ADVERTISEMENT

കുസാറ്റിൽ എംഎ പൂർത്തിയാക്കി ഗവേഷണത്തിനു തയാറെടുക്കുന്ന കാലം. ഒരു പഴയ പൂതി പിന്നെയും മുളച്ചു വന്നു, സന്യാസിയാകണം! ചില ഗ്രന്ഥങ്ങൾ തെറ്റായി വായിച്ചതിന്റെ പാർശ്വഫലമാകാം. അല്ലെങ്കിൽ സന്യസ്തജീവിതത്തെക്കുറിച്ചുള്ള അജ്ഞതയിൽനിന്നുണ്ടായ മതിഭ്രമമാകാം. ഇതു രണ്ടുമല്ലാതെ മൂന്നാമതാരു കാരണവും കാണുന്നുണ്ട്, മെയ്യനങ്ങാതെ ജീവിക്കാനുള്ള കുറുക്കുവഴി. ഏതായാലും ഒരു രാത്രിയിൽ സുഹൃത്തുക്കളുടെ മുന്നിൽ പ്രഖ്യാപനമുണ്ടായി, ‘ഭൗതികജീവിതം മതിയായി. ഇനി ആത്മീയമാർഗത്തിലൂടെ മുന്നോട്ടുപോകാൻ തീരുമാനിച്ചു’. കേട്ടുനിന്നവർ ചിരിച്ചു. എങ്ങനെ ചിരിക്കാതിരിക്കും? ഇടിപ്പടങ്ങൾ കണ്ടും തട്ടുകടകളിൽ നിരങ്ങിയും പാനോൽസവങ്ങളിൽ പങ്കെടുത്തും ജീവിതം ആഘോഷിക്കുന്ന ഘോര ഭൗതികവാദി പെട്ടെന്നെങ്ങനെ ആത്മീയവാദിയാകും? ആയാൽത്തന്നെ എത്രദിവസം?

 

മുകളിൽ ഉന്നയിക്കപ്പെട്ട ന്യായമായ ചോദ്യങ്ങൾ എന്നെ പിൻതിരിപ്പിച്ചില്ല. ഒരാൾ സന്യാസിയാകാൻ തീരുമാനിച്ചുകഴിഞ്ഞാൻ അതാവുകതന്നെ എന്ന പ്രായോഗിക സിദ്ധാന്തത്തിൻമേൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങി. ആദ്യം നടപടിക്രമങ്ങൾ മനസ്സിലാക്കണം. അതിനുവേണ്ടി നേരേ പോണ്ടിച്ചേരിയിലേക്കു വിട്ടടിച്ചു. മഹർഷി അരബിന്ദോയുടെ ആശ്രമത്തെ ചുറ്റിപ്പറ്റി നാലഞ്ചു ദിവസം കഴിഞ്ഞുകൂടി. യോഗയിൽ പങ്കെടുത്തു. ‘അഡ്‌വെന്റ്’ മാസികയുടെ ചില ലക്കങ്ങൾ കിട്ടി. ‘സാവിത്രി’യുടെ ഒരു പഴയ എഡിഷൻ സൗജന്യമായി ലഭിച്ചു. ‘ദി ഐഡിയൽ ഓഫ് ഹ്യൂമൻ യൂണിറ്റി’ ഉൾപ്പെടെ ഏതാനും ദാർശനിക ഗ്രന്ഥങ്ങൾ ചുമ്മാ മറിച്ചുനോക്കി. എന്നെപ്പോലെ ഏതൊക്കെയോ നാടുകളിൽനിന്നും വിനോദസഞ്ചാരികളായി വന്നുചേർന്ന പലരെയും ആശ്രമത്തിൽ കണ്ടുമുട്ടി. അവരിലൊരാളായി മരച്ചുവട്ടിൽ അലസമായിരുന്നപ്പോൾ ആഗ്രഹം പിന്നെയും തീവ്രമായി, എങ്ങനെയും സന്യാസിയാകണം! ഇതിനേക്കാൾ നല്ല വിശ്രമജീവിതം കിട്ടാനില്ല. സുഖം സുന്ദരം.

