സിനിമക്കാർക്ക് പാട്ടെഴുത്തുകാരെ വേണ്ട, പാട്ടെഴുത്തുകാർ നേരിടുന്നത് കടുത്ത അവഗണന : റഫീക്ക് അഹമ്മദ്
Mail This Article
പാട്ടെഴുത്തുകാർ പാട്ടു കേൾക്കാറുണ്ടോ? ഉണ്ടെങ്കിൽ ഏതു സമയത്താണ്? ഈ ചോദ്യം എന്റെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരിലൊരാളായ റഫീക്ക് അഹമ്മദിനോട് എന്നെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു, സന്ധ്യയിലാണ്.. നിലാവുള്ള രാവുകളിലാണ് ഞാനേറെയും പാട്ടു കേള്‍ക്കാനിരിക്കുന്നത്. ആ പറയലിൽത്തന്നെ ആ കാഴ്ച എനിക്കു കിട്ടി. സുന്ദരനും വിനയാന്വിതനുമായ ആ മനുഷ്യൻ സന്ധ്യയിൽ ഒറ്റയ്ക്കിരുന്ന് ഒരു പാട്ടുകേൾക്കുകയാണ്. ഏറെയും പഴയ പാട്ടുകൾ. ഗാനങ്ങളിലൊന്നിന്റെ ഇടവേളയിൽ ഞാൻ അടുത്തു ചെന്നിരുന്നു. കവിതയിലേക്കു വന്ന വഴികളെപ്പറ്റിയും സിനിമാലോകം പാട്ടെഴുത്തുകാരെ നിന്ദിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
കവി, പാട്ടെഴുത്തുകാരൻ, നോവലിസ്റ്റ്, ചിത്രകാരൻ.. പല റോളുകളിലുണ്ട് താങ്കൾ. ഏതു നിലയിലാണ് ഏറ്റവുമധികം സംതൃപ്തി കിട്ടുന്നത്?
സന്തോഷം കിട്ടുന്നത് ശരിക്കു പറഞ്ഞാൽ ചിത്രം വരയ്ക്കുമ്പോഴാണ്. പക്ഷേ ചിത്രം വരയ്ക്കാൻ അറിയില്ല എന്നതാണു സത്യം. നമ്മൾ കുട്ടിക്കാലത്ത് ആദ്യം ചെയ്തുതുടങ്ങുന്നത് വരയ്ക്കുക എന്നതാണ്. മിക്കവാറും കുട്ടികൾ അങ്ങനെതന്നെ ആയിരിക്കും. വരയിലാണ് തുടക്കം. ഞാനും വരയിലാണു തുടങ്ങുന്നത്. സ്കൂളിലൊക്കെ ചിത്രരചനയ്ക്കു സമ്മാനം കിട്ടുമായിരുന്നു. അപ്പോൾ ഭാവിയിൽ നല്ലൊരു വരക്കാരനാകുമെന്നു വിചാരിച്ചു. ഒമ്പതാംക്ലാസിൽ എത്തിയപ്പോഴാണ് വായനയിലേക്ക് തിരിയുന്നത്. കുറേശ്ശെ എഴുതാൻ തുടങ്ങുന്നു. അക്കിക്കാവു സ്കൂളിലാണു പഠിച്ചത്. എഴുതുമ്പോൾ ശ്രദ്ധിക്കണം, അക്കിക്കാവ് ആണ്. പലരും ഈ സ്ഥലപ്പേരു പറയുമ്പോൾ എടുത്തു ചോദിക്കും– ‘അത്തിക്കാവ്’ അല്ലേ എന്ന്. പേരു കേൾക്കുമ്പോൾ മനസ്സിലെത്തുന്നത് അത്തിമരവും അതിന്റെ പഴവുമൊക്കെയാകാം. അതാണു കാരണം. അക്കിക്കാവ് ആണ് ശരിയെന്നു ഞാൻ പറഞ്ഞുകൊടുക്കും.
തുടക്കത്തിൽ എന്താണ് എഴുതിയത്?
