അപേക്ഷകനെ വട്ടംചുറ്റിച്ച ‘നഗരകാര്യ യന്ത്രവിദ്യാ വിദഗ്ധൻ’
Mail This Article
ഫയലിൽ മലയാളത്തിലെഴുതിയില്ലെങ്കിൽ കർശന നടപടിയെന്നു മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിൽ ഭരണഭാഷ മലയാളത്തിലേക്കൊരു എത്തിനോട്ടം
എഴുത്തിലെ ജാലവിദ്യ
പ്രശസ്തനായ മജീഷ്യന്റെ ഒരു അപേക്ഷ അടുത്തിടെ സെക്രട്ടറിയേറ്റിലേക്കെത്തുന്നു. മാന്ത്രികൻ ഒരു ബോധവൽക്കരണം നടത്തിയതുമായി ബന്ധപ്പെട്ടു ചെലവിട്ട പണത്തിനായുള്ള അപേക്ഷയായിരുന്നു ഇത്. എന്നാൽ ഇതിനൊപ്പം വൗച്ചറുകൾ സമർപ്പിച്ചിട്ടില്ലായിരുന്നു. മലയാളത്തിൽ തന്നെ കുറിപ്പെഴുതാമെന്നു കരുതിയ വകുപ്പു സെക്രട്ടറി ആ അപേക്ഷയിൽ ഇങ്ങനെ കുറിച്ചു: ‘പണംപറ്റ് ചീട്ട് ഇല്ലാത്ത അപേക്ഷ നടത്തിത്തരാനുള്ള ഇന്ദ്രജാലമൊന്നും എന്റെ പക്കലില്ല.’ ഭരണഭാഷ മലയാളമാണെന്നതിനാൽ ഇങ്ങനെ എഴുതിയ വകുപ്പ് സെക്രട്ടറിയെ കുറ്റം പറയാൻ ആർക്കു കഴിയും? കുറിപ്പിലെ കാര്യം മനസില്ലായ കീഴുദ്യോഗസ്ഥർ വൗച്ചർ സമർപ്പിക്കാൻ മജീഷ്യനോട് നിർദേശിച്ചു. അദ്ദേഹം അതു കൃത്യമായി ചെയ്തതോടെ ഇന്ദ്രജാലമൊന്നും വേണ്ടി വന്നില്ല. കാര്യം നടന്നു.
വിദഗ്ധനെ കണ്ടു പിടിച്ചു
‘ഇനി താങ്കൾ കാണേണ്ടതു നഗരകാര്യ യന്ത്രവിദ്യാ വിദഗ്ധനെയാണ്’. വീടു പണിയുടെ രൂപരേഖ അംഗീകരിച്ചു കിട്ടാൻ നഗരസഭാ കാര്യാലയത്തിലെത്തിയ ഒരാളുടെ ഫയൽ അടുത്ത ഘട്ടത്തിലേക്കു നീങ്ങുന്നതായി സൂചിപ്പിച്ച് ഫയലിൽ കുറിച്ച മറുപടിയാണിത്. ഭരണഭാഷ മലയാളമാക്കിയതു കർശനമായി നടപ്പാക്കുന്ന തിന്റെ ഭാഗമായി രണ്ടും കൽപിച്ച് ഒരുദ്യോഗസ്ഥൻ കുറിച്ചതാണിത്. വടക്കൻ കേരളത്തിലെ ഒരു നഗരസഭയിലാണു സംഭവം.
ഈ യന്ത്രവിദ്യാ വിദഗ്ധനെ തേടി അപേക്ഷകൻ ഒരു ദിവസം മുഴുവൻ വട്ടംചുറ്റി. ഒടുവിൽ കുറിപ്പെഴുതിയ ഉദ്യോഗസ്ഥനെ തന്നെ പോയിക്കണ്ടു. അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ മുനിസിപ്പൽ എൻജിനീയറെ കാണൂ’. ഭരണ ഭാഷ മലയാളമായതിന്റെ ഭാഗമായി മുനിസിപ്പൽ സെക്രട്ടറി നഗരസഭാ കാര്യദർശിയായതും ഓഫിസ് എന്നതു കാര്യാലയമായതും ഓപ്ഷൻ എന്നാൽ ഹിതം എന്നാണെന്നും അറിഞ്ഞിരിക്കുക.
സർക്കാർ വെബ്സൈറ്റുകൾക്ക് ഭരണഭാഷ ഇപ്പോഴും ഇംഗ്ലീഷ്
ഭരണഭാഷ മലയാളമായതറിയാതെ ചില സർക്കാർ വെബ്സൈറ്റുകൾ ആംഗലേയ സ്നേഹം തുടരുന്നു. ഭരണഭാഷ മലയാളമാക്കുന്ന കാര്യത്തിൽ പൊലീസ് വകുപ്പിന്റേത് അടക്കമുള്ള വെബ്സൈറ്റുകൾ അവഗണന തുടരുന്നു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റടക്കം ഒട്ടേറെ ഔദ്യോഗിക വെബ്സൈറ്റുകൾ മലയാളത്തിലും ഇംഗ്ലിഷിലും പ്രവർത്തിപ്പിക്കാൻ കഴിയുമ്പോൾ പൊലീസിന്റേതടക്കം സാധാരണക്കാർക്ക് ആശ്രയമാകുന്ന വെബ്സൈറ്റുകൾ ഇംഗ്ലിഷിൽ മാത്രം.
