ADVERTISEMENT

ഹുയാൻസാങ്ങും ഫാഹിയാനുമായിരുന്നു മനസ്സിൽക്കയറിയ ആദ്യ ചൈനക്കാർ. ചീനവലയും ചീനഭരണിയും പഴക്കംമൂലം നാട്ടുകാരായി മാറിയിരുന്നു. ചെയർമാൻ മാവോയും കമ്യൂണിസ്റ്റ് ചൈനയും പുറകേ കൊടിപിടിച്ചെത്തി. മെയ്ഡ് ഇൻ ചൈനക്കാരുടെ അധിനിവേശമായിരുന്നു പിന്നീട്. ഇവയൊക്കെയും പക്ഷേ, മനസ്സിന്റെ അതിർത്തി കടന്നാലുടൻ വെടിവെച്ചിടണമെന്നൊരു ജാഗ്രത സൃഷ്ടിച്ചതും ചൈന തന്നെ. ഓ സാധനം ചൈനയാണോ, അത്രയ്ക്കത്രയ്ക്കേ ഉള്ളൂയെന്നൊരു പുതുഞ്ചൊല്ലു തന്നെയുണ്ടായല്ലോ. ഇവിടേക്ക് ചൈനീസ് ജീവിതം അസാധാരണ ഉൾക്കാഴ്ചയോടെ കഥകളിൽ വരഞ്ഞിട്ടുകൊണ്ടെത്തിയ ഫർസാന അലി അകൽച്ചയുടെ ചൈനീസ് വൻമതിലാണ് വളരെപ്പെട്ടെന്നു പൊളിച്ചിട്ടത്.

 

മലപ്പുറത്ത് ജനിച്ച് ചൈനയിൽ ജീവിക്കുന്ന ഫർസാന ആദ്യമായി ചൈനയിലെ സാധാരണ മനുഷ്യരുടെ മനസ്സ് മലയാളത്തിലേക്കു പകർത്തിയപ്പോൾ അതിർത്തികൾ മായുകയും ഹൃദയങ്ങൾ ആലിംഗനബദ്ധരാകുകയും ചെയ്തു. മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ പുരാവസ്തുക്കട നടത്തുന്ന ജാവേദിനും ചൈനയിലെ നാൻഫങ് ദാഷയിലെ ഗ്വാങ്‌ലിനും പരസ്പരം മനസ്സിലാക്കാനാകുന്നത് ഇരുവരും പങ്കുവയ്ക്കുന്ന ആകുലതകൾക്കും സങ്കടങ്ങൾക്കും ഭാഷാ, ദേശ വ്യത്യാസമില്ലാത്തതുകൊണ്ടുതന്നെയാണ്.  

Farzana-Ali-story

 

കാണാക്കഥ

 

ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കഥയെഴുതണം എന്ന ലക്ഷ്യത്തോടെ ഫർസാന ആദ്യമായി കടലാസും പേനയും എടുത്തത്. എഴുതി പൂർത്തിയാക്കിയതും ആരെയും കാണിക്കാതെ ഷെൽഫിനുള്ളിലേക്ക് ആ കഥ പൂഴ്ത്തി. ഇന്നും ആ കഥ ആരും കണ്ടിട്ടില്ല. പിന്നീട് അനേകവർഷങ്ങൾ എഴുത്തിന് അവധി. 2008ൽ ചന്ദ്രികയിൽ ഒരു കഥ പ്രസിദ്ധീകരിച്ചു. വീണ്ടും അനന്തമായ എഴുതാക്കാലം. അക്ഷരങ്ങളുമായി പിന്നീട് പൊങ്ങിയത് 2018ലാണ്. ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ‘ഒരു ചൈനീസ് തെരുവ്’ എന്ന കഥ കയ്യടക്കമുള്ള എഴുത്തുകാരിയുടെ വരവ് വിളിച്ചോതി. ചൈനീസ് തെരുവിലെ ഏകാകിനിയും ദുഃഖിതയുമായ നായിക ചെങ് ഷി നെ‍ഞ്ചിൽ പതുക്കെ കൈകൾ വയ്ക്കുകയും, ഇല്ല ഹൃദയം അവിടെയില്ലല്ലോ എന്നു തിരിച്ചറിയുകയും ചെയ്ത നിമിഷം വായനക്കാരുടെ ഹൃദയവും കളവുപോയിക്കഴിഞ്ഞിരുന്നു. കഥയുടെ വശ്യചാരുതയാണാ മോഷണം നടത്തിയത്. പിന്നീടതു തിരികെക്കിട്ടിയതേയില്ല. 

