കാഫ്കയുടെ ആ കഥ മാര്‍ക്കേസ് വായിച്ചിരുന്നില്ലെങ്കില്‍...
Mail This Article
ഒരു ദിവസം രാവിലെ സ്വാസ്ഥ്യം കെടുത്തിയ സ്വപ്നങ്ങള്‍ വിട്ടുണര്‍ന്ന ഗ്രിഗര്‍ സാംസ കണ്ടത് താന്‍ കൂറ്റനൊരു കീടമായി മാറിയിരിക്കുന്നതാണ്. കവചം പോലെ കടുപ്പമുള്ള പുറന്തോടില്‍ മലര്‍ന്നുകിടക്കുകയാണയാള്‍; തലയൊന്നു പൊന്തിച്ചപ്പോള്‍ കമാനങ്ങള്‍ പോലെ ഖണ്ഡങ്ങളാക്കിയതും തവിട്ടുനിറത്തില്‍ മകുടാകൃതിയിലുള്ളതുമായ അടിവയര്‍ കാണപ്പെട്ടു; അതിന്‍മേല്‍ അയാളുടെ കോസടി ഏതു നിമിഷവും തെന്നിവീഴാമെന്നപോലെ തങ്ങിനില്‍പുണ്ടായിരുന്നു. എണ്ണമറ്റ കാലുകള്‍, ശരീരത്തിന്റെ ബാക്കി ഭാഗങ്ങളെ അപേക്ഷിച്ച് ദയനീയമായ രീതിയില്‍ അത്ര ശോശിച്ച കാലുകള്‍ അയാളുടെ കണ്‍മുന്നില്‍ നിസ്സഹായമായി വായുവില്‍കിടന്നു തൊഴിച്ചു.
രാത്രിയുടെ ഏകാന്തതയില്‍ ഈ വരികള്‍ വായിച്ച ഒരു ചെറുപ്പക്കാരന്‍ അയാളറിയാതെ രൂപാന്തരപ്പെടുകയായിരുന്നു. അതുവരെയുള്ള ജന്‍മലക്ഷ്യം ഉപേക്ഷിച്ച് വ്യത്യസ്തമായ മറ്റൊരു വഴിയിലേക്കു തിരിയുകയായിരുന്നു. ലോകപ്രശസ്തിയിലേക്ക്. ലോകത്തിലെ ഏറ്റവും ഉന്നതമായ പുരസ്കാരത്തിലേക്ക്. നശ്വരതയില്‍ നിന്ന് അനശ്വരതയിലേക്കും കാലത്തില്‍നിന്ന് കാലാതീതത്തിലേക്കും.
സ്വപ്നത്തില്‍ നിന്നുണര്‍ന്നപ്പോള്‍ കീടമായി മാറിയ ഗ്രിഗര്‍ സാംസ ഇന്നും വായനക്കാരുടെ സ്വാസ്ഥ്യം കെടുത്തുന്നുണ്ട്. നാലു പതിറ്റാണ്ടിനപ്പുറം ജീവിച്ചിരിക്കാത്ത ഫ്രാന്‍സ് കാഫ്ക സൃഷ്ടിച്ച ഹതഭാഗ്യന്‍. കഥ വായിച്ച് എഴുത്തുകാരനായി രൂപാന്തരം പ്രാപിച്ചത് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്. മക്കൊണ്ടൊയിലെ മറ്റൊരു മഹാത്ഭുതം. മാജിക്കല്‍ റിയലിസം.
കാഫ്കയുടെ കഥ മാര്‍ക്കേസ് വായിച്ചിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ പിറക്കുമായിരുന്നില്ല. കോളറക്കാലത്തെ പ്രണയം ആരും അറിയുമായിരുന്നില്ല. കുലപതിയുടെ വ്യസനത്തെക്കുറിച്ച് ചിന്തിച്ച് സ്വേഛാധിപതികള്‍ നടുങ്ങുമായിരുന്നില്ല.
ഒരു പുസ്തകത്തിന് എന്തു ചെയ്യാനാവും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് മാര്‍ക്കേസിന്റെ പരിണാമം. രണ്ടു വാക്കുകള്‍ കൂടിച്ചേരുമ്പോള്‍ പുതിയൊരു വാക്കിനു പകരം നക്ഷത്രശോഭ സൃഷ്ടിക്കുന്നതുപോലെ എഴുത്തുകാരനെ സൃഷ്ടിച്ച കഥ.
ഓരോ വായനദിനവും കാഫ്കയുടെ ഓര്‍മകളുടെ ആഘോഷം കൂടിയാണ്. മാര്‍ക്കേസിന്റെ മാന്ത്രികശൈലിയുടെ ഓര്‍പ്പെടുത്തലാണ്. പ്രിയപ്പെട്ട കഥകള്‍. വായിച്ചു സന്തോഷിച്ച നിമിഷങ്ങള്‍. ഓര്‍മച്ചെപ്പുകള്‍.
1917 ലാണ് കാഫ്കയ്ക്ക് ക്ഷയരോഗം സ്ഥിരീകരിക്കുന്നത്. പിന്നീടു 10 വര്‍ഷം പോലും അദ്ദേഹം ജീവിച്ചിരുന്നില്ല. 1912 ഡിസംബറില്‍ ഫെലിസിന് കാഫ്ക എഴുതിയ കത്തില്‍ പ്രണയം ഒഴിയാബാധയായ കാമുകനുണ്ട്. സ്വന്തം കഥാപാത്രത്തിന്റെ മരണത്തില്‍ വേദനിക്കുന്ന എഴുത്തുകാരനുണ്ട്. എഴുതാന്‍ മോഹിക്കുന്ന മനസ്സുണ്ട്. സ്നേഹിക്കപ്പെടാന്‍ കൊതിക്കുന്ന ഹൃദയമുണ്ട്.
കരയൂ, പ്രിയേ, കരയൂ. കരയാനുള്ള കാലം വന്നുവല്ലോ. എന്റെ കഥയിലെ നായകന്‍ അല്‍പം മുമ്പു ജീവന്‍ വെടിഞ്ഞിരിക്കുന്നു. നിനക്കൊരാശ്വാസത്തിനുവേണ്ടി പറയുകയാണ്, അയാള്‍ മരിച്ചത് മനസമാധാനത്തോടെയും വിധിയോടു പൊരുത്തപ്പെട്ടും കൊണ്ടുതന്നെ. കഥ പൂര്‍ണമായെന്നു പറയാനാവില്ല; അതിനുള്ള മാനസികാവസ്ഥയിലല്ല ഞാനിപ്പോള്‍. ഞാനതു നാളത്തേക്ക് മാറ്റിവയ്ക്കുകയാണ്. നേരവും വളരെ വൈകിയിരിക്കുന്നു. കഥ നാളെ പൂര്‍ത്തിയാക്കാമെന്നാണ് എന്റെ പ്രതീക്ഷ...
പ്രതീക്ഷകളില്ലാത്ത കാലത്തും അക്ഷരങ്ങള്‍ തന്നെയാണ് പ്രതീക്ഷ. കടന്നുപോയ കാലം. മാഞ്ഞുപോകുന്ന ഇന്ന്. എന്നു വരുമെന്നറിയാത്ത ഇന്നലെ. കൂട്ടിനുണ്ടല്ലോ അക്ഷരങ്ങള്‍. കൂട്ടു വിടാത്ത കൂട്ടരായി.
English Summary : Gabriel Garcia Marquez reading Franz Kafka