അക്കാലത്ത് അത് സാഹിത്യമെന്നു പറയാനാകുമോ എന്നറിയില്ല. കുറെയൊക്കെ കുത്തിക്കുറിച്ചിരുന്നു എന്നു മാത്രം. കോളജിൽ എത്തിയപ്പോൾ വായന വിശാലമായി. ഗൗരവമായ കവിതയുടെ ലോകത്തേക്ക് എത്തിപ്പെട്ടു. അതിനിടയിൽ ചിത്രംവര പഠിക്കാനായി തൃശൂരിലെ ഒരു ഫൈൻ ആർട്സ് സ്കൂളിൽ പോയി നോക്കി. അവിടത്തെ പ്രവേശന പരീക്ഷയിൽ ദയനീയമായി പരാജയപ്പെട്ടു. എനിക്കു വരയ്ക്കാനൊക്കെ അറിയാം. കണക്കും കാര്യവും വച്ചല്ല വരയെന്നു മാത്രം. പ്രവേശന പരീക്ഷയ്ക്ക് ഒരു ചിത്രം തന്നിട്ട് അത് നാലിരട്ടി വലുപ്പത്തിൽ വരയ്ക്കാൻ പറഞ്ഞു. അതെനിക്ക് നല്ലപോലെ നിശ്ചയമുള്ള പരിപാടിയായിരുന്നില്ല. വെറുതെ ഓഫ് ഹാൻഡായി വരച്ചുകൊടുത്തു.. അഡ്മിഷൻ കിട്ടിയില്ല. അതോടെ വര പഠിക്കാനുള്ള താൽപര്യം കുറഞ്ഞു. പിന്നീട് പേന കൊണ്ട് വല്ലപ്പോഴുമുള്ള കോറിവരയ്ക്കൽ മാത്രമായി.
അന്നൊക്കെ, ഏതെങ്കിലും പ്രത്യേക വിഷയങ്ങൾ കണ്ടെത്തിയാണോ കവിത എഴുതിയിരുന്നത്?
സ്കൂളിൽ പഠിക്കുമ്പോൾ എഴുതിയത് കവിതയല്ലെന്ന് അറിയാം. എന്തൊക്കെയോ മനസ്സിൽ തോന്നിയിരുന്ന കാര്യങ്ങൾ അങ്ങനെ തുടർച്ചയായി എഴുതുകയായിരുന്നു. എഴുതിയത് ആരേയും കാണിച്ചിരുന്നില്ല. വളരെ അടുത്ത ചില സുഹൃത്തുക്കൾക്കു മാത്രമേ അക്കാര്യം അറിയുമായിരുന്നുള്ളൂ. ഒരു കവിത മാതൃഭൂമിയിലേക്ക് അയച്ചുകൊടുത്തത് അവർ പ്രദ്ധീകരിച്ചു. അതിനു മുമ്പ് ചില ചെറിയ പ്രസിദ്ധീകരണങ്ങളിൽ കവിതകൾ വന്നിട്ടുണ്ട്. പക്ഷേ മാതൃഭൂമിയിൽ വന്ന കവിത ഞാനാണ് എഴുതിയതെന്ന് ആരും അറിഞ്ഞില്ല. കവി ശരിക്കും മറഞ്ഞുനിൽക്കുകയായിരുന്നു.
റഫീക്ക് അഹമ്മദ് എന്ന പേരിൽ അല്ലേ എഴുതിയത്?
റഫീക്ക് എന്ന പേരിലാണ് ആ കവിത വന്നത്. പേരിനൊപ്പം അഹമ്മദ് ഉണ്ടായിരുന്നില്ല.
ഏത് കോളജിലാണ് പഠിച്ചത്?
ഗുരുവായൂർ ശ്രീകൃഷ്ണ കോളജ്. എന്റെ വീട്ടിൽനിന്ന് അധികം ദൂരമില്ല. കോളജിൽ വച്ചാണ് എഴുത്തിന്റെ ഒരു തുടക്കം എന്നൊക്കെ പറയാം. അക്കാലത്ത് ശ്വാസംമുട്ടും ആസ്മയുമൊക്കെ അലട്ടിയിരുന്നു. അതുകൊണ്ട് അവിടെ കളിക്കാനോ മറ്റ് ആക്ടിവിറ്റികൾക്കോ ഒന്നും പോകാനായില്ല. ഇടയ്ക്കിടയ്ക്ക് ആശുപത്രിയിൽ പോകണം. ഈ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വീട്ടിൽ നല്ല നിയന്ത്രണമാണ്. ഓടരുത്, ചാടരുത്, അടങ്ങിയിരിക്കണം. അതാണ് നിർദേശം. വെറുതിയിരിക്കണം. അങ്ങനെ ആ വെറുതെയിരിപ്പിന്റെ ഭാഗമായിട്ടായിരിക്കണം വായനയിലേക്കും എഴുത്തിലേക്കുമൊക്കെ വന്നത്. വെറുതെയിരുന്ന് സ്വപ്നങ്ങൾ കണ്ടു. അങ്ങനെയുള്ള കാര്യങ്ങളാണ് അതിലുള്ളത്.