 

‘സനാതന’യിലെ പാചകവിശാരദൻ മുരളി തയാറാക്കിയ വെജിറ്റബിൾ ബിരിയാണി സാലഡും ചേർത്ത് രുചിയോടെ കഴിച്ചപ്പോഴൊക്കെ ഉള്ളിൽ ഒരു കാളൽ ഉണ്ടാകാതിരുന്നില്ല, വൈകാതെ ഈ ആനന്ദങ്ങളൊക്കെ മറഞ്ഞുപോകും.. ഇതൊന്നും ‘സന്യാസി’മാർക്കു പറഞ്ഞിട്ടുള്ളതല്ലല്ലോ! കഷ്ടമാണെങ്കിലും ഇതിനേക്കാൾ വലിയതെന്തെങ്കിലും കിട്ടുമായിരിക്കും എന്ന സമാശ്വാസത്തിൽ ‘മിഷൻ സന്യാസം’ വിജയിക്കാൻവേണ്ട ഒരുക്കങ്ങൾ തുടങ്ങി. പല സാധനങ്ങളും വാങ്ങാനുണ്ട്. കാഷായവേഷം ബ്രോഡ് വേയിൽ കിട്ടും. രുദ്രാക്ഷമാല സംഘടിപ്പിക്കുന്നതേയുള്ളൂ. യോഗദണ്ഡ് ആശ്രമത്തിൽ ലഭ്യമാകാതിരിക്കില്ല. ഇങ്ങനെ ആത്മീയതയുടെ ഉപരിപ്ലവമായ ചമയങ്ങളിൽ തല പുകഞ്ഞപ്പോൾ മറ്റൊരു പ്രധാന കാര്യം ഓർമവന്നു, സന്യാസദീക്ഷ നൽകാൻ ഒരു ഗുരു വേണമല്ലോ? അതായിരിക്കണം? ഉത്തരം പെട്ടെന്നു കിട്ടി, ഗുരു നിത്യചൈതന്യയതി! മതി, യതി മതി. എന്തുകൊണ്ടും യോഗ്യൻ. കാണാനും ലുക്കുണ്ട്. നാലാളോടു പറയാനും അന്തസ്സുണ്ട്. പക്ഷേ അദ്ദേഹത്തിൽ എങ്ങനെ എത്തിച്ചേരും ? വേവലാതി അതിനെപ്പറ്റിയായി. യതി നീലഗിരിയിലെങ്ങാണ്ടാണ്. അവിടെവരെ എത്താനുള്ള ദ്രവ്യമില്ല. അക്കാര്യം പരിഹരിച്ചാലും പ്രതിസന്ധി പിന്നെയുമുണ്ട്. അദ്ദേഹം ശിഷ്യത്വം നൽകും എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ശുപാർശ വേണ്ടിവരും. ആരുണ്ട് സഹായിക്കാൻ ? ഇജ്ജാതി ആശയക്കുഴപ്പത്തിൽ രണ്ടു മാസങ്ങൾ കടന്നുപോയി.

 