 

എഴുത്തിലെ നിഷ്ഠ

farzana-ali-1

 

ശ്രമകരമായ എഡിറ്റിങ് ആവശ്യമുള്ള ഒരു ഡോക്യുമെന്റ് ആണ് ഫർസാനയ്ക്കു കഥ. ‘‘ഞാനൊരു സ്ലോ റൈറ്ററാണ്. ആശയം മനസ്സിലേക്ക് എത്തിയാൽ, വളരെയേറെ സമയം, ചിലപ്പോൾ മാസങ്ങൾ തന്നെയെടുത്തുള്ള തിരിച്ചും മറിച്ചുമുള്ള ആലോചനയുടെ അന്ത്യത്തിലാണ് അതൊരു കഥയായി മാറാറുള്ളത്. അതൊട്ടും ലാഘവത്വമുള്ള ഒന്നായിരുന്നില്ല. തുടക്കകാലങ്ങളിലെല്ലാം എഴുതാനിരിക്കുമ്പോൾ വല്ലാത്തൊരു ഭയമായിരുന്നു. ചെറിയ എന്തെങ്കിലും ഒച്ചയോ അനക്കമോ ശ്രദ്ധയെ അപായപ്പെടുത്തിയേക്കുമോ എന്ന ശങ്ക കഠിനമായതിനാൽ രാത്രി നേരങ്ങളിൽ മാത്രമായിരുന്നു എഴുത്ത്. ഇപ്പോഴങ്ങനെ പ്രത്യേക സമയം നോക്കാറില്ല. ആശയം കഥയായി എഴുതണം എന്നുള്ള ചിന്ത വല്ലാതെ സ്വൈരം കെടുത്തുന്നതെപ്പോഴാണോ അപ്പോൾ തന്നെ എഴുതാൻ ശ്രമിക്കും. മുറിച്ചു മുറിച്ച് എഴുതുന്ന ശീലമില്ല. ഒറ്റ സ്ട്രെച്ചിൽ തന്നെ എഴുത്ത് തീർക്കണമെന്ന നിർബന്ധമുണ്ട്. അതു ചിലപ്പോൾ മണിക്കൂറുകളെടുക്കും’’. ഫർസാന പറയുന്നു. 

 

കടലാസ് മണം

 

Farzana-Ali-story-1

കടലാസിൽ എഴുതുvdvരീതി തന്നെയാണ് ഫർസാനയ്ക്ക് ഇപ്പോഴും പ്രിയം. പലവട്ടം കഥ വെട്ടിത്തിരുത്തി ഏറ്റവും തൃപ്തി തരുന്നതു വരെ മാറ്റി എഴുതും. മുഴുവൻ ശ്രമവും നടത്തിക്കഴിഞ്ഞു എന്ന തോന്നൽ വന്നാൽ മാത്രമേ ടൈപ്പ് ചെയ്യൂ. ഉപകാരപ്രദമാവുമെന്ന് ഏറ്റവും ഉറപ്പുള്ള ഒന്നു രണ്ടു സുഹൃത്തുക്കളെ കഥകൾ കാണിക്കാറുണ്ട് ഫർസാന. വായനക്കാരിലേക്ക് കഥ എത്തുന്നതിന് മുൻപേ മേന്മകളും കുറവുകളും അവരിൽ നിന്നറിയുന്നതും ഇഷ്ടം. ആവശ്യമെങ്കിൽ നീണ്ട ചർച്ചകൾ നടത്തുകയും ശരിയെന്നു തോന്നുന്ന നിർദ്ദേശങ്ങൾ മടിയേതുമില്ലാതെ സ്വീകരിക്കുകയും ചെയ്യും. 

