ആരും ഒരു പദവിയിലും ആയുസ്സു മുഴുവൻ ചെലവഴിക്കാറില്ല
Mail This Article
സ്ഥാനപ്പേരുകൾക്കപ്പുറം വളരാത്തവരെല്ലാം സ്ഥാനമൊഴിയുമ്പോൾ അപ്രസക്തരാകും. ചിലർ പദവികളുടെ പേരിൽ ബഹുമാനിക്കപ്പെടും; ചിലർ വ്യക്തിത്വത്തിന്റെ പേരിൽ ആദരിക്കപ്പെടും. പദവികൾക്കു നൽകുന്ന ആദരം പെരുമാറ്റച്ചട്ടങ്ങളുടെ പേരിലും വ്യക്തികൾക്കു ലഭിക്കുന്ന ആദരം പ്രവർത്തന വൈശിഷ്ട്യത്തിന്റെ പേരിലുമായിരിക്കും.
ബഹുമാനം നേടാൻ വേണ്ടി സ്ഥാനങ്ങളിൽ എത്തുന്നവരും ആദരം പിടിച്ചുപറ്റിയതിന്റെ പേരിൽ സ്ഥാനങ്ങളിൽ എത്തിയവരും ഉണ്ടാകും. പദവികളുടെ ഊടും പാവും താൽക്കാലികം മാത്രം. നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയപരിധിക്കുള്ളിൽ പൂർത്തിയാക്കേണ്ട കർമങ്ങൾക്കു വേണ്ടിയുള്ള ആലങ്കാരിക അവസ്ഥകൾ മാത്രമാണവ.
ആരും ഒരു പദവിയിലും ആയുസ്സു മുഴുവൻ ചെലവഴിക്കാറില്ല. പകരക്കാരില്ലാത്ത ഒരു പദവിയുമില്ല. ഒരു സ്ഥാനത്തിന്റെ വലുപ്പത്തെക്കാൾ ആ സ്ഥാനത്തിരിക്കുന്നവരുടെ സ്വഭാവമഹിമയായിരിക്കും ആളുകളെ ആകർഷിക്കുക. എന്തുകൊണ്ടാണ് ഒരു കാലഘട്ടം മുഴുവൻ പദവികളിലിരിക്കുന്നവർ എളുപ്പത്തിൽ വിസ്മരിക്കപ്പെടുകയും ഒരു ദിനം മാത്രം അവിടെ ചെലവഴിച്ച മറ്റു ചിലർ മായാത്ത മുദ്രകൾ പതിപ്പിക്കുകയും ചെയ്യുന്നത്?
ഒരാൾ ആരാണെന്നു മനസ്സിലാക്കാൻ അയാൾക്ക് എന്തെങ്കിലും പദവി നൽകിയാൽ മതി. ചെങ്കോലും കിരീടവും സ്വന്തമാകുമ്പോൾ തനിക്കു ചെയ്യാൻ കഴിയുന്നതെല്ലാം ഒരാൾ ചെയ്യും. ചിലർ പ്രതാപശാലികളാകും; ചിലർ വിനയാന്വിതരാകും. ചതുരംഗത്തിൽ രാജാവിനോ കാലാളിനോ തനിയെനിന്ന് ഒരു കളിയും മുന്നോട്ടു കൊണ്ടുപോകാനാകില്ല. ഓരോ കളിയും തുടങ്ങുന്നതും തുടരുന്നതും എല്ലാവരും കളത്തിലുള്ളതുകൊണ്ടാണ്. പരാജയപ്പെടുന്നവരും പിന്മാറുന്നവരുമെല്ലാം കളിയുടെ ഭാഗമായിരുന്നുവെന്നും അവർകൂടി ഉണ്ടായിരുന്നതുകൊണ്ടാണ് കളിക്കു വീര്യമുണ്ടായതെന്നുമുള്ള സത്യം മനസ്സിലാക്കണം.
കളിക്കു മുൻപും പിൻപും എന്താണെന്ന് കളിക്കളത്തിലിറങ്ങുമ്പോൾ ചിന്തിച്ചാൽ ഓരോ കളിയും കൂടുതൽ ബഹുമാനം നിറഞ്ഞതാകും.
English Summary : Subhadinam - Why being humble is important?