ഇതിനിടെ ഇടപ്പള്ളിയിലെ ‘നാരായണഗുരുകുല’ത്തെപ്പറ്റിയുള്ള സൂചന ഒരു വയലിൻവാദകനിൽനിന്നു കിട്ടി. യതി ഈ ഗുരുകുലത്തിൽ കൂടെക്കൂടെ വന്നുപോകാറുണ്ട്. അന്വേഷിച്ചു, ബോധ്യപ്പെട്ടു. ഇനി നീലഗിരിയെപ്പറ്റി ചിന്തിക്കേണ്ടതില്ല, സന്യാസദീക്ഷ ഇടപ്പള്ളിയിൽ നടക്കട്ടെ. അതിനു മുന്നൊരുക്കമായി ഏതാനും സംസ്കൃതശ്ലോകങ്ങൾ ഹൃദിസ്ഥമാക്കി. എം.വി.വിഷ്ണു നമ്പൂതിരിയുടെ പുസ്തകത്തിൽ ചേർത്തിട്ടുള്ള ചില മന്ത്രങ്ങളും പഠിച്ചുവച്ചു. യതിയെ ഇംപ്രസ് ചെയ്യണമല്ലോ! ഇങ്ങനെ തുടർന്ന കാത്തിരിപ്പിനൊടുവിൽ യതി ഇടപ്പള്ളിയിൽ വന്നു. രാത്രിതന്നെ വാർത്ത കിട്ടി. പിറ്റേദിവസം രാവിലെ എഴു മണിയോടെ ഇന്ദിരാറോഡിലുള്ള ‘നാരായണഗുരുകുല’ത്തിൽ എത്തി. മനസ്സിൽ സങ്കൽപ്പിച്ചതുപോലെയായില്ല, സ്ഥലം. ചുറ്റുമതിലോടുകൂടിയ ചെറിയ പറമ്പിൽ ധാരാളം മരങ്ങൾ ഉണ്ടായിരുന്നതൊഴിച്ചാൽ ഒരു ആശ്രമത്തിന്റെ അന്തരീക്ഷം ഒത്തുവന്നില്ല. മുറ്റത്തായി ഒരു വലിയ നാട്ടുമാവ് നിൽപ്പുണ്ട്. ചുവട്ടിൽ ഒരു ചെറിയ പ്രാർഥനാമുറി കണ്ടു. അതിനുള്ളിൽനിന്നു കനത്തിൽ ഒച്ചകൾ പുറത്തു വന്നുകൊണ്ടിരുന്നു. ആരെയോ ഉറക്കെ ശകാരിക്കുന്നതുപോലെ തോന്നി. തുടർന്ന് വടി കൊണ്ടുള്ള അടിയുടെ പടപടാ ശബ്ദവും കേട്ടു. പ്രത്യേകത എന്താണെന്നുവച്ചാൽ, അടിക്കുന്നയാളുടെ അലർച്ചയല്ലാതെ അടികൊള്ളുന്നവന്റെ നിലവിളി കേൾക്കുന്നില്ല. ഒരക്ഷരം മിണ്ടാതെ, ഇക്കണ്ട അടി മുഴുവൻ മേടിച്ചു കൂട്ടുന്നവന്റെ സഹനശക്തി അമ്പമ്പോ അപാരം! ഞാൻ മനസ്സിൽ പറഞ്ഞു.

 

ഇങ്ങനെ അടിയും ബഹളവുമായി അഞ്ചാറു മിനിറ്റുകൾ കടന്നുപോയിരിക്കുന്നു. സംഭവം എന്താണെന്നു മനസ്സിലാകുന്നില്ല! ചോദിക്കാനായി പുറത്തെങ്ങും ആരെയും കാണുന്നുമില്ല. കൊലപാതകത്തിനു സാക്ഷി പറയേണ്ടിവരുമോ എന്ന പേടിയോടെ അടച്ചിട്ട പ്രാർഥനാമുറിയുടെ ചുറ്റും ഒരുവട്ടം നടന്നു. ആകാംക്ഷ പരിധി കടന്നതോടെ സൈഡിലെ ജനാല ഞാൻ പതുക്കെ വലിച്ചുതുറന്നു. മുറിക്കുള്ളിൽ പുറംതിരിഞ്ഞു നിൽക്കുന്നയാളെ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു, ഗുരു നിത്യചൈതന്യയതി!. കയ്യിലിരുന്ന വലിയ ചൂരൽകൊണ്ട് അദ്ദേഹം ആരെയോ പൊതിരെ തല്ലുന്നു. അടി വാങ്ങുന്നയാളെ കാണാൻ കഴിയുന്ന സ്ഥാനത്തല്ല ഞാൻ നിന്നത്. അതിനാൽ ആ ഹതഭാഗ്യനെ കാണാൻ സാധിച്ചില്ല. സംശയമില്ല, ശിഷ്യത്വം തേടിവന്ന ആരെങ്കിലുമാകും! എന്തായാലും ഇതൽപം ക്രൂരമാണ്. ലെവനെ സമ്മതിക്കണം. പാവം. എനിക്കേതായാലും ഇതുപോലെ മിണ്ടാതെ തല്ലു മേടിക്കാൻ സാധിക്കില്ല. പ്രതികരിച്ചുപോകും! ഇങ്ങനെ ചിന്തിച്ചതോടെ യതിയുടെ ശിഷ്യനാകുന്ന കാര്യം ഞാൻ കയ്യോടെ ഉപേക്ഷിച്ചു. വേറെ വല്ല ഗുരുവിനെയും നോക്കാം, കുറേക്കൂടി കാരുണ്യമുള്ള ഒരാളെ. ഇതൊരുമാതിരി നാലാംകിട ഗുണ്ടായിസം ! ഇനി നിൽക്കണ്ട. പോയേക്കാം. തിടുക്കത്തിൽ ഗേറ്റു കടക്കാൻ തുടങ്ങിയതും പുറകിൽനിന്നും ഒരു നേർത്ത വിളികേട്ടു.

