യുഎസ് കവി ലൂയി ഗ്ലിക്കിന് സാഹിത്യ നൊബേൽ
Mail This Article
സ്റ്റോക്കോം ∙ യുഎസ് കവി ലൂയി ഗ്ലിക്കിന് (77) ഈ വർഷത്തെ സാഹിത്യ നൊബേൽ പുരസ്കാരം. മനുഷ്യാവസ്ഥയുടെ കാഠിന്യവും കുടുംബബന്ധങ്ങളുടെ ആഴവും പ്രതിഫലിപ്പിക്കുന്ന ഭാവ കവിതകളിലൂടെ ശ്രദ്ധേയയായ ലൂയിസ് ഗ്ലിക്, സമകാലീന അമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കവികളിലൊരാളാണ്. നൊബേൽ സമ്മാനം ലഭിക്കുന്ന 16–ാമത്തെ വനിത; 2010നുശേഷം സാഹിത്യ നൊബേൽ ലഭിക്കുന്ന നാലാമത്തെ വനിതയും.
1943 ൽ ന്യൂയോർക്കിൽ ജനിച്ച ഗ്ലിക്, മാസച്യൂസിറ്റ്സിലാണു താമസം. യുഎസിലെ യേൽ സർവകലാശാല ഇംഗ്ലിഷ് പ്രഫസറാണ്. അഞ്ചു ദശകം പിന്നിടുന്ന കാവ്യജീവിതത്തിൽ നാഷനൽ ബുക് അവാർഡ്, പുലിറ്റ്സർ പ്രൈസ് എന്നിവ അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടി. 12 കാവ്യസമാഹാരങ്ങളും ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.
ഏകാന്തതയുടെ പൊരുൾ തിരയുന്ന, സരളവും വികാരദീപ്തവുമായ കവിതകളാണു ഗ്ലിക്കിന്റേതെന്നു നൊബേൽ പുരസ്കാര സമിതി നിരീക്ഷിച്ചു.സ്വച്ഛതയിലേക്ക് ഉയരുന്ന ആ കവിതകളിൽ, മരണവും കുട്ടിക്കാലവും കുടുംബജീവിതവും മുഖ്യപ്രമേയങ്ങളാകുന്നു. 19–ാം നൂറ്റാണ്ടിലെ യുഎസ് കവി എമിലി ഡിക്കിൻസണിനോടാണു ഗ്ലിക്കിനെ സ്വീഡിഷ് അക്കാദമി താരതമ്യം ചെയ്തത്. പ്രധാന കൃതികൾ: ഫസ്റ്റ്ബോൺ (1968) വൈൽഡ് ഐറിസ് (1992), അവർണോ (2006).
ഒരു കോടി സ്വീഡിഷ് ക്രൗൺ (ഏകദേശം 8 കോടി രൂപ) ആണു സമ്മാനത്തുക. ഇന്നാണു സമാധാന നൊബേൽ പ്രഖ്യാപനം
English Summary : American Poet Louise Gluck Awarded 2020 Nobel Prize In Literature