ചെമ്പരത്തിത്താളി തേച്ച തലയും വെരിലൂസ് കുപ്പായവുമുള്ള എന്റെ നെപ്പോളിയൻ, മങ്കുറ്റി കണ്ണൻ!
Mail This Article
ഓരോ ജീവിതവും ഓരോ പുസ്തകങ്ങളാണ്. വീണ്ടും വീണ്ടും വായിച്ച് മനസ്സിലാക്കേണ്ടവ... കണ്ടറിഞ്ഞ മനുഷ്യരെകുറിച്ച്, കേട്ടറിഞ്ഞ ജീവിതങ്ങളെകുറിച്ച് ലിജീഷ് കുമാർ എഴുതുന്ന പരമ്പര– പുസ്തകങ്ങൾ പോലെ എന്റെ മനുഷ്യർ...
***** ****** ***** *****
മകനെയും കൂട്ടി പുലർകാലത്ത് നടക്കാന്‍ പോകുന്ന ഒരു മിലിട്ടറി ജനറലിന്റെ കഥ കേട്ടിട്ടുണ്ട് ഞാൻ. സ്ഥലം പാരിസാണ്. ഒരു ദിവസം നടന്നു നടന്ന് ജനറൽ പാരിസിലെ ഒരുദ്യാനത്തിലെത്തി. കുതിരപ്പുറത്ത് നെപ്പോളിയന്‍ ഇരിക്കുന്ന ഒരു കൂറ്റൻ പ്രതിമയുണ്ട് അവിടെ. ‘‘നോക്ക്, മോൻ നെപ്പോളിയനെ കണ്ടോ!’’ കുട്ടി നെപ്പോളിയനെ നോക്കി നിന്നു. കൗതുകം നിറഞ്ഞ് തുളുമ്പുന്ന കണ്ണുകൾ വിടർത്തി അവൻ ചോദിച്ചു, ‘‘ഈ നെപ്പോളിയനെ കാണാന്‍ പപ്പയെന്നെ എന്നും കൊണ്ടുവരുമോ ?’’
ഓർക്കണം, അയാളൊരു മിലിട്ടറി ജനറലാണ്. തന്റെ മകൻ എന്നും നെപ്പോളിയനെ കാണാനാഗ്രഹിക്കുന്നു എന്നത് കുറിച്ചൊന്നുമല്ല അയാളെ ആനന്ദിപ്പിച്ചത്. അവൻ ഭാവിയില്‍ നെപ്പോളിയനാവും! അയാൾക്കഭിമാനം തോന്നി. ആ യാത്ര പക്ഷേ അധികദിവസം നീണ്ടില്ല. പെട്ടെന്നു തന്നെ ജനറലിന് സ്ഥലം മാറ്റം വന്നു. അവസാനമായി നെപ്പോളിയനെ കാണാന്‍ മകനെയും കൂട്ടി അയാൾ ഉദ്യാനത്തിലെത്തി. മടങ്ങാൻ നേരം അവന്‍ ചോദിച്ചു, ‘‘എന്നും ഇവിടെ വരുമ്പോ ചോദിക്കണമെന്ന് വിചാരിക്കുന്നതാണ്. പക്ഷേ ഇതുവരെയും ഞാമ്മറന്നു പോയി. ഇനി ഇവിടെ വരില്ലല്ലോ, അങ്ങനെ ചിന്തിച്ചപ്പൊ ഓർത്തതാ. അയാളാരാണ് പപ്പാ ?’’
‘‘ഞാൻ നിനക്ക് പറഞ്ഞ് തന്നതല്ലേ, മഹാനായ നെപ്പോളിയനാണെന്ന്. നെപ്പോളിയനെ കാണിക്കാന്‍ എന്നും കൊണ്ടുവരുമോ എന്ന് നീയല്ലേ എന്നോട് ചോദിച്ചത് ?’’ ജനറലിന് ദേഷ്യം വന്നു. കുട്ടിക്ക് ചിരി വന്നു, ‘‘അതല്ല പപ്പാ. മഹാനായ നെപ്പോളിയനെക്കുറിച്ചല്ല ഞാനിപ്പൊ ചോദിച്ചത്. അവന്റെ പുറത്തുകയറിയിരിക്കുന്ന ആ മനുഷ്യനെക്കുറിച്ചാണ് !’’
