‘അത്തത്തിന്റെ സ്റ്റേറ്റസിന് നല്ല റെസ്പോൺസ് ആയിരുന്നു; ചിത്തിരയ്ക്ക് ഇനി എന്തിടും?’
Mail This Article
വളരെ സ്വാഭാവികമായി കുട്ടികൾ അവരുടെ കാലത്തെ ഓണം ആഘോഷിക്കുകയാണ്. ഒന്നമ്പരന്നെങ്കിലും ഇതിൽ നമ്മൾ എന്തിന് ഇടങ്കോലിടണം എന്നാണ് ആദ്യം തന്നെ ആലോചിച്ചത്. ഓണം കുട്ടിക്കാലത്തിന്റെ ഒരാഘോഷമാണ് എന്നതുതന്നെ കാരണം. അതു മലയാളത്തിന്റെതന്നെ കുട്ടിക്കാലമായതാണല്ലോ മാവേലിനാട് എന്ന സങ്കൽപം. കുട്ടികളുടെ കൂടെക്കൂടണം; ഒപ്പം മനസ്സുകൊണ്ട് സ്വന്തം കുട്ടിക്കാലത്തെ ഓണക്കാലമാക്കുകയും വേണം. എന്നാലല്ലേ നമുക്കും ഓണം മുഴുവനാവൂ?
കോട്ടയം പട്ടണത്തിനടുത്ത് നട്ടാശേരി എന്ന താഴ്ന്ന പ്രദേശത്തിന് ജലം ജീവിതസാഹചര്യം തന്നെയാകുന്നു. അതുകൊണ്ട് ഞങ്ങൾ പണ്ടുതന്നെ വെള്ളമിറങ്ങിയ മുറ്റത്ത് മഴ നനഞ്ഞുകൊണ്ടു പൂവിടും. ഓണത്തിന് എന്തായാലും സദ്യയുണ്ടാവും. എന്നാൽ അതിനുതൊട്ടുപിന്നാലെ ഇവിടെ മീനച്ചിലാറിന്റെ കൈവഴികളിലാരംഭിച്ചു കുമാരനല്ലൂരിൽ അവസാനിക്കുന്ന ഊരുചുറ്റുവള്ളംകളിയോടെയാണ് ഞങ്ങളുടെ ഓണം പൂർണമാവുക.
ഊരുചുറ്റുവള്ളംകളിക്ക് ഞങ്ങളും ചെറിയ വള്ളമിറക്കും. ഒരു കാൽനൂറ്റാണ്ടു മുൻപ് അങ്ങനെ ഒരു വള്ളംകളി. ഞങ്ങൾ അഞ്ചെട്ടു പേർ ഒരു ചെറുവള്ളത്തിൽ ഊരുചുറ്റിത്തുടങ്ങി. വള്ളം കുമാരനല്ലൂരിന് അടുത്തെവിടെയോ ആണ്. ഒരു വലിയ ശബ്ദം കേട്ടത് ഓർമയുണ്ട്. തൊട്ടുപിന്നാലെ വള്ളം മറിഞ്ഞു.
വലിയൊരു വള്ളം ഞങ്ങളുടെ ചെറുവള്ളത്തിൽ ഇടിച്ചതാണ്. മറിഞ്ഞ വള്ളത്തിൽ എല്ലാവരും കെട്ടിപ്പിടിച്ചു കിടന്നു. ഇരുട്ടിൽ ഒന്നും കാണാൻ വയ്യ. പെട്ടെന്ന് ഒരു നിലവിളി. ഞങ്ങൾ അനിയൻ എന്നു വിളിക്കുന്ന അനിൽ എന്ന കൂട്ടുകാരൻ വെള്ളത്തിലേക്കു താഴ്ന്നു പോയപ്പോൾ ശ്രീജിത്ത് എന്ന സുഹൃത്ത് അയാളെ മുടിയിൽപിടിച്ച് മറിഞ്ഞ വള്ളത്തിന്റെ പുറത്തേക്കു കയറ്റിയിട്ടതിന്റെ പരിഭ്രമമാണു കേട്ടത്. അനിയനു നീന്തൽ അറിയില്ലായിരുന്നു എന്ന് അപ്പോഴാണു മനസ്സിലായത്. എല്ലാവരും ചേർന്ന് നീന്തലറിയാത്ത കൂട്ടുകാരനെയും താങ്ങിപ്പിടിച്ച് ഒരുവിധം തീരത്തടുത്തു. അതാകട്ടെ ഒരു ചതുപ്പുനിലവും. അരയ്ക്കുമീതേയുള്ള ചെളിയിൽ പൂഴ്ന്ന് ആയാസപ്പെട്ടു നടന്ന് കരയ്ക്കണഞ്ഞപ്പോഴേക്കും രാവേറെ വൈകിയിരുന്നു. പിറ്റേന്ന് പുലരിയിലും ഞങ്ങൾ ചിരിക്കുകതന്നെയായിരുന്നു.
അതും ഓണമായിരുന്നു. അതിജീവനത്തിന്റെ ഓണം. ദുരന്തമെന്നു തോന്നുന്നിടത്തുനിന്നു കര കയറാനാവുമെന്ന പ്രതീക്ഷയായി അത് ഇപ്പോഴും കൂടെയുണ്ട്.
പെരുവെള്ളം വന്നു നാടാകെ മൂടുന്ന ഇക്കാലത്തും ഓണമെന്നു കേട്ടാൽ ആ പ്രതീക്ഷയും ഒപ്പമെത്തും. അത്തരം വെളിച്ചങ്ങളും നിറങ്ങളും ചേർന്നു വസന്തമായതാണ് മലയാളിയുടെ ഓണമെന്നു നല്ലോണം തിരിച്ചറിയുകയും ചെയ്യും. രോഗത്തിന്റെയും സാമൂഹികമായ അകലത്തിന്റെയും കാലത്തും കൂടെയുള്ള ആ പഴയ വെളിച്ചമാകട്ടെ എന്റെ ഇന്നത്തെ സ്റ്റേറ്റസ്.
English Summary: Writer Manoj Kuroor shares his Onam memories