വരികളിൽ ഒളിഞ്ഞ് താളം
Mail This Article
ഒറ്റനോട്ടത്തിൽ ഗദ്യമാണെന്നു തോന്നുന്ന രാമായണമാണ് സച്ചിദാനന്ദന്റെ വീട്ടിലുണ്ടായിരുന്നത്. ഒരു വരി തീരുന്നിടത്ത് നക്ഷത്രചിഹ്നം കൊടുത്ത ശേഷം ഗദ്യം പോലെ അടുത്ത വരി, വീണ്ടും നക്ഷത്ര ചിഹ്നത്തിനുശേഷം അടുത്ത വരി എന്ന രീതിയിൽ. സച്ചിദാനന്ദന്റെ കവിത പോലെ തന്നെ. ഗദ്യമാണെന്നു തോന്നും, പക്ഷേ താളം ഒളിപ്പിച്ചു വച്ചത്.
ആറാംവയസ്സിൽ രാമായണം വായിക്കുമ്പോൾ പ്രകൃതി അതിലേക്ക് ആകർഷിക്കപ്പെടുന്നതായി തോന്നുമായിരുന്നു എന്ന് സച്ചിദാനന്ദൻ. പതിവായി അമ്മയോ ചേച്ചിയോ ആണ് രാമായണം വായിക്കാറ്. അവർക്കു പറ്റിയില്ലെങ്കിൽ രാത്രി റാന്തൽ വെളിച്ചത്തിലിരുന്ന് സച്ചിദാനന്ദൻ രാമായണം വായിച്ചു. അപ്പോൾ ‘ഇരിങ്ങാലക്കുടക്കീഴിലെ’ ചെറിയ വീട്ടിൽ മഴയുടെയും തേങ്ങ ചിരകുന്നതിന്റെയും ഗൗളി ശബ്ദിക്കുന്നതിന്റെയും അരിക്കലം കഴുകിവയ്ക്കുന്നതിന്റെയും ഒക്കെ ശബ്ദം കൂടെയെത്തും. പദസൗന്ദര്യം കൊണ്ട് സുന്ദരകാണ്ഡവും വനവർണനകളാൽ ആരണ്യകാണ്ഡവും ആകർഷിച്ചിട്ടുണ്ട്.
പക്ഷേ, യുദ്ധവീര്യത്തിന്റെ പ്രതീകമായ രാമനല്ല മനസ്സിലുള്ളതെന്ന് സച്ചിദാനന്ദൻ. വനചരങ്ങളോടും സ്ഥലചരങ്ങളോടും സീതയെ കണ്ടോ എന്നു വിളിച്ചു ചോദിച്ചു നടക്കുന്ന വികാരവാനായ, വേർപാടിന്റെ കഠിനമായ വേദന അനുഭവിക്കുന്ന രാമനെയാണ് സച്ചിദാനന്ദന് ഇഷ്ടം.
English Summary: Poet K. Satchidanandan's memoir about Ramayana month