ADVERTISEMENT

ഒരു നൂറ്റാണ്ടിനടുത്ത് പാരമ്പര്യമുണ്ടെങ്കിലും അതിജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാതെ വന്നപ്പോഴാണ് അപേക്ഷിക്കുക എന്ന വഴി തെളിഞ്ഞത്. അതു വിജയിച്ചതോടെ അടച്ചുപൂട്ടലിന്റെ വക്കില്‍നിന്നു രക്ഷപ്പെട്ടിരിക്കുകയാണ് അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ പുസ്തകക്കടകളില്‍ ഒന്ന്. 

 

ന്യൂയോര്‍ക്കില്‍ മന്‍ഹാറ്റനിലെ പ്രശസ്തമായ സ്ട്രാന്‍ഡ് ബുക് സ്റ്റോറാണ് നിലനില്‍ക്കാന്‍ നൂതന മാര്‍ഗം തേടി പുതിയ കാലത്തേക്കു ചുവടുവയ്ക്കുന്നത്; ഒപ്പം കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കുന്നത്. കോവിഡ് ഭീഷണി ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിഞ്ഞു വര്‍ഷത്തിലേക്കു നീണ്ടതോടെ നഷ്ടക്കണക്കെണ്ണി മടുത്തിരുന്നു സ്ട്രന്‍ഡ്. 93 വര്‍ഷം പഴക്കമുള്ള പുസ്തകക്കടയ്ക്കാണ് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയിലൂടെ കടന്നുപോകേണ്ടിവന്നത്. രണ്ടു ലോക മഹായുദ്ധങ്ങളെ അതിജീവിച്ചതാണു സ്ട്രാന്‍ഡ്. ദ് ഗ്രേറ്റ് ഡിപ്രഷന്‍ എന്ന കഠിനകാലത്തെയും കട പരുക്കളില്ലാതെ അതിജീവിച്ചു. 

 

ഇ ബുക്. ഓണ്‍ലൈന്‍ ബുക്. പുതിയ കാലത്തും വെല്ലുവിളികള്‍ക്കു കുറവില്ലായിരുന്നു. എന്നാല്‍ സ്ട്രന്‍ഡ് മുന്നോട്ടുതന്നെപോയി. ന്യൂയോര്‍ക്കിലെ കണ്ണായ സ്ഥലത്തു തലയുയര്‍ത്തി നിന്ന കടയിലേക്ക് ലോകത്തിന്റെ നാനാ ഭാഗത്തുനിന്നു പുസ്കപ്രേമികള്‍ ഒഴുകി. എന്നാല്‍ കോവിഡ് കാലത്ത് സ്ട്രന്‍ഡിനും അടിതെറ്റി. ഒരാള്‍ പോലും കടയില്‍ വരാതിരുന്ന എത്രയോ ദിവസങ്ങള്‍. ഷട്ടര്‍ ഇടുക എന്നുതന്നെ ഉറപ്പിച്ചിരിക്കുമ്പോഴാണ് ഉടമ നാന്‍സി ബാസ് വെയ്ഡന്‍ കഴിഞ്ഞ വെള്ളിയാഴ്ച ഒരു അഭ്യര്‍ഥന പോസ്റ്റ് ചെയ്തത്. ഇനി നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ മുന്നോട്ടുപോകാനാവില്ല എന്നു വെയ്ഡ് വായനക്കാരോടു പറഞ്ഞതോടെ വീണ്ടുമെത്തി സ്ട്രാന്‍ഡില്‍ പുസ്തകപ്രേമികള്‍. പുസ്തകം വാങ്ങൂ. സഹായിക്കൂ. സ്ട്രാന്‍ഡിനെ അടച്ചുപൂട്ടലില്‍ നിന്നു രക്ഷിക്കൂ എന്നുതന്നെ വെയ്ഡ് അഭ്യര്‍ഥിച്ചു. 

