9 വർഷത്തിനുശേഷവും ഒരു പുസ്തകത്തിന്റെ പേരിൽ ഓർത്തു, യൗവനത്തിൽ നിന്ന വീരേന്ദ്രകുമാർ
Mail This Article
പത്ര സമ്മേളനം അവസാനിക്കാറായപ്പോൾ എം.പി.വീരേന്ദ്രകുമാർ പറഞ്ഞു പറഞ്ഞു കമ്മ്യൂണിസത്തിന്റെ തകർച്ചയിലെത്തി. തകർന്നിട്ടില്ലെന്നു കാണിക്കാനായി അദ്ദേഹം പല പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പേരുകളും പറഞ്ഞു. കമ്മ്യൂണിസത്തിന്റെ തകർച്ചയെക്കുറിച്ചു പഠനം നടത്തുന്ന ആർച്ചി ബ്രൗണിന്റെ‘ ദ റൈസ് ആൻഡ് ഫാൾ ഓഫ് കമ്മ്യൂണിസം’ എന്ന പുസ്തകം ഇറങ്ങിയ ദിവസങ്ങളായിരുന്നു അത്. താങ്കളെപ്പോലുള്ളവർ ഇത്തരം പുസ്തകം കൂടി വായിക്കണമെന്നു പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു കൊണ്ടു മറ്റു ചോദ്യങ്ങളിലെക്കു പോയി. അദ്ദേഹത്തിന്റെ പല രാഷ്ട്രീയ നിലപാടുകളും വ്യക്തിപരമായ നിലനിൽപ്പിനു വേണ്ടിയാണെന്ന അഭിപ്രായം ഉള്ളിലുണ്ടായിരന്നതതിനാൽ അതിന്റെ അതൃപ്തിയും ചോദ്യത്തിലുണ്ടായിരുന്നു. പത്രസമ്മേളനത്തിനു ശേഷം അടുത്തുവന്നു അപ്രതീക്ഷിതമായി ചോദിച്ചു, ഏതാണാ പുസ്തകമെന്ന്. എഴുത്തുകാരനെ അദ്ദേഹത്തിനു നന്നായി അറിയാം. ഈ പുസ്തകം ശ്രദ്ധയിൽപെട്ടിട്ടില്ല.
‘താങ്കളത് വായിച്ചുവോ?’
ഇല്ല. പലയിടത്തും അതിലെ പ്രസ്ക്ത ഭാഗവും റവ്യൂവും വന്നിട്ടുണ്ട്.’
പോക്കറ്റിൽനിന്നു പേനയെടുത്തു ഒരു കടലാസിൽ പുസ്തകത്തിന്റെ പേരു കുറിച്ചെടുത്ത് അദ്ദേഹം പോയി. എന്റെ പേരും പത്ര സ്ഥാപനവും ചോദിച്ചു..അദ്ദേഹത്തിനു അതിനു മുൻപു എന്നെ പരിചയമില്ല. ആദ്യമായി സംസാരിക്കുകയായിരുന്നു. നാലു മാസങ്ങൾക്കു ശേഷം ഒരു കുറിയർ വന്നു. അതിൽ ആ പുസ്തകമുണ്ടായിരുന്നു. ആംസ്റ്റർഡാമിൽനിന്നു കിട്ടി എന്ന് ഒരു തുണ്ടുകടലാസിൽ എഴുതി ഒപ്പിട്ടിരുന്നു. സത്യത്തിൽ അന്തം വിട്ടുപോയി. നാലു മാസങ്ങൾക്കു ശേഷവും അദ്ദേഹം അതോർത്തിരിക്കുന്നു.
പിന്നീടു കാണുന്നതു 9 വർഷത്തിനു ശേഷമാണ്. ഒരു സ്വകാര്യ ചടങ്ങിൽവച്ചു പഴയ സഹപാഠിയും മാതൃഭൂമി ഉദ്യോഗസ്ഥനുമായ പ്രമോദാണു പരിചയപ്പെടുത്തിയത്. അപ്പോഴേക്കും അദ്ദേഹം ശബ്ദം കൂടുതൽ നേർത്തു തുടങ്ങിയിരുന്നു. ഓർക്കുന്നു എന്നു പറഞ്ഞുകൊണ്ടു ചോദിച്ചു, ‘ഇപ്പോഴും വായനയുണ്ടോ’ ഇല്ലെന്നു പറഞ്ഞു. എന്റെ വായന അപ്പോഴേക്കും കുറയുകയും മറ്റു മേഖലകളിലേക്കു ശ്രദ്ധ തിരിയുകയും ചെയ്തിരുന്നു.
9 വർഷത്തിനു ശേഷവും ഒരു പുസ്തകത്തിന്റെ പേരിൽ എന്നെ ഓർത്തുവെന്നതിൽ അത്ഭുതം തോന്നി. ഒരു മിനിറ്റു ചിന്തിച്ച ശേഷം കൈകളിൽ പിടിച്ചിട്ടു പറഞ്ഞു, ‘വായന നിർത്തുവെന്നു പറഞ്ഞാൽ നിങ്ങൾ സ്വയം വൃദ്ധനാകാൻ തീരുമാനിച്ചുവെന്നാണർഥം..യൗവ്വനത്തിൽതന്നെ നിൽക്കണം. ’ ചിരിച്ചുകൊണ്ടുപോയി.
അദ്ദേഹം പറഞ്ഞതുവച്ചു നോക്കിയാൽ അദ്ദേഹത്തിന്റെ മരണം യൗവ്വനത്തിലെ മരണമാണ്. മധ്യവയസ്സുവരെയെങ്കിലും ദൈവത്തിനു കാത്തിരിക്കാമായിരുന്നു.
English Summary : Remembering M P Veerendra Kumar