ADVERTISEMENT

മണ്ണിലേക്കും ആകാശത്തേക്കും ഒരേ സമയം വേരും കൈകളും വിരിച്ച് അനേകായിരം തലമുറകൾക്കുള്ള ജൈവസമ്പത്തുമായി വളരുന്ന ഒരു മഴക്കാടു പോലെയാണ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രന്റെ പൊൻകുന്നത്തുള്ള പുസ്തകവീട്. പുസ്തകങ്ങളുടെ ഒരു മഴക്കാട്! മുറികളിലെ ചെറിയ ഷെൽഫുകളിൽ നിന്ന് പെരുകിപ്പെരുകി വീടകം മുഴുവൻ നിറഞ്ഞു കവിയും തരത്തിൽ ബിപിന്റെ വീടിനെ പുസ്തകങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞു. സാധ്യമായ എല്ലായിടത്തും പുസ്തക ഷെൽഫുകളാണ്. മുറികളിൽ ഇടം തികയാതെ വന്നപ്പോൾ കോവണിപ്പടിയുടെ വശത്തുള്ള ചുവരിൽ വരെ പുസ്തകങ്ങൾക്കായി ബിപിൻ ഷെൽഫുണ്ടാക്കി. ബിപിന്റെ ഈ പുസ്തകവീടിന് ആരാധകരേറെയുണ്ട്. വൈറലായ പുസ്തകവീടിനെക്കുറിച്ചും കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും ബിപിൻ ചന്ദ്രൻ മനസു തുറക്കുന്നു. 

 

വീട്ടിലെ പുസ്തകച്ചുമർ

bipin-chandran-book-collection
ബിപിൻ ചന്ദ്രന്റെ പുസ്തക ശേഖരം

 

ആവശ്യം സൃഷ്ടിയുടെ മാതാവ് എന്നു പറയുന്നതാണ് ഇവിടെയും സംഭവിച്ചത്. പുസ്തകങ്ങൾ വച്ചിരുന്ന മുറിയിൽ നിന്ന് മറ്റു മുറികളിലേക്കുമൊക്കെ പുസ്തകങ്ങൾ പടരുകയും ഇനിയൊരു ഷെൽഫു പോലും വയ്ക്കാൻ സ്ഥലമില്ലാത്ത പരുവത്തിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തപ്പോൾ വീടിനുള്ളിലെ സ്ഥലം ബുദ്ധിപരമായി ഉപയോഗിക്കേണ്ട അവസ്ഥയിലെത്തി. അങ്ങനെയാണ് കോണിപ്പടിയോടു ചേർന്നുള്ള ചുവരിൽ ഷെൽഫ് പണിയാനുള്ള ആലോചനയിലേക്ക് എത്തിയത്. അനിയപ്പൻ എന്നൊരു സുഹൃത്തുണ്ട്. അദ്ദേഹമാണ് ഈ ഷെൽഫ് പണിതു തന്നത്. കടപ്പാക്കല്ലിന്റെ നടകളായിരുന്നു. ആ കല്ലിന്റെ അളവിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. പഴയ പണിയാണ്. 43 വർഷത്തെ പഴക്കമുള്ള വീടായതിനാൽ ഇന്നത്തെപ്പോലെ കൃത്യതയുള്ള സ്റ്റെപ്പുകളല്ല. അതിൽ ഷെൽഫ് ഘടിപ്പിക്കുക എന്നത് അൽപം ആയാസമേറിയ പണിയായിരുന്നു. പക്ഷേ, അനിയപ്പൻ ഭദ്രമായി അതിന്റെ കണക്കെടുക്കുകയും കൃത്യമായി ഉറപ്പിച്ചു തരികയും ചെയ്തു, ബിപിൻ ചന്ദ്രൻ പറഞ്ഞു.