തീരെ പ്രതീക്ഷിക്കാതെയാണല്ലോ സിനിമാ പാട്ടെഴുത്തിലേക്കു വരുന്നത്?
അതെ, അതു പ്രതീക്ഷിക്കാതിരുന്ന സംഗതിയാണ്. പാട്ട് ഞാൻ ചെറുപ്പം മുതലേ ആസ്വദിക്കുന്നുണ്ട്. ചിലരൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്, രാമായണം പാടി കേട്ടതുകൊണ്ടും വായിച്ചതുകൊണ്ടുമാണ് കവിയായത് എന്നൊക്കെ. പക്ഷേ എനിക്കങ്ങനെ ക്ലാസിക്കുകളുടെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. ഞാനാകെ ചെറുപ്പത്തിൽ കേട്ടിരിക്കുന്നത് സിനിമാപാട്ടുകൾ മാത്രമാണ്. കവിതയിലേക്ക് ഞാൻ ആകർഷിക്കപ്പെട്ടത് ചലച്ചിത്രഗാനങ്ങൾ കേട്ടു കേട്ടു മാത്രമാണ്.
എന്താണ് പാട്ടുകളിൽ ആകർഷിച്ച സംഗതി?
നമ്മള് സാധാരണ കേൾക്കാത്ത രീതിയിൽ പ്രത്യേക തരത്തിൽ വാക്കുകൾ പ്രത്യേകമായി വിന്യസിക്കുകയാണ്. അതിന്റെതായ ഒരു ഭംഗിയും സുഖവുമൊക്കെ പാട്ടിനുണ്ട്. ഈണത്തിൽ മാത്രമല്ല ഈ സുഖം. അത് അന്നേ ശ്രദ്ധിച്ചിരുന്നു. പാട്ട് ഇഷ്ടമാണെങ്കിലും പാട്ടെഴുത്തിനെക്കുറിച്ച് പക്ഷേ ഒട്ടുമേ ആലോചിച്ചിരുന്നില്ല. അതു വേറൊരു ലോകമാണല്ലോ. സിനിമ, പാട്ട്.. ഇതൊന്നും എന്റെ ലോകമോ സ്വപ്നമോ ആയിരുന്നില്ല. അതുകൊണ്ട് അന്നു പാട്ടെഴുതാൻ തുനിഞ്ഞില്ല.
ഇപ്പോ പാട്ടെഴുത്തിൽ റഫീക്ക് അഹമ്മദ് ഏതാണ്ട് ഇരുപതു വർഷങ്ങൾ പിന്നിടുകയാണ്?
അതെ. പി.ടി. കുഞ്ഞിമുഹമ്മദിന്റെ സിനിമയിലാണ് ആദ്യം എഴുതുന്നത്. അത് അവരുമായുള്ള പരിചയത്തിന്റെയും സൗഹൃദത്തിന്റേയും പേരിൽ സംഭവിച്ചതാണ്. അത് ഇല്ലായിരുന്നുവെങ്കിൽ പാട്ടെഴുത്ത് നടക്കുമായിരുന്നില്ല. അങ്ങനെ ഒരു സിനിമയിൽ എഴുതി. പിന്നീടും എഴുതി. എന്റെ തന്നെ നിയന്ത്രണമില്ലാത്ത ഒരു രീതിയിൽ അതു തുടർന്നുവെന്നു പറയാം. ഒന്നും ബോധപൂർവം തിരഞ്ഞെടുത്ത കാര്യങ്ങളല്ല. വന്നു സംഭവിച്ചതാണ്.
ഇപ്പോഴും പാട്ടെഴുത്തിൽ ബോധപൂർവമായ ഒരു തിരഞ്ഞെടുപ്പു നടത്തുന്നില്ലല്ലോ അല്ലേ?
ഒരു കാര്യത്തിലും അങ്ങനെ ചെയ്യാറില്ല. ഞാൻ എല്ലാം സംഭവിക്കുന്നതു നോക്കിയിരിക്കുന്ന ഒരാളാണ്.
