മുറിവുകൾക്കും മധുരം വിളമ്പിയ പ്രേമാകാശത്തെ നിത്യനക്ഷത്രം
Mail This Article
പരിചിതരായവരെ കഥാപാത്രങ്ങളാക്കി നോവലും കഥയും എഴുതി എന്നതായിരുന്നു രാജലക്ഷ്മി എന്ന എഴുത്തുകാരി ചെയ്ത കുറ്റകൃത്യം. പരാതികളും കുറ്റപ്പെടുത്തലുകളും കൂരമ്പുകളായപ്പോള് രാജലക്ഷ്മി ജീവിതത്തിലെ വെല്ലുവിളിയെ മുഖാമുഖം കണ്ടു. അക്ഷരങ്ങള്‍ കാത്തിരുന്ന പേജുകള്‍ക്കു മുന്നില്‍ പേനയുമായി തരിച്ചിരുന്നു. എഴുതാതെ ജീവിക്കാനാവില്ല, ജീവിതമില്ലെങ്കില്‍ എഴുത്തുമില്ല. എഴുത്തോ ജീവിതമോ എന്ന വലിയ ചോദ്യം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ രാജലക്ഷ്മി നേരിട്ടു. അവര്‍ എഴുത്ത് തിരഞ്ഞെടുത്തു. എഴുതിയാല്‍ അത് ആത്മാര്‍ഥമായി മാത്രം. ആത്മാവിനോട് സത്യസന്ധത പുലര്‍ത്തി മാത്രം. എഴുതാതിരിക്കാനാവാത്തതിനാല് ജീവിതം അവസാനിപ്പിക്കുന്നു. ഒരു എഴുത്തുകാരി എന്ന നിലയില്‍ നിന്ന് രാജലക്ഷ്മി കഥാപാത്രമായി മാറുന്നു; മലയാള സാഹിത്യത്തിലെ ഏകാന്ത വിസ്മയമായി. എഴുത്തിനു വേണ്ടിയാണവര്‍ ചോര ചൊരിഞ്ഞത്. എഴുത്തിന്റെ സത്യത്തിനുവേണ്ടി. ജീവിതത്തില്‍നിന്ന് എഴുത്തിനെ വേര്പെടുത്താനാവാത്തതിനാല്.
പതിറ്റാണ്ടുകള്‍ക്കുശേഷം രാജലക്ഷ്മി നേരിട്ട അതേ പ്രതിസന്ധി നേരിട്ട എഴുത്തുകാരിയാണ് മാധവിക്കുട്ടി; ജീവിത കഥ സ്വന്തം കഥയായി എഴുതിയപ്പോള്‍. എന്നാല്‍ മാധവിക്കുട്ടി പതറിയില്ല, പേടിച്ചില്ല, ഭയന്നൊളിച്ചില്ല. വാത്സല്യത്തിന്റെ നിറപുഞ്ചിരിയായി, സ്നേഹത്തിന്റെ നറുനിലാവായി, ഉപാധികളില്ലാത്ത പ്രണയത്തിന്റെ പരകോടിയില്‍ അവര്‍ എഴുതി. ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ളതു ചിന്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നല്കി.