 

'ആരാണത്?'

 

ഞാൻ തിരിഞ്ഞുനിന്നു. തുറന്നിട്ട പ്രാർഥനാമുറിയുടെ മുന്നിൽ നിൽക്കുന്നു, നിത്യചൈതന്യ യതി. കയ്യിലിരുന്ന, അറ്റം ചന്നംപിന്നം പിളർന്ന വലിയ ചൂരൽവടിയിലേക്കു ഞാൻ പരിഭ്രമത്തോടെ നോക്കി. യതിക്ക് കാര്യം മനസ്സിലായി. അദ്ദേഹം ചിരിച്ചു. നനുത്ത മൂടൽമഞ്ഞിലൂടെ ദൃശ്യമാകുന്ന പ്രഭാതംപോലെയുള്ള ചിരി.

 

ഒരുനിമിഷം, എന്തുവേണമെന്നറിയാതെ ഞാൻ ഗേറ്റിൽ തങ്ങിനിന്നു. യതി അടുത്തുവന്നു. ആർദ്രതയോടെ തോളിൽ പിടിച്ചുകൊണ്ട് പ്രാർഥനാമുറിയുടെ ഉള്ളിലേക്കു നടത്തി. ആശ്ചര്യം, അവിടെ മറ്റാരുമല്ല ! അടച്ചിട്ട രണ്ടാമത്തെ ജനാലയുടെ താഴെ ഒരു മരക്കഷണം തറയിൽ കിടപ്പുണ്ട്.

 

‘ഭയന്നോ?’

 

യതി വാൽസല്യത്തോടെ ചോദിച്ചു. അപ്പോഴേക്കും സംഗതി ഏതാണ്ട് എനിക്കും വ്യക്തമായി. അദ്ദേഹം അടിച്ചതു മുഴുവൻ ഈ തടിയുടെ മുകളിലിട്ടായിരുന്നു.

 

‘ഏതവസ്ഥയിലും മനുഷ്യന്റെ ഉള്ളിൽ കോപതാപങ്ങളുണ്ട്. അവയെ ഇല്ലാതാക്കണം. നിവൃത്തിമാർഗത്തിലെ ഏറ്റവും കഠിനമായ പ്രക്രിയ ഇതാണ്. ഈ ചൂരൽവടികൊണ്ട് മരക്കഷണത്തിൽ പ്രഹരിക്കുമ്പോൾ എന്നിലെ തമോഗുണങ്ങൾ തൽക്കാലത്തേക്കെങ്കിലും വാർന്നുപോകും. വീണ്ടും വന്നുനിറയും. സ്വാഭാവികം. അവയെ പിന്നെയും ഒഴുക്കിക്കളയണം. ഈ ആഭ്യന്തരശുചീകരണം സന്യാസിമാർക്കും ആവശ്യമായിവരും. ഗൃഹസ്ഥാശ്രമികൾക്കും പരീക്ഷിക്കാം, നിനക്കും.’

 

ഞാൻ യതിയുടെ കാൽച്ചുവട്ടിൽ സാഷ്ടാംഗം പ്രണമിച്ചു. അദ്ദേഹം എന്നെ എഴുന്നേൽപ്പിച്ചു.

 

‘എന്തിനാണ് എന്നെ കാണാൻ വന്നത്?’