 

ഓർമ കൊണ്ടു മാത്രം ഓടുന്ന ഗ്രന്ഥശാല

Bipin-chandran-Basheer

 

നാലാം ക്ലാസു മുതലുള്ള പുസ്തകങ്ങളുടെ ശേഖരം സുരക്ഷിതമായി ബിപിൻ ചന്ദ്രന്റെ വീട്ടിലുണ്ട്. ആദ്യം സ്വന്തമാക്കിയ പുസ്തകം ബഷീറിന്റെ ആനവാരിയും പൊൻകുരിശും. പിന്നീട്, പല നാടുകളിൽ നിന്നും അറിയുന്നതും അറിയാത്തവരുമായ പലരിൽ നിന്നും പുസ്തകങ്ങൾ ഈ വീട്ടിലേക്കെത്തി. മൂന്നു പതിറ്റാണ്ടു പിന്നിട്ടപ്പോൾ കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ഗ്രന്ഥശാലകളിൽ ഒന്നായി മാറി ബിപിന്റെ പുസ്തകശേഖരം. ഇവിടെ പുസ്തകങ്ങൾക്ക് കാറ്റലോഗില്ലെന്നു ബിപിൻ പറയുന്നു. ‘‘വിഷയങ്ങൾ അനുസരിച്ചും എഴുത്തുകാരുടെ പേരിന്റെ ക്രമത്തിലും എന്റെ ഒരു കണക്കിൽ അടുക്കി വച്ചിരിക്കുന്നുവെന്നേയുള്ളൂ. ഓർമ കൊണ്ടു മാത്രം ഓടുന്ന ഗ്രന്ഥശാലയാണിത്. എന്റെ ഒരു കണക്കുണ്ട്. ഏതു പുസ്തകം ചോദിച്ചാലും ഒരു അഞ്ചു മിനിറ്റിനുള്ളിൽ എടുത്തു കൊടുക്കാവുന്ന ഓർമ നിലനിൽക്കുന്നതുകൊണ്ട് വലിയ പരിക്കില്ലാതെ പോകുന്നു. ഏതു പുസ്തകവും എവിടെയാണ് ഇരിക്കുന്നത് എന്ന് ഏതൊണ്ടൊരു രൂപരേഖ മനസിലുണ്ട്,. എന്റെ ഓർമയിൽ മാത്രമാണ് തൽക്കാലം വിശ്വാസം. അത് എത്രകാലം അങ്ങനെ മുന്നോട്ടു പോകുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല’’ ബിപിൻ പുഞ്ചിരിച്ചു. 

 

Bipin Chandran
ബിപിൻ ചന്ദ്രൻ

പുസ്തകങ്ങളിലെ ‘വിഐപി’കൾ

 

പ്രസിദ്ധീകരണം അവസാനിപ്പിച്ച മൾബറി ബുക്സിന്റെ എല്ലാ പുസ്തകങ്ങളും ബിപിന്റെ ശേഖരത്തിലുണ്ട്. അവരുടെ ഏറ്റവും പ്രായം കുറഞ്ഞ കിങ് മെമ്പർ ആയിരുന്നു ബിപിൻ. മൾബറി ബുക്സ് ഇന്നില്ല. ഷെൽവിയും അന്തരിച്ചു. മൺമറഞ്ഞ ആ പ്രസാധകന്റെ പ്രിയങ്കരമായ ഒരുപാടു പുസ്തക നിർമ്മിതികൾ ഒരു നിധി പോലെ ബിപിൻ സൂക്ഷിച്ചിരിക്കുന്നു. ‘മൾബറിയുടെ പുസ്തകങ്ങളുടെ ഏക കസ്റ്റോഡിയൻ ആണ് ഞാനിപ്പോൾ. ഒരുപാടു പേർ അവ തേടി വരാറുണ്ട്,’ അതുപോലെ രാജേഷ് എന്നൊരാൾ പ്രസിദ്ധീകരിച്ചിരുന്ന റയിൻബോ ബുക്സിന്റെ ഒരുപാടു പുസ്തകങ്ങളും ബിപിൻ ശേഖരിച്ചു വച്ചിട്ടുണ്ട്. ‘‘ഇവരെ ആരേയും നേരിൽ കണ്ടിട്ടില്ല... പരിയപ്പെട്ടിട്ടില്ല... സംസാരിച്ചിട്ടില്ല. പക്ഷേ, അവർ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ സൂക്ഷിച്ചിട്ടുണ്ട് എന്നു മാത്രം’’ ബിപിൻ പറഞ്ഞു. 