താളഭംഗിയുള്ള പാട്ടുകൾ ശ്രദ്ധിക്കുമായിരുന്നുവെന്നു പറഞ്ഞല്ലോ. അന്നത്തെ കാലത്ത് മനസ്സിൽ ഇഷ്ടപ്പെട്ടിരുന്ന പാട്ടുകാർ, പിന്നണിപ്രവർത്തകർ ആരായിരുന്നു?
ആദ്യകാലത്ത് ആരാണ് എഴുതിയതെന്ന് നമ്മൾ മനസ്സിലാക്കുന്നില്ല. പാട്ടുകൾ മാത്രമാണു കേൾക്കുന്നത്. ‘മായാജാലക വാതിൽ തുറക്കും മധുര സ്മരണകളേ...’ എന്നൊക്കെ കേൾക്കുമ്പോൾ ആലോചിക്കും. പാട്ടിലെ ‘മായാജാലം’ എന്തെന്ന് അറിയാം. ‘ജാലകം’ അറിയാം. അപ്പോൾ ‘മായാജാലകം’ എന്നാണെന്ന് ആലോചിക്കുകയാണ്. അങ്ങനെ ചില തോന്നലൊക്കെയാണ് ആദ്യം വരുന്നത്. വാക്കുകളോടുള്ള കൗതുകം തോന്നിത്തുടങ്ങുന്നത് അങ്ങനെയാണ്. പിന്നീട് രചയിതാക്കളെപ്പറ്റിയും അവരുടെ പ്രത്യേകതകളെക്കറിച്ചും മനസ്സിലാക്കി. വയലാർ, ഭാസ്കരൻ മാഷ്.. അവരുടെ വ്യത്യസ്തകളും അപൂർവതകളും ഒക്കെ മനസ്സിലാക്കി.
ഇപ്പോഴും അവരുടെ പാട്ടുകൾ കേൾക്കാറുണ്ടോ?
തീർച്ചയായും. വലിയ നൊസ്റ്റാൾജിയ സൂക്ഷിക്കുന്നുണ്ടല്ലോ. ഇതൊക്കെ കവിതയുമായും സംഗീതവുമായും ബന്ധപ്പെട്ടു കിടക്കുന്ന ഒന്നു മാത്രമല്ല.
ദിവസവും എത്ര നേരം പാട്ടുകേൾക്കാറുണ്ട്?
ദിവസവും പാട്ടുകേൾക്കും. പല പല സമയത്താണു കേൾക്കുന്നത്. എന്നാലും സന്ധ്യ, നിലാവുള്ള രാത്രിനേരങ്ങൾ.. ആ നേരത്തൊക്കെയാണ് അധികവും കേൾക്കാറ്.
ഫോണിൽ ആണോ കേൾക്കുന്നേ..?
ഇപ്പോൾ ഫോണിലാണു കേൾക്കുന്നത്. നേരത്തേ മറ്റ് ഉപകരണങ്ങൾ ഉണ്ടായിരുന്നു. പണ്ട് കസെറ്റ് റെക്കോർഡ് ചെയ്യലും സൂക്ഷിച്ചുവയ്ക്കലുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ സൗകര്യങ്ങൾ ഏറി. ഫോണിൽ കുറെ പാട്ടുകൾ ഉണ്ട്. കേൾക്കാൻ പ്രത്യേക തയാറെടുപ്പുകൾ വേണ്ട. എപ്പോൾ വേണമെങ്കിലും കേൾക്കാം.
ഒരു ക്ലീഷേ ചോദ്യം ചോദിക്കട്ടെ..?
ചോദിക്കൂ.
എഴുതിയതിൽ ഏതു പാട്ടിനോടാണ് ഏറെ ഇഷ്ടം?
(ഉത്തരം ആദ്യം പൊട്ടിച്ചിരി)
ആദ്യമെഴുതിയ പാട്ടുകളൊക്കെ ഇഷ്ടമാണ്. പക്ഷേ അതേപ്പറ്റി ഓർക്കുമ്പോൾ മെറ്റീരിയലായ മറ്റു ചില കാര്യങ്ങളാണ് മനസ്സിൽ വരുന്നത്. അതു ലാലിനോടു പറയാം. അറിയാനാണ്. പ്രസിദ്ധീകരിക്കാനല്ല.
പാട്ടെഴുത്തിന്റെ ഒരു സമ്പ്രദായമൊക്കെ ഇപ്പോൾ വല്ലാതെ മാറിയിട്ടുണ്ടല്ലോ?