 

ഞാൻ ആഗ്രഹം പറഞ്ഞു. കൂട്ടത്തിൽ എന്നെപ്പറ്റിയും ചുറ്റുപാടുകളെപ്പറ്റിയും. യതി ഒരു നിമിഷം മൗനിയായി.

 

‘ഇപ്പോൾ വേണ്ട. മനസ്സ് അതിന് പാകമായിട്ടില്ല. ഉള്ളിൽ ഭയം കിടപ്പുണ്ട്. അതിനെ നല്ല ചിന്തകൾകൊണ്ട് പൊട്ടിക്കണം. വിഭൂതിയാക്കണം. സമയമെടുക്കും, ചിലപ്പോൾ ഒരു മനുഷ്യായുസ്സു മുഴുവൻ. അതുകഴിഞ്ഞ് വരൂ, ഓർമയിൽ വച്ചോളാം. ഇപ്പോൾ പോകൂ. വൈകുന്നേരം ചില പാട്ടുകാർ ഇവിടെ വരുന്നുണ്ട്. കേൾക്കാൻ വരണം.’

 

സംഗീതത്തിലുള്ള ഉന്മാദം ഞാൻ പറയാതെതന്നെ യതി മനസ്സിലാക്കിയല്ലോ എന്നോർത്തപ്പോൾ ഹൃദയം ആനന്ദപൂർണമായി. കണ്ണുകൾ നിറഞ്ഞൊഴുകി. പീഠത്തിൽ അടുക്കി വച്ചിരുന്ന ഗ്രന്ഥങ്ങൾക്കിടയിൽനിന്നു രമണമഹർഷിയുടെ കവർചിത്രമുള്ള ഒരു ചെറിയ പുസ്തകം യതി എടുത്തു നീട്ടി. തമിഴ് അറിയില്ലെന്ന മനഃപ്രയാസം മുഖഭാവത്തിൽനിന്നു വായിച്ചതു കൊണ്ടാകാം യതി ഉപദേശിച്ചു, ‘തമിഴും പഠിക്കണം.’ അദ്ദേഹത്തെ ഒരിക്കൽകൂടി നമസ്കരിച്ചശേഷം ഞാൻ ഹോസ്റ്റലിലേക്കു മടങ്ങി.

 

അതിൽപിന്നെയും രണ്ടു തവണകൂടി യതിയെ കാണാൻ എനിക്കു ഭാഗ്യമുണ്ടായി. സംസാരിക്കാനും സാധിച്ചു. അപ്പോഴൊന്നും പഴയ ‘വിഭ്രമം’ ഞാൻ ആവർത്തിച്ചില്ല. എനിക്കറിയാം എന്റെ ഉൾഭയം ഇനിയും മാറിയിട്ടില്ല. ഓരോ പാളിയായി അടർത്തി മാറ്റുമ്പോഴും അത് പിന്നെയും കനം വച്ചുവരുന്നു. പക്ഷേ ഒരു കാര്യം നിശ്ചയമുണ്ട്, ഇപ്പോൾ എന്റെ ഭയം എന്നെ ചൊല്ലിയുള്ളതല്ല! ആ ഭയം സർവത്ര കൃതഘ്നത നിറഞ്ഞ ഈ ലോകത്തെപ്പറ്റിയുള്ളതായി മാറിയിരിക്കുന്നു. ഇതിനെയും ഞാൻ നേരിടേണ്ടതുണ്ട്. എല്ലാം കവർന്നെടുത്തുപോയാലും കവരാനാവാത്തതായി ഹൃദയത്തിൽ ബാക്കിനിൽക്കുന്ന ഒരിത്തിരി മനുഷ്യത്വം എന്നിൽ വളർത്തിയ യതിവര്യൻ ഇവിടെയും എനിക്കു വഴികാട്ടിയാണ്. ജന്മദിനത്തിൽ അദ്ദേഹത്തെ സാദരം ഞാൻ പ്രണമിക്കുന്നു. 

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളജിലെ പ്രഫസറുമാണ്.)

 

English Summary: Dr. Madhu Vasudevan remembering Nitya Chaitanya Yati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com