കുട്ടി കുതിരയെക്കാണാൻ പോകുന്ന പോലെയാണ്, ഞാൻ പണ്ട് അങ്ങാടിയിൽ പോയിരുന്നത്. വീട്ടുകാർ അവരുടെ നെപ്പോളിയനെക്കാണാൻ പറഞ്ഞയയ്ക്കും, ഞാൻ എന്റെ നെപ്പോളിയനെക്കാണും. പട്ടാള ക്യാംപിലൊന്നും പോയല്ല കേട്ടോ. പട്ടാളം പോയിട്ട് പൊലീസ് പോലും അവിടില്ല. ഒരു നാട്ടിൻ പുറത്തായിരുന്നു എന്റെ വീട്. ബ്രിട്ടിഷുകാരുണ്ടാക്കിയ തൊട്ടിലു പോലെ ആടുന്ന ഒരു പാലം പണ്ടവിടെ ഉണ്ടായിരുന്നു. അങ്ങനെയാണ് അന്നാടിന് തൊട്ടിൽപ്പാലം എന്ന് പേരു വരുന്നത്. ആടിയാടി വീഴാമ്പോയപ്പോൾ അതു പൊളിച്ച് നാട്ടുകാർ കോൺക്രീറ്റ് പാലമുണ്ടാക്കി.
അധ്വാനികളാണ് തൊട്ടിൽപ്പാലത്തുകാർ. പാലത്തിന്റെ ലാഞ്ചൽ നിൽപ്പിച്ച നാട്ടുകാർ. ലാഞ്ചൽ നിന്നു, മനുഷ്യർ നേരേ ചൊവ്വേ നടക്കാൻ തുടങ്ങി. മര്യാദയ്ക്ക് നടക്കുന്ന നാട്ടുകാരായതുകൊണ്ട് പരാതികളൊന്നും തീരെയില്ല. കേസുകളില്ല, ആരെയും പേടിപ്പിക്കാനുമില്ല. അതുകൊണ്ട് പേരിനുണ്ടായിരുന്ന പൊലീസ് സ്റ്റേഷൻ ടൗണിൽനിന്ന് മാറി ഒരു കാട്ടിലായിരുന്നു. പിന്നെ കാലങ്ങൾ കഴിഞ്ഞാണ് അത് ടൗണിലെത്തിയത്. നാടൻ ഗുണ്ടകളും അന്നവിടില്ല. ഞങ്ങളെയൊക്കെ പേടിപ്പിക്കാൻ വീട്ടുകാർ പറഞ്ഞ പേരുകളിൽ ഒരു കണ്ണേട്ടനുണ്ട്, അത്രമാത്രം.
‘‘അതേടാ.... കീലേരി തന്നെ, നെരത്തി കുത്തും ഞാൻ ! കൊല്ലും കൊലയും ഈ കീലേരി അച്ചുവിന് പുത്തരിയല്ല’’ എന്ന ഡയലോഗ് ഓളമുണ്ടാക്കിയ കാലമാണത്. ലൂസ് ഷർട്ട്, കത്തി, കഴുത്തിൽ ചുറ്റിയ ടവ്വൽ.. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ചട്ടമ്പിയാണയാൾ, കൺകെട്ടിലെ കീലേരി അച്ചു. വെട്ടിച്ചിറ ഡൈമൺ, കാരക്കൂട്ടിൽ ദാസൻ, ഹൈദ്രോസ്, കണ്ണൻ സ്രാങ്ക്, അങ്ങനെ ദശമൂലം ദാമു വരെ എത്തുന്ന ആകർഷിച്ച വില്ലൻമാർക്കെല്ലാം കാഴ്ചയിലും മാനറിസത്തിലും എന്തോ ഒരു പൊരുത്തമുണ്ട്. ഇപ്പൊരുത്തങ്ങളെല്ലാം തികഞ്ഞ ഒരാളായിരുന്നു ഞങ്ങടെ കണ്ണേട്ടൻ, ചെമ്പരത്തിത്താളി തേച്ച് പിടിപ്പിച്ച തലയും കള്ളിമുണ്ടും വെരി ലൂസ് കുപ്പായവും! എ ക്ലാസ് പേരുമുണ്ട്: മങ്കുറ്റി കണ്ണൻ.
