അക്കിത്തം അദ്ദേഹത്തെ രേഖപ്പെടുത്തിക്കഴിഞ്ഞു, അത് കാണുവാനുള്ള പ്രകാശം മലയാള നാടിന് ഉണ്ടാകട്ടെ: മധുസൂദനൻ നായർ
Mail This Article
അക്കിത്തം അദ്ദേഹത്തെ രേഖപ്പെടുത്തിക്കഴിഞ്ഞു. ആ രേഖ കാണുവാനുള്ള ആത്മപ്രകാശം മലയാള നാടിന് ഉണ്ടാകണം എന്നാണ് എന്റെ പ്രാർഥന. ഞാൻ പിറക്കുന്ന കാലത്തോട് അടുത്ത് 1952 ൽ ആണെന്നു തോന്നുന്നു അദ്ദേഹം, ഇതുവരെയാർക്കും പിന്നീട് എഴുതാൻ കഴിയാത്ത മട്ടിലുള്ള ദീർഘദർശനത്തോടുകൂടി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എഴുതിയത്. ഏറ്റവും താണവന്റെ അവസ്ഥയെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്.
‘പടിക്കലെ കണ്ടം കൊയ്യാദിവസം പാലക്കാട്ട്
പഠിക്കണ തമ്പ്രാൻ നാട്ടിൽ വന്നേ കൊയ്ത്ത് കാണാൻ’
എന്ന് അവരുടെ ഭാഷയിൽത്തന്നെ ഉരിയാടാൻ, അവരുടെ ശബ്ദമായി മാറാൻ അന്നേ പാകം വന്ന മനസ്സായിരുന്നു അക്കിത്തത്തിന്റേത്. ആ മനസ്സാണ് ഇന്ന് മാഞ്ഞിരിക്കുന്നത്. പ്രത്യക്ഷ സൂര്യൻ മറഞ്ഞു പോയാലും സൂര്യൻ ശേഷിപ്പിക്കുന്ന ആയിരം സൗരമണ്ഡലം നമുക്കുണ്ട്. അതാണ് അദ്ദേഹത്തെ അമരനാക്കുന്നത്.
കേരളത്തിന് എന്നല്ല ഭാരതത്തിനുതന്നെ, ലോകത്തിനു തന്നെ ഒരിക്കലും മാറ്റിവയ്ക്കാൻ കഴിയാത്ത മഹാകവി തന്നെയാണ് അക്കിത്തം. അദ്ദേഹത്തെ ബാല്യം തൊട്ട് വണങ്ങിപ്പോന്ന ഞാൻ ഇന്നും അദ്ദേഹത്തിനു മുന്നിൽ ശിരസ്സു നമിക്കുന്നു.
English Summary: V. Madhusoodanan Nair Remembering Akkitham Achuthan Namboothiri