പിന്നെ.. ഒരുപാട്. പണ്ട് എന്താ? വയലാർ–ദേവരാജൻ, പി.ഭാസ്കരൻ–ബാബുരാജ്. അവർ എഴുതുന്നു, ട്യൂണിടുന്നു. മികച്ച പാട്ടു ജനിക്കുന്നു. എന്റെയൊക്കെ കാലം ആകുമ്പോഴേക്കും ആ രീതി മാറുകയാണ്. ട്യൂൺ തന്ന് അതിന് വരികളെഴുതുന്ന സമ്പ്രദായം സ്ഥാപിക്കപ്പെട്ടു. അതുകൊണ്ട് എഴുതുമ്പോൾത്തന്നെ പാട്ട് എങ്ങനെ വരുമെന്ന് അറിയാം. അത്ര വലിയ കൗതുകം ഉണ്ടാകില്ല. നല്ല ട്യൂൺ ആകുമ്പോൾ സന്തോഷം ഉണ്ടാകുമെന്നുമാത്രം. നമ്മുടെ മനസ്സിലുള്ള ഒരു ട്യൂൺ വച്ച് എഴുതിയിട്ട് അതിനു സംഗീതം കൊടുക്കുമ്പോൾ എങ്ങനെയാകും അതു വരികയെന്നതിനെക്കുറിച്ച് വിസ്മയവും ആകാംക്ഷയുമൊക്കെ ഉണ്ടാകും. അങ്ങനെയുള്ള പാട്ടുകളാണ് എനിക്ക് രസകരമായി തോന്നിയിട്ടുള്ളത്. പറയാൻ മറന്ന പരിഭവങ്ങൾ... നീർമാതള പൂവിനുള്ളിൽ.. അങ്ങനെയുള്ള ചില പാട്ടുകളുണ്ട്. അതൊന്നും മുൻകൂട്ടി ട്യൂൺ ചെയ്തതല്ല. അതു വരുമ്പോൾ കേൾക്കാൻ ഒരു ആകാംക്ഷയുണ്ട്. അതൊക്കെ സന്തോഷം തന്ന സന്ദർഭങ്ങളാണ്..
മലയാളത്തിലെ പാട്ടെഴുത്തുകാർക്ക് സിനിമാ ഇൻഡസ്ട്രിയിൽനിന്ന് എത്രമാത്രം പിന്തുണയുണ്ട്?
സിനിമയിൽ ഏറ്റവുമധികം അവഗണന നേരിടുന്ന വിഭാഗമാണ് പാട്ടെഴുത്തുകാർ. അവർക്കാണു സിനിമയിൽ ഏറ്റവും കുറഞ്ഞ പ്രതിഫലം ലഭിക്കുന്നത്. ഒറ്റത്തവണ എന്തെങ്കിലുമൊരു തുക കൊടുത്തെങ്കിലായി അല്ലെങ്കിലായി. വല്ലാത്ത അവഗണനയാണ്. പണ്ട് അങ്ങനെയല്ല. ഇപ്പോൾ ഒറ്റത്തവണ പേയ്മെന്റ് കിട്ടിയാൽ പാട്ടെഴുത്തുകാരനുമായുള്ള ബന്ധം തന്നെ പോയി. എന്റെ തന്നെ ഒരു പാട്ട് ഫോണിൽ കോളർ ട്യൂൺ ആയി എടുക്കണമെങ്കിൽ ഞാൻ പണം കൊടുക്കണം. അതേസമയം ഗായകർക്ക് മറ്റു നിരവധി സ്റ്റേജുകളിൽ പാടി പണമുണ്ടാക്കാം. പെർഫോമേഴ്സ് ആയതുകൊണ്ട് സംഗീത സംവിധായകർക്കും പാട്ടുകൊണ്ട് പ്രയോജനമുണ്ട്. പാട്ടെഴുത്തുകാരനുമാത്രം അവന്റെ പാട്ടുമായി പിന്നീട് യാതൊരു ബന്ധവും വരുന്നില്ല. പിന്നെ ആളുകൾ ഗംഭീരമായി എന്നൊക്കെ പറയും. അപ്പോൾ ഒരു സന്തോഷം ഉണ്ടാകും.
സോഷ്യൽ മീഡിയ ഒരു പാട് ഉപദ്രവം ഉണ്ടാക്കിയല്ലോ. റഫീക്ക് അഹമ്മദ് എന്ന പേരിൽ ഒരു അപരൻ പ്രത്യക്ഷപ്പെട്ടല്ലോ.?
