പമ്മൻ: ഒരു കാമമോഹിത കാലത്തിന്റെ സ്വപ്നവ്യാപാരി
Mail This Article
എഴുപതുകളിലെ മലയാളികൗമാരത്തെ രതിയുടെ തീപ്പൂവുകൾ കൊണ്ട് ഉഴിയുകയായിരുന്നു പമ്മൻ എന്ന എഴുത്തുകാരൻ. ഗോപ്യമായി മാത്രം പറയുകയും അറിയുകയും ചെയ്യേണ്ട ആഹ്ലാദമായിരുന്നു അന്ന് രതി. അക്കാല കൗമാരവും യൗവനവും അടക്കിപ്പിടിച്ചിരുന്ന കാമനകളെ തന്റെ പുസ്തകങ്ങൾകൊണ്ട് ജ്വലിപ്പിച്ചെടുത്തു പമ്മൻ. രതിപ്പുസ്തകങ്ങൾ എന്ന് മൂല്യവാദികളായ വായനക്കാരും യാഥാസ്ഥിതിക സമൂഹവും പേരിട്ടു വിളിച്ച പമ്മന്റെ നോവലുകളിലെ ജീവിതത്തിന്റെ നോവും വേവലാതികളും അക്കാല നിരൂപകരടക്കം കണ്ടില്ലെന്നു നടിച്ചു. കഥാവശേഷനായി 13 വർഷത്തിനു ശേഷം ഇന്ന് മലയാളി പമ്മനെ തിരിച്ചറിയുന്നത് അടിച്ചേൽപ്പിക്കപ്പെട്ട മൂല്യങ്ങളുടെ പഴന്തുണിക്കെട്ടുകൾക്കു തീയിട്ട എഴുത്തുകാരൻ എന്നാണ്.
1922 ൽ കൊല്ലം പ്ലാമൂട്ടിലായിരുന്നു പിൽക്കാലം പമ്മനെന്നു വിളിച്ച ആർ. പരമേശ്വര മേനോന്റെ ജനനം. വാഗ്മിയും സാഹിത്യകാരനുമായിരുന്നു പിതാവ് താങ്കത്ത് വീട്ടിൽ കെ. രാമൻ മേനോൻ. അച്ഛന്റെ സ്വാധീനം കൊണ്ട് പഠനകാലത്തുതന്നെ പരമേശ്വരന് സാാഹിത്യത്തിൽ കമ്പമുണ്ടായിരുന്നു. മദ്രാസ് എൻജിനീയറിങ് കോളജിലെ പഠനത്തിനു ശേഷം 1940 ൽ നേവിയിൽ എൻജിനീയറായെങ്കിലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കലാപമുണ്ടാക്കിയതിന് ജയിലിലായി. സ്വാതന്ത്ര്യത്തിനു ശേഷം റയിൽവേയിൽ ഉദ്യോഗസ്ഥനായി.
മദ്രാസിലെ പഠനകാലത്ത് എഴുത്തുകാരുമുണ്ടായ പരിചയവും അടുപ്പവും പരമേശ്വരന്റെ സാഹിത്യജീവിതത്തെ സ്വാധീനിച്ചിരുന്നു. പിൽക്കാലത്ത് എഴുത്തിൽ സജീവമായപ്പോൾ നിലനിന്നിരുന്ന എഴുത്തുരീതികളെ വെല്ലുവിളിക്കുകയായിരുന്നു അദ്ദേഹം. വഷളൻ, ഭ്രാന്ത്, തമ്പുരാട്ടി, പൂച്ചക്കണ്ണുള്ള പെണ്ണുങ്ങൾ, ഒരുമ്പെട്ടവൾ തുടങ്ങിയ നോവലുകൾ അക്കാലത്ത് ചെറുപ്പക്കാരുടെ ഹരമായി. വായനശാലകളിൽ അവയ്ക്ക് ആവശ്യക്കാരേറി.
39 നോവലുകളും ഒൻപത് ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അഞ്ചു കഥകൾ സിനിമയായി. ആംഗ്ലോ ഇന്ത്യൻ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പ്രണയവും വിരഹവും അതിന്റെ സങ്കടങ്ങളും പറഞ്ഞ ചട്ടക്കാരി സിനിമയായപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്. ചട്ടക്കാരിക്ക് മികച്ച കഥാകൃത്തിനുള്ള 1974 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പമ്മനു ലഭിച്ചു. തൊട്ടടുത്ത വർഷം കെ.ജി. ജോർജിന്റെ സ്വപ്നാടത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവുമെത്തി. ചട്ടക്കാരിയുടെ ഹിന്ദി പതിപ്പ് ജൂലി തരംഗമായി. 2012 ൽ ചട്ടക്കാരി മലയാളത്തിൽ റീമേക്ക് ചെയ്യപ്പെട്ടു. മലയാളനാട് വാരികയിൽ ഭ്രാന്ത് എന്ന നോവൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാധവിക്കുട്ടിയുമായുണ്ടായ തർക്കം പ്രശസ്തമാണ്.
എഴുതിയിരുന്ന കാലത്ത് സെക്സ് എഴുത്തുകാരൻ എന്നായിരുന്നു പമ്മന് സാമ്പ്രദായിക വായനാസമൂഹം നൽകിയ വിളിപ്പേര്. തന്റെ എഴുത്തിൽ ‘അൽപം സെക്സുണ്ടെന്ന്’ പമ്മൻ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ആ നോവലുകളിലെ ജീവിതാവിഷ്കാരത്തിന്റെ ചൂട് തിരിച്ചറിയപ്പെടാൻ വൈകി. നിസ്സഹായരായ മനുഷ്യരും ആസക്തിയുടെ ചൂടിൽ ഈയാംപാറ്റകളെപ്പോലെ പറന്നുവീഴുന്ന ജീവിതങ്ങളും ആ നോവലുകളിലുണ്ട്. ഇന്ന് മധ്യവയസ്സിലുള്ള ഒരു തലമുറ അവരുടെ കൗമാരത്തിലെ രഹസ്യരുചികളിലൊന്നായി, ഇന്റർനെറ്റിന്റെ ഇക്കാലത്തും, ഉള്ളിൽക്കൊണ്ടുനടക്കുന്ന ചില പേരുകൾ – ഭ്രാന്ത്, വഷളൻ, ചട്ടക്കാരി– ഒരു കാലഘട്ടത്തിന്റെ സ്വപ്നവ്യാപാരിയുടെ ഓർമകളെ ജ്വലിപ്പിച്ചുനിർത്തുന്നു.
English Summary : Remembering Malayalam Novelist Pamman