ADVERTISEMENT

ലോകത്തെ നിഷേധിച്ച ഒരു കാലം. ജോലി പോലും വേണ്ടെന്നുവച്ച വര്‍ഷങ്ങള്‍. എഴുത്തുമേശയ്ക്കു മുന്നില്‍ തപസ്സിരുന്ന രാപകലുകള്‍. എന്നാല്‍ പേപ്പറുകള്‍ ശൂന്യമായിത്തന്നെ തുടര്‍ന്നു; പേനകള്‍ ഉപയോഗിക്കപ്പെടാതെയും. അങ്ങനെ കഴിഞ്ഞു പോയത് ആഴ്ചകളും മാസങ്ങളുമല്ല. രണ്ടു വര്‍ഷങ്ങള്‍. അതോടെ ഒരു തീരുമാനത്തിലെത്തി. ഇല്ല. ഒരെഴുത്തുകാരിയുടെ ജീവിതം വിധിച്ചിട്ടില്ല. അധ്യാപികയുടെ ജോലി ഏറ്റെടുത്തു. ലോകത്തെ അംഗീകരിച്ചു. അതായിരുന്നു ലൂയി ഗ്ലിക്ക് എന്ന അമേരിക്കക്കാരിയുടെ ജീവിതത്തിലെ വഴിത്തിരിവ്. അന്നങ്ങനെ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍ അമേരിക്കയ്ക്ക്  നഷ്ടമാകുമായിരുന്നു ഒരു നൊബേല്‍ പുരസ്കാരം; കവിതയ്ക്കും. 

എഴുതാന്‍ തപസ്സിരുന്നിട്ടും ഒരു വാക്കുപോലും എഴുതാന്‍ കഴിയാതെ പാഴാക്കിയ രണ്ടു വര്‍ഷത്തിനുശേഷം അധ്യാപനം തുടങ്ങിയതോടെ ലൂയി ഗ്ലിക്ക് എഴുത്തിത്തുടങ്ങി. ലോകത്തെ നിഷേധിക്കുകയല്ല, സ്വാംശീകരിക്കുകയാണു വേണ്ടതെന്ന തിരിച്ചറിവില്‍. ആ തിരിച്ചറവില്‍ നിന്നാണ് ലൂയി ഗ്ലിക്ക് എന്ന കവിയുടെ പിറവി. ഇപ്പോള്‍ നൊബേല്‍ സമ്മാനത്തോളം എത്തിയ വളര്‍ച്ചയും. ലോകത്തെയും ജീവിതത്തെയും പിന്നീടൊരിക്കലും നിഷേധിക്കാതിരുന്നതുകൊണ്ടുതന്നെ സ്വീഡിഷ് അക്കാഡമി സമ്മാനിക്കുന്ന 8 കോടി രൂപകൊണ്ട് എന്തു ചെയ്യമെന്ന സംശയവും അവര്‍ക്കില്ല. വെര്‍മോണ്ടില്‍ സ്വന്തമായി ഒരു വീട്. ആ വീട്ടില്‍ നിന്നു പിറക്കുന്ന കവിതകള്‍ക്കു വേണ്ടി ഇനി ലോകം കാത്തിരിക്കും. 

അമേരിക്കയുടെ ആസ്ഥാന കവി പട്ടം വരെ നേടിയ ലൂയി ഗ്ലിക്കിനെ ആ രാജ്യത്തെ ഒരു ന്യൂനപക്ഷം മാത്രമാണ് വായിച്ചിട്ടുള്ളത്.  യുഎസിനു പുറത്ത് അധികം പേര്‍ക്ക് ഗ്ലിക്കിനെ അറിയുകതന്നെയില്ല. അവരും ഇനി തേടിപ്പിടിച്ചു വായിക്കും സ്വീഡിഷ് അക്കാഡമിയെ അതിശയിപ്പിച്ച കാവ്യസൗന്ദര്യം അറിയാന്‍; ആസ്വദിക്കാന്‍. എന്നാല്‍ അവരോട് ഗ്ലിക്കിന് ഒരു പ്രധാന കാര്യം പറയാനുണ്ട്. 