സോഷ്യൽമീഡിയ അനിവാര്യമായ ഒരു തിന്മയാണ്. നമുക്ക് അതിൽ ഇടപെടാതിരിക്കാനും പറ്റില്ല, പൂർണമായി ഇടപെടാനും സാധ്യമല്ല. രണ്ടും ബുദ്ധിമുട്ടുള്ള തലമാണ്. അതിന്റെ സാധ്യതയും സ്വാതന്ത്ര്യവും വലുതാണ്. അത് ഉപയോഗിക്കാൻ അറിയുന്നവരും ഉപയോഗിക്കാൻ അറിയാത്തവരുമുണ്ട്. മനുഷ്യവർഗത്തിന്റെ തന്നെ വലിയൊരു സാധ്യതയാണ് ഈ മാധ്യമം. ജീവിതം കുറേക്കൂടി അർഥവത്താക്കാനാകും. പക്ഷേ മനുഷ്യർ തന്നെ ഈ സ്ഥിതിക്ക് അപകടം വരുത്തുന്നു. അസത്യങ്ങളുടെയും തെറികളുടെയും ഇല്ലാതാക്കലിന്റെയും കാര്യങ്ങളാണ് കാണുന്നത്. എങ്ങനെ ലോകത്തെ നശിപ്പിക്കാം, കൂടുതൽ വർഗീയത പരത്താം തുടങ്ങിയ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സാഹിത്യമോ കലയോ ഒന്നും അങ്ങനെയല്ല. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ അതിന്റെ സ്വാതന്ത്ര്യം കൊണ്ടുള്ള ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടതുണ്ട്. നമ്മൾ സ്വതന്ത്രരാണ് എന്നുപറയുമ്പോൾത്തന്നെ ഒരുപാട് ഉത്തരവാദിത്വം ഉണ്ടെന്നും മറക്കരുത്. ഈ ഉത്തരവാദിത്വബോധം ഇല്ലാതെ ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നവരാണ് ഇന്നു സോഷ്യൽ മീഡിയയിൽ അധികവും കാണുന്നത്. അതുകൊണ്ട് അതിലേക്ക് ഞാൻ അധികം ചാടാറില്ല. അത് ഇല്ലാതെ ജീവിക്കുന്നുമില്ല.. വളരെ മിതമായ രീതിയിലാണ് ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. ഞാൻ പറയാത്ത ഒരു സംഗതി പോസ്റ്റായി എന്റേതാണെന്ന വ്യാജേന വളരെയധികം പ്രചരിപ്പിക്കപ്പെട്ടു. സൈബർ സെല്ലുമായി ബന്ധപ്പെട്ടപ്പോൾ ഒന്നും ചെയ്യാനാകില്ല എന്നാണവർ പറഞ്ഞത്. അങ്ങനെ മനുഷ്യരുടെ വ്യക്തിത്വം കൂടി ഇല്ലാതാക്കുന്ന ഒരവസ്ഥ ഇതിനുണ്ട്. വ്യാജപ്രൊഫൈലുകൾ തടയാൻ പറ്റുന്ന സംഗതിയല്ല. മനുഷ്യൻ ജീവിക്കുന്നുണ്ടോ എന്ന വിഭ്രാത്മകത്വം കൂടി ഇതുണ്ടാക്കുന്നുണ്ട്.
സോഷ്യൽ മീഡിയയുടെയും പെരുപ്പത്തിൽ അച്ചടി മാധ്യമത്തിന്റെ ഭാവി എങ്ങനെ കാണുന്നു?
എന്റെയൊരു കാഴ്ചപ്പാടിൽ അച്ചടിമാധ്യമത്തിനാണു ഭാവി. ലോകം അതിലേക്കു തിരിച്ചുവരും. സൈബർ പ്രതലത്തിലേക്ക് എല്ലാം മാറുന്ന ഇപ്പോഴത്തെ അവസ്ഥ പെട്ടെന്നു ഞൊടിയിടയിൽ കാണുന്ന ലൈറ്റ് വെയ്റ്റ് കാര്യങ്ങൾ മാത്രമല്ലേ. അതിനു സ്ഥായിയായ നിലനിൽപില്ല.
English Summary : Ezhuthuvarthamanangal Column written by T.B. Lal- Talk with poet Rafeeq Ahammed