പ്രലോഭനങ്ങളിൽ വീഴാതിരിക്കാൻ
Mail This Article
രാമായണം എന്തെന്നറിയും മുൻപുതന്നെ രാമനാമം ചൊല്ലിപ്പതിഞ്ഞ ബാല്യമാണു ശ്രീകുമാരി രാമചന്ദ്രന്റേത്. ആചാരങ്ങളിൽ നിഷ്ഠയുള്ളവരായിരുന്നു അച്ഛനമ്മമാർ. കർക്കടക സംക്രമത്തിനു ശീവോതി വച്ചാൽ പിന്നെ വീട്ടിൽ രാമായണത്തിന്റെ നാളുകളാണ്. കുട്ടിക്കാലത്ത് അച്ഛനായിരുന്നു രാമായണം വായിച്ചിരുന്നത്. നല്ല ഈണത്തിലായിരുന്നു പാരായണം. മക്കളെ നാമം ചൊല്ലാൻ പഠിപ്പിച്ചതും അദ്ദേഹംതന്നെ. കഥകൾ പറഞ്ഞുകൊടുത്തിരുന്നത് അമ്മ. ആ വാക്കുകളിലൂടെ രാമായണം ആദ്യമായി അറിഞ്ഞു.
വീട്ടിലെ രാമായണത്തിൽ ധാരാളം ചിത്രങ്ങളുണ്ടായിരുന്നു. ഗുഹസംവാദം, മായാമൃഗം, ജടായുവധം, സീതാപരിത്യാഗം എന്നീ ചിത്രങ്ങൾ മായാതെ ഇന്നും മനസ്സിലുണ്ട്. പുത്രിയായ സീതയെ മടിയിലിരുത്തി ഭൂമീദേവി അന്തർധാനം ചെയ്യുമ്പോൾ നിസ്സഹായനായി നോക്കിയിരിക്കുന്ന രാമനായിരുന്നു ഗ്രന്ഥത്തിലെ അവസാന ചിത്രം. പലകുറി അതു നോക്കി കരഞ്ഞിട്ടുണ്ട്. ഭക്തിയുടെ ഉദാത്ത ഭാവങ്ങൾ ശ്രീകുമാരി കണ്ടെത്തിയതു ഹനുമാനിലാണ്.
‘‘രാമരാമ മാരുതി
രാമദാസ മാരുതി
രാമചന്ദ്ര മാരുതി
വായുപുത്ര മാരുതി’’
അച്ഛൻ പഠിപ്പിച്ചുതന്ന ഇൗ നാമം ഇന്നും അവർ ചൊല്ലാറുണ്ട്. പ്രലോഭനങ്ങളിൽപ്പെട്ടാൽ അത്യാപത്തുകളെ നേരിടേണ്ടിവരും എന്നതാണു രാമായണത്തിൽനിന്നു പഠിക്കേണ്ട ഏറ്റവും പ്രധാന പാഠം എന്നായിരുന്നു അമ്മയുടെ അഭിപ്രായം.
മന്ഥരയുടെ പ്രലോഭനത്തിനു വശംവദയായ കൈകേയിയും കിഷ്കിന്ധയുടെ സിംഹാസനം മോഹിച്ച സുഗ്രീവനും ശൂർപ്പണഖയുടെ സീതാസൗന്ദര്യ വർണന കേട്ടു പ്രലോഭിതനായ രാവണനും മായാമൃഗത്തെക്കണ്ടു മോഹിതയായ സീത തന്നെയും അതിന്റെ തിക്തഫലങ്ങൾ അനുഭവിച്ചതെങ്ങനെ എന്നു വിശദീകരിച്ചു തരുമായിരുന്നു അമ്മ. പ്രലോഭനങ്ങളിൽ വീഴുന്ന യുവതലമുറയ്ക്കു വലിയൊരു പാഠപുസ്തകമാണു രാമായണം.
English Summary: Sreekumari Ramachandran's memoir about Ramayana month