‘ ദയവു ചെയ്ത് എന്റെ ആദ്യ പുസ്തകത്തില്‍ നിന്ന് നിങ്ങളെന്നെ  വായിച്ചുതുടങ്ങരുത്. പുഛം മാത്രമായിരിക്കും നിങ്ങളുടെ മനസ്സില്‍ നിറയുക. അതു വേണ്ട. പകരം പിന്നീടിറങ്ങിയ കവിതാ സമാഹാരങ്ങള്‍ വായിച്ചോളൂ. അവ നിങ്ങളെ തൃപ്തിപ്പെടുത്തിയേക്കും. അല്ലെങ്കില്‍ എന്റെ അവസാന പുസ്തകം വായിക്കൂ. ഫെയ്ത്ത്ഫുള്‍ ആന്‍ഡ് വെര്‍ച്വസ് നൈറ്റ്’. 

വെര്‍മോണ്ടില്‍ വീട് വാങ്ങിച്ചതിനുശേഷവും ബാക്കിയുണ്ടാകുമല്ലോ സമ്മാനത്തുകയായ 8 കോടിയില്‍ എന്നോര്‍മിപ്പിച്ചവരോട് ഗ്ലിക്ക് പറയുന്നു: 

പ്രധാനമാണല്ലോ ദൈനംദിന ജീവിതവും. ഓരോ ദിവസവും നന്നായി ജീവിക്കാന്‍ ആ തുക ഉപയോഗിക്കാം. ഞാന്‍ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്നവരുണ്ട്. അവര്‍ക്കൊപ്പം സന്തോഷമായി ജീവിക്കാം. 

എന്നാല്‍ കഴിഞ്ഞ രാത്രി ചിലയ്ക്കാന്‍ തുടങ്ങിയ ഫോണ്‍ നിശ്ചലമായിട്ടില്ലെന്നും അതിപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു. അഭിനന്ദനങ്ങള്‍. സ്നേഹ സന്ദേശങ്ങള്‍. 

നൊബേല്‍ സമ്മാനം ജീവിതത്തില്‍ എന്തു മാറ്റം വരുത്തുമെന്നു ചോദിച്ചപ്പോള്‍ ഗ്ലിക്ക് പറഞ്ഞതു സൗഹൃദങ്ങളെക്കുറിച്ചാണ്. 

എനിക്ക് അധികം സുഹൃത്തുക്കളൊന്നുമില്ല. കുറച്ചു പേരേയുള്ളൂ എന്റെ കവിതകള്‍ വായിക്കുന്നവരായി. എന്നാല്‍ ന്യൂനപക്ഷമാണെങ്കിലും അവര്‍ വികാരതീവ്രമായി ചിന്തിക്കുന്നവരാണ്. എന്റെ പുതിയ കവിതകള്‍ക്കുവേണ്ടി കാത്തിരിക്കുന്നവരാണ്. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ എഴുതുന്നത്. അത് ഇനിയും ഞാന്‍ തുടരും. ഒപ്പം അധ്യാപന ജോലിയും. അതുപേക്ഷിച്ച് മുഴവന്‍ സമയവും എഴുത്തിനുവേണ്ടി മാറ്റിവയ്ക്കാനില്ല: 77 വയസ്സുകാരിയായ ഗ്ലിക്ക് നയം വ്യക്തമാക്കുന്നു.  

നൊബേല്‍ പുരസ്കാരം ലഭിച്ചവരില്‍ എനിക്ക് വലിയ ആദരവൊന്നും തോന്നാത്തവരുമുണ്ട്. എന്നാല്‍ ഞാന്‍ ഏറെ അംഗീകരിക്കുന്ന ചിലര്‍ക്കെങ്കിലും ആ പുരസ്കാരം ലഭിച്ചിട്ടുമുണ്ട്. ഇതൊരു വലിയ ബഹുമതിയാണ്. അതേറ്റുവാങ്ങാന്‍ എനിക്കു സന്തോഷം - ഗ്ലിക്ക് പറഞ്ഞു. 

English Summary : Nobel laureate Louise Gluck wishes to own a house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com