രാജലക്ഷ്മി എഴുത്തിനുവേണ്ടി ജീവിതത്തെ ഉപേക്ഷിച്ചുവെങ്കില്‍, മാധവിക്കുട്ടി എഴുത്തിനെ സ്വീകരിച്ചുകൊണ്ടു ജീവിതത്തെ സ്നേഹിച്ചു. അവരെയും ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ശ്രമിക്കാതിരുന്നിട്ടില്ല തല്പരകക്ഷികള്. അവരുടെ മരണവും കാണാന്‍ കൊതിച്ചവരുണ്ട്. ആ പേന നിശ്ചലമാകുന്നതും കാത്തിരുന്നവര്‍. ആ ശബ്ദം നിലയ്ക്കുന്നതും കാത്തിരുന്നവര്‍. പ്രതിയോഗികളെപ്പോലും വശീകരിച്ച്, മാന്ത്രികന്റെ മന്ത്രവടി പോലെ മാധവിക്കുട്ടിയില്‍നിന്ന് വാക്കുകള്‍ ഒഴുകി. നിലയ്ക്കാത്ത മഴയായി. കോരിച്ചൊരിയുന്ന വര്‍ഷപാതമായി. മോഹിപ്പിക്കുന്ന ഇടവപ്പാതിയായി. പേടിപ്പിക്കുന്ന തുലാവര്‍ഷമായി. സ്നേഹത്തിന്റെ പ്രളയക്കടലില്‍ മലയാളം കൈകാലിട്ടടിച്ചു. കൗമാരത്തിലും യൗവനത്തിലും മാത്രമല്ല വാര്‍ധക്യത്തിലും പ്രണയം വഴങ്ങുമെന്ന് തെളിയിച്ച ജീവിതം. പ്രണയ വഞ്ചന ഭാവന മാത്രമല്ലെന്നും യാഥാര്‍ഥ്യമാണെന്നും വിളിച്ചുപറഞ്ഞ്. ചുക്കിച്ചുളിഞ്ഞ തൊലിയും മേദസ്സില്ലാത്ത ശരീരവും പ്രണയത്തെ അകറ്റുന്നില്ല എന്ന് ഉദ്ഘോഷിച്ചുകൊണ്ട്. യൗവ്വന സമൃദ്ധി മാത്രമല്ല പ്രണയമെന്ന് ഉപദേശിച്ച്. വഞ്ചിക്കപ്പെട്ടാലും പ്രണയത്തിനുവേണ്ടിയാകുമ്പോള് അതിസുന്ദരമാകുമെന്ന് സ്വന്തം ജീവിതത്തിലൂടെ ഉദാഹരിച്ച്.
സമാനതകളില്ലാത്ത സ്നേഹപ്രവാഹത്തില്‍ മലയാളം മുങ്ങിയപ്പോള്‍, ആലിലയില്‍ വിരലുണ്ട് തൊണ്ണു കാട്ടി ചിരിക്കുന്ന ഉണ്ണിക്കണ്ണനെപ്പോലെ മാധവിക്കുട്ടി നിഷ്കളങ്കമായി ചിരിച്ചു. മക്കളേ എന്നു വിളിച്ച് അപാരമായ സ്നേഹത്തിന്റെ അമൃതൂട്ടി. അമ്മയെന്നു വിളിച്ചവരുണ്ട്. സുരയ്യ എന്നു വിളിച്ച് കൊതിപ്പിച്ചവരുണ്ട്. കമലേ എന്നു ശാസിച്ചവരുണ്ട്. മാധവിക്കുട്ടി എന്നു മുരണ്ടവരുണ്ട്. കമലാ ദാസ് എന്ന് ഇംഗ്ലിഷില്‍ മന്ത്രിച്ചവരുണ്ട്. അവര്‍ക്കൊന്നും പിടികൊടുത്തില്ല മാധവിക്കുട്ടി.
