ADVERTISEMENT

വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ ഒരിക്കല്‍ ഒരു കുട്ടി വന്നു. 

എന്തിനാ വന്നതെന്ന് ബഷീറിന്റെ ചോദ്യം. 

കാണാന്‍ എന്നു കുട്ടി. 

 

കണ്ടില്ലേ, ഇനി പോകരുതോ എന്ന ബഷീറിന്റെ മറു ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടിപ്പോയത് കുട്ടിക്ക്. 

എഴുത്തിനും ജീവിതത്തിനുമിടെ അലഞ്ഞുനടന്ന കുട്ടി പിന്നീട് എഴുത്തുകാരനായി വളര്‍ന്നു. കേരളവും കടന്ന് ഇന്ത്യ അറിയുന്ന കൃതികളുടെ രചയിതാവ്. ഇംഗ്ലിഷ് നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും നേടി മലയളത്തിന്റെ അഭിമാനം ഉയര്‍ത്തിയ അനീസ് സലീം. 

 

മലയാളത്തിന്റെ മണ്ണില്‍ ഉറച്ചുനിന്ന് ലോകത്തോളം വളര്‍ന്നിരുന്നു അപ്പോഴേക്കും ബഷീര്‍. ലോക സാഹിത്യവുമായി കിട പിടിക്കാവുന്ന കൃതികള്‍ കേരളത്തിനു സമ്മാനിച്ച അപൂര്‍വം എഴുത്തുകാരില്‍ ഒരാള്‍. ബഷീറിന്റെ കൃതികള്‍ വായിച്ചപ്പോഴാണ് ലോകത്തോളം വലുതായെന്ന് മലയാളിക്ക് തോന്നിയതും. അതിനദ്ദേഹം ഉപയോഗിച്ചതാകട്ടെ കേരളത്തിന്റെ മണ്ണും മണവും. കാറ്റും സുഗന്ധവും. നിഴലും വെളിച്ചവും ആകാശവും ഭൂമിയും. അങ്ങനെ ഭൂമിയുടെ അവകാശികളില്‍ ഒരാളായ ബഷീര്‍ ഭൂമിയോളം വലുതായി നിറഞ്ഞുനില്‍ക്കുന്നു ഇപ്പോഴും. കാലം ഏറെ മുന്നോട്ടുപോയിട്ടും. ലോകം വികാസത്തിന്റെ പുതിയ ചക്രവാളങ്ങള്‍ സ്വന്തമാക്കിയതിനുശേഷവും. 

 

കഥയില്‍ കവിതയുടെ ആര്‍ദ്രത അനുഭവിപ്പിച്ച എം.ടി. വാസുദേവന്‍ നായര്‍

മലയാളത്തില്‍ മാജിക്കല്‍ റിയലിസം അനുഭവിച്ചത് ബഷീറിനെ വായിച്ചപ്പോള്‍. അനര്‍ഘ നിമിഷത്തിലൂടെ കടന്നുപോയപ്പോള്‍. കഷ്ടിച്ചു രണ്ടു പേജ് മാത്രം നീളുന്ന ഒരു ലേഖനത്തിലൂടെ വേര്‍പാടിന്റെ വേദന അനുഭവിപ്പിച്ചപ്പോള്‍. ജീവിതത്തിന്റെ ശാന്തിയും അശാന്തിയും അറിഞ്ഞപ്പോള്‍. ലോകത്തോളം വലുതായ സ്നേഹത്തിന്റെ അപാര സമുദ്രത്തെ മുഖാമുഖം കണ്ടപ്പോള്‍. 

 

കാലമിത്രയുമായിട്ടും... ഒന്നും എനിക്കു നിന്നെപ്പറ്റി അറിയാന്‍ കഴിഞ്ഞില്ല. അറിയാതെ നിന്നെ ഞാന്‍ സ്നേഹിച്ചു. അറിയാതെ നിന്നെ ഞാന്‍ വെറുത്തു. അറിഞ്ഞുകൊണ്ടു നിന്നെ ഞാന്‍ വേദനപ്പെടുത്തിയോ ? 

