മനസ്സ് മനസ്സിനോടു മന്ത്രിച്ച ചങ്ങമ്പുഴക്കവിതകൾ...
Mail This Article
മലയാളത്തിലെ ഓർഫ്യൂസ് എന്ന് ചങ്ങമ്പുഴയെ വാഴ്ത്തിയത് പ്രശസ്ത നിരൂപക എം. ലീലാവതിയാണ്. ഗാന കിന്നരനെന്നും ഗാനഗന്ധർവനെന്നുമുള്ള വിശേഷണങ്ങൾ കടന്ന് ഗ്രീക്ക് മിഥോളജിയിലെ ഓർഫ്യൂസിനെ ലീലാവതി കടമെടുക്കാൻ കാരണമുണ്ട്. ശരീരം ഛിന്നഭിന്നമായതിനുശേഷവും ശിരസ്സ് വീണയോടൊപ്പം പാടിക്കൊണ്ടുതന്നെ നദിയിലൂടെ ഒഴുകിപ്പോയെന്നാണ് ഓർഫ്യൂസിനെക്കുറിച്ചുള്ള കഥയുടെ ദുരന്ത പര്യവസാനം. മരിച്ചുപോയതിനുശേഷവും ചങ്ങമ്പുഴയുടെ ശിരസ്സ് മലയാളത്തിൽ പാടിക്കൊണ്ടിരുന്നു. ഇതാ ഇപ്പോഴും പാടുന്നു. കവിയുടെ 150–ാം ജൻമദിനത്തിലും. നിലയ്ക്കാതൊഴുകുന്ന കാവ്യകല്ലോലിനി. സ്പന്ദിക്കുന്ന ആ അസ്ഥിമാടത്തിൽനിന്നുള്ള പാട്ടുകൾ മലയാളത്തിന്റെ മലരണിക്കാടുകളിൽ ഇന്നു മാത്രമല്ല, എന്നും മുഴങ്ങിക്കൊണ്ടേയിരിക്കും. മനസ്സ് മനസ്സിനോടു മന്ത്രിച്ചവയാണ് ആ പാട്ടുകൾ. മാനസം കല്ലുകൊണ്ടല്ലാത്തതായുള്ള ഏതു മാനവരും കേൾക്കാൻ കൊതിക്കുന്ന, കേട്ടാൽ മറക്കാത്ത, മറക്കരുതെന്ന് ആഗ്രഹിക്കുന്ന മുഗ്ധലാവണ്യത്തിന്റെ പൊൻതിടമ്പ്.
മലയാളത്തിലെ ഏറ്റവും ലക്ഷണമൊത്ത കാൽപനിക കവിയായ ചങ്ങമ്പുഴ പ്രണയ ഗായകനെന്ന് ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്; പുകഴ്ത്തപ്പെട്ടിട്ടുമുണ്ട്.
പ്രേമമല്ലെന്നാകിൽ വേണ്ട പോട്ടെ
വ്യാമോഹമാകട്ടെ, മിഥയാട്ടെ
മായ്ച്ചാലും മായാത്ത മട്ടിലേതോ
മാർദ്ദവമുള്ളതാണീ വികാരം
ഇഷ്ടം പോലിന്നിതിനെന്തുപേരു–
മിട്ടോളൂ പാടില്ലെന്നാർ പറഞ്ഞു
എന്തു പേരിട്ടാലുമെത്രമാത്രം
നിന്ദ്യമാണിന്നിതെന്നോതിയാലും
എന്നുമിതിനെഞാനോമനിക്കു–
മെന്നന്തരാത്മാവിന്നുള്ളറയിൽ.
