ഇത് അവസാനശ്രമം; പുസ്തകങ്ങള്‍ക്കും പുസ്തകക്കടകള്‍ക്കും വേണ്ടി
Mail This Article
ബ്രിട്ടനില്‍ സാധാരണ ജീവിതത്തിനുമേല്‍ വീണ്ടും കോവിഡ് ഭീഷണിയുയര്‍ത്തിയതോടെ പുസ്തകക്കടകള്‍ സംരക്ഷിക്കാനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ അണിചേര്‍ന്ന് നൂറുകണക്കിന് എഴുത്തുകാരും. മാസങ്ങള്‍ നീണ്ട ലോക്ഡൗണിന്റെ അവസാനത്തില്‍ ജീവിതം പഴയപടിയിലേക്കു മടങ്ങുന്നതിനിടെയാണ് വീണ്ടും കോവിഡ് പുതിയ തരംഗമെത്തിയത്. സജീവമാകാന്‍ തുടങ്ങിയ പുസ്തകക്കടകള്‍ അടച്ചുപൂട്ടലിന്റെ ഭീഷണി നേരിട്ടതോടെയാണ് പ്രശസ്ത എഴുത്തുകാര്‍ ഉള്‍പ്പെടെ പുസ്തകങ്ങളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
പൊതുവെ ക്രിസ്മസിനോട് അനുബന്ധിച്ചാണ് ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ പുതിയ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നത്. വില്‍പന കൂടുന്നതും അക്കാലത്തുതന്നെ. നക്ഷത്രങ്ങളുടെയും സമ്മാനങ്ങളുടെയും സീസണില്‍ പുസ്തകങ്ങള്‍ക്കു ലഭിക്കേണ്ടിയിരുന്ന നല്ലകാലം ഇല്ലാതാകുന്നതു തടയാനാണ് ‘സെന്‍ ഫോര്‍ അവര്‍ ബുക് ഷോപ്സ്’ എന്ന പ്രചാരണം തുടങ്ങിയിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി പ്രിയ എഴുത്തുകാര്‍ കയ്യൊപ്പിട്ട പുസ്തകങ്ങള്‍ എല്ലാ കടകളിലും വില്‍പനയ്ക്കു വയ്ക്കും. കടകളില്‍നിന്നു നേരിട്ടു പുസ്തകങ്ങള്‍ വാങ്ങുന്നതു പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം.
മാറ്റ് ഹെയ്ഗ്, മലോറി ബ്ലാക്ക്മാന്‍, ആദം കെ, ഹോളി ബോണ്‍ എന്നിവരൊക്കെ കയ്യൊപ്പിട്ട പുസ്തങ്ങള്‍ ഇപ്പോള്‍ കടകളില്‍ ലഭ്യമാണ്. എങ്ങനെയും വായനക്കാരെ കടകളിലേക്ക് ആകര്‍ഷിക്കുക എന്നതിനാണ് എഴുത്തുകാരും കടയുടമകളും മുന്‍തൂക്കം കൊടുക്കുന്നത്. മുന്നൂറോളം എഴുത്തുകാര്‍ ഇതിനോടകം പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു.
ഡേവിഡ് നിക്കോള്‍സ്, ഡോളി ആല്‍ഡേര്‍ടണ്‍, ജാക് മൊണ്‍റോ, ഹോളി വെബ്, ജൂനോ ഡോസന്‍, ഡൊറോത്തി കൂംസന്‍ എന്നിവരും പദ്ധതിയില്‍ സജീവ പങ്കാളിത്തം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആദ്യത്തെ ലോക്ഡൗണിനെ അതിജീവിച്ച കടകള്‍ക്ക് രണ്ടാം ലോക്ഡൗണിനെ തോല്‍പിക്കുക അത്ര എളുപ്പമായിരിക്കില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. പുസ്തകങ്ങള്‍ നാളുകളായി കടകളില്‍ വായനക്കാരെ കാത്തിരിക്കുകയുമാണ്. നിയന്ത്രണങ്ങളുടെ കാലം നീണ്ടുപോയാല്‍ ഒരുപക്ഷേ പല പ്രശസ്ത പുസ്തകക്കടകളും എന്നെന്നേക്കുമായി ഇല്ലാതാകുന്ന സാഹചര്യം പോലുമുണ്ടാകാം. ഇതു മുന്‍കൂട്ടിക്കണ്ടാണ് ബ്രിട്ടനിലെ എഴുത്തുകാര്‍ കൂട്ടത്തോടെ പുസ്തക വില്‍പനയില്‍ തങ്ങളെക്കൊണ്ട് ആവുന്നതു ചെയ്യുന്നത്.
പുസ്തകങ്ങളുടെ പേഴ്സനലൈസ്ഡ് കോപ്പികള്‍, എഴുത്തുകാരുടെ കയ്യൊപ്പ് പതിച്ച ഫലകങ്ങള്‍ എന്നിവയും തയാറായിക്കൊണ്ടിരിക്കുന്നു. എങ്ങനെയും വായനക്കാരെ കടകളിലേക്ക് ആകര്‍ഷിക്കുക എന്നതിനാണ് എല്ലാവരും പ്രാധാന്യം കൊടുക്കുന്നത്.
എഴുത്തുകാര്‍ കൂടി വില്‍പനയില്‍ ഭാഗമായതോടെ ആഴ്ചാവസാനം ഒരു കടയില്‍ 200-ല്‍ അധികം പുസ്തകങ്ങള്‍ക്ക് ആവശ്യക്കാര്‍ എത്തിയെന്ന് കടയുടമ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോഴത്തെ പദ്ധതിപ്രകാരം അടുത്തമാസം 2 വരെ എഴുത്തുകാരുടെ കയ്യൊപ്പോടെ പുസ്തകങ്ങള്‍ വാങ്ങുന്ന പദ്ധതി നിലവിലുണ്ടാകും. കോവിഡ് സാഹചര്യം വിലയിരുത്തിയാകും പദ്ധതി വീണ്ടും തുടരണോ എന്നു തീരുമാനിക്കുക.
പുസ്തകക്കടകളെ സംരക്ഷിക്കാനും നിലനിര്‍ത്താനും ബ്രിട്ടനില്‍ തുടങ്ങിയ പദ്ധതി ഒരുപക്ഷേ വരും ദിവസങ്ങളില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും അനുകരിക്കപ്പെട്ടേക്കാം. കോവിഡ് ഏതെങ്കിലും ഒരു രാജ്യത്തെ മാത്രമല്ല തടവിലാക്കിയിരിക്കുന്നത്; മനുഷ്യരാശിയെ മുഴുവനുമാണ്. പുസ്തകങ്ങളെ ഉള്‍പ്പെടെ. കോവിഡിന്റെ ചങ്ങലക്കണ്ണികള്‍ പൊട്ടിച്ച് ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും ഒരുപക്ഷേ പുസ്കങ്ങളായിരിക്കും. ആ സ്വപനത്തിന്റെ നാന്ദിയാണ് ഇപ്പോള്‍ ബ്രിട്ടിനില്‍ തുടങ്ങിയ പുതിയ പദ്ധതി.
English Summary: Hundreds of authors join signing initiative to support local bookshops