 

ഓണ്‍ലൈന്‍ ആയും ലഭിച്ചു ഒട്ടേറെ ഓര്‍ഡറുകള്‍. ഇരുട്ടില്‍, തണുത്തു വിറച്ചിരുന്ന പുസ്തകങ്ങള്‍ക്ക് അതോടെ ലഭിച്ചതു പുതുജീവന്‍. ജീവനക്കാര്‍ക്ക് ആഹ്ലാദം. ഉടമയ്ക്കു സന്തോഷം; തീര്‍ച്ചയായും പുസ്തകങ്ങള്‍ക്കും. 

 

സ്ട്രാന്‍ഡ് ഒരു പുസ്തക്കട മാത്രമല്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ കട വിശുദ്ധമായ സ്ഥലമാണ്. സമൂഹത്തിന് ഒത്തുകൂടാനുള്ള കേന്ദ്രമാണ്. സഹായം വേണ്ടിവന്നപ്പോള്‍ ഇവിടെ ഒരിക്കലെങ്കിലും വന്നവരോടല്ലാതെ മറ്റാരോടാണ് ഞാന്‍ ചോദിക്കേണ്ടത്: വെയ്ഡ് തന്റെ അഭ്യര്‍ഥനയെക്കുറിച്ചു വിശിദീകരിച്ചു. 

 

വെയ്ഡിന്റെ അഭ്യര്‍ഥന വന്നതിനുശേഷമുള്ള ഒരാഴ്ചയില്‍ കടയില്‍ ലഭിച്ചത് 25,000 ഓര്‍ഡറുകള്‍. ഏകദേശം രണ്ടു ലക്ഷം ഡോളറിന്റെ കച്ചവടം. വായനക്കാര്‍ക്കു നന്ദി അറിയിക്കുന്ന ബോര്‍ഡ് കടയ്ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. 

 

വെയിഡിന്റെ മുത്തഛന്‍ ബെഞ്ചമിന്‍ ബാസ് 1927 ലാണ് സ്ട്രാന്‍ഡ് തുടങ്ങുന്നത്. പിന്നീട് അച്ഛന്‍ ഫ്രെഡ് ബാസ് കട ഏറ്റെടുത്തു. ഇപ്പോള്‍ വെയ്ഡും. പോരാട്ടം നടത്താതെ കീഴടങ്ങരുത് എന്നാണ് തനിക്കു കിട്ടിയ ഉപദേശമെന്നും താനത് അക്ഷരം പ്രതി അനുസരിച്ചെന്നുമാണ് ആയുസ്സ് നീട്ടിക്കിട്ടിയ വെയ്ഡ് ഇപ്പോള്‍ പറയുന്നത്. 

 

കടയില്‍ വന്ന ഒരാള്‍ ഒറ്റയടിക്ക് 197 പുസ്തകങ്ങളാണു വാങ്ങിയത്. 

ഒട്ടേറെ പേര്‍ വീടുകളില്‍ ഹോം ലൈബ്രറി സജ്ജീകരിക്കാന്‍ ഓര്‍ഡറുകള്‍ നല്‍കിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂടിയതോടെ വെയ്ഡിന്റെ 12 വയസ്സുള്ള മകളും സഹായിക്കാന്‍ കടയില്‍ എത്തിയിരുന്നു. ഞായറാഴ്ച കടയുടെ ഉള്ളില്‍ നിന്നുള്ള ഒരു ചിത്രം അവര്‍ പോസ്റ്റ് ചെയ്തിരുന്നു. ജീവനക്കാര്‍ വിശ്രമമില്ലാതെ പുസ്തകങ്ങള്‍ പായ്ക്ക് ചെയ്യുന്നതിന്റെ ചിത്രമായിരുന്നു അത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്കുള്ള പുസ്തകങ്ങള്‍. 

 

187 ജീവനക്കാരാണ് സ്ട്രാന്‍ഡിനുള്ളത്. എന്തായാലും തല്‍ക്കാലത്തേക്കെങ്കിലും പ്രതിസന്ധി അതിജീവിച്ചതിന്റെ സന്തോഷത്തിലാണു സ്ട്രാന്‍ഡും വെയ്ഡും ഒപ്പം പുനരുജ്ജീവനം കാത്തുകിടന്ന പുസ്തകങ്ങളും. 

 

English Summary: Customers rush to help New Yorks Strand bookstore after owners plea 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com