തന്റെ കഥകളെ സ്നേഹിക്കുകയും ജീവിതത്തെ വെറുക്കുകയും ചെയ്ത കേരളത്തില്‍ നിന്ന് അകലെ പുണെ എന്ന നഗരം മാധവിക്കുട്ടി മരണത്തിനു തിരഞ്ഞെടുത്തതില്പോലും കാവ്യനീതിയുണ്ട്. ജീവിതം അര്‍ഹിക്കാത്തവര്‍ക്ക് മരണം എന്തിനെന്നവര്‍ ചിന്തിച്ചിരുന്നോ? ഇല്ല. അങ്ങനെയൊരു വിദ്വേഷ ചിന്ത ആ മനസ്സിലൂടെ ഒരു നിമിഷം പോലും പാഞ്ഞുപോയിക്കാണില്ല. അതുകൊണ്ടല്ലേ ഉറങ്ങാന്‍ മലയാളത്തിന്റെ മണ്ണ് തന്നെ അവര്‍ തിരഞ്ഞെടുത്തത്. സ്നേഹിക്കാന്‍ മാത്രം അറിയാവുന്നതായിരുന്നു ആ മനസ്സ്. എഴുതാന്‍ വേണ്ടി മാത്രമായിരുന്നു ആ ജീവിതം. മുറിവേല്പിച്ചവര്ക്കുപോലും സ്നേഹം വിളമ്പി മാധവിക്കുട്ടി ഒറ്റനക്ഷത്രമായി. കാറിലും കോളിലും മറയാത്ത പ്രേമാകാശത്തിന്റെ നിത്യനക്ഷത്രം.
മാധവിക്കുട്ടി മരിച്ച് ആറു വര്‍ഷത്തിനു ശേഷം പുറത്തുവന്ന ഒരു കഥയുണ്ട്. സോണിയ റഫീഖിന്റെ പെണ്‍കുരിശ്. കഥ തുടങ്ങുന്നത് മേയ് 31 വെള്ളിയാഴ്ചയിലെ ഒരു വിവാദ സംഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്. ഒരു പത്രറിപ്പോര്‍ട്ടിന്റെ രൂപത്തിലാണത്. ജുമുആ കൂടുന്ന ആ വെള്ളിയാഴ്ച ഹിന്ദുവായി ജനിച്ച് ഇസ്ലാമായി മരിച്ച ഒരു സ്ത്രീയുടെ ചരമവാര്‍ഷിക ദിനമാണ്. വിവാദ സ്ത്രീയുടെ കബറിനു ചുറ്റും അന്നു രാവിലെ ജമന്തിപ്പൂക്കള്‍ കാണപ്പെട്ടു. വിശിഷ്ട ഗന്ധമുള്ള സുഗന്ധദ്രവ്യങ്ങള്‍ പൂകച്ച ധൂപക്കുറ്റികള്‍. പരേതയുടെ പഴയകാല ചിത്രങ്ങളും കല്‍ക്കണ്ടം കൊണ്ടുണ്ടാക്കിയ നിറം പൂശിയ ചെറിയ തലയോട്ടികളും കബറിനു മുകളില്‍ അലങ്കരിച്ചുവച്ചിരുന്നു. മരിച്ച സ്ത്രീക്ക് പ്രിയപ്പെട്ട വിഭവങ്ങള്‍ ഇലകളില്‍ വിളമ്പിവച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മാധവിക്കുട്ടിയുടെ പേര് പറയാതെയാണ് സോണിയയുടെ പെണ്‍കുരിശ് പുരോഗമിക്കുന്നത്. കാലം കഴിയുമ്പോള്‍ ഇനിയും അവര്‍ കഥകളാകും. കവിതകളാകും. കഥാപാത്രങ്ങളാകും. ജീവചരിത്രങ്ങളുണ്ടാകും. ആത്മകഥയിലും ആ മുഖം തെളിയാം. യഥാര്‍ഥ മാധവിക്കുട്ടിയെ എവിടെ കണ്ടെത്തും? അവരുടെ കഥകളില്‍ തന്നെ. എന്റെ കഥയില്‍, കവിതകളില്‍, പിന്നെ ഓരോ ജീവിതത്തിലും ആരുമറിയാതെ കാത്തുവയ്ക്കുന്ന സ്വന്തം സ്നേഹങ്ങളില്‍, അതീവ രഹസ്യവും പരമ പവിത്രവുമായ ബന്ധങ്ങളില്‍, കാലം നമിക്കുന്ന ജന്മാന്തര ബന്ധനങ്ങളില്‍...
English Summary : Madhavikkutty - an unrestrained stream of altruistic love