 

എഴുത്തുവട്ടം

 

വെറുതെയിരിക്കുന്ന സമയങ്ങളിലോ വല്ലവരെയും കുറിച്ചോർക്കുമ്പോഴോ യാത്രകളിലോ ആരെങ്കിലുമായുള്ള സംസാരങ്ങളിലോ ഒക്കെയാണ് ഫർസാനയ്ക്ക് കഥകൾക്കുള്ള ആശയം കിട്ടാറുള്ളത്. ഒരു വൃത്തത്തിന്റെ ഏറ്റവും ആദ്യത്തെ ബിന്ദു മാത്രമെന്ന പോലെ അതങ്ങനെ മനസ്സിൽ കിടക്കും. അനേക ബിന്ദുക്കളിലൂടെ വൃത്തത്തെ പൂർത്തീകരിക്കാനാവും പിന്നീടുള്ള ശ്രമം. ഇടയ്ക്ക് ആകൃതി നഷ്ടപ്പെടും. അപ്പോൾ തിരികെയിറങ്ങി ആദ്യ ബിന്ദുവിലേക്ക് മടങ്ങിപ്പോകും. പലവഴികളിലൂടെ കയറിയിറങ്ങി ഏറ്റവും സുതാര്യമായതെന്ന് തോന്നുന്നതുവരെ അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. ചൈനീസ് ബാർബിക്യു എന്ന കഥയിൽ കീഴ്പ്പല്ലിനാൽ കട്ടിമീശത്തുമ്പ് അമർത്തിക്കടിക്കുന്ന ജാവേദിനെ അതിസൂക്ഷ്മമായി വരച്ചിടുമ്പോഴും ചൈനയിലെ നാൻഫങ് ദാഷ എന്ന സ്ഥലത്തെ പുരാവസ്തുക്കളുടെ ‘കുന്നംകുളം’ എന്നു വിശേഷിക്കുമ്പോഴും കഥാപാത്ര ചിത്രീകരണത്തിലും അന്തരീക്ഷനിർമിതിയിലും കഥാകാരി പുലർത്തുന്ന സൂക്ഷ്മത അത്ഭുതപ്പെടുത്തുന്നതാകുന്നത് ഒട്ടൊരു കഠിനമായ ഈ എഴുത്തുവഴി മൂലമായിരിക്കും. 

 

ചെങ് ഷി

 

‘ഒരു ചൈനീസ് തെരുവ്’ എന്ന കഥയിലെ കേന്ദ്ര കഥാപാത്രമായ ചെങ് ഷി ആണ് ഫർസാനയ്ക്ക് ഏറെ പ്രിയപ്പെട്ട സ്വന്തം കഥാപാത്രം. രണ്ടു വർഷമോ അതിലേറെയോ കാലം മനസ്സിലിട്ട് കൊണ്ടുനടന്ന ആശയമായിരുന്നു ആ കഥയായി മാറിയത്. 