 

ഇനിയൊരിക്കലും വാങ്ങാൻ കഴിയാത്ത അപൂർവമായ ചില പുസ്തകങ്ങളും ബിപിന്റെ ശേഖരത്തിലുണ്ട്. അവയിലൊന്നാണ് 1923ൽ ഗ്രേറ്റ് ബ്രിട്ടണിൽ നിന്നു പ്രസിദ്ധീകരിച്ചെന്നു അനുമാനിക്കാവുന്ന ഷേക്സ്പിയറിന്റെ സമ്പൂർണ കൃതികളുടെ പതിപ്പ്. 1946ൽ അച്ചടിച്ച ഇരുപത്തിനാലുവൃത്തം രാമായണം എന്ന ചെറുപുസ്തകം, വൈക്കം മുഹമ്മദ് ബഷീറിന്റെ കയ്യൊപ്പുള്ള അദ്ദേഹത്തിന്റെ സമ്പൂർണകൃതികളുടെ ആദ്യ പതിപ്പ് അങ്ങനെ അപൂർവവും പ്രിയപ്പെട്ടതുമായ നിരവധി പുസ്തകങ്ങൾ ബിപിന്റെ കൈവശമുണ്ട്. അപൂർവമായ പല പുസ്തകങ്ങളും ബിപിന്റെ ഗ്രന്ഥശേഖരത്തിലേക്ക് എത്തുന്നതിനു പിന്നിൽ ഒരു കൊച്ചു രഹസ്യമുണ്ട്. കൊച്ചിയിലെ ബ്ലോസം ബുക്സ് എന്ന പുസ്തകശാല നടത്തുന്ന ലത്തീഫാണ് ഇവയിൽ പലതും ബിപിന് എത്തിച്ചു നൽകുന്നത്. ‘‘മഹാരാജാസിൽ ഞാൻ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവിടെയുണ്ടായിരുന്ന കക്ഷിയാണ് ലത്തീഫ്. അപൂർവങ്ങളായ പുസ്തകങ്ങൾ തപ്പിപ്പിടിച്ച്, വളരെ തുച്ഛമായ ലാഭം മാത്രമെടുത്തു പുസ്തകപ്രേമികൾക്ക് എത്തിച്ചു നൽകുന്ന ലത്തീഫിനോടു വലിയൊരു നന്ദി പറയാനുണ്ട്’’ ബിപിൻ പറഞ്ഞു.  

 

നട്ടപ്പാതിരാ നേരത്തെ പുസ്തകാന്വേഷണങ്ങൾ

 

ഔട്ട് ഓഫ് പ്രിന്റായുള്ള പുസ്തകങ്ങൾ, ഇനി ഒരിക്കലും പ്രിന്റിന് വരാൻ സാധ്യതയില്ലാത്ത പുസ്തകങ്ങൾ... ഇവയൊക്കെ അന്വേഷിച്ചും പകർപ്പുകൾ ചോദിച്ചും നിരവധി പേർ ബിപിനെ വിളിക്കാറുണ്ട്. ഏതു നട്ടപ്പാതിരാനേരത്തും അത്തരമൊരു ആവശ്യവുമായി വിളിക്കുന്നവരെ ബിപിൻ നിരാശനാക്കില്ല. പുലർച്ചെ മൂന്നു മണിക്കൊക്കെ ചില പുസ്തകങ്ങളുടെ കവർ സ്കാൻ ചെയ്തു കൊടുത്തിട്ടുണ്ടെന്ന് ബിപിൻ ചന്ദ്രൻ ഓർത്തെടുത്തു. ‘ഞാൻ പൊൻകുന്നത്തെ വീട്ടിലുണ്ടെങ്കിൽ ഏതു പുസ്തകപ്രേമി വിളിച്ചാലും അവർക്ക് ആവശ്യമുള്ള പുസ്തകങ്ങളുടെ പകർപ്പ് ഫോട്ടോ എടുത്തു നൽകും. സമയവും കാലവും നേരവുമൊന്നു നോക്കാതെയുള്ള അന്വേഷണങ്ങൾ വരുമെങ്കിലും പുസ്തകത്തോടുള്ള അതിയായ സ്നേഹം കൊണ്ടാണല്ലോ ചോദിക്കുന്നത് എന്നോർത്ത് ആ വിവരങ്ങൾ എടുത്തുകൊടുക്കും,’ ബിപിൻ പറയുന്നു. 