എനിക്ക് പക്ഷേ കണ്ണേട്ടനെ പേടിയായിരുന്നില്ല. പേടി തോന്നുന്ന സ്ഥലത്തു വച്ചല്ല കണ്ടു തുടങ്ങിയത് എന്നതുകൊണ്ടാവും അത്. പപ്പേട്ടന്റെ പച്ചമരുന്ന് പീടികയുടെ കോലായിൽ പതിവായിരുന്ന് പത്രം വായിക്കുന്ന കണ്ണേട്ടൻ എന്റെ ഓർമയിലുണ്ട്. കൽക്കണ്ടിയും ഉണക്കമുന്തിരിയും തിന്നാനെന്നു പറഞ്ഞ് ഞാൻ നെപ്പോളിയനെ കാണാൻ പോയിരുന്ന മരുന്നു പീടിക ഇന്നും അവിടുണ്ട്, പക്ഷേ നെപ്പോളിയനില്ല.
എന്തുപറ്റി കണ്ണേട്ടന് എന്നല്ലേ, ആ ചോദ്യം കുട്ടിക്കാലം മുതലേ എന്റെ ഉള്ളിലുണ്ട്. എന്തു പറ്റിയതാവും കണ്ണേട്ടന്! വീട്ടിൽ വരുമായിരുന്നു. മുറ്റത്തിന്റെ മൂലയ്ക്ക് പൊടിച്ച ചെമ്പരത്തിച്ചെടിയിലെ ഇലകൾ പൊട്ടിച്ച് തലയിൽ തേച്ച് പിടിപ്പിക്കും, തട്ടിക്കളയും. തല കഴുകില്ല, താളിയുടെ തണുപ്പിറങ്ങിയില്ലെങ്കിൽ ഭ്രാന്തു പിടിക്കുമത്രേ.
പഞ്ചാര മണത്തു വരുന്ന ഉറുമ്പുകള്‍ വീണ് ചാവുന്നതൊഴിവാക്കാൻ ചായ കുടിച്ച ഗ്ലാസ് കമഴ്ത്തിവയ്ക്കുമായിരുന്നു കണ്ണേട്ടൻ. അയാളൊഴിച്ച് മറ്റാരും അത് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ‘‘നിങ്ങളൊഴിച്ചു മറ്റാരെങ്കിലും പറയാനിടയുള്ളത് പറയരുത്. നിങ്ങളൊഴിച്ച് മറ്റാരെങ്കിലും ചെയ്യാനിടയുള്ളത് ചെയ്യരുത്.’’ എന്ന് ഫ്രൂട്ട്സ് ഓഫ് ദി എർത്തിൽ ആങ്ദ്രേ ഷീദ് എഴുതിയത് കണ്ണേട്ടനെക്കുറിച്ചാണ്, അയാൾ ഒരേയൊരു മങ്കുറ്റി കണ്ണനായിരുന്നു. അമ്മാനറിസങ്ങളുള്ള ഒരാളെയും അതിന് മുമ്പോ ശേഷമോ എനിക്ക് പരിചയമില്ല. ഉറുമ്പിനെപ്പോലും അയാൾ സ്നേഹിച്ചിരുന്നു. പക്ഷേ എന്റെ തലമുറയിൽ ജനിച്ച കുട്ടികൾക്കെല്ലാം അയാളെ പരിചയപ്പെടുത്തിത്തന്നത്, ഗുണ്ട എന്നു പേടിപ്പിച്ചാണ്.