‘‘അക്ഷരങ്ങളിലേക്ക് ആ രൂപത്തെ കുടിയിരുത്തുന്നതു വരെ ചൈനയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും തിരക്കുകളിലും ശാന്തതയിലും ചെങ് ഷിയെ കണ്ടെത്താൻ ശ്രമിച്ചു. ഏതൊക്കെയോ കോഫീ ഷോപ്പുകളിലും റസ്റ്റോറന്റുകളിലും കണ്ട ചൈനക്കാരികളുടെ മുഖമാണ് ചെങ് ഷിയ്ക്ക് നൽകിയത്. അത്രയേറെ ക്ഷമയോടെ നിർമിച്ച മറ്റൊരു കഥാപാത്രമില്ലെന്നതിനാൽ ചെങ് ഷി എന്നും പ്രിയപ്പെട്ടവളായിരിക്കും’’. ചൈനീസ് തെരുവിലെ ഡോക്ടർ ജിയാ ലിങ്ങും വൃദ്ധനും സ്നേഹിതയും മധുശാലയും കോഫീഷോപ്പും സെമിത്തേരിയുമെല്ലാം ചെങ് ഷിയ്ക്കൊപ്പം മനസ്സിലുറച്ചുപോകുന്ന ചിത്രങ്ങളാക്കി മാറ്റുന്ന മാന്ത്രികദണ്ഡാണ് ഫർസാന എഴുത്തിൽ വീശിയത്. കഥയുടെ അവസാനരംഗത്തിൽ ജിയാ ലിങ്ങിന്റെ കല്ലറയിൽ എഴുതിവച്ച ജനന, മരണ വർഷങ്ങൾ തെളിഞ്ഞു വരുമ്പോൾ ചെങ് ഷിയിലെന്ന പോലെ തന്നെ വായനക്കാരുടെയുള്ളിലും ഒരലർച്ചയുയരുന്നു. ആ ഒരൊറ്റ വാചകത്തിലൂടെ മാജിക്കൽ റിയലിസം കഥയിൽ നിറഞ്ഞു വായനക്കാരെ പൊതിയുന്നു. മനുഷ്യരെക്കൂടാതെ വൃക്ഷങ്ങളും പൂക്കളും ഇലകളും മൃഗങ്ങളും ആകാശവും മഞ്ഞും തണുപ്പുമെല്ലാം ഫർസാനയുടെ കഥകളിൽ നിറഞ്ഞുണ്ട്. വിവിധ വർണങ്ങളിലുള്ള ഇലകൾ വീണു മൂടിയ ചൈനീസ് തെരുവുകളുടെ വർണന കഥാപാത്രങ്ങളുടെ മാനസികനിലയുടെ നേർക്കാഴ്ചയായി മാറുന്നു. 

 

ചൈനീസ് ജീവിതം

 

2009 മുതൽ കുടുംബത്തോടൊപ്പം ചൈനയിലാണു ഫർസാനയുടെ ജീവിതം. ആധുനികതയിലും പൗരാണികതയെ കണ്ടെത്താനാവുന്ന രാജ്യമാണ് ഫർസാനയ്ക്ക് ചൈന. ചൈനയിലെത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, അച്ചടിച്ച ഒരു പേരായി മാറാനാവില്ലായിരുന്നുവെന്നും എഴുത്തുകാരി വിശ്വസിക്കുന്നു. ‘‘എന്നിലേക്ക് തിരിഞ്ഞു നോക്കി പാതിവഴിയിൽ ഉപേക്ഷിച്ചതിനെയെല്ലാം ചേർത്തു പിടിച്ചതു ചൈന നൽകിയ സ്വസ്ഥമായ ജീവിതത്തിലൂടെയാണ്. കുട്ടിക്കാലത്തെ അതേ കൗതുകത്തോടെ പുസ്തകങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങാനായി. പേടിയോടെ ആണെങ്കിലും കഥകൾ എഴുതാനാരംഭിച്ചു. പുതിയ എഴുത്തുകാരുടെ രചനകളെ  ആവേശത്തോടെ തിരഞ്ഞുപിടിച്ചു വായിച്ചു. പുതിയ കാലഘട്ടത്തിന്റെ എഴുത്തിന്റെ രീതി സാവകാശം പഠിച്ചെടുത്തു. ധൈര്യത്തോടെ എഴുതാനാവുമെന്ന ആത്മവിശ്വാസം വളർത്തിയെടുത്തു’’.

 

14 കഥകൾ

 

ഫർസാനയുടെ പതിനാല് കഥകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷാപോഷിണിയിലെ ഒരു ചൈനീസ് തെരുവ്, ചൈനീസ് ബാർബിക്യൂ, മലയാളം വാരികയിലെ ഇരട്ട നാളങ്ങൾ, മാധ്യമം വാരികയിലെ ഒപ്പീസ്, ച്യേ, ഏറ്റവും പുതിയ കഥയായ വേട്ടാള എന്നിവ ഏറെ വായനക്കാരെ ആകർഷിച്ചു. തന്നെ വായിക്കാൻ താല്പര്യപ്പെടുന്ന ഒരു ചെറിയ കൂട്ടം വായനക്കാരെങ്കിലും ഉണ്ടെന്ന ബോധ്യം വരുന്നതുവരെ കഥാസമാഹാരമെന്നൊരു ഉദ്യമത്തിന് മുതിരുകയില്ലെന്നാണ് ഫർസാനയുടെ പക്ഷം.

