ADVERTISEMENT

സ്‌കൂളിൽ എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിൽ നിന്നുള്ള ഭാഗം പഠിക്കുമ്പോൾ   സീതയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള വർണന വായിച്ച് മറ്റെല്ലാ പെൺകുട്ടികളെയും പോലെ സാറാ ജോസഫും സന്തോഷവതിയായി. ബാലകാണ്ഡത്തിലെ സീതാസ്വയംവരത്തിൽ നിന്നുള്ള 

‘ഇടിവെട്ടീടും വണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു

നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ

മൈഥിലി മയിൽപ്പേട പോലെ സന്തോഷം പൂണ്ടാൾ

കൗതുകമുണ്ടായ് വന്നു ചേതസി കൗശികനും’

എന്ന വരികളിൽ എത്തുമ്പോൾ സീത എല്ലാം കൊണ്ടും ഒരു മയിൽപ്പേടയാണെന്ന്  ചിന്തിക്കാത്തത് ആരാണെന്ന് സാറാ ജോസഫ്. 

പിന്നീടങ്ങോട്ട് പഠനത്തിന്റെ ഓരോ പടവും കയറുമ്പോൾ താൻ രാമായണത്തിന്റെ പടികളും കയറുകയായിരുന്നുവെന്ന് എഴുത്തുകാരി. സാറാ ജോസഫിന്റെ ഊരുകാവൽ എന്ന നോവലിൽ സീതയും താരയും കടന്നുവന്നു. തായ്കുലം, അശോക, കറുത്ത തുളകൾ, കഥയില്ലാത്തത് എന്നീ കഥകളിൽ സീത, ശൂർപ്പണഖ, മന്ഥര തുടങ്ങിയവരെക്കുറിച്ചും എഴുതി. പുതുരാമായണം എന്ന പുസ്തകവും എഴുതി.

തൃശൂരിലെ തിരൂർ സെന്റ് തോമസ് എച്ച്എസിൽ അധ്യാപികയായിരിക്കെ സാറാ ജോസഫിന്റെ സഹപ്രവർത്തകനായ നമ്പൂതിരി മാഷ് ജോലി രാജിവച്ചു മകനൊപ്പം മുംബൈയ്ക്ക് പോയി. തന്റെ സകല ഗൃഹോപകരണങ്ങളും വിപുലമായ ഗ്രന്ഥശേഖരവും മറ്റുള്ളവർക്ക് വിറ്റിട്ടാണ് അദ്ദേഹം പോയത്. സാറാ ജോസഫ് പുസ്തകങ്ങൾ ചെന്നുകണ്ടു. വാല്മീകി രാമായണം സമ്പൂർണം, മഹാഭാരതം എന്നിവ വാങ്ങാൻ ആഗ്രഹിച്ചു. അന്നു സാറാ ജോസഫിന്റെ ശമ്പളം ഏതാണ്ട് എഴുന്നൂറ് രൂപ.  

വീട്ടിൽ വളരെയേറെ കഷ്ടപ്പാട്. രണ്ട് പുസ്തകങ്ങൾക്കും കൂടി നമ്പൂതിരിമാഷ് പറഞ്ഞത് ശമ്പളത്തിനടുത്തു വരുന്ന തുക. അതൊരിക്കലും താങ്ങാനാവാത്തതിനാൽ സാറാ ജോസഫ് നിരാശയോടെ തിരിച്ചുനടന്നു. 

ഏറെ കൊതിച്ച ആ പുസ്തകങ്ങൾ വാങ്ങാൻ കഴിയാത്ത വിഷമം അന്ന് ഉറങ്ങാൻ കിടക്കുമ്പോഴും സാറാ ജോസഫിനെ അലട്ടി. പിറ്റേന്ന് രാവിലെ സ്കൂളിൽ എത്തിയപ്പോൾ നമ്പൂതിരി മാഷ് പറഞ്ഞത്രേ, കുട്ടി അത് നൂറു രൂപയ്ക്ക് എടുത്തോളൂ എന്ന്. 

അന്ന് വാല്മീകി രാമായണം സമ്പൂർണവും മഹാഭാരതവും കൂടി പല തവണ കാൽനടയായാണ് സാറാ ജോസഫ് സ്കൂളിലും അവിടെ നിന്നു വീട്ടിലും എത്തിച്ചത്. അത്ര വലിയ വാല്യങ്ങൾ. കാലപ്പഴക്കത്താൽ പൊടിഞ്ഞിട്ടും ആ പുസ്തകങ്ങൾ ഇന്നും സാറാ ജോസഫിന്റെ ലൈബ്രറിയിലുണ്ട്.

 

English Summary : Ramayanam reading- Sarah Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com