 

ഞാൻ വെറും കാവലാൾ മാത്രം  

 

‘ഈ പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം കാലം എന്നിൽ ഏൽപിച്ചിരിക്കുന്നു എന്നു മാത്രമേ ഞാൻ കരുതുന്നുള്ളൂ. അല്ലാതെ, അപൂർവ ഗ്രന്ഥങ്ങൾ എന്റെ സ്വകാര്യ ശേഖരത്തിലുണ്ടെന്നു പറഞ്ഞു ഞെളിയാനല്ല ഇവ സൂക്ഷിക്കുന്നത്. ഇവയെല്ലാം അന്വേഷകർക്കും ഗവേഷകർക്കും വേണ്ടി സൂക്ഷിച്ചു വയ്ക്കുന്ന നിധികളാണ്,’ ബിപിൻ തന്റെ പുസ്തകശേഖരത്തിനു പിന്നിലെ നിലപാട് വ്യക്തമാക്കുന്നു. എന്നാൽ, വായിക്കാനും ഗവേഷണ ആവശ്യങ്ങൾക്കും നൽകിയ പല പുസ്തകങ്ങളും ബിപിന് കൈമോശം വന്നിട്ടുണ്ട്. അതിനാൽ, പുസ്തകം നേരിട്ടു കൊടുക്കുന്നത് തൽക്കാലം നിറുത്തി. എവിടെ നിന്നും കിട്ടാത്ത പുസ്തകങ്ങൾ ആണെങ്കിൽ അത്യാവശ്യക്കാർക്ക് പകർപ്പ് എടുത്തു കൊടുക്കും.

 

എങ്കിലും പലപ്പോഴും ഒറിജിനൽ പ്രതികൾ തന്നെ പലർക്കും നൽകേണ്ടി വരും. ഇവ നഷ്ടപ്പെടുമ്പോഴുള്ള സങ്കടം വിവരിക്കാൻ കഴിയാത്തതാണെന്ന് ബിപിൻ ചന്ദ്രൻ പറയുന്നു. ‘ഈ പുസ്തകങ്ങൾക്കു വേണ്ടി ഒരുപാടു സമയം ചെലവഴിക്കേണ്ടി വരാറുണ്ട്. സിനിമയെഴുത്തു ജോലിക്കിടയിൽ ഇതിനെല്ലാമുള്ള സമയം കണ്ടെത്തുക എന്നത് ദുഷ്കരമാണ്. വെളുപ്പാൻകാലത്ത് എല്ലാവരും സുഖമായി ഉറങ്ങുമ്പോൾ, പുലർച്ചെ വരെ പുസ്തകങ്ങൾ അടുക്കിപ്പെറുക്കിയും തരംതിരിച്ചും മൂന്നരയ്ക്കും നാലരയ്ക്കുമെല്ലാമാണ് ഉറങ്ങുക. ഇങ്ങനെ സംരക്ഷിക്കുന്ന പുസ്തകങ്ങൾ കടം വാങ്ങിക്കൊണ്ടു പോവുകയും തിരിച്ചു കിട്ടാതെ ആവുകയും ചെയ്യുമ്പോൾ ചില്ലറ വിഷമമല്ല ഉണ്ടാകുന്നത്. വിശ്വാസം നഷ്ടപ്പെട്ടാൽ ഇതുപോലെ പുസ്തകങ്ങൾ സൂക്ഷിക്കുന്നവർ മറ്റൊരാൾക്കു കൊടുക്കാൻ തന്നെ മടിച്ചേക്കും’ ഓർമ്മപ്പെടുത്തലെന്ന വണ്ണം ബിപിൻ ചന്ദ്രൻ കൂട്ടിച്ചേർത്തു. 

 

English Summary: Writer Bipin Chandran shares interesting stories about his book collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com