജിക്കുകൾ ആളുകളെ മാസ്മരിക അനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണു ചെയ്യാറ്. എന്നാൽ അന്ന്, ചലച്ചിത്രം ഏതോ മന്ത്രവടി ചുഴറ്റി കൺകെട്ടിലൂടെ അയാളെയാണ് കൈപിടിച്ച് പുതിയ ലോകത്തേക്കു കൂട്ടിക്കൊണ്ടു പോയത്. പിന്നീടെന്നും ആ സിനിമാ ലോകത്ത് ജീവിക്കാനും പ്രവർത്തിക്കാനും വേണ്ടിയായിരുന്നു അത്.
ജോർജെസ് മെലീസിന്റെ മുപ്പത്തിനാലാം വയസ്സിലാണ് മേൽപ്പറഞ്ഞ പ്രദർശനം കാണുന്നത്. തന്റെ സ്റ്റേജ് പരിചയവും ജാലവിദ്യാ കഴിവുകളും ഒക്കെ പിന്നീടങ്ങോട്ട് സിനിമകൾക്ക് വേണ്ടിയാണ് മെലീസ് ഉപയോഗ പ്പെടുത്തിയത്. 1896 ആയപ്പോഴേക്ക് ‘പ്ലേയിങ് കാർഡ്സ്’ എന്ന തന്റെ ആദ്യചിത്രം ഷൂട്ട് ചെയ്തു തുടങ്ങി അദ്ദേഹം.
1896 ൽ മോൺട്രിയോൾ സർ ബോയ്‌സിൽ കുടുംബ സ്വത്തായി കിട്ടിയ സ്ഥലത്തു മെലീസ് സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങി. പിന്നെയായിരുന്നു കളി. ഒറ്റനോട്ടത്തിൽ ഒരു വലിയ ഗ്രീൻഹൗസ് എന്നു തോന്നിക്കുന്ന സ്റ്റുഡിയോയ്ക്കുള്ളിൽ തടിപ്പണിക്ക് ഉള്ള ഇടവും വസ്ത്രാലങ്കാരങ്ങളും പെയിന്റ് ചെയ്ത ബാക്ഗ്രൗണ്ടു കളും സൂക്ഷിക്കാനുള്ള ഇടവും ഫിലിം ഡെവലപ് ചെയ്യാനും ഹാൻഡ് പെയിന്റ് ചെയ്യാനും ഉള്ള ലബോറട്ടറിയും സജ്ജമാക്കിയിരുന്നു.
1896 ൽ എഴുപത്തിയെട്ടും 1897 ൽ അൻപത്തിരണ്ടും ചലച്ചിത്രങ്ങൾ നിർമ്മിച്ചു അദ്ദേഹം. അധികം താമസിയാ തെ അദ്ദേഹത്തിന് ഒരു ഗംഭീര വിളിപ്പേരും കിട്ടി – ‘സിനിമജീഷ്യൻ’. ഡിസോൾവുകൾ, ക്ലോസപ്പുകൾ, സ്പെഷൽ ഇഫക്ടുകൾ, മൾട്ടിപ്പിൾ എക്സ്പോഷർ, സ്റ്റോപ്പ് മോഷൻ ഫൊട്ടോഗ്രഫി, ടൈം ലാപ്സ് ഫൊട്ടോഗ്രഫി എന്നിവയും കൈകൊണ്ടു നിറം വരച്ചു ചേർക്കലും ഒക്കെ ആദ്യം ചെയ്തവരിൽ ഒരാളാണ് ഈ സിനിമജീഷ്യൻ.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ സിനിമയെടുത്തിരുന്ന മറ്റുള്ളവരിൽനിന്നു വ്യത്യസ്തനായിരുന്നു മെലീസ്. വെറുതെ ചിത്രങ്ങൾ എടുക്കുക, ചേർത്തുവച്ചു ചലിക്കുന്ന ചിത്രമായി പ്രദർശിപ്പിക്കുക എന്നതിലു പരി തന്റെ കലാവാസനയുടെ ആവിഷ്കാരം കൂടിയായിരുന്നു മെലീസിനു സിനിമ.