അന്ന് ഞാൻ മുടിവെട്ടാൻ പോയിരിക്കാറുള്ള ഒരു രാജേട്ടന്റെ പീടികയുണ്ട് തൊട്ടിൽപ്പാലത്തങ്ങാടിയിൽ. ഒരിടുക്ക് വഴീലൂടെ വേണം ആ പീട്യേലേക്ക് കേറാൻ. അന്നവിടെപ്പഴും ഒരു പട്ടി കിടപ്പുണ്ടാവും. ഇപ്പഴാ വഴി ടൗണിലേക്ക് മാറിയ പൊലീസ് സ്റ്റേഷനിലേക്കുള്ളതാണ്. ആരോടും വല്യ സ്നേഹമൊന്നും ഒരിക്കലും കാണിച്ചു കണ്ടിട്ടില്ലാത്ത കണ്ണേട്ടൻ ഒരു ദിവസം ആ പട്ടിക്ക്, ഒരു കഷ്ണം ബന്നെറിഞ്ഞു കൊടുക്കുന്നത് ഞാങ്കണ്ടു. അവനത് തിന്നില്ല. ഒന്നു തലയുയർത്തി നോക്കി, പിന്നെ പഴയപടി മൂക്കു കൂർപ്പിച്ച്, താടി നിലത്ത് വിരിച്ച് അങ്ങനെ കിടന്നു. പിന്നാലെ പോയില്ല, വാലാട്ടിയില്ല, കാലു നക്കിയില്ല ! നന്ദികെട്ട നായ എന്ന് മനസ്സിൽ പറഞ്ഞ് രാജേട്ടന്റെ കറങ്ങുന്ന കസേരയിലേക്ക് ഞാൻ പിൻവാങ്ങി.
നന്ദിയുള്ള കാവൽ നായ്ക്കളെയാണ് ഞങ്ങൾ കുട്ടികൾക്ക് അന്നു പരിചയം. ചെരുപ്പും കാലും നക്കിത്തുടയ്ക്കുന്ന, യജമാനൻ ഒപ്പം കിടത്തുന്ന കാവൽ നായയെ. യജമാനനും അയാളുടെ വീട്ടുകാർക്കും അവൻ എപ്പോഴും വിധേയപ്പെട്ടിരിക്കും, അരുമയായ വിശ്വസ്തനായിരിക്കും. അല്ലാത്തൊരാളെയും പക്ഷേ വെറുതെ വിടില്ല. കൂട്ടിലടച്ചില്ലെങ്കിൽ കടിച്ചു കീറിക്കളയും. നായ എന്ന് പേരുള്ള ജന്തുവിന്റെ സവിശേഷതകളെക്കുറിച്ച് അന്നു പഠിച്ചതു മുഴുവൻ ഇങ്ങനെയാണ്. യജമാനനൊക്കെ കുട്ടിക്കാലത്തിന്റെ വാക്കാണ്. നന്ദികെട്ട നായ്ക്കളില്ലേ, വാലാട്ടി, കാലുനക്കി, പിന്നാലെ പോവാത്ത വഴിയരികിലെ പട്ടികൾ, അവരെനിക്ക് പുതുതായിരുന്നു. നോക്കൂ, അവരെത്ര സൗമ്യരാണ്, അവരെ പേടിക്കുകയേ ചെയ്യണ്ട. ഒരു ദിവസം അവനെക്കാണാതായി. പക്രന്തളം ചുരമിറങ്ങി വന്ന ഏതോ പാതിരാവണ്ടി തട്ടിയാണ് ചാവുന്നത്. ആർക്കും വിധേയപ്പെടാത്തവർ ഇങ്ങനെ അവസാനിക്കുന്നത് എന്താവും.
