മാധുര്യമൂറും ആ മൊഴി നിന്റെയോ ?
Mail This Article
തേടിവരുന്ന സുഗന്ധം പോലെയാണ് ചില കവികളും അവരുടെ കവിതകളും. താല്‍പര്യമില്ലാത്തവരെപ്പോലും വലിച്ചടുപ്പിച്ച് ആരാധകരാക്കുന്നവര്‍. എന്നാല്‍ ചില കവികളെ തേടിച്ചെല്ലുക തന്നെ വേണം. കഠിനമായ യാത്രയുടെ ഒടുവില്‍ വനാന്തരത്തിലെ വിദൂരത്തില്‍ കാണുന്ന അപൂര്‍വ പുഷ്പം പോലെയുള്ള കവികള്‍. അവരെ കണ്ടെത്തുക എന്നതുതന്നെ ജന്മസാഫല്യമാണ്. അതെന്നാല്‍ എല്ലാവര്‍ക്കും സാധ്യമായെന്നു വരില്ല. കണ്ടെത്തുന്നവരാകട്ടെ ഭാഗ്യം ചെയ്തവരാകുന്നു. അവരെ കാത്തിരിക്കുന്നത് അക്ഷയമായ കവിതയുടെ അമൃതകുംഭങ്ങള്‍.
മഹാകാവ്യം എഴുതാതെ മഹാകവിപ്പട്ടം നേടിയ അക്കിത്തം എന്ന കവിയെ മനസ്സിലാക്കി, അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചാസ്വദിച്ചവര്‍ മലയാളത്തില്‍പ്പോലും ഏറെയില്ല. അതിനു കാരണം അക്കിത്തം ആരെയും തേടിപ്പോകാറില്ല എന്നതുതന്നെ. തേടിയെത്തുന്നവരാകട്ടെ അദ്ദേഹത്തിന്റെ കവിതകള്‍ക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നവര്‍.
ആഘോഷങ്ങളിലോ ബഹളങ്ങളിലോ താല്‍പര്യമില്ലാതെ തന്റെ കവികര്‍മം അദ്ദേഹം അനുഷ്ഠിക്കുന്നു; തപസ്യയുടെ വിശുദ്ധിയോടെ, ഗൗരവത്തോടെ, ആത്മാര്‍ഥതയോടെ. ഈണത്തില്‍ ചൊല്ലി ആസ്വദിക്കുന്ന കവികളുടെ കൂട്ടത്തില്‍ അദ്ദേഹത്തെ ധാരാളമായി കണ്ടില്ലെന്നുവരാം. എന്നാല്‍ ഈടില്ലാത്തവയല്ല അദ്ദേഹത്തിന്റെ കവിതകള്‍. പ്രശസ്തരുടെ പാടിപ്പതിഞ്ഞ പാട്ടുകളുടെ കൂട്ടത്തിലും അദ്ദേഹത്തിന്റെ വരികള്‍ കാണാറില്ല. എന്നാല്‍ പഠിച്ചാല്‍ മറക്കാനാകാത്ത, മനസ്സിന്റെ ഭാഗമാകാന്‍ ശേഷിയുള്ള ഒട്ടേറെ കവിതകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ദുര്‍ഗ്രഹമല്ല അക്കിത്തം കവിതകള്‍; എന്നാല്‍ ലളിതവുമല്ല. അലിയിച്ചിറക്കും തോറും സ്വാദ് വര്‍ധിക്കുന്ന ഔഷധഗുണമാണ് അദ്ദേഹത്തിന്റെ കവിതയുടെ വീര്യം. അതാകട്ടെ അത്രയെളുപ്പം മനസ്സില്‍നിന്നു പോകുന്നതുമല്ല.
എന്നുടെയൊച്ച കേട്ടുവോ വേറിട്ട് എന്നു ചോദിച്ചിട്ടുണ്ട് കുടിയൊഴിക്കലില്‍ വൈലോപ്പിള്ളി. വേറിട്ട ശബ്ദവും ശൈലിയുമായിരുന്നു അക്കിത്തവും. നശിച്ചുപോകുന്ന ശരീരത്തിന്റെ മാംസള സൗന്ദര്യമല്ല, ആത്മാവിന്റെ അനശ്വരമായ മാധുര്യമാണ് അദ്ദേഹത്തിന്റെ കവിതകള്‍ പകര്‍ന്നത്. സ്നേഹവും സ്വപ്നവും രതിയും പോലും ശാന്തമായി ഒരു അനുഷ്ഠാനം പോലെയാണ് അദ്ദേഹം അവതരിപ്പിച്ചതും.
അക്കിത്തം പ്രണയം ആവിഷ്ക്കരിക്കുന്ന രചനയാണ് ‘ആ മൊഴി നിന്റെയോ’ എന്ന കവിത; പ്രണയനഷ്ടം തന്നെ. എന്നാല്‍ മോഹഭംഗം മറ്റു കവികളില്‍ അഗാധമായ ദുഃഖത്തിനു വഴി തുറക്കുമ്പോള്‍ അക്കിത്തം നഷ്ടത്തില്‍നിന്നു നേടുന്നത് ആനന്ദം. ഒരു പ്രണയവും നഷ്ടമല്ല നേട്ടം തന്നെയെന്ന കാലാതീത വിശ്വാസമാണ് അദ്ദേഹത്തെ നയിക്കുന്നത്.