സാധാരണക്കാരന് ആശ്രയം മലയാളം
ഓഫിസുകൾ കയറിയിറങ്ങുന്ന സാധാരണക്കാരനെ ഫയലെഴുത്തിലെ മലയാളപ്പെരുമ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ഭൂരിഭാഗം ഉദ്യോഗസ്ഥരും ഫയലിൽ മാതൃഭാഷയ്ക്ക് ഇടം നൽകുമ്പോൾ ചിലരെങ്കിലും ഇപ്പോഴും മലയാളത്തെ സ്നേഹിച്ചു തുടങ്ങിയിട്ടില്ല. ചില വകുപ്പുകളുടെയെങ്കിലും ഉത്തരവുകളും സർക്കുലറുകളും ഇപ്പോഴും ഇംഗ്ലിഷ് ഭാഷ കൊണ്ട് സമ്പന്നമാണ്. കോടതികൾക്കുള്ള റിപ്പോർട്ട് ഉൾപ്പെടെ നിർബന്ധിതസാഹചര്യത്തിൽ മാത്രമേ ഫയലുകളിൽ ഇംഗ്ലിഷ് ഉപയോഗിക്കാവൂ എന്ന് ഔദ്യോഗിക ഭാഷാ സമിതി തന്നെ നിർദേശം നൽകിയിട്ടുണ്ട്. കോടതികൾക്കു നൽകാനുള്ള റിപ്പോർട്ട് തയാറാക്കുമ്പോൾ റിപ്പോർട്ടൊഴികെ അതിനോടനുബന്ധിച്ച നോട്ട് ഫയലുകളെല്ലാം മലയാളത്തിൽ തന്നെ തയാറാക്കണമെന്നും നിർദേശമുണ്ട്.
ഉത്തരേന്ത്യയിലെന്ത് മലയാളം
ഫയലിൽ മലയാളമേ എഴുതാവൂ എന്ന് സർക്കാർ നിർബന്ധിച്ചതോടെ വെട്ടിലാവുന്നത് കേന്ദ്രത്തിൽ ഡപ്യൂട്ടേഷൻ കഴിഞ്ഞു തിരിച്ചെത്തുന്ന ഉത്തരേന്ത്യക്കാരായ ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ അടക്കം പറയുന്നു. അതിനൊരു കാരണവുമുണ്ട്. ഐഎഎസ് കിട്ടിക്കഴിഞ്ഞാൽ ആദ്യത്തെ ഒന്നു രണ്ടു വർഷം അതാതു കേഡറിലെ ഭാഷ പഠിക്കും. മലയാളം കഷ്ടിച്ചു വായിക്കാനും തപ്പിത്തടഞ്ഞു പറയാനും പഠിക്കുന്നതോടെ നിർത്തും.
പിന്നീട് കേന്ദ്ര ഡപ്യൂട്ടേഷനിലാവും നോട്ടം. അഞ്ച് വർഷം തുടർച്ചയായി കേന്ദ്ര ഡപ്യൂട്ടേഷനിൽ ജോലി ചെയ്താൽ പിന്നീടുള്ള രണ്ട് വർഷം അതാതു കേഡറിൽ തന്നെ ജോലി ചെയ്യണം. അതു കഴിഞ്ഞ ശേഷമേ അടുത്ത ഡപ്യൂട്ടേഷൻ തരപ്പെടുകയുള്ളു. ഇങ്ങനെ വരുന്നവരാകട്ടെ പലപ്പോഴും ധനവകുപ്പിലേക്കാവും എത്തുക. സർക്കാർ പറയുന്നത് അക്ഷരം പ്രതി അനുസരിച്ച് ‘നല്ലകുട്ടിയായി’ രണ്ടു വർഷം എങ്ങനെയെങ്കിലും തികച്ചു കേന്ദ്രത്തിലേക്കു തിരിച്ചുപോകും. സർക്കാർ തലകുത്തി നിന്നാലും ഇവർ ഫയലിൽ മലയാളം എഴുതാൻ പോകുന്നില്ലെന്നു ചില ഐഎഎസ് ഉദ്യോഗസ്ഥർ കട്ടായം പറയുന്നു. മലയാളത്തിൽ വരുന്ന ഫയലുകൾ ഇവർ ഒപ്പിട്ടു വിടുകയും ചെയ്യും.
സംഗതി വായിച്ചിട്ടോ, ഒന്നും മനസ്സിലായിട്ടോ അല്ല ഇത്. എല്ലാം ഒരു വിശ്വാസം അത്രയേ ഉള്ളൂ. ധനവകുപ്പിലെ ഒരുദ്യോഗസ്ഥൻ അടുത്തിടെ അങ്ങനെ പണി മേടിക്കുകയും ചെയ്തു. ഈ ഉദ്യോഗസ്ഥൻ വരുന്ന ഫയലെല്ലാം കണ്ണടച്ച് ഒപ്പിടുമെന്നു കണ്ട് കുഴപ്പം പിടിച്ചൊരു ഫയൽ മലയാളത്തിൽ ഇദ്ദേഹത്തിനു മുന്നിലെത്തി. ഒപ്പിട്ടു. പിന്നീടാണു സംഗതി പുലിവാലാകുമെന്നു മനസ്സിലാക്കിയത്. അതിന് അദ്ദേഹം കൊടുത്ത വിശദീകരണമാണ് രസകരം: ‘മലയാളത്തിലായതിനാൽ വായിച്ചു നോക്കാതെയാണു തീരുമാനമെടുത്തത്.’
വിഷമിക്കേണ്ട, ആപ്പുണ്ട്
ഭരണരംഗത്ത് ഉപയോഗിക്കുന്ന 20,000 പദങ്ങളുടെ മലയാള രൂപം ചേർത്തു ഭരണമലയാളം എന്ന ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്പും ഉണ്ട്.
English Summary : Use Malayalam as medium of governance : Chief Minister Pinarayi Vijayan