 

ബഷീറും വായനയും

 

ഏറ്റവും പുതിയതായി ഇറങ്ങുന്ന പുസ്തകങ്ങൾ വായിക്കുക എന്നതിലുപരി വായനക്കാരുടെ പ്രശംസ ഏറ്റുവാങ്ങിയ പുസ്തകങ്ങൾ തിരഞ്ഞുപിടിച്ചു വായിക്കാനാണു ഫർസാനയുടെ ശ്രമം. പണ്ടെപ്പോഴോ വായന മുഴുമിപ്പിക്കാനാകാതെ പോയ വി.എസ്. ഖാണ്ഡേക്കറുടെ യയാതിയാണ് വായനയിലെ പുതിയ സൗന്ദര്യം. വായിച്ചു കഴിഞ്ഞിട്ടും നിരന്തരം മനസ്സിനെ സന്തോഷിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു അതിലെ കഥാപാത്രങ്ങൾ. ബഷീറിനോളം ആനന്ദം സമ്മാനിച്ച മറ്റൊരു എഴുത്തുകാരൻ ഫർസാനയുടെ വായനാജീവിതത്തിലില്ല.

 

ഇഷ്ടവാക്ക്

 

‘‘സ്വാസ്ഥ്യം എന്ന വാക്കിനോട് ബോധപൂർവമല്ലാത്ത ഒരിഷ്ടം ഉണ്ടെന്ന് തോന്നിട്ടുണ്ട്. കഥകളിൽ അപൂർവമായേ ഒരുപക്ഷേ, ഉപയോഗിച്ചു കാണൂ. ഒരുപാടു സമയം കൂട്ടത്തിൽ നിൽക്കാൻ സാധിക്കാത്ത ഒരാളാണു ഞാൻ. എത്ര മഹത്തരമായ ആഘോഷങ്ങൾക്കിടയിലാണെങ്കിലും  

എന്നിലേക്ക് മാത്രമായി മടങ്ങി പരിപൂർണ്ണമായ സ്വാസ്ഥ്യം അനുഭവിക്കാനുള്ള തിടുക്കം എല്ലായ്പ്പോഴും ഉണ്ടാവാറുണ്ട്’’. 

 

നോവൽ വരുന്നു

 

ഒരു നോവൽ ഫർസാന പൂർത്തിയാക്കിയിട്ടുണ്ട്. എന്നു പ്രസിദ്ധീകരിക്കും എന്നതിനെക്കുറിച്ചൊന്നും പക്ഷേ എഴുത്തുകാരിക്കു നിശ്ചയമില്ല. ഈ വർഷം എഴുതിയ രണ്ടു കഥകളിൽ ഒന്ന് മാത്രമാണ് ഇതുവരെ പ്രസിദ്ധീകൃതമായത്. 

 

‘‘മാസ്ക്കെടുത്തു മാറ്റി അതിസുന്ദരനൊരു ശ്വാസം ഉള്ളിലേക്കെടുത്തു. ഒട്ടും പുഴക്കമില്ലാത്ത സ്വാതന്ത്ര്യത്തിന്റെ മണമുള്ള വായു’’. ഫർസാനയുടെ ഏറ്റവും പുതിയ കഥയായ ‘വേട്ടാള’യിലെ, കോവിഡ് കാരണം വീട്ടിലടച്ചിരിക്കാൻ നിർബന്ധിതയായ സുസ്ന ശ്വസിച്ച അതേ സ്വാതന്ത്ര്യത്തിന്റെ വായുവാണ് വായനക്കാരും ശ്വസിക്കുന്നത്. സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെയും ഉറച്ച നിലപാടുകളിലൂടെയും പ്രണയവും മായികതയും നിറഞ്ഞ വാക്കുകളിലൂടെയും ഒഴുകിയെത്തുന്ന തെളിവായു. 

 

English Summary: Puthuvakku column written by Ajish Muraleedharan- Talk with writer Farzana Ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com