‘ദേശ’പ്പെരുമയ്ക്ക് ശതാഭിഷേകം
Mail This Article
ആലുവ∙ മലയാള കവിതയിലെ ‘ദേശ’പ്പെരുമയ്ക്കു ശതാഭിഷേകം. 1936 ഒക്ടോബർ 31ന് ആലുവയ്ക്കു സമീപം ദേശത്തു ജനിച്ച കവി എൻ.കെ. ദേശത്തിനു ശനിയാഴ്ച 84 തികയും. കോവിഡ് കാലമായതിനാൽ ആഘോഷമില്ല.
കെ. വിലാസിനിയുടെ ആദ്യ കവിതാ സമാഹാരമായ ‘നീരവ’ത്തിന്റെ പ്രകാശനം അദ്ദേഹം ഇപ്പോൾ താമസിക്കുന്ന അങ്കമാലി കോതകുളങ്ങരയിലെ വസതിയിൽ നിർവഹിക്കുന്നതാണ് ശതാഭിഷേക ദിനത്തിലെ ഏക ചടങ്ങ്. തുലാമാസത്തിലെ കാർത്തിക നാളുകാരനാണ് ദേശം. അതനുസരിച്ചു നവംബർ 2നാണ് ശതാഭിഷേകം. ആ ദിവസം ദേശം കാട്ടിലെക്കാവിൽ തൃക്കാർത്തിക ഊട്ട് നടത്തുന്ന പതിവുണ്ടെങ്കിലും ഇക്കൊല്ലം അതുമില്ല.
മണിച്ചേട്ടൻ
ദേശം കൊങ്ങിണിപ്പറമ്പിൽ നാരായണ പിള്ളയുടെയും പൂവത്തുംപടവിൽ കുഞ്ഞിക്കുട്ടി പിള്ളയുടെയും മകനാണ് എൻ. കുട്ടിക്കൃഷ്ണ പിള്ള എന്ന എൻ.കെ. ദേശം. നാടിന്റെ പേരിൽ അറിയപ്പെടുന്ന കവിയെ നാട്ടുകാർ സ്നേഹപൂർവം മണിച്ചേട്ടൻ എന്നാണു വിളിക്കുന്നത്.
യുസി കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്ത ദേശത്തിന് എംഎ മലയാളം പാസായി അധ്യാപനാവുക എന്നതായിരുന്നു സ്വപ്നം. സെക്കൻഡ് ലാംഗ്വേജായ മലയാളത്തിനു യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കുണ്ടായിരുന്നു. എന്നാൽ, ബിരുദ പഠനം കഴിഞ്ഞ ഉടൻ സർക്കാർ സർവീസിൽ ജോലി കിട്ടി. പിന്നീട് എൽഐസിയിലേക്കു മാറി. 1996ൽ വിരമിച്ചു.
ഭാര്യ: ആർ. ലീലാവതി. മക്കൾ: ബിജു, ബാലു, അപർണ.
പന്ത്രണ്ടിൽ കവി
പന്ത്രണ്ടാമത്തെ വയസ്സിലാണ് എൻ.കെ. ദേശം കാവ്യരചന തുടങ്ങിയത്. 1973ൽ ആദ്യ സമാഹാരമായ അന്തിമലരി പ്രസിദ്ധീകരിച്ചു. കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണു പ്രധാന കൃതികൾ.
ഉല്ലേഖത്തിന് 1982ൽ ആദ്യ ഇടശേരി അവാർഡ് ലഭിച്ചു. ഇടശേരിക്ക് അക്കാലത്തെ യുവ കവികളിൽ ഏറ്റവും പ്രിയപ്പെട്ടയാൾ എൻ.കെ. ദേശം ആയിരുന്നുവെന്ന് അക്കിത്തം എഴുതിയിട്ടുണ്ട്.
മുദ്രയ്ക്കു 2007ൽ ഓടക്കുഴൽ അവാർഡും 2009ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 2013ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ആശാൻ പുരസ്കാരത്തിന് അർഹനായി. 2017ൽ പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഗീതാഞ്ജലിക്കു ലഭിച്ചു.
ശ്ലോകമെഴുത്ത്
കവിത പോലെ തന്നെ പ്രിയപ്പെട്ടതാണു ദേശത്തിനു ശ്ലോകമെഴുത്തും. തൃശൂരിൽ നിന്നിറങ്ങുന്ന കവന കൗതുകം മാസികയിൽ അരനൂറ്റാണ്ടിലേറെ മുടങ്ങാതെ ശ്ലോകം എഴുതിയിരുന്നു. ദേശത്തിന്റെ ലക്ഷണമൊത്ത ശ്ലോകമെഴുത്ത് തന്നെ അസൂയപ്പെടുത്തുന്നതായി വൈലോപ്പിള്ളി കുറിച്ചിട്ടുണ്ട്.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അക്ഷരശ്ലോക കളരികളുടെ രക്ഷാധികാരി കൂടിയാണു ദേശം. 30 വയസ്സു വരെ ദേശം എഴുതിയതു പ്രണയ കവിതകളാണ്. പിന്നീടു സാമൂഹിക, രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിലേക്കു മാറി.
ഭാഷാശുദ്ധി മുതൽ ഭാവശുദ്ധി വരെ എല്ലാ കാര്യത്തിലും അതീവ നിഷ്കർഷ പുലർത്തുന്ന ദേശം വൃത്തം, വ്യാകരണം എന്നിവയിലും വിട്ടുവീഴ്ചയ്ക്കു തയാറല്ല. 70 വർഷം പിന്നിട്ട സാഹിത്യ ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഗദ്യ കവിത രചിച്ചിട്ടുള്ളൂ. എൻ.വി. കൃഷ്ണവാരിയർ മരിച്ചപ്പോൾ എഴുതിയ ‘സൂര്യന്റെ മരണം’.
English Summary : Poet N. K. Desam turns 84