സിനിമകളുടെ എണ്ണം കൂടിയപ്പോൾപോലും കലാസംവിധാനത്തിന്റെ നേതൃത്വവും അന്തിമ തീരുമാനങ്ങളും മെലീസിന്റേതു തന്നെയായിരുന്നു. സ്വന്തമായി ചലച്ചിത്ര സംവിധാനം, കലാസംവിധാനം ഉൾപ്പെടെ ചെയ്യുമ്പോൾത്തന്നെയാണ് പാരിസിലെ പ്രശസ്തമായ റോബർട്ട്-ഹൗഡിൻ തിയേറ്ററിന്റെ നടത്തിപ്പും അദ്ദേഹത്തിന്റെ ചുമലിലെത്തിയത്. ചിത്രസംയോജനം, വസ്ത്രാലങ്കാരം, സെറ്റുകളുടെ രൂപകൽപന എന്നുവേണ്ട, മെലീസിന്റെ കൈയെത്താത്ത മേഖലയുണ്ടായില്ല. മെലീസിന്റെ കമ്പനിയായ സ്റ്റാർ ഫിലിം 1896 ന്റെ ഒടുവിൽ അവരുടെ പേരിനൊപ്പം ചേർത്ത പരസ്യവാചകം തന്നെ ‘ലോകമാകെ കൈയെത്തും ദൂരത്ത്’ എന്നായിരുന്നു. സിനിമാലോകമാകെ മെലീസിന്റെ കൈപ്പിടിയിലായിരുന്നു അക്കാലത്ത്.
1896 മുതലുള്ള ഇരുപതു വർഷങ്ങളിൽ ഒന്ന് മുതൽ നാൽപതു വരെ മിനിറ്റ് നീളമുള്ള 531 ചലച്ചിത്രങ്ങൾ ആണ് മെലീസ് സംവിധാനം ചെയ്തത്. മിക്കതും അദ്ദേഹത്തിന്റെ തന്നെ ഇന്ദ്രജാല പ്രകടനങ്ങളുടെ രൂപ വ്യത്യാസങ്ങൾ ആയിരുന്നു. എങ്കിലും ഓരോ സിനിമ കഴിയുന്നതിനൊപ്പവും സിനിമ എന്ന സാങ്കേതിക കലയിൽ അദ്ദേഹം പുരോഗമിച്ചു കൊണ്ടിരുന്നു. 1896 ഒരു അനുഭവം അദ്ദേഹം തന്നെ പറയുന്നുണ്ട്, പാരിസിലെ ഒരു ഓപ്പറ ഹാളിനു പുറത്തെ രംഗങ്ങൾ പകർത്തുന്നതിനിടെ ക്യാമറ പ്രവർത്തനം നിലയ്ക്കുകയും പിന്നീട് പ്രവർത്തിച്ചു തുടങ്ങിയപ്പോഴേക്കും ചുറ്റുപാടുകൾ, ഗതാഗതത്തിരക്ക് പോലെയുള്ളവ അപ്പാടെ മാറുകയും ചെയ്തിരുന്നു. അങ്ങനെ സബ്സ്റ്റിറ്റ്യൂഷൻ എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടതിന്റെ അനിവാര്യത ഉണ്ടാവുകയും അതിലും അദ്ദേഹം വിജയിക്കുകയും ചെയ്തു.