ആർക്കും വിധേയപ്പെടുമായിരുന്നില്ല കണ്ണേട്ടനും. വാലാട്ടി പുറകേ പോകുമായിരുന്നില്ല. റോഡിൽ കിടന്നുറങ്ങുമായിരുന്നു. പകലന്തിയോളം റോഡിൽ നിന്ന് ആരെയോ ചീത്ത വിളിക്കുമായിരുന്നു. ‘‘ആരെയാ?’’ ഞാനൊരിക്കൽ ചോദിച്ചു. ‘‘നിന്നെയല്ല, നിന്നെയല്ല !’’ എന്ന് മൂന്നാല് വട്ടം പറഞ്ഞു. പിന്നെപ്പൊ എന്നെക്കണ്ടാലും, നിന്നെയല്ല, നിന്നെയല്ല എന്ന് പറയുമായിരുന്നു. ആരെയാണ് എന്ന ചോദ്യം എപ്പോഴും എന്റെയുള്ളിൽ കനം വെച്ച് കിടന്നിരുന്നു.
‘‘നാമെല്ലാം ഭ്രാന്തരായി ജനിക്കുന്നു, ചിലര്‍ അങ്ങനെ തന്നെ തുടരുന്നു,’’ എന്ന് വെയിറ്റിങ് ഫോര്‍ ഗോദോയില്‍ സാമുവൽ ബെക്കറ്റെഴുതിയത് വായിക്കുമ്പോഴെല്ലാം ഞാൻ കണ്ണേട്ടനെ ഓർക്കും. ഭ്രാന്തായിരുന്നില്ല കണ്ണേട്ടൻ, വെറുപ്പായിരുന്നു. ‘ആര്‍ക്കാണ് ഭ്രാന്ത്’ എന്ന തലക്കെട്ടിൽ എം.പി. നാരായണ പിള്ളയുടെ ഒരു പുസ്തകമുണ്ട്. സത്യം, അയാൾക്കായിരുന്നില്ല ഭ്രാന്ത്. കണ്ണേട്ടനോട് കലഹിച്ചവർക്കല്ലാതെ, കണ്ണേട്ടന് ഭ്രാന്തൊന്നും ഉണ്ടായിരുന്നില്ല.
2019 ഏപ്രിൽ 30 ന് കണ്ണേട്ടൻ മരിച്ചു പോയി, വണ്ടിക്കടിയിൽപ്പെട്ടു തന്നെയാണ് കണ്ണേട്ടനും അവസാനിച്ചത്. perhaps a lunatic was simply a minority of one / ഉന്മാദികൾ ന്യൂനപക്ഷമാണ്. ഇങ്ങനേ എഴുതിത്തുടങ്ങുന്ന ‘1984’ ലെ ഒരു പാരഗ്രാഫ് ജോര്‍ജ് ഓര്‍വെല്‍ അവസാനിപ്പിക്കുന്നത്, the thought of being a lunatic did not greatly trouble him. the horror was that he might also be wrong എന്നെഴുതിവെച്ചാണ്. താൻ ഭ്രാന്തനാണ് എന്ന ചിന്തയല്ല അവനെ വിഷമിപ്പിച്ചത്, അവനും തെറ്റുകാരനാകാം എന്ന ഭയമായിരുന്നു എന്ന്. എന്തായിരിക്കും കണ്ണേട്ടനെ വിഷമിപ്പിച്ചിട്ടുണ്ടാവുക, ആരെയായിരിക്കും പകലന്തിയോളം നിന്ന് അയാൾ ചീത്തവിളിച്ചിട്ടുണ്ടാവുക ?
നിന്നെയല്ല, നിന്നെയല്ല! മങ്കുറ്റി കണ്ണേട്ടൻ പറഞ്ഞോണ്ടിരിക്കുന്നു. അതെന്നെ ആനന്ദിപ്പിക്കുന്നു. ആത്മാദരത്തിന്റെ ആദ്യ തുള്ളി ഇറ്റിച്ചു തന്ന് എന്നെ നാടുകടത്തിയ മഹാഗുരുവിന് പ്രണാമം.
English Summary: Lijeesh Kumar writes on different people he has met - Pusthakangal pole ente manushyar