എങ്കിലും, എങ്കിലും നീ എന്നെ സ്നേഹിച്ചു. സഹിച്ചു. 

ഞാന്‍ പോകയാണ്. 

നിന്നെ സ്നേഹിച്ചുകൊണ്ടാണെന്നു മനസ്സിലാക്കണം. നീയും ഞാനുമായി പരിചയപ്പെട്ടതെന്നാണ് ? പരിചയപ്പെട്ടോ ? ഞാന്‍ ശ്രമിച്ചു. ഒടുവില്‍ സ്നേഹിക്കാന്‍ മാത്രം പഠിച്ചു. വന്നതുപോലെ ഞാന്‍ തനിയെ പോകയാണ്. യത്രയ്ക്കുള്ള സമയം വളരെ വളരെ അടുത്തുകഴിഞ്ഞു. നീയും ഞാനും എന്നുള്ള യാഥാര്‍ഥ്യത്തില്‍നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കാന്‍ പോകയാണ്. 

നീ മാത്രം. 

 

കാല്‍ നൂറ്റാണ്ട് മുന്‍പ് ഒരു ജൂലൈ മാസം മലയാളത്തോടു യാത്ര പറഞ്ഞു പോയെങ്കിലും പിന്നീടുള്ള ദിവസങ്ങളിലാണ് ബഷീറിന്റെ സാന്നിധ്യം മലയാളം കൂടുതലായി അറിഞ്ഞത്. ഓരോ വര്‍ഷം കഴിയുമ്പോഴും അദ്ദേഹത്തിന്റെ ഓര്‍മ സജീവമാകുന്ന മാന്ത്രികയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ഇന്നും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് ബഷീറിന്റെ പുസ്തകങ്ങള്‍ തന്നെ. കനം തോന്നാത്ത ആ ലഘുകാവ്യങ്ങള്‍ ജീവിതത്തിന്റെ ഇതിഹാസങ്ങളായി രസിപ്പിക്കുന്നു. മോഹിപ്പിക്കുന്നു. അതിശയിപ്പിക്കുന്നു. പ്രലോഭിപ്പിക്കുന്നു. തീവ്രവേദനയെപ്പോലും മഹാ മന്ദഹാസത്തോടെ നേരിടാന്‍ പഠിപ്പിക്കുന്നു. 

 

ഒടുവിലത്തെ ഓര്‍മ: 

അന്ന്...മജീദ് യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു. സുഹ്റാ എന്തോ പറയുവാന്‍ ആരംഭിച്ചു. മുഴുമിക്കുന്നതിനു മുമ്പ് ബസ്സിന്റെ ഹോണ്‍ തുരു തുരാ ശബ്ദിച്ചു...ഉമ്മാ കയറിവന്നു. ..മജീദ് മുറ്റത്തേക്കിറങ്ങി, പൂന്തോട്ടത്തിലൂടെ പടിയിറങ്ങി... ഒന്നു തിരിഞ്ഞുനോക്കി. 

പടിഞ്ഞാറേ ചക്രവാളത്തില്‍ തങ്കമേഘങ്ങള്‍, ഇളം മഞ്ഞവെയിലില്‍ മുങ്ങിയ വൃക്ഷങ്ങളും വീടും മുറ്റവും പൂന്തോട്ടവും. 

സഹോദരികള്‍ രണ്ടും മുഖം വെളിയിലേക്കു കാണിച്ചു കൊണ്ട് വാതില്‍ മറവില്‍. ബാപ്പ ഭിത്തിയില്‍ ചാരി വരാന്തയില്‍. ഉമ്മാ മുറ്റത്ത്. 

നിറഞ്ഞ നയനങ്ങളോടെ ചെമ്പരത്തിയില്‍ പിടിച്ചുകൊണ്ട് പൂന്തോട്ടത്തില്‍ - സുഹ്റാ. 

പറയാന്‍ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം. 

എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റാ പറയാന്‍ തുടങ്ങിയത് ? 

English Summary: Remembering Vaikom Muhammad Basheer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com