ADVERTISEMENT

സംവാദങ്ങളുടെ വലിയൊരു മേഖല സൃഷ്ടിക്കണമെങ്കിൽ, കവിത വളരെ ലളിതമായിരിക്കണമെന്നും പുസ്തകങ്ങൾ തുറസ്സിടങ്ങളിൽപോലും ഇരുന്നു വായിക്കാൻ പ്രേരിപ്പിക്കണമെന്നും പറഞ്ഞ കവി... സാഹിത്യ നൊബേലിന്  അർഹയായ ലൂയി ഗ്ലിക്കിനെക്കുറിച്ച്...

ലൂയി എലിസബത്ത് ഗ്ലിക്കിനു ലഭിച്ച നൊബേൽ സാഹിത്യ പുരസ്‌കാരം പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ടാകാം. കാരണം ഈ പേര് പരിഗണനയിലുണ്ടായിരുവെന്നുപോലും പലർക്കും അറിയില്ലായിരുന്നു.

എൺപതുകളുടെ മധ്യത്തോടെയാണ് ഗ്ലിക്കിന്റെ കവിതകൾ യുഎസിലും യൂറോപ്പിലും അറിയപ്പെട്ടു തുടങ്ങിയത്. ആദ്യ കൃതിയായ ഫസ്റ്റ്ബോൺ നന്നായി വായിക്കപ്പെട്ടെങ്കിലും അമേരിക്കയ്ക്കു പുറത്ത് വലിയ സ്വീകരണം ലഭിച്ചില്ല. അമേരിക്കയിൽ കറുത്ത കവിതകളുടെ സ്വാധീനം വർധിച്ചപ്പോൾ, മിത്തുകളെ അധിഷ്ഠിതമാക്കിയുള്ള ലിംഗ പുനർനിർണയങ്ങളാണു ഗ്ലിക്കിന്റെ കവിതകൾ ചെയ്യുന്നത്. തൊണ്ണൂറിൽ പുറത്തിറങ്ങിയ അറരാത് എന്ന സമാഹാരം അമേരിക്കൻ കവികൾ ഒരിക്കലും സ്വീകരിക്കാത്ത മാർഗങ്ങളിലൂടെ മിത്തുകളെ സമീപിച്ച്, വർത്തമാന പശ്ചാത്തലത്തിൽ വിലയിരുത്തുന്നു. ഒപ്പം, മാറുന്ന സമ്പദ്‌വ്യവസ്ഥയിൽ, കുടുംബങ്ങൾക്കു വന്നുചേരുന്ന ദൈന്യാവസ്ഥയും കവിതകളുടെ വിഷയമാകുന്നു.

NOBEL-PRIZE/LITERATURE
Books of American poet Louise Gluck during the announcement of 2020 Nobel Prize in literature at Borshuset in Stockholm, October 8, 2020. Gluck won the prize. Photo Credit :TT News Agency/Henrik Montgomery via Reuters

സ്ത്രീജീവിതങ്ങൾ അനുഭവിക്കുന്ന ക്ലേശങ്ങളും യാതനകളും എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകുന്ന ഭാഷയിൽ എഴുതുകയാണ് വേണ്ടതെന്നു ഗ്ലിക് വിശ്വസിച്ചു. സംവാദങ്ങളുടെ വലിയൊരു മേഖല സൃഷ്ടിക്കണമെങ്കിൽ, കവിത വളരെ ലളിതമായിരിക്കണമെന്നും പുസ്തകങ്ങൾ തുറസ്സിടങ്ങളിൽപോലും ഇരുന്നു വായിക്കാൻ പ്രേരിപ്പിക്കണമെന്നും ഗ്ലിക് പറഞ്ഞിട്ടുണ്ട്.

പല കാവ്യസദസ്സുകളിലും ഇക്കാരണത്താൽ അഭൂതപൂർവമായ സ്വീകരണമാണ് അവർക്കു ലഭിച്ചിരുന്നത്. കൂടാതെ, എല്ലാ വായനക്കാരുടെയും കാവ്യാനുഭൂതി വർത്തമാന ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ, അവരുടെ അവസ്ഥകളെ പാടെ അവഗണിക്കുന്ന ബിംബങ്ങളോ രൂപകങ്ങളോ കവിതയിൽ ഇടം പിടിക്കരുതെന്നും കവി വിശ്വസിച്ചു. ഇവിടെയാണ് മിത്തുകളുടെ അവതരണത്തിലെ പുതുമ ഗ്ലിക്കിനെ ഇതര അമേരിക്കൻ കവികളിൽ നിന്നു വ്യത്യസ്തയാക്കുന്നത്. ഓരോ വാക്കും പുതിയൊരു അനുഭൂതിമണ്ഡലം തുറക്കുന്നു. മൗലികവും എന്നാൽ സാർവദേശീയവുമായ അവതരണത്തിലൂടെ കവിതയുടെ മോചനം മനുഷ്യന്റെ തന്നെ മോചനമാണെന്നു ഉറക്കെപ്പറയാൻ ഗ്ലിക്കിനു സാധിച്ചിരിക്കുന്നു.

കവിത പ്രകടനകലാരൂപമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, സ്ത്രീകളുടെ സ്വകാര്യതയെ തന്മയത്വത്തോടെ ആവിഷ്കരിക്കാൻ ഗ്ളിക്കിനു സാധിച്ചു. 

തികച്ചും ഒറ്റപ്പെട്ട ജീവിതത്തിന്റെ ഉടമയാണ് ഗ്ലിക്കെന്ന കവി. 2001 ലെ ഭീകരാക്രമണങ്ങൾക്കു ശേഷം ഗ്ലിക്ക് എഴുതിയ ‘ഒക്ടോബർ’ എന്ന സമാഹാരം പുതുമൂലധനത്തിൽ അധിഷ്ഠിതമായ അമേരിക്കയുടെ ചിത്രം വരച്ചു കാട്ടുന്നു. ബറാക് ഒബാമ അമേരിക്കൻ പ്രസിഡന്റ് ആയി മത്സരിച്ചപ്പോൾ അദ്ദേഹത്തെ ഏറ്റവുമധികം പിന്തുണച്ച സാഹിത്യകാരി ഗ്ലിക്ക് ആയിരുന്നു.

p-krishnan-unni
P. Krishnan Unni

കറുത്തവരുടെ പ്രതിനിധാനമാണ് അമേരിക്കയ്ക്ക് ആവശ്യമെന്നായിരുന്നു അവരുടെ വാദം. എന്നാൽ ഒരിക്കൽ പോലും ഗ്ലിക് പരസ്യമായി കറുത്ത പ്രക്ഷോഭങ്ങൾക്കു വേണ്ടി തെരുവിലിറങ്ങിയിരുന്നില്ല. ശിഥിലമാകുന്ന കുടുംബബന്ധങ്ങളെ ആധാരമാക്കിയാണ് ഗ്ലിക്കിന്റെ പുതിയ കവിതകളിൽ പലതും രൂപപ്പെട്ടിരിക്കുന്നത്. അഗാധമായ മനഃശാസ്ത്ര പഠനത്തിന് അവ വിധേയമായിട്ടുണ്ട്. വർത്തമാനത്തിന്റെ ക്രൂരഫലിതമായും നേരറിവുകളായും അവ നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.

(കവിയും നോവലിസ്റ്റുമായ ലേഖകൻ, ഡൽഹി സർവകലാശാല ദേശബന്ധു കോളജ് ഇംഗ്ലിഷ് പ്രഫസറാണ്)

English Summary : American poet Louise Gluck wins the 2020 Nobel Prize in Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com