പെരുങ്കായമിട്ട സാമ്പാറിന്റെയും ഉള്ളിത്തീയലിന്റെയും രുചി; അയൽക്കാരി വല്യമ്മ വിളമ്പുന്ന സ്നേഹസദ്യയുടെ ഓണം
Mail This Article
ചെറുപ്പത്തിൽ കുട്ടികളെല്ലാവരും ചേർന്ന് അത്തദിനം മുതൽ പൂ പറിക്കാൻ പോകും. ഓണം അടുത്തെത്തുമ്പോൾ നാട്ടിലെ പ്ലാവിന്റെ മുകളിൽ കൂറ്റൻ ഊഞ്ഞാൽ കെട്ടും. വീട്ടിനടുത്തുള്ള ഒരു വല്യമ്മ തിരുവോണ ദിവസം ഞങ്ങളെ വിളിച്ചു സദ്യ തരും. നല്ല പെരുങ്കായമിട്ട സാമ്പാറിന്റെയും ഉള്ളിത്തീയലിന്റെ യും രുചി ഇന്നും നാവിലുണ്ട്. സദ്യ കഴിഞ്ഞ് ഇറങ്ങുമ്പോൾ വീട്ടിലുള്ള മുതിർന്നവർക്കായി ഒരു പാത്രത്തിൽ പായസവും തന്നു വിടും.
കുറച്ചു വർഷങ്ങളായി ഇതൊക്കെ മാറി. പൂക്കളം വീട്ടുമുറ്റത്തു ഫ്ലെക്സ് അടിച്ചുതൂക്കുന്ന കാലമെത്തി. ഓണസദ്യ റസ്റ്ററന്റുകളിൽ ബുക്ക് ചെയ്യാൻ തുടങ്ങി. ഇതിനിടയിലാണു മലയാളിക്കു കോവിഡിനിടയിൽ ഓണം ആഘോഷിക്കേണ്ടിവരുന്നത്.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് എല്ലാവരും തിരിച്ചറിഞ്ഞു. പുറത്തുനിന്നു പൂക്കൾ വരാതായപ്പോൾ നമ്മുടെ തൊടിയിലെ പൂക്കളെ നമ്മൾ തിരികെ വിളിച്ചു. നമ്മുടെ ആഘോഷ സംസ്കാരങ്ങളിൽ വന്ന മാറ്റങ്ങൾ അത്ര നല്ലതല്ലെന്നു കോവിഡ് കാലം നമ്മളെ ഓർമിപ്പിക്കുകയാണ്. നിഷ്കളങ്കമായ പഴയ ഓണക്കാലം തിരികെ വരട്ടെയെന്നു പ്രാർഥിക്കുന്നതിനൊപ്പം എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
English Summary : Actor Jaffer Idukki's Onam Memories