ഇതുതന്നെയാണ് മറ്റു കവികളും അക്കിത്തവും തമ്മിലുള്ള വ്യത്യാസവും. ഉപരിപ്ലവമായ വികാരങ്ങള്‍ അദ്ദേഹത്തെ ഇക്കിളിപ്പെടുത്താറില്ല; ശാശ്വതമായ ശക്തിയും സൗന്ദര്യവുമാണ് ഇഷ്ടവിഷയങ്ങള്‍. ആത്മാവിന്റെ മോക്ഷത്തിനുവേണ്ടിയുള്ള അനവദ്യമന്ത്രങ്ങളാണ് ആ കവിതകള്‍.
വൈശാഖമാസ പുലരിയിലെ സമാഗമത്തോടെയാണ് ആ മൊഴി നിന്റെയോ എന്ന കവിത തുടങ്ങുന്നത്. പുഴക്കരയില്‍. ഓളത്തില്‍ ചാഞ്ചാടുന്ന തോണിത്തലപ്പത്ത് ഓമനസ്വപ്നം പോലെ അവള്‍. പതിവു തോണിക്കാരന്‍ വൃദ്ധനെ തിരക്കിയപ്പോള്‍ തോണിയില്‍ കേറിയിരുന്നോളൂ എന്നായിരുന്നു മറുപടി. മൂളുന്ന കാറ്റുപോലെ മറുകരയെത്തിച്ചു. കൂലി കൊടുത്തെങ്കിലും വാങ്ങിയില്ല. എന്നാല്‍ പിന്നീട് പലവട്ടം കടവത്തെത്തിയപ്പോള്‍ കണ്ടതു പതിവു തോണിക്കാരനെ. എത്ര കുട്ടികളുണ്ടെന്ന് അയാളോടു ചോദിച്ചു. ബ്രഹ്മചാരി എന്നയാള്‍ പൊട്ടിച്ചിരിച്ചു മറുപടി പറഞ്ഞപ്പോള്‍ ഓര്‍ത്തത് പേരു പോലും അന്ന് ചോദിച്ചില്ലല്ലോ എന്നാണ്. അന്നു മുതല്‍ ഓരോ പ്രഭാതത്തിലും തിരയുന്നുണ്ട് ആ പെണ്‍കുട്ടിയെ. അവള്‍ അന്നു വാങ്ങാതിരുന്ന ചെമ്പു കാശ് പൊന്‍പണം പോലെ കീശയില്‍ സൂക്ഷിക്കുന്നു; പ്രണയത്തിന്റെ ദിവ്യോപഹാരമായി. വ്യാഴവട്ടങ്ങള്‍ പലതു കഴിഞ്ഞു. അന്നത്തെ പെണ്‍കുട്ടി യാഥാര്‍ഥ്യമായിരുന്നോ എന്നുപോലും ഉറപ്പില്ല. അങ്ങനയൊരു സംഭവം തന്നെ ഒരു പക്ഷേ നടന്നുകാണില്ല. പെണ്‍കുട്ടിയും അന്നത്തെ കൂടിക്കാഴ്ചയും ആത്മാവിലെ മാധുര്യമായിരിക്കും. മനുഷ്യന്റെ ആത്മാവിലെ സ്ഥിരസാന്നിധ്യമായ മാധുര്യം. അതയവിറക്കുന്നതിലൂടെ ജീവിതത്തിന്റെ പുഴ കടക്കുകയാണ് മനുഷ്യന്‍. ദുഃഖസാഗരത്തെ മറികടക്കുന്ന പ്രണയത്തിന്റെ തോണി.
കരതലാമലകം എന്ന കവിതയില്‍ വിവാഹത്തിലൂടെ ജീവിതത്തില്‍ കടന്നുവന്ന സഹധര്‍മ്മിണിയാണ് നായിക. കവിതയുടെ അവസാനഘണ്ഡം ജീവിതത്തിലെ നായികയ്ക്കുള്ള സമര്‍പ്പണമാണ്. അനവദ്യ പ്രണയത്തിന്റെ ശ്രീകോവലില്‍ നിന്ന് അനവരതം ഒഴുകിവരുന്ന കവിതാപ്രവാഹം.
ചാരമാമെന്നെ കര്‍മകാണ്ഡങ്ങളില്‍
ധീരനാക്കുന്നതെന്തൊക്കെയാണെന്നോ ?
നിന്റെ രൂപവും വര്‍ണ്ണവും നാദവും
നിന്റെ പൂഞ്ചായല്‍ തൂകും സുഗന്ധവും
നിന്നിലെന്നും വിടരുമനാദ്യന്ത-
ധന്യചൈതന്യ നവ്യപ്രഭാതവും
നിന്‍ തളര്‍ച്ചയും നിന്നശ്രുബിന്ദുവും
നിന്റെ നിര്‍മ്മലപ്രാര്‍ഥനാഭാവവും.
English Summary : Aa Mozhi Ninteyo Poem By Akkitham Achuthan Namboothiri