ജൂൾസ് വേർണിന്റെ നോവലായ ‘ഫ്രം ദി എർത് ടു ദ് മൂൺ’ എന്ന നോവലിനെ ആധാരമാക്കിയും എച്ച്.ജി. വെൽസിന്റെ ‘ദ് ഫസ്റ്റ് മെൻ ഓൺ ദ് മൂൺ’ എന്ന പുസ്തകത്തിൽനിന്ന് ആശയങ്ങൾ കടം കൊണ്ടും നിർമിച്ച ‘എ ട്രിപ് ടു ദ് മൂൺ’(Le Voyage Dans La Lun) ആണ് ജോർജെസ് മെലീസിന്റെ ഏറ്റവും പ്രശസ്തമായ സിനിമ. 1902 ൽ ഇറങ്ങിയ ഈ ചിത്രത്തിന്റെ ദൈർഘ്യം പതിമൂന്നു മിനിറ്റാണ്; നീളം 845 അടിയും. അതെ, നീളം തന്നെ. ഫിലിമിന്റെ നീളം. അന്നതിനു ചെലവായത് പതിനായിരം ഫ്രാങ്ക് ആണ്. അതായത് അന്നത്തെ കണക്കിൽ ഒരു ബിഗ് ബജറ്റ് ചിത്രം. വ്യത്യസ്തങ്ങളായ ധാരാളം സെറ്റുകൾ, വിവിധ തരം വേഷ വിധാനങ്ങൾ, സ്പെഷൽ ഇഫക്ടുകൾ എന്ന് വേണ്ട അന്നുവരെ കാണാത്ത വൈവിധ്യങ്ങൾ ഉള്ള ചലച്ചിത്രം. ചന്ദ്രോപരിതലത്തിലെ ജീവികളുടെ രൂപത്തിലെ പ്രത്യേകതകൾ പ്ലാസ്റ്റർ ഓഫ് പാരിസിൽ രൂപകല്പന ചെയ്തതൊക്കെ മെലീസ് തന്നെ ആയിരുന്നു. അത്ര മാത്രമല്ല, തിരക്കഥാ രചന, സ്റ്റോറി ബോർഡ് വരയ്ക്കൽ, സംവിധാനം എന്നിവയൊക്കെ സ്വയം ചെയ്യുകയും അതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു മെലീസ്. ചന്ദ്രനിലേക്ക് യാത്രയാവുന്ന സംഘത്തിന്റെ നേതാവായാണ് മെലീസ് അഭിനയിച്ചത്.
അഭിനേതാക്കളെ സംഘടിപ്പിക്കൽ അത്ര എളുപ്പമായിരുന്നില്ല. ഇന്നത്തെപ്പോലെ ഒരു ചാൻസിനായി ആളുകൾ ക്യൂ നിൽക്കുന്ന കാലവുമല്ല. നാടക നടീനടന്മാർ സിനിമയിൽ അഭിനയിക്കാൻ തയാറായിരുന്നില്ല. സിനിമാഭിനയം മാന്യതയില്ലാത്ത തൊഴിലായാണ് അവർ കരുതിയത്. ചില ബാലെ നർത്തകരെയും പാട്ടുകാരെയും ഒപ്പം കൂട്ടി അഭിനയിപ്പിച്ചാണ് മെലീസ് ചിത്രം പൂർത്തിയാക്കിയത്. പക്ഷേ പിന്നീട് ചലച്ചിത്രങ്ങൾ ലാഭകരമായതോടെ, കിട്ടുന്ന വേതനം ഗണ്യമായി ഉയർന്നതോടെ റോളിനായി അദ്ദേഹത്തെ സമീപിക്കുന്നവരുടെ എണ്ണം ഏറി.
എ ട്രിപ് ടു ദ് മൂൺ ആയപ്പോഴേക്കും മെലീസിനു ചിത്രങ്ങളുടെ ഡിസോൾവിങ്ങും ഡബിൾ എക്സ്പോഷറും ഒക്കെ പരിചിതമായ മേഖലകൾ ആയിരുന്നു. ഡബിൾ എക്സ്പോഷറിലൂടെ ചന്ദ്രന് പിന്നിലായി ആകാശം കാണിക്കുന്നതും അന്യഗ്രഹ ജീവികൾ ഒറ്റയടിയിൽ പുകപോലെ ഇല്ലാതെയാവുന്നതും ഒക്കെ അക്കാലത്തെ പരിമിത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അതിഗംഭീരമായാണ് ചിത്രീകരിച്ചത്. അയഥാർഥമായതിനെ ഇന്ദ്രജാലത്താൽ എന്നതുപോലെ തിരശീലയിൽ യാഥാർഥ്യം പോലെ കാണിച്ചു മെലീസെന്ന സിനിമജീഷ്യൻ.