തന്നെക്കുറിച്ച് സമകാലികരും ഒരുപക്ഷേ ഭാവിയിലെ നിരൂപകരും ഉന്നയിക്കാൻ സാധ്യതയുള്ള ആക്ഷേപങ്ങൾക്കുപോലും മറുപടി പറഞ്ഞിട്ടുണ്ട് ചങ്ങമ്പുഴ. പ്രേമത്തിന്റെ പേരിലായാലും താരുണ്യത്തിന്റെ പേരിലായാലും മനസ്സ് ഹർഷോൻമാദം കൊണ്ടു നിറഞ്ഞപ്പോഴും തീവദുഃഖത്തിൽ വിലയം പ്രാപിച്ചപ്പോഴും രോഷം കൊണ്ടു തിളച്ചപ്പോഴും അദ്ദേഹത്തിന്റെ മറുപടി കവിതയിലൂടെയായിരുന്നു. അതു വെറും സങ്കടവും രോഷവും സന്തോഷവും ആയിരുന്നില്ല. കവിതയായിരുന്നു. യഥാർഥ കവിത. മലരൊളി തിരളും മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുനമുക്കി എഴുതിയ പുണ്യാക്ഷരങ്ങൾ.
അകാലത്തിൽ അന്തരിച്ച ചിലരെക്കുറിച്ചെങ്കിലും അവർ ഇനിയും ജീവിക്കേണ്ടതായിരുന്നുവെന്ന് പലരും പരിതപിക്കാറുണ്ട്. നൽകാൻ കഴിയുമായിരുന്ന സംഭാവനകളെക്കുറിച്ച് ഓർമിച്ചു ദുഃഖിക്കാറുണ്ട്. എന്നാൽ നാലു പതിറ്റാണ്ടു പോലും പൂർണമാക്കാതെ പാട്ടു നിർത്തിയ പൂങ്കുയിലായ ചങ്ങമ്പുഴയുടെ കാവ്യലോകം സമ്പൂർണമാണ്. ഇത്രമേൽ സ്വയം പൂർണമായ കവിതകൾ ചെറിയൊരു കാലം കൊണ്ട് പൂർണമാക്കി മടങ്ങിപ്പോകാൻ മറ്റാർക്ക് കഴിഞ്ഞിട്ടുണ്ടെന്നു ചിന്തിക്കുമ്പോഴാണ് ചങ്ങമ്പുഴ എന്ന ഗന്ധർവ്വജൻമത്തിന്റെ പ്രതിഭാലാവണ്യം മലയാളം മനസ്സിലാക്കുക.
എൻ ചിറകിൻമേലെനിക്കെന്റെയല്ലാത്ത
പൊൻതൂവലൊന്നുമാവശ്യമില്ല എന്നു പാടുന്ന പിശാചിൽ പഖ്യാപിച്ച കവി
ജീവിതം നൽകാൻ മടിക്കുന്നതൊക്കെയും
ജീവിച്ചു ജീവിതത്തോടു ഞാൻ വാങ്ങിടും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗദ്യകവിതകൾ പോലും കവികളുടെ സ്വന്തം ശബ്ദത്തിൽ പ്രചാരത്തിലുള്ള ഇന്നത്തെക്കാലത്തും ഗായകൻ എന്നു വിളിപ്പേരുള്ള ചങ്ങമ്പുഴയുടെ ശബ്ദത്തിൽ ഒരു കവിത പോലും കേൾക്കാനില്ല. മറിച്ച് ചൊല്ലുന്ന ഓരോരുത്തരെയും ഗായകനാക്കുകയായിരുന്നു ചങ്ങമ്പുഴ. വായിക്കുന്ന ഏതൊരാളെയും കവിയാക്കുകയായിരുന്നു. ഉൾക്കൊള്ളുന്നവരെ പ്രണയസാഗരത്തിൽ ആറാടിക്കുകയായിരുന്നു. സമാനതകളില്ലാത്ത കാവ്യപ്രതിഭയുടെ മറുപേരായി ഇന്നുമെന്നും നിലകൊള്ളുന്ന ചങ്ങമ്പുഴയുടെ നിത്യസ്മാരകം അദ്ദേഹത്തിന്റെ കവിതകൾ തന്നെ.
ഏകാന്തതതൻ കനകവിപഞ്ചിയിൽ
നീ കൈവിരൽത്തുമ്പുരുമ്മിയ മാത്രയിൽ
അന്ധകാരത്തിലും കൂടിയൊരത്ഭുത–
ഗന്ധർവ്വമണ്ഡപമായി മൻമന്ദിരം!
English Summary: Remembering Changampuzha Krishna Pillai on his Birth Day