എ ട്രിപ് ടു ദ് മൂൺ യൂറോപ്പിലും അമേരിക്കയിലുമൊക്കെ പ്രദർശിപ്പിക്കപ്പെട്ടു. പക്ഷേ അമേരിക്കൻ പ്രദർശ നങ്ങളിൽനിന്ന് തുച്ഛമായ വരുമാനം മാത്രമേ മെലീസിനു ലഭിച്ചുള്ളൂ. യുഎസ് പകർപ്പവകാശ മൊക്കെ ഉണ്ടായിരുന്നിട്ടും വ്യാജപ്പകർപ്പ് അതു പകർത്തിയ ആളുടെ പേരിൽ തന്നെ അമേരിക്കയിൽ വിൽക്കപ്പെട്ടു. തന്റെ സ്റ്റാർ ഫിലിംസിന്റെ അടയാളമായ നക്ഷത്രചിഹ്നം വാട്ടർമാർക്ക് പോലെ എല്ലാ സീനിലും മെലീസ് വരച്ചു ചേർത്തിട്ടുണ്ടായിരുന്നു എന്നതു പോലും വ്യാജരെ പിന്തിരിപ്പിച്ചില്ല. അവർ നെഗറ്റീവിൽ അതിനു പുറത്തു ചായം പുരട്ടി മറച്ചു.
പ്രമുഖ അമേരിക്കൻ പ്രൊഡ്യൂസറും ഡയറക്ടറും ആയിരുന്ന ഫ്രെഡ് ബാൾഷോഫർ ലൂബിൻ ഫിലിം കമ്പനിക്കു വേണ്ടി ജോലിചെയ്തിരുന്ന കാലത്തു സിഗ്മണ്ട് ലൂബിൻ ആവശ്യപ്പെട്ട പ്രകാരം കമ്പനിക്കു വേണ്ടി നിയമാനുസൃതം അല്ലാതെ ഈ ചിത്രത്തിന്റെ പതിപ്പ് എടുത്തു. സിഗ്മണ്ട് ലൂബിനും ഫ്രെഡ് ബാൽഷോഫെറും ഒരു ദിവസം ചിത്രം വാങ്ങാൻ വന്ന തൽപരകക്ഷി എന്ന് തോന്നിയ ആൾക്കു മുന്നിൽ ഇത് പ്രദർശിപ്പിച്ചു. ചിത്രം കണ്ടു തുടങ്ങിയ ആൾ പെട്ടന്ന് ദേഷ്യപ്പെട്ടു ഒച്ചയെടുത്തു ‘ഇപ്പോൾ നിർത്തണം ഈ പ്രദർശനം’. ഞെട്ടി ഇരുന്നുപോയ ഇരുവരോടുമായി പറഞ്ഞു, ‘ഇത് എന്റെ സിനിമയാണ്. ഞാൻ, പാരിസിൽ നിന്നുള്ള ജോർജസ് മെലീസ്.’
അതുകൊണ്ടൊന്നും അദ്ദേഹം തളർന്നില്ല. മെലീസ് വീണ്ടും സിനിമകൾ എടുത്തു. അമേരിക്കൻ സിനിമാ വിപണിയോട് പൊരുതി നിൽക്കുകയും ചെയ്തു. 1908 ൽ തോമസ് ആൽവ എഡിസൺ മോഷൻ പിക്ചർ പേറ്റൻറ്സ് കമ്പനി തുടങ്ങിയപ്പോൾ സ്റ്റാർ ഫിലിംസും ഒപ്പം ചേർന്ന് പ്രവർത്തിച്ചു. സിനിമയിൽ എക്കാലവും കാണുന്നതുപോലെ വിജയ പരാജയങ്ങളുടെ തുടർക്കഥയായി മെലീസ് ഓർമയിലേക്ക് മാഞ്ഞു. പക്ഷേ അദ്ദേഹം പതിപ്പിച്ചുപോയ മുദ്രകൾ കാലത്തിനു പോലും മായ്ക്കാൻ ആവാതെ തുടരുന്നു; എ ട്രിപ് ടു ദ് മൂൺ എന്ന ചിത്രത്തിലെ, കണ്ണിലേക്കു പതിച്ച ബഹിരാകാശ പേടകവുമായി നിൽക്കുന്ന ചന്ദ്രൻ ലോക സിനിമാ ചരിത്രത്തിലെ മറക്കാനാവാത്ത ചിത്രം ആയതുപോലെ.
